For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെ ജീവിയ്‌ക്കൂ... തൊണ്ണൂറിലെത്താം

By Super
|

തൊണ്ണൂറ്‌ മെഴുകുതിരികള്‍ ഊതിക്കെടുത്തി ചുറ്റുംനില്‍ക്കുന്നവരുടെ ഊഷ്‌മള സ്‌നേഹം നുകര്‍ന്ന്‌ ജന്മദിനം ആഘോഷിക്കാന്‍ ആഗ്രഹിയ്‌ക്കാത്തവരുണ്ടാകുമോ? നാലും അഞ്ചും തലമുറകളെ കണ്ട്‌ നിര്‍വൃതിയടയാന്‍ ആഗ്രഹിക്കാത്തവരുണ്ടോ?
എന്നാല്‍ ഈ ആഗ്രഹവുമായി ജീവിക്കുന്നവരൊന്നും അതിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തയ്യാറാവുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.

തൊണ്ണൂറുവയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുകയെന്ന കാര്യം അസാധ്യമല്ല. പക്ഷേ ഇതിനായി ജീവിതത്തില്‍ ചില ചിട്ടകള്‍ കൊണ്ടുവരണമെന്ന്‌ മാത്രം. അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍ ഇതിനെക്കുറിച്ച്‌ പഠനം നടത്തി. നല്ല ഭക്ഷണ ശീലം, വ്യായാമം, പുകവലി ഉപേക്ഷിക്കല്‍ ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ തൊണ്ണുറുവയസ്സുവരെ ഒരു കുഴപ്പവുമില്ലാതെ ജീവിക്കാമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

ഇവയൊക്കെ ശ്രദ്ധിച്ചാല്‍ സാധാരണ ആയുസ്സില്‍ മുപ്പത്‌ വര്‍ഷം കൂടി ഓരോരുത്തര്‍ക്കും അധികം ലഭിക്കുമത്രേ. പുകവലി, പ്രമേഹം, പൊണ്ണത്തടി, രക്താതിസമ്മര്‍ദ്ദം എന്നിവ ഓരോരുത്തരുടെ ആയുസ്സില്‍ നിന്നും ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെയാണ്‌ അപഹരിക്കുന്നത്‌. എന്നാല്‍ നന്നായി വ്യായാമം ചെയ്‌താല്‍ അഞ്ചുവര്‍ഷം വരെ ആയുസ്സില്‍ കൂടുതല്‍ കിട്ടുകയും ചെയ്യും- ഗവേഷകര്‍ പറയുന്നു.

ബോസ്‌റ്റണിലെ ബ്രിഹാം ആന്റ്‌ വുമണ്‍സ്‌ ഹോസ്‌പിറ്റലിലെ ഗവേഷക സംഘമാണ്‌ 2000 പുരുഷന്മാരില്‍ പഠനം നടത്തിയത്‌. 1981മുതല്‍ 84വരെ തുടര്‍ച്ചയായും പിന്നീട്‌ 2006വരെ വര്‍ഷത്തിലൊരിക്കലും എന്ന രീതിയിലാണ്‌ ഇവരെ ഗവേഷകര്‍ പരിശോധിച്ചത്‌. ഇതില്‍ 970 പുരുഷന്മാര്‍ 90 വയസ്സുവരെ ജീവിച്ചു. 1981നും 84നുമിടയ്‌ക്ക്‌ 70-75 വയസ്സിനിടെയായിരുന്നു ഇവരില്‍ മിക്കവരുടെയും പ്രായം.

എഴുപത്‌ വയസ്സുള്ള സാമാന്യം ആരോഗ്യമുള്ളവര്‍ പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദ്ദം അമിതമായി ഉയരാതെ സൂക്ഷിക്കുക, ആഴ്‌ചയില്‍ നാലുതവണ വ്യായാമം ചെയ്യുക എന്നീകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ 90 വയസ്സുവരെ ജീവിച്ചിരിക്കുമത്രേ.

എന്നാല്‍ 90ല്‍ എത്തുമ്പോഴേയ്‌ക്കും ഈ കാര്യങ്ങളില്‍ വീഴ്‌ചകള്‍ സംഭവിക്കുന്നു. വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുന്നത്‌ തൊണ്ണൂറു വയസ്സുവരെ ജീവിച്ചിരിക്കുന്നതിനുള്ള സാധ്യത 44 ശതമാനം വരെ കുറയുന്നു. അമിതമായ രക്തസമ്മര്‍ദ്ദം ഈ സാധ്യതയുടെ 33 ശമതാനം കുറയ്‌ക്കുന്നു.

പൊണ്ണത്തടി തൊണ്ണൂറു വയസ്സുവരെ ജീവിക്കാനുള്ള സാധ്യത 25 ശതമാനം കുറയ്‌ക്കുമ്പോള്‍ പുകവലി ഈ സാധ്യതയുടെ 20 ശതമാനം കുറയ്‌ക്കുന്നു.

ചെറിയ തോതില്‍ ആള്‍ക്കഹോള്‍ ഉപയോഗിക്കുന്നത്‌ തൊണ്ണൂറു വയസ്സുവരെ ജീവിക്കുന്നതിന്‌ തടസ്സമുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. ആരോഗ്യകരമായ ജീവിതരീതിയും പ്രശ്‌നങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള മാനസികാവസ്ഥയുമാണ്‌ ആയുസ്സ്‌ വര്‍ധിപ്പിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍ എന്നാണ്‌ പഠന സംഘം കണ്ടെത്തിയത്‌.

X
Desktop Bottom Promotion