For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരമൂറും ദീപാവലി

By Nisha Bose
|

തിന്‍മയ്ക്ക് മേല്‍ നന്‍മ വിജയം നേടിയതിന്റെ ആഘോഷമാണ് ദീപാവലി. ഉത്തരേന്ത്യക്കാരാണ് ദീപാവലിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും കേരളത്തില്‍
ചെറിയ തോതിലെങ്കിലും ആഘോഷങ്ങള്‍ നടക്കാറുണ്ട്.

ദീപാവലിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മധുരം തന്നെ. ഉത്തരേന്ത്യക്കാരുടെ ആഘോഷമായതു കൊണ്ടു തന്നെ ഉത്തരേന്ത്യന്‍ മധുരങ്ങളാണ് ദീപാവലി സീസണിലെ താരങ്ങള്‍. ഏത് ആഘോഷത്തിനും ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത മലയാളി ദീപാവലിയ്ക്ക് മധുരപലഹാരങ്ങള്‍ വാങ്ങിക്കുന്നതിനും മടികാണിക്കാറില്ല.

ദീപാവലി അടുക്കുന്നതോടെ തന്നെ മിക്ക ബേക്കറികളിലും തിരക്കനുഭവപ്പെട്ട് തുടങ്ങും. ബംഗാളി, മറാഠി മധുരപലഹാരങ്ങളാണ് കൂടുതലും വിറ്റഴിക്കപ്പെടുന്നതെന്ന് ബേക്കറിയുടമകള്‍ പറയുന്നു. ദീപാവലി സ്വീറ്റ്‌സ് എന്ന പേരില്‍ വിവിധ പലഹാരങ്ങള്‍ അടങ്ങിയ
പായ്ക്കറ്റിന് ആവശ്യക്കാര്‍ ഏറെയാണ്.

നാടന്‍ മധുര പലഹാരങ്ങളുടെ മിക്‌സഡ് പായ്ക്കറ്റിന് കിലോഗ്രാമിന് ശരാശരി 135 രൂപയാണ് വില. ബംഗാളി പലഹാരങ്ങളുടെ പായ്ക്കറ്റിന് വിലയേറും. കിലോഗ്രാമിന് 250 രൂപയാണ് ഇവയുടെ വില. ദീപാവലി പലഹാരങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളെയാണ് മിക്ക ബേക്കറിയുടമകളും ആശ്രയിക്കുന്നത്.

പാല്‍, നെയ്യ് എന്നിവ ഉപയോഗിച്ചാണ് മിക്ക ദീപാവലി പലഹാരങ്ങളും തയ്യാറാക്കുന്നത്. മൈസൂര്‍ പാക്കിന് ദീപാവലി മധുരങ്ങളില്‍ പ്രത്യേകസ്ഥാനമുണ്ട്. മൈസൂര്‍ പാക്കിന് കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെ വിലയുണ്ട്. വിവിധ തരം ബര്‍ഫികളും ദീപാവലിയ്ക്ക് മധുരമേകാനെത്തുന്നു. മില്‍ക് ബര്‍ഫി, മാംഗോ ബര്‍ഫി, ബദാം ബര്‍ഫി, കോക്കനട്ട് ബര്‍ഫി എന്നിവ വിപണിയില്‍ ലഭ്യമാണെങ്കിലും ഡ്രൈഫ്രൂട്ട്‌സ് ബര്‍ഫിയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. എന്നാല്‍ ഇവയ്ക്ക് വിലയല്‍പ്പം കൂടും. കിലോഗ്രാമിന് 400 രൂപയാണ് ഇവയുടെ വില.

മില്‍ക് സ്വീറ്റ്‌സില്‍ ഖീര്‍ ഖദാം, മില്‍ക് കേക്ക്, കേസര്‍ പേട, തുടങ്ങിയവയ്ക്കാണു പ്രിയം. കിലൊയ്ക്ക് 270 രൂപ മുതല്‍ ഇവ ലഭ്യമാകും. വിവിധതരം ഹല്‍വകളും ദീപാവലിയ്ക്ക് മധുരമേകാന്‍ വിപണിയിലെത്തിയിട്ടുണ്ട്. ബോംബെ ഹല്‍വ, ന്യൂഡില്‍സ് ഹല്‍വ, ബദാം ഹല്‍വ, ഫ്രൂട്ട് ഹല്‍വ തുടങ്ങിയവയാണ് ഹല്‍വയിലെ പ്രധാന ഇനങ്ങള്‍. കിലോയ്ക്ക് 150 മുതല്‍ 220 രൂപ വരെയാണ് ഇവയുടെ വില.

ഇവയ്ക്ക് പുറമേ കോക്കനട്ട് ലഡു, പനീര്‍ ജാം, മില്‍ക് ഫ്‌ളവര്‍, കാജു ചോക്ലേറ്റ് റോള്‍ എന്നിവയും ദീപാവലി വിപണിയിലെത്തിയിട്ടുണ്ട്. ദീപാവലി മധുരതരമാക്കാന്‍ ഇനിയും ഒട്ടേറെ വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ബേക്കറിയുടമകള്‍. എന്തായാലും നമുക്ക് മധുരപൂര്‍വ്വം വരവേല്‍ക്കാം ഈ ദീപാവലിയെ.

English summary

Diwali, sweet, Market, Money, Food, Festival, ദീപാവലി, വിപണി, പണം, ഭക്ഷണം

Diwali a festival of lights represents the victory of good over evil, a time for also sweets and gifts. One can find different types of sweets during diwali season. Sweets are prepared on this occasion to their friends and neighbors. Although people mostly buy them from shops, preparing the sweet at home will be double delicious as well as hygiene.
Story first published: Saturday, October 15, 2011, 11:24 [IST]
X
Desktop Bottom Promotion