For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമത്തിനു മുമ്പ് ഈ ഭക്ഷണങ്ങള്‍ അപകടം

|

ആരോഗ്യം സംരക്ഷിക്കാനായി വ്യായാമം ചെയ്യാന്‍ തീരുമാനിച്ചു. ഭക്ഷണക്രമങ്ങള്‍ ചിട്ടപ്പെടുത്തി ജിംനേഷ്യത്തില്‍ കയറാനും തയാറായി. അതിനിടയ്ക്കാണ് ചെറിയൊരു സംശയം. ഭക്ഷണം കഴിച്ച ശേഷം ജിമ്മില്‍ കളിക്കണോ അതോ ജിമ്മില്‍ കളിച്ച ശേഷം ഭക്ഷണം കഴിക്കണോ ? രണ്ടായാലും നല്ലതു തന്നെ. പക്ഷേ അല്‍പം ശ്രദ്ധിച്ചു വേണമെന്നു മാത്രം. വ്യായാമത്തിന് മുന്‍പ് വയറു നിറച്ച് പലതും കഴിക്കുന്നതും ഒന്നും കഴിക്കാതെ വ്യായാമം തുടങ്ങുന്നതും അപകടമാണ്. ജിമ്മില്‍ ചെലവാക്കേണ്ട ഊര്‍ജ്ജം ആഹാരത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. അത് അമിതമാകാനും അധികമാവാനും പാടില്ല.

Most read: ജിംനേഷ്യം ഇനി വീട്ടില്‍ തന്നെMost read: ജിംനേഷ്യം ഇനി വീട്ടില്‍ തന്നെ

ഫിറ്റ്‌നസ് സെന്ററില്‍ വര്‍ക്ക് ഔട്ട് നടത്തുന്നവര്‍ക്ക് അറിവുള്ള കാര്യമായിരിക്കും നമ്മുടെ ശരീരപുഷ്ടിക്ക് ആവശ്യമായ ഭക്ഷണത്തെപ്പറ്റി. എന്നാല്‍ അധികമാര്‍ക്കും അറിവില്ലാത്ത കാര്യമായിരിക്കും ഏതൊക്കെ ഭക്ഷണം എപ്പോഴൊക്കെ കഴിക്കണമെന്ന്. ഇത്തരക്കാര്‍ ചില ഭക്ഷണങ്ങള്‍ ചില സമയത്ത് ഒഴിവാക്കേണ്ടതായുണ്ട്. ഈ ധാരണയുണ്ടെങ്കില്‍ ഫിറ്റ്‌നസ്സ് സെന്ററില്‍ നിങ്ങള്‍ക്ക് ആയാസരഹിതമായി വര്‍ക്ക്ഔട്ട് ചെയ്യാവുന്നതാണ്. വര്‍ക്കൗട്ടിനു തൊട്ടു മുമ്പ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

പാല്‍, പാല്‍ ഉത്പന്നങ്ങള്‍

പാല്‍, പാല്‍ ഉത്പന്നങ്ങള്‍

മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമമായൊരു സമീകൃതാഹാരമാണ് പാല്‍ എന്ന് തര്‍ക്കരഹിതമായി ഏവരും സമ്മതിക്കുന്നതാണ്. അതുപോലെ തന്നെയാണ് വര്‍ക്ക്ഔട്ട് ചെയ്യുന്നവര്‍ക്കും. എന്നാല്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു കാര്യം ഇത് എപ്പോള്‍ കുടിക്കണം എന്നതിലാണ്. വ്യായാമത്തിനു മുമ്പോ ശേഷമോ അതോ ഇടയ്‌ക്കോ എന്നതില്‍ പലര്‍ക്കും സംശയം ഉണര്‍ന്നേക്കാം. എന്നാല്‍ ഒരു കാര്യം പറയാം. വ്യായാമത്തിന് മുന്‍പ് പാല്‍ കുടിക്കുന്നത് ഒട്ടും ഉചിതമല്ല. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ വയറില്‍ ഗ്യാസ് നിറയാനും ഛര്‍ദ്ദിക്കാനും സാധ്യത ഉള്ളതിനാലാണിത്. നെയ്യ്, വെണ്ണ, തൈര് പോലുള്ള പാല്‍ ഉത്പന്നങ്ങളും വ്യായാമത്തിനു തൊട്ടു മുന്‍പ് കഴിക്കുന്നത് ഉചിതമല്ല. പാലും പാല്‍ ഉത്പന്നങ്ങളും അതിനാല്‍ വ്യായാമത്തിനു ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.

