For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിനെ കണ്‍മണിയെപ്പോലെ കാക്കാം

|

എന്നും ജിമ്മില്‍ പോയി കസര്‍ത്ത് നടത്തിയാല്‍ ശരീരം ആരോഗ്യമുള്ളതാക്കാം. പക്ഷേ കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും.എന്നാല്‍ കാശു മുടക്കാതെ കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുമുണ്ട് വഴികള്‍. ഇനി മുതല്‍ കണ്ണുകള്‍ക്കും വ്യായാമം ചെയ്തുതുടങ്ങൂ.

സ്വസ്ഥമായി ഒരിടത്ത് ഇരിപ്പുറപ്പിച്ച ശേഷം ഇരുകൈകളും കൂട്ടിത്തിരുമ്മി ചൂടാക്കുക.ചെറുചൂടുള്ള കൈവെള്ളകള്‍ അടഞ്ഞ കണ്‍പോളകള്‍ക്ക് മീതെ വയ്ക്കണം.കണ്ണുകള്‍ക്ക് മേല്‍ അധികം മര്‍ദ്ദം നല്‍കാതെവേണം ഇങ്ങനെ ചെയ്യാന്‍.വിരലുകള്‍ക്കിടയിലൂടെ പ്രകാശം കണ്ണിലെത്തുന്നില്ലെന്നും ഉറപ്പിക്കണം.ഇരുട്ടില്‍ പല നിറങ്ങള്‍ മിന്നിത്തെളിയുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

Eyes

കൂരിരുട്ട് മനസ്സില്‍ സങ്കല്‍പ്പിച്ച് ഫോക്കസ് ചെയ്യുക. ഒപ്പം ദീര്‍ഘനിശ്വാസമെടുക്കുകയും മനസ്സിനിഷ്ടപ്പെട്ട നല്ല നിമിഷങ്ങള്‍ ആലോചിക്കുകയുമാകാം. കൂരിരുട്ടല്ലാതെ മറ്റൊന്നും കാണാതാകുമ്പോള്‍ കൈകള്‍ കണ്ണിനു മുകളില്‍ നിന്നുമെടുക്കാം.മൂന്നു മിനിട്ടോ അതിലധികമോ നീണ്ട ഈ വ്യായാമം വീണ്ടും ആവര്‍ത്തിക്കാം.

3-5 മിനിട്ട് നേരം കണ്ണുകള്‍ ഇറുക്കിയടച്ചു വയ്ക്കുക. പിന്നീട് അത്രയും നേരം തന്നെ തുറന്നു വയ്ക്കുക. 7-8 തവണ ഇത് ആവര്‍ത്തിക്കുന്നത് കണ്ണിന്റെ ക്ഷീണം ഇല്ലാതാക്കും.

പലതരത്തിലുള്ള മസ്സാജിംഗ് ആണ് കണ്ണിന്റെ ക്ഷീണമകറ്റാനുള്ള മറ്റൊരു വഴി.

a) രണ്ട് പാത്രങ്ങളില്‍ ഒന്നില്‍ ചെറുചൂടുള്ള വെള്ളവും മറ്റേതില്‍ നല്ല തണുത്ത വെള്ളവും എടുക്കുക. ചൂടുവെള്ളത്തില്‍ ഒരു ടവ്വല്‍ മുക്കി അത് മുഖത്ത് പതിയെ അമര്‍ത്തി വയ്ക്കുക. പുരികത്തിനും കണ്‍പോളകള്‍ക്കും കവിളിനും ചൂട് കൊള്ളും വിധമാണ് ഇത് ചെയ്യേണ്ടത്. പിന്നീട് തണുത്തവെള്ളം കൊണ്ടും ഇത് തന്നെ ആവര്‍ത്തിക്കുക. പല തവണ ചെയ്യാമെങ്കിലും അവസാന തവണ തണുത്തവെള്ളം തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

b) ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം മുഴുവന്‍ മസ്സാജ് ചെയ്യുന്നതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചൂടുവെള്ളത്തില്‍ മുക്കിയ ടവ്വല്‍ കൊണ്ട് ആദ്യം കഴുത്തും നെറ്റിത്തടവും കവിളും തിരുമ്മണം .ശേഷം വിരലുകള്‍ കൊണ്ട് കണ്‍പോളകള്‍ക്ക് മുകളില്‍ പതിയെ മസ്സാജ് ചെയ്യാം.

