ഗര്‍ഭിണികള്‍ കരിക്കിന്‍വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

Posted By: Prabhakumar TL
Subscribe to Boldsky

തീരപ്രദേശം ധാരാളമുള്ള പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന വൃക്ഷമാണ് കേരം അഥവാ തെങ്ങ്. കേരഫലത്തിന് പൊതുവില്‍ പറയുന്ന പേരാണ് തേങ്ങ. അതിനുള്ളില്‍ കാണപ്പെടുന്ന തെളിഞ്ഞ പോഷകഗുണമുള്ള ദ്രാവകമാണ് തേങ്ങവെള്ളം. പാകമാകാത്ത കേരഫലത്തിനെ മലയാളത്തില്‍ 'കരിക്ക്' എന്നും, അതിന്റെ ഉള്ളിലെ പാനീയത്തിനെ 'ഇളനീര്‍' അഥവാ 'കരിക്കിന്‍വെള്ളം' എന്നും പറയുന്നു. ഹിന്ദിയില്‍ ഈ പാനീയത്തിന് 'നാരിയല്‍ പാനി' എന്നാണ് പറയാറ്. തേങ്ങവെള്ളത്തെക്കാള്‍ പോഷകഗുണം കരിക്കിന്‍വെള്ളത്തിനാണ്.

സാധാരണ പാനീയങ്ങളെ അപേക്ഷിച്ച് പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ഏറ്റവും പോഷകഗുണമുള്ളതും, മായം കലരാത്തതുമായ ദ്രാവകമാണ് കരിക്കിന്‍വെള്ളം. 200 മുതല്‍ 1000 മില്ലിവരെ പാനീയം ഒരു കരിക്കില്‍ ഉണ്ടാകാം. വളരെ താഴ്ന്ന കലോറിമൂല്യമുള്ള കരിക്കിന്‍വെള്ളത്തില്‍ സോഡിയവും, നാല് നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പൊട്ടാസിയവും കാണുവാന്‍ കഴിയും. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ആരോഗ്യദായക പാനീയമാണ് കരിക്കിന്‍വെള്ളം.

പഞ്ചസാരയുടെയും വിശ്ലേഷകങ്ങളുടെയും രൂപത്തില്‍ എളുപ്പത്തില്‍ ദഹിക്കുവാനാകുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മധുരവും കുടിക്കുവാന്‍ വളരെ ആസ്വാദ്യകരവുമായ ഈ പാനീയത്തെ മിതമായ തോതില്‍ ഉപയോഗിക്കുന്നത് ഗര്‍ഭിണികളെ സംബന്ധിച്ച് ഗുണകരമാണ്. ഇതില്‍നിന്നും ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ വിശ്ലേഷകങ്ങള്‍ (electrolytes) ലഭ്യമാക്കുന്നു

ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ വിശ്ലേഷകങ്ങള്‍ (electrolytes) ലഭ്യമാക്കുന്നു

ഗര്‍ഭാവസ്ഥയിലെ ഛര്‍ദ്ദി, ഓക്കാനം, അതിസാരം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തില്‍ ജലാംശം കുറയുന്നതിന് കാരണമാകുന്നു. ധാതുദ്രവ്യങ്ങള്‍, സോഡിയം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള അഞ്ച് ഘടകങ്ങളെ കരിക്കിന്‍വെള്ളം പ്രദാനംചെയ്യുന്നു. ഇത് ശരീരത്തെ ശാന്തമാക്കുന്നു, അതോടൊപ്പം ആവശ്യമായ ഊര്‍ജ്ജത്തെ പ്രദാനംചെയ്യുന്നു. വൈദ്യുതചാര്‍ജ്ജുകള്‍ ശരീരത്തില്‍ കൈമാറ്റം ചെയ്യപ്പെടുവാന്‍ ഈ വിശ്ലേഷകങ്ങള്‍ കാരണമാകുന്നു, അങ്ങനെ മാംസപേശികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ അമ്ലക്ഷാരനിലയെ (pH level) സംതുലനപ്പെടുത്തുന്നതോടൊപ്പം രക്തസമ്മര്‍ദ്ദത്തിന്റെ തോതിനെയും ഇവ നിയന്ത്രിക്കുന്നു. ശരീരത്തിന് നല്ല കുളിര്‍മ്മ നല്‍കുന്നു. ഛര്‍ദ്ദി, ഓക്കാനം എന്നിവയോടുകൂടിയ പനി വരാതിരിക്കുന്നതിനും കരിക്കിന്‍വെള്ളത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു.