നട്‌സ്

നട്‌സ്

പിസ്ത, വാല്‍നട്ട്, അണ്ടിപ്പരിപ്പ്, ബദാം.. കേള്‍ക്കുമ്പോള്‍ തന്നെ അറിയാം, ഇവരൊക്കെ ഉഗ്രനാണ്. ആരോഗ്യത്തിന് ആഹാരത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ആള്‍ക്കാര്‍. എന്നാല്‍ നമ്മുടെ വ്യായാമത്തിനു തൊട്ടു മുന്‍പ് ഇവരെ ഒഴുവാക്കുന്നതായിരിക്കും നന്ന്. ഇത്തരം നട്‌സില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാലും ഇതിലെ പോഷകങ്ങള്‍ ദഹനത്തെ ബാധിക്കുന്നതിനാലും വ്യായാമ സമയത്ത് നമുക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വര്‍ക്ക്ഔട്ട് ചെയ്യുന്നവര്‍ക്ക് ഇവ ഒഴിവാക്കാന്‍ മനസു വരുന്നില്ലെങ്കില്‍ വ്യായാമത്തിന് ഒന്നര മണിക്കൂര്‍ മുന്‍പേ നട്‌സ് കഴിക്കുന്നതാണ് നല്ലത്.

പയര്‍ വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍

ബോഡി ബില്‍ഡര്‍മാര്‍ രാവിലെ തന്നെ മുളപ്പിച്ച പയര്‍ കഴിച്ച് ജിംനേഷ്യത്തിലേക്ക് ഓടുന്നത് നമ്മളില്‍ പലരെങ്കിലും കണ്ടിട്ടുണ്ടാവും. പയറും പയര്‍ വര്‍ഗങ്ങളും പ്രോട്ടീന്റെ കലവറയായതിനാല്‍ ശരീരത്തിന് ഉത്തമമൊക്കെ തന്നെ. എന്നാല്‍ വ്യായാമത്തിനു തൊട്ടുമുന്‍പ് ഇത്തരം ഫൈബറുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് നമുക്ക് അസ്വസ്ഥത ഉളവാക്കുന്നതാണ്. വ്യായാമം ചെയ്യുമ്പോള്‍ വയറില്‍ ഗ്യാസ് കയറുന്നതിനും അസ്വസ്ഥതയ്ക്കും പയര്‍ വര്‍ഗ്ഗങ്ങള്‍ കാരണമാകുന്നു. അതിനാല്‍ വ്യായാമത്തിന് തൊട്ടുമുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

