കുഞ്ഞുങ്ങളിലെ വായ്പ്പുണ്ണ്ഃ നിങ്ങള്‍ ചെയ്യേണ്ടത്‌

Posted By: Prabhakumar TL
Subscribe to Boldsky

വായ്പ്പുണ്ണ് വളരെ അപൂര്‍വ്വമായി മാത്രമേ കുഞ്ഞുങ്ങളില്‍ കാണപ്പെടാറുള്ളൂ. പല്ല് വൃത്തിയാക്കുന്ന സമയത്തുണ്ടാകുന്ന പരിക്ക് കാരണമായോ, ജനിതകപരമായ എന്തെങ്കിലും സവിശേഷത കാരണമായോ, പിരിമുറുക്കം കാരണമായോ, കവിളില്‍ കടികൊള്ളുന്നത് കാരണമായോ, ഭക്ഷണ സാധനങ്ങളോടുള്ള അലര്‍ജി, പൂപ്പല്‍ബാധ തുടങ്ങിയവ കാരണമായോ ചിലപ്പോള്‍ കുഞ്ഞുങ്ങളില്‍ വായ്പുണ്ണ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

baby ulcer

കുഞ്ഞുങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടവരായതുകൊണ്ട് അവര്‍ക്കുണ്ടാകുന്ന ഏതൊരു വൈഷമ്യവും വളരെയധികം ഉത്കണ്ഠ ജനിപ്പിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ഇതൊരു സ്വാഭാവിക സംഭവമാണ്. അത്രയും ഗൗരവം കുഞ്ഞുങ്ങളിലെ വായ്പുണ്ണിന് ഇല്ല എന്നതാണ് സത്യം.

നാവ്, മോണ, ചുണ്ടിന്റെ ഉള്‍വശം, മേല്‍വായ, കവിള്‍ എന്നിവിടങ്ങളില്‍ ഈ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ചെന്നിറത്തിലുള്ള ചെറിയ മറുകുപോലെയോ, അതുമല്ലെങ്കില്‍ അല്പം ഉയര്‍ന്നുനില്‍ക്കുന്ന വെളുത്ത പാടപോലെയോ ആയിരിക്കും ഈ വ്രണം കാണപ്പെടുന്നത്.

baby ulcer

വായില്‍ ഉണ്ടാകുന്ന ഇത്തരം വ്രണങ്ങള്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒട്ടുംതന്നെ ഗൗരവമേറിയതല്ല എങ്കിലും, അവ ചിലപ്പോള്‍ വലിയ തോതില്‍ അസ്വസ്ഥത അവരില്‍ ഉളവാക്കാം. ചില വ്രണങ്ങള്‍ വളരെ വേദനാജനകമായിരിക്കും. ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോഴായിരിക്കും അവരെ ശരിയ്ക്കും ഇത് ബാധിക്കുന്നത്. എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍, വ്രണങ്ങളില്‍ അവ സ്പര്‍ശിക്കുന്നതുകാരണമായി കുഞ്ഞുങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കും.

അരുമകളായ കുഞ്ഞോമന മക്കളില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ഭക്ഷണ സമയത്തുംമറ്റും എന്തെങ്കിലും അസ്വസ്ഥത അവര്‍ പ്രകടിപ്പിക്കുകയാണെങ്കില്‍, അതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അത്തരമൊരു സന്ദര്‍ഭം ഉണ്ടാകുകയാണെങ്കില്‍ അവരുടെ വായ്ക്കുള്ളില്‍ പരിശോധന നടത്തി വായ്പ്പുണ്ണ് കാരണമായിട്ടാണോ അസ്വസ്ഥത എന്ന് ഉറപ്പുവരുത്തുക. അങ്ങനെയെങ്കില്‍, ചില ലഘു പരിചരണങ്ങള്‍ അവലംബിക്കേണ്ടതുണ്ട്.

