ശരീര ദുർഗന്ധം; കാരണം കഴിക്കുന്ന ഭക്ഷണമാകാം .

Posted By: chaithanya g
Subscribe to Boldsky

വേനല്‍ക്കാലമായതോടെ വിയര്‍പ്പും ശരീരത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവും പലരെയും വല്ലാതെ വലച്ച് തുടങ്ങിയിട്ടുണ്ട്. ചിലരാണെങ്കില്‍ വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ ശരീര ദുര്‍ഗന്ധത്താല്‍ വലയുന്നു.

odor

എല്ലാം വിധിയെന്ന്് കരുതി നിരാശപ്പെടാന്‍ വരട്ടെ. ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാകാം നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തിന് കാരണക്കാര്‍. ഇങ്ങനെ വില്ലന്മാരായ ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. അവ ഏതൊക്കെയന്ന് മനസ്സിലാക്കാം

odor

ബ്രോക്കോളി,കാബേജ്, കോളിഫ്‌ളവര്‍

സള്‍ഫര്‍ ഉള്‍ക്കൊള്ളുന്ന ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍ എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് മൂലം ശരീര ദുര്‍ഗന്ധമുണ്ടായേക്കാമെന്ന് മക്ലാരന്‍ ഡെര്‍മറ്റോളജി ആന്‍ഡ് സ്‌കിന്‍ കെയര്‍ സെന്ററിലെ പ്രമുഖ ഡെര്‍മറ്റോളജിസ്റ്റായ ലിലി തലകൗബ വ്യക്തമാക്കുന്നു.

ഈ പച്ചക്കറികള്‍ ശരീരത്തിനുള്ളില്‍ എത്തിക്കഴിഞ്ഞ് ദഹന പ്രക്രിയയുടെ ഭാഗമായി അവ വിഘടിപ്പിക്കപ്പെടുമ്പോള്‍ സള്‍ഫര്‍ പുറത്തുവരും. പച്ചയ്‌ക്കോ പാകം ചെയ്‌തോ കഴിച്ചാലും ഇതിന് മാറ്റമുണ്ടാകില്ല. ചീഞ്ഞ മുട്ടയുടെ ഗന്ധമാണ് സള്‍ഫറിന്. വിഘടന പ്രക്രിയ നടക്കുമ്പോഴുണ്ടാകുന്ന ഈ സള്‍ഫര്‍ വിയര്‍പ്പു ഗ്രന്ഥികളിലെത്തും അങ്ങനെ ചീഞ്ഞ മുട്ടയുടെ മണം ശരീരത്തിനുണ്ടാകും.

മേല്‍പ്പറഞ്ഞ പച്ചക്കറികള്‍ കഴിച്ചാല്‍ ചീഞ്ഞ മുട്ടയുടെ ഗന്ധം ശരീരത്തിനുണ്ടാകുമെന്ന കണ്ടെത്തല്‍ പരീക്ഷണം നടത്തി ഉറപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ രോഗ പ്രതിരോധ ശേഷി ഏറെയുള്ള ആരോഗ്യത്തിന് ഗുണകരമായ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പറയാനും കഴിയില്ല. പക്ഷേ അവ സ്ഥിരം ഭക്ഷിച്ചാല്‍ നിങ്ങളുടെ ശരീര ഗന്ധം വഷളായേക്കാം. അതിനാല്‍ തന്നെ ഇടയ്‌ക്കൊക്കെ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി മറ്റ് പച്ചക്കറികള്‍ കഴിച്ചാല്‍ നല്ലത്. പ്രത്യേകിച്ചും സള്‍ഫര്‍ കുറവുള്ള മധുരക്കിഴക്ക്, ഓറഞ്ച്, വഴുതന, പീച്ച് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും.

odor

വെളുത്തുള്ളിയും ഉള്ളിയും

ഈ രണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകുമെന്ന് ഉറപ്പ്. ഇങ്ങനെ ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തിനും ദുര്‍ഗന്ധമുണ്ടാകും. ശരീരത്തിനുള്ളിലുണ്ടാകുന്ന ഗന്ധം വായിലൂടെയാണ് കൂടുതലായും പുറത്തുവരുന്നത്. ഇങ്ങനെ വായിലൂടെ പുറത്തുവരുന്ന വെളുത്തുള്ളി, ഉള്ളി ഗന്ധം ഓരോരുത്തര്‍ക്ക് ചുറ്റും ഈ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗന്ധം തിങ്ങി നില്‍ക്കാന്‍ കാരണമാകുന്നു.