c)കണ്‍പോളകളില്‍ മാത്രം മസ്സാജ് ചെയ്യുന്നതും കണ്ണിന് ആരോഗ്യം നല്‍കും. അടച്ച കണ്‍പോളകള്‍ക്ക് മീതെ വിരലുകള്‍ കൊണ്ട് 1-2 മിനിട്ട് പതിയെ വട്ടത്തില്‍ മസ്സാജ് ചെയ്യാം. കൈകള്‍ ശുദ്ധമാക്കിയതിനു ശേഷമേ ഇത് ചെയ്യാന്‍ പാടുള്ളൂ.കൈകളില്‍ അഴുക്കുണ്ടെങ്കില്‍ അത് കണ്ണില്‍ അണുബാധയുണ്ടാകാനിടയാക്കും.

അടച്ചുവച്ച കണ്‍പോളകള്‍ക്ക് മീതെ മൂന്നുവിരലുകള്‍ 2-3 സെക്കന്ഡ് വരെ പതിയെ അമര്‍ത്തിവയ്ക്കുക. ഈ വ്യായാമം 5 തവണ ആവര്‍ത്തിക്കണം.

കണ്ണുകള്‍ ഘടികാരദിശയിലും തിരിച്ചും ചലിപ്പിക്കുന്നത് നല്ലൊരു വ്യായാമമാണ്. 5-6 തവണ ഇത് ആവര്‍ത്തിക്കാം. ഇതിനിടയില്‍ ഓരോ തവണയും ചിമ്മിത്തുറന്ന് കണ്ണിന് വിശ്രമം കൊടുക്കാന്‍ മറക്കരുത്.

150 അടിയോ 50മീറ്ററോ അകലെയുള്ള ഒരു വസ്തുവില്‍ 10-15 മിനുട്ട് നേരം ഫോക്കസ് ചെയ്യുക.ശേഷം അത്രയും നേരം തന്നെ കണ്ണിനു വളരെ അടുത്തുള്ള മറ്റൊരു വസ്തുവില്‍ ഫോക്കസ് ചെയ്യണം. വീണ്ടും ആദ്യത്തെ വസ്തുവിനെ അത്ര സമയം തന്നെ നോക്കണം.ഇത്തരത്തില്‍ 5 പ്രാവശ്യം രണ്ട് വസ്തുക്കളെ മാറിമാറി നോക്കാം.

ഒരു പെന്‍സില്‍ കൈയകലത്തില്‍ പിടിക്കുക.പെന്‍സിലിന്മേല്‍ ഫോക്കസ് ചെയ്ത് അത് മുഖത്തിനടുത്തേക്ക് നീക്കുക. കണ്ണിന് ഫോക്കസ് ചെയ്യാന്‍ സാധിക്കാത്ത ഇടം വരെ പെന്‍സില്‍ കൊണ്ടുവരണം. ഇത് 10 പ്രാവശ്യം ആവര്‍ത്തിക്കാം.നൂലിന്മേല്‍ കെട്ടിയിട്ട വസ്തു വലിച്ചടുപ്പിച്ച് ഫോക്കസ് ചെയ്തും ഈ വ്യായാമം ചെയ്യാം.

