For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളെ തളര്‍ത്തുന്ന കേരളീയ സമൂഹം

By Super
|

Depressed Girl
സാംസ്‌കാരികപരമായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന അഹങ്കാരത്തോടെയാണ്‌ കേരളീയര്‍ ജീവിക്കുന്നത്‌. വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ചു ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ കേരളത്തില്‍ വളരെയുണ്ട്‌ താനും. വിദ്യ നേടുന്നതിനും ഇഷ്ട ജോലി ചെയ്യുന്നതിനും ലോകത്തിന്റെ ഏതു ഭാഗത്തേക്കും രണ്ടാമതൊന്ന്‌ ആലോചിക്കാതെ തന്നെ മലയാളമണ്ണിലെ പെണ്‍കുട്ടികള്‍ പോലും തയ്യാറാവുന്നുണ്ട്‌.

ഇവിടെ പെണ്‍കുട്ടികള്‍ 'പോലും' എന്നുപയോഗിക്കേണ്ടി വന്നതിന്‌ ഉത്തരം നല്‍കേണ്ട്‌ നമ്മുടെ സാമൂഹികാവസ്ഥയാണ്‌.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുറമെ കാണുന്നത്ര വെടിപ്പിലും വൃത്തിയിലും അല്ല കേരളത്തിലെ കാര്യങ്ങളുടെ കിടപ്പ്‌. മനുഷ്യന്റെ ജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാമെങ്കില്‍ അതിനെ വിവാഹത്തിനും പിമ്പും മുമ്പും എന്നു വേര്‍തിരിക്കുന്നതായിരിക്കും എളുപ്പം. അങ്ങനെത്തന്നെയാണ്‌ സാധാരണഗതിയില്‍ ആളുകള്‍ അവനവന്റെ ജീവിതത്തെ കാണാറുള്ളതും.

നല്ലതായാലും ചീത്തയായാലും ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തുന്ന ഒരു പ്രതിഭാസമാണ്‌ വിവാഹം. അതുകൊണ്ടുതന്നെ ഈ മാറ്റത്തിലേക്കു കാലെടുത്തു വെക്കുന്നതിനു മുമ്പ്‌ പുരുഷനായാലും സ്‌ത്രീക്കായാലും മാനസികമായും ശാരീരികമായും പക്വതയാര്‍ജ്ജിക്കേണ്ടതുണ്ട്‌.

ഇതൊക്കെ എല്ലാര്‍ക്കും അറിയാം. എല്ലാരും വാ തോരാതെ സംസാരിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ പെണ്‍കുട്ടികളെ വീട്ടമ്മമാരാക്കുന്ന ചെപ്പടിവിദ്യ ഇന്നും സാംസ്‌കാരിക കേരളത്തില്‍ തുടര്‍ക്കഥ തന്നെ. സ്വന്തം മകള്‍ക്കു പതിനെട്ടു വയസ്സാകുന്നതു വരെ പോലും കാത്തുനില്‍ക്കാനാവാതെ 'ആരുടെയെങ്കിലും കൈയില്‍ ഏല്‍പ്പിക്കാന്‍' വെപ്രാളം കൊള്ളുന്ന മാതാപിതാക്കള്‍ ഇന്നും കേരളത്തില്‍ ധാരാളം.

പെണ്‍കുട്ടികള്‍ ജനിക്കുന്നതു തന്നെ ആരുടെയെങ്കിലും കൈകളില്‍ ഏല്‍പ്പിക്കപ്പെടാനാണെന്നു തോന്നും ഇവരുടെയൊക്കെ ഈ വ്യഗ്രത കണ്ടാല്‍. എത്രയും പെട്ടെന്ന്‌ കൈഒഴിക്കേണ്ട എന്തോ ഭാരം പോലെയാണ്‌ പെണ്‍കുട്ടികളെ സമൂഹം നോക്കിക്കാണുന്നത്‌.

22ഉം 23ഉം വയസ്സു കഴിഞ്ഞാല്‍ പിന്നെ 'ഇതിനെ എങ്ങനെയെങ്കിലും ഒന്നിറക്കി വിട്ടാല്‍ മതിയായിരുന്നു' എന്നു പെണ്‍കുട്ടിയുടെ മുഖത്തു നോക്കി പറയുന്ന സമൂഹം അവളോട്‌ ചെയ്യുന്നത്‌ എത്ര വലിയ തെറ്റാണെന്ന്‌ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മാനസികമായ തളര്‍ത്തുന്ന ഇത്തരം മനോഭാവങ്ങള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും ഇടയില്‍ വളരുന്ന പെണ്‍കുട്ടികളെ കുറിച്ച്‌ ആരെങ്കിലും ചിന്തിക്കാറുണ്ടോ. നമുക്കൊരു പെണ്‍കുട്ടിയുണ്ടെന്ന കാര്യം മറക്കണ്ട എന്ന്‌ ഭീഷണിയുടെ സ്വരത്തില്‍ അമ്മ അച്ഛനോടു പറയുന്നത്‌ കേട്ടു വളരുന്ന കുട്ടിയുടെ മാനസ്‌കാവസ്ഥ ഒന്ന്‌ സങ്കല്‌പിച്ചു നോക്കിയിട്ടുണ്ടോ?

ഓരോ നിമിഷവും താന്‍ ജനിക്കേണ്ടായിരുന്നു എന്നു പെണ്‍കുട്ടിയെ കൊണ്ട്‌ ചിന്തിപ്പിക്കുന്നതില്‍ മത്സരിക്കുന്ന ഒരു സമൂഹം!

English summary

Girl, Child, Marriage, Maturity, Insecurity, Society, Kerala, പെണ്‍കുട്ടി, ശൈശവ വിവാഹം, പ്രായപൂര്‍ത്തി, അരക്ഷിതാവസ്ഥ, സമൂഹം, കേരളം

Though Kerala is celebrated as a literate, socially well developed state of India, the actual situation is just the opposite. Here girls are married even before they realize what life is and parents consider them as reason for tension and try to get rid of them
X
Desktop Bottom Promotion