കാപ്പി കുടിക്കുമ്പോഴും ക്യാനിലാക്കിയ മീന്‍ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോഴും ഇതേ അവസ്ഥയുണ്ടാകുന്നു. ഇങ്ങനെയുള്ള ഭക്ഷണം അകത്താക്കിയ ശേഷം പല്ല് തേക്കുക, ധാരാളം വെള്ളം കുടിക്കുക എന്നീ വഴികളിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും. ശരീരത്തിനുള്ളിലുള്ള ഈ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും ബാക്ടീരിയയും ഇല്ലാതാക്കാന്‍ ഇതുവഴി കഴിയുന്നതാണ് കാരണം.

odor

മത്സ്യം

ട്രൈമീഥൈല്‍അമിനൂരിയ എന്ന മെറ്റാബോളിക് ഡിസോര്‍ഡര്‍ ചീഞ്ഞ മീനിന്റെ ഗന്ധം നിങ്ങളുടെ ശരീരത്തിനുണ്ടാക്കിയേക്കാം. ഫിഷ് ഓഡര്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രശ്‌നം പൊതുവേ അറിയപ്പെടുന്നത്. ഈ പ്രശ്‌നമുള്ളവരുടെ ശരീരത്തിന് മുട്ട, മത്സ്യം, ചില പച്ചക്കറികള്‍ എന്നിവ ദഹിപ്പിക്കുമ്പോള്‍ മത്സ്യത്തിന്റെ ഗന്ധമുള്ള ട്രൈമീഥൈല്‍അമൈന്‍ എന്ന സംയുക്തത്തെ വിഘടിപ്പിക്കാന്‍ കഴിയാതെ വരുന്നു. തത്ഫലമായി ഇവരുടെ ശരീരത്തില്‍ ഈ പദാര്‍ഥത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരും.

ഇതോടെ മൂത്രം, നിശ്വാസം, ബീജം എന്നിവയിലൂടെ ശരീരം പദാര്‍ഥം പുറത്ത് തള്ളുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.

ഇങ്ങനെയുള്ള അവസ്ഥ വിരളമാണെങ്കിലും ഇങ്ങനെ ശരീര ദുര്‍ഗന്ധമുള്ള 353 പേരില്‍ 2011ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ 118പേര്‍ക്ക് ഈ ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തി. ഇതിന് പ്രത്യേക പരിഹാരമില്ല. ട്രൈമീഥൈല്‍ അമീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും പ്രത്യേക സോപ്പും മറ്റും ഉപയോഗിക്കുകയും ചെയ്താല്‍ ദുര്‍ഗന്ധം ഒരു പരിധി വരെ കുറയ്ക്കാനാകും.

odor

ബീഫ്

ജേര്‍ണല്‍ കെമിക്കല്‍ സെന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ബീഫ് പോലുള്ള റെഡ് മീറ്റ അകത്താക്കുന്നവര്‍ക്ക് ശരീര ദുര്‍ഗന്ധമുണ്ടാകുന്നുവെന്ന് കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി പുരുഷന്മാരെ രണ്ട് സംഘമായി തിരിച്ചു. ഒരു സംഘത്തോട് രണ്ടാഴ്ച്ചത്തേക്ക് ദിവസേന രണ്ട് നേരം റെഡ് മീറ്റ് കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത സംഘത്തോട് ഇക്കാലയളവില്‍ റെഡ് മീറ്റ് കഴിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പരീക്ഷണ കാലയളവിലെ അവസാന ദിനം കക്ഷത്തില്‍ പാഡ് വച്ച് ഓരോരുത്തരുടെയും ശരീര ഗന്ധം ശേഖരിച്ചു.