സോഡ കലര്‍ന്ന പാനീയങ്ങള്‍

സോഡ കലര്‍ന്ന പാനീയങ്ങള്‍

സോഡാജലം എന്നത് കാര്‍ബോണിക് ആസിഡാണ്. കേള്‍ക്കുമ്പോള്‍ തന്നെ തിരിച്ചറിയേണ്ടതാണ് ഇത്തരം ആസിഡ് കലര്‍ന്ന പാനീയങ്ങള്‍ വ്യായാമത്തിനു മുമ്പോ ഇടയ്‌ക്കോ കുടിക്കുന്നത് അപകടമാണെന്ന്. വ്യായാമത്തിനിടെ വയര്‍ സ്തംഭനത്തിനും കൊളുത്തിപ്പിക്കാനും ഇത്തരം പാനീയങ്ങള്‍ ഉപയോഗിച്ചാല്‍ സാധ്യതയുണ്ട്. കൂടാതെ, അമിതമായി പഞ്ചസാര അടങ്ങിയ ഗ്യാസ് നിറച്ച പാനീയങ്ങളും വ്യായാമത്തിന് മുമ്പ് കുടിക്കുന്നത് ഉചിതമല്ല. വ്യായാമത്തിനിടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ അത് അസ്ഥിരപ്പെടുത്തിയേക്കാം. എനര്‍ജി ഡ്രിങ്കുകളും വ്യായാമത്തിന്റെ സമയത്ത് ഒഴിവാക്കേണ്ടതാണ്. അതിനാല്‍ വ്യായാമത്തിന് മുന്‍പായി വെള്ളം മാത്രം കുടിക്കുക. ആവശ്യത്തിനു മതി, അതും അമിതമാകാതെ നോക്കണം.

മദ്യം

മദ്യം

മദ്യം എപ്പോഴും ആരോഗ്യത്തിനു ഹാനികരമാണ്. വ്യായാമത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നിര്‍ജ്ജലീകരണമാണ് മദ്യം അകത്തുചെന്നാലുള്ള പ്രധാന ബുദ്ധിമുട്ട്. ആവശ്യത്തിനു ജലം വ്യായാമത്തിന്റെ സമയത്ത് നമ്മുടെ ശരീരത്തില്‍ വേണ്ടതായുണ്ട്. അതിനാല്‍ മദ്യം അകത്താക്കി വ്യായാമം ചെയ്യുന്നത് ഒരു ബുദ്ധിശൂന്യതയാണ്.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം

വ്യായാമത്തിനു മുമ്പ് എരിവുള്ള ഭക്ഷണം വേണ്ടേ വേണ്ട. എരിവ് കലര്‍ന്ന ഭക്ഷണം വ്യായാമസമയത്ത് നെഞ്ചെരിച്ചിലിനു മാത്രമല്ല വയറില്‍ കൊളുത്തിപിടുത്തം ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളുടെ വ്യായാമത്തെ തടസപ്പെടുത്തുകയും ചെയ്യും. വര്‍ക്ക്ഔട്ടിനു മുമ്പ് എരിവുള്ള ഭക്ഷണം കഴിക്കുന്നത് ചില ഘട്ടങ്ങളില്‍ വയറുവേദനയ്ക്കും കാരണമായേക്കാം.

വറുത്തതും ജങ്ക് ഫുഡുകളും

വറുത്തതും ജങ്ക് ഫുഡുകളും

ബര്‍ഗര്‍, പിസ, ഫ്രൈസ് പോലുള്ള ജങ്ക് ഫുഡുകളും വ്യായാമത്തിനു തൊട്ടു മുമ്പ് കഴിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത്തരം ഭക്ഷണം ദഹിക്കാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ വ്യായാമസമയത്ത് നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും.

മധുരം

മധുരം

വ്യായാമത്തിനു മുമ്പ് മധുരം കഴിക്കുന്നത് ഒഴിവാക്കുക. പഞ്ചസാര ഉപയോഗിച്ച് തയ്യാറാക്കുന്ന മധുര പലഹാരങ്ങളിലെ കലോറി, വ്യായാമ സമയത്ത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലിനു കാരണമാകുന്നു. ഈ ഏറ്റക്കുറച്ചില്‍ നിങ്ങളില്‍ തളര്‍ച്ച, തലവേദന തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇത് നിങ്ങളുടെ വ്യായാമത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മധുരം കഴിക്കാന്‍ നിര്‍ബന്ധമുള്ളവര്‍ക്ക് ഗ്ലുക്കോസോ പഴങ്ങളോ കഴിക്കാം.

English summary

Foods To Avoid Before a Workout

Here we are listing some of the foods to be avoided before a workout. Take a look.
Story first published: Wednesday, November 27, 2019, 16:26 [IST]
X
Desktop Bottom Promotion