ചുവരിന് അഭിമുഖമായി നിന്ന് ചുവരില്‍ കണ്ണുകള്‍ കൊണ്ട് ചില വാക്കുകളെഴുതാന്‍ ശ്രമിക്കുക.തലയനക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യമൊക്കെ ശ്രമകരമായിത്തോന്നുമെങ്കിലും പരിശീലത്തിലൂടെ ഒട്ടും ആയാസമില്ലാതെ ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന വ്യായാമമാണിത്. അക്ഷരങ്ങളുടെ വലിപ്പത്തിനനുസരിച്ച് വ്യായാമത്തിന്റെ ഫലവും കൂടും.

നിങ്ങള്‍ വലിയൊരു ക്ളോക്കിനു മുന്നിലാണെന്ന് സങ്കല്‍പ്പിക്കുക. ആദ്യം ക്ളോക്കിന്‍റെ നടവിലേക്ക് നോക്കുക പിന്നീട് ഒരോ അക്കങ്ങളിലേക്കും മാറിമാറി നോക്കാം. ഇങ്ങനെ 12 പ്രാവശ്യം കണ്ണുകളെ ഓടിക്കുക. ഈ വ്യായാമം നിങ്ങള്‍ക്ക് കണ്ണടച്ചും ചെയ്യാവുന്നതാണ്.

കഴിവതും ദൂരെയുള്ള ഒരു വസ്തുവില്‍ 2-3 മിനുട്ട് നോക്കുക. അരമണിക്കൂര്‍ കൂടുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.താളത്തോടെ കണ്ണുകള്‍ ചലിപ്പിക്കുക എന്നതാണ് മറ്റൊരു വ്യായാമം.

കണ്ണുകള്‍ മുകളില്‍ നിന്നും താഴോട്ടും ഇടത്ത് നിന്നും വലത്തോട്ടും ചലിപ്പിക്കുന്നത് കണ്ണിന് ആരോഗ്യും കൂട്ടും. 7-8 പ്രാവശ്യം ഇത് ആവര്‍ത്തിക്കാം. അതേസമയും കണ്ണിന് ആയാസം കൊടുക്കാതെ ഈ വ്യായാമം ചെയ്യുന്നത് കണ്ണിന് ദോഷമുണ്ടാക്കും.

ഓരോ 30-60 സെക്കന്‍ഡിനുള്ളില്‍ ദൃഷ്ടി ചലിപ്പിക്കുന്നത് കണ്ണിന് വിശ്രമം നല്‍കും. ഉദാഹരണത്തിന് നിങ്ങള്‍ ഒരു കംപ്യൂട്ടറിനു മുന്നില്‍ കുത്തിയിരുന്ന് ജോലിയെടുക്കുകയാണെന്ന് കരുതുക. ഇടയ്ക്കിടെ നിങ്ങളുടെ കണ്ണുകള്‍ രണ്ടോ മൂന്നോ പ്രാവശ്യം വട്ടത്തില്‍ ചലിപ്പിക്കുക.നിങ്ങളുടെ കണ്ണിന് അന്ന് സാധാരണയേക്കാള്‍ ക്ഷീണക്കുറവ് അനുഭവപ്പെടും

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിലവിലെ കാഴ്ച ശക്തി നിലനിര്‍ത്താനേ കണ്ണുകളുടെ വ്യായാമം കൊണ്ട് സാധിക്കൂ. കണ്ണുകളുടെ വ്യായാമം മുടങ്ങാതെ ദിവസേന ചെയ്താല്‍ മാത്രമേ ഗൂണമുണ്ടാകൂ. കൂടാതെ എത് വ്യായാമവും പകുതിയില്‍ നിര്‍ത്താതെ മുഴുവനാക്കുക കൂടി വേണം.

English summary

Health, Body, Eye, Exercise, Food, ആരോഗ്യം, ശരീരം, കണ്ണ്, കാഴ്ച, വ്യായാമം, ഭക്ഷണം

We all know how important it is to keep our bodies fit by doing things like going to the gym, jogging, and swimming.
X
Desktop Bottom Promotion