പിന്നീട് 30 സ്ത്രീകളോട് ഗന്ധം അടങ്ങുന്ന പാഡുകള്‍ മണത്ത് കൂടുതല്‍ പുരുഷത്വവും ലൈംഗീക ആകര്‍ഷണത്വും തോന്നുന്നത് തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ റെഡ് മീറ്റ് കഴിക്കാത്തവര്‍ കൂടുതല്‍ ആകര്‍ഷണത്വമുള്ളവരായി തെരഞ്ഞെടുക്കപ്പെട്ടു.

വെറും 17 പുരുഷന്മാരില്‍ മാത്രമാണ് പഠനം നടത്തിയതെന്നതിനാല്‍ തന്നെ റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് ശരീര ദുര്‍ഗന്ധമുണ്ടാകുമെന്ന് ഇതിലൂടെ ഉറപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ റെഡ് മീറ്റും ശരീര ദുര്‍ഗന്ധവും തമ്മില്‍ അങ്ങനെയൊരു ബന്ധമുണ്ടാകാന്‍ സാധ്യത ഈ പഠനത്തിലൂടെ വ്യക്തമാക്കി. കക്ഷത്തിലെ വിയര്‍പ്പു ഗ്രന്ഥിയില്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുമായി റെഡ് മീറ്റിനുള്ളിലെ കൊഴുപ്പ് പ്രതിപ്രവര്‍ത്തനം നടത്തുന്നുവെന്നും. തൊലിയിലെ ബാക്ടീരിയ ആ ഫാറ്റി ആസിഡ് ആഹാരമാക്കുന്നതിന്റെ ഫലമായി രൂക്ഷമായ ദുര്‍ഗന്ധമുണ്ടാകുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

odor

മദ്യം

ഡെന്റല്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അമിതമായി മദ്യപാനവും ശരീര ദുര്‍ഗന്ധവും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞിരിക്കുന്നു. പ്രായപൂര്‍ത്തിയായ 90 പേരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് മദ്യപിക്കുന്നവരുടെ ശ്വാസനിശ്വാസത്തിന് രൂക്ഷമായ ഗന്ധമുണ്ടെന്ന് കണ്ടെത്തിയത്.

വായിലെയോ കരളിലെയോ മദ്യത്തിന്റെ അംശം ശരീരത്തിലെ മറ്റ് രാസവസ്തുക്കളുമായി ചേര്‍ന്ന് രൂക്ഷ ഗന്ധമുണ്ടാക്കുന്ന ഉപോത്പന്നങ്ങളുണ്ടാക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. ശ്വാസംമുട്ടിക്കുന്ന രൂക്ഷഗന്ധമുണ്ട അസറ്റാല്‍ഡിഹൈഡ് പോലുള്ള ഉപോത്പന്നങ്ങളാണ് ഇതുവഴിയുണ്ടാകുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

മദ്യത്തിന്റെ ഉപയോഗം വായയ്ക്കുള്‍വശം വരണ്ടുണങ്ങാന്‍ കാരണമാകുന്നു. ഉമിനീരില്ലാത്തതിനാല്‍ വായ്ക്കുള്ളിലെ നിര്‍ജീവ കോശങ്ങള്‍ അവിടെ തന്നെ നിലനില്‍ക്കുകയും അത് അഴുകുന്നതിനെത്തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കുന്നത് വഴി ഈ പ്രശ്‌നം ഒഴിവാക്കാന്‍ കഴിയും.

English summary

Food that Make Your Body Odor Worse

Certain foods may make your body odor worse, so eating less of them can help reduce your odor.A strong body odor can sometimes be a sign of poor gut health. Consume probiotic-rich foods to help restore good intestinal bacteria and to aid your digestion so that it processes foods more smoothly, and with less odor
Story first published: Tuesday, April 3, 2018, 16:00 [IST]