baby ulcer

ഏകദേശം 7 മുതല്‍ 10 ദിവസംവരെ വായ്പ്പുണ്ണിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ഈ കാലയളവിനുള്ളില്‍ അത് മാറുന്നതാണ്. പക്ഷേ, പലപ്പോഴും കുഞ്ഞുങ്ങള്‍ വളരെ വിഷമിച്ചായിരിക്കും ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത്. ചില കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കുകയാണെങ്കില്‍ വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കുന്നതില്‍നിന്നും അവരെ മോചിപ്പിക്കാം. അതിനുവേണ്ടി ചുവടെ പറയുന്ന കാര്യങ്ങള്‍ അവലംബിക്കാവുന്നതാണ്.

baby ulcer

തണുപ്പ് ഉപയോഗിക്കുകഃ

തണുത്ത വെള്ളമോ ഐസുകട്ടയോ ഉപയോഗിച്ച് വേദനയെ ലഘൂകരിക്കാം. ഐസുകട്ടയെ നേരിട്ട് വ്രണത്തില്‍ തട്ടിക്കുകയാണെങ്കില്‍, കുഞ്ഞുങ്ങള്‍ക്ക് ഏറെ നേരം നല്ല ആശ്വാസമുണ്ടാകും. അതുപോലെ, തണുപ്പിച്ച ജൂസുംമറ്റും കുടിക്കുന്നതിലൂടെയും മുറിവുകളില്‍നിന്നുള്ള വേദനയെ ഒഴിവാക്കാം

baby ulcer

എരിവും പുളിയും ഒഴിവാക്കുകഃ

ഭക്ഷണത്തിലെ എരിവും പുളിയും വ്രണത്തില്‍ സ്പര്‍ശിക്കുമ്പോള്‍ വേദനയും നീറ്റലും അനുഭവപ്പെടും. ഭക്ഷണത്തോട് വിമ്മിഷ്ടം തോന്നാന്‍ ഇത് കാരണമാകും. മാത്രമല്ല, വ്രണത്തിന്റെ ഗൗരവം വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് കുഞ്ഞിനുള്ള ഭക്ഷണത്തില്‍നിന്ന് എരിവും പുളിയും മുറിവ് ഭേദമാകുന്നതുവരെ ഒഴിവാക്കുക.

baby ulcer

മൃദുവായ ലഘുഭക്ഷണങ്ങള്‍ നല്‍കുകഃ

കട്ടിയേറിയ ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ കൊടുക്കുന്നത് ഒഴിവാക്കുക. ഇത് മുറിവുമായി ഉരസുന്നതുകാരണം ഭേദമാകുന്നതിന്റെ സമയദൈര്‍ഘ്യം കൂടും. ദ്രവരൂപത്തില്‍ കലര്‍ത്തിയെടുത്ത ഭക്ഷണങ്ങള്‍, പോഷക പാനീയങ്ങള്‍ തുടങ്ങിയവ വ്രണത്തിന് ഭേദമാകുവാന്‍ തടസ്സമൊന്നും സൃഷ്ടിക്കുകയില്ല. ചോക്‌ലേറ്റും ഒഴിവാക്കുക.

കുഞ്ഞുങ്ങളിലെ വായ്പ്പുണ്ണ് വളരെ അപൂര്‍വ്വമാണ്, മാത്രമല്ല അത്ര ഗൗരവമുള്ള ഒരു കാര്യവുമല്ല. അതുകൊണ്ട്, അവയെ ഒരു വലിയ വിഷയമായി കാണേണ്ടതില്ല. 10 ദിവസം കഴിഞ്ഞും അത്തരം വ്രണങ്ങള്‍ മാറാതെ നില്‍ക്കുകയോ, അവ കൂടുതല്‍ വഷളായി കാണപ്പെടുകയോ ചെയ്യുകയാണെങ്കില്‍മാത്രം ഡോക്ടറെ കാണുക.

Read more about: baby care കുഞ്ഞ്
English summary

Remedies for Mouth Ulcer In Children

If your little one has a mouth ulcer, you can help relieve the pain with the help of these remedies. Unfortunately mouth ulcers can take up to 14 days or at times more to clear up.