മൂത്രവിസര്‍ജ്ജനത്തെ സഹായിക്കുന്നു

മൂത്രവിസര്‍ജ്ജനത്തെ സഹായിക്കുന്നു

സ്ത്രീകളിലെ യൂറിക് അമ്ലത്തിന്റെ അളവ് ഗര്‍ഭാവസ്ഥയില്‍ സാധാരണ തോതില്‍നിന്നും കവിഞ്ഞുനില്‍ക്കുവാന്‍ പാടില്ല. കരിക്കിന്‍വെള്ളം നല്ലൊരു മൂത്രവിസര്‍ജ്ജ്യത്വരകമാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, മറ്റ് ധാതുക്കള്‍ എന്നിവ മൂത്രവിസര്‍ജ്ജനത്തിനുള്ള താല്പര്യത്തെ വര്‍ദ്ധിപ്പിക്കുന്നു. ഹാനികരമായ വിസര്‍ജ്ജ്യമാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്ത് മൂത്രനാളത്തെ വൃത്തിയാക്കുവാന്‍ ഇവ സഹായിക്കുന്നു. വൃക്കകളില്‍ കല്ല് രൂപപ്പെടുന്നതിനെയും, മറ്റ് രോഗബാധകള്‍ ഉണ്ടാകുന്നതിനെയും ഈ പ്രക്രിയ തടസ്സപ്പെടുത്തുന്നു. മൂത്രനാളം എപ്പോഴും വൃത്തിയായിരിക്കും എന്നതുകൊണ്ട് അവിടെ രോഗബാധ ഉണ്ടാകുന്നത് പ്രതിരോധിക്കപ്പെടുന്നു. മാത്രമല്ല, സമയംതെറ്റിയുള്ള പ്രസവസാദ്ധ്യതയെ ഇല്ലായ്മചെയ്യുന്നു.

 മലബന്ധത്തെയും നെഞ്ചെരിച്ചിലിനെയും ലഘൂകരിക്കുന്നു

മലബന്ധത്തെയും നെഞ്ചെരിച്ചിലിനെയും ലഘൂകരിക്കുന്നു

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് നെഞ്ചെരിച്ചില്‍, മലബന്ധം, ദഹനക്കുറവ് തുടങ്ങിയവ. ഈ കാലയളവില്‍ ഹോര്‍മോണില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവയ്ക്ക് കാരണം. കരിക്കിന്‍വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുഘടകങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു എന്നുമാത്രമല്ല, അമ്ലക്ഷാരനില ക്രമീകരിക്കപ്പെടുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യുന്നു. നല്ലൊരു വിരചനൗഷധമായിട്ടാണ് ആയുര്‍വേദത്തില്‍ കരിക്കിന്‍വെള്ളം അറിയപ്പെടുന്നത്. ഉപാപചയപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിലെ വിഷാംശം നീങ്ങിപ്പോകുന്നതിന് ഈ പാനീയം സഹായിക്കുന്നു. പ്രകൃതിദത്തമായ ഒരു അമ്ലഹാരികൂടിയാണ് ഇത്.

രോഗബാധയെ തടയുന്നു

രോഗബാധയെ തടയുന്നു

കരിക്കിന്‍വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന ധാതുദ്രവ്യങ്ങളും, ജീവകങ്ങളും, നിരോക്‌സീകാരികളും ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ പോഷിപ്പിക്കുകയും രോഗപ്രതിരോധശക്തി നല്‍കുകയും ചെയ്യുന്നു. ഹാനികരമായ ബാക്ടീരിയകളെ കൊല്ലുവാന്‍ കഴിവുള്ള ലോറിക് അമ്ലം (lauric acid) ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രോഗകാരികളായ അണുക്കളെ നശിപ്പിക്കുവാനും, എന്നാല്‍ ഉപയോഗകാരികളായ ബാക്ടീരിയകളെ നിലനിറുത്തുവാനും ഈ അമ്ലത്തിന് കഴിവുണ്ട്. ജലദോഷം, തുമ്മല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍നിന്നും കരിക്കിന്‍വെള്ളം സംരക്ഷണം നല്‍കുന്നു.

ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ശരീരത്തില്‍ വിശ്ലേഷകങ്ങള്‍ക്കുണ്ടാകുന്ന കുറവ് രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. കരിക്കിന്‍വെള്ളം കുടിക്കുകയാണെങ്കില്‍, ഇത് ശരീരത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം, ലോറിക് അമ്ലം എന്നിവയുടെ തോതിനെ മെച്ചപ്പെടുത്തുന്നു, അങ്ങനെ രക്തസമ്മര്‍ദ്ദം ക്രമീകരിക്കപ്പെടുന്നു. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും മോശപ്പെട്ട കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കരിക്കിന്‍വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, അടിസ്ഥാന മാംസ്യങ്ങള്‍, വിശ്ലേഷകങ്ങള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദത്തിന്റെയും പഞ്ചസാരയുടെയും തോതിനെ ക്രമീകരിക്കുകയും, രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രസവത്തെ സംബന്ധിക്കുന്ന ചിന്തയില്‍ പിരിമുറുക്കം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അവസാന മാസങ്ങളില്‍ ദിവസവും ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദവും മാനസ്സികസമ്മര്‍ദ്ദവും ഇല്ലായ്മചെയ്യാന്‍ വളരെ ഉപയോഗപ്രദമാണ്.

പഞ്ചസാരയുടെ അളവിലുള്ള കുറവ്

പഞ്ചസാരയുടെ അളവിലുള്ള കുറവ്

മധുരപാനീയങ്ങള്‍ വളരെയധികം ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമാതീതം വര്‍ദ്ധിപ്പിക്കും. കരിക്കിന്‍വെള്ളത്തിലെ പഞ്ചസാരയുടെ അളവ് മറ്റ് ഏതൊരു ഊര്‍ജ്ജദായക പാനീയത്തിലുള്ളതിനേക്കാളും വളരെ താഴ്ന്ന അളവില്‍മാത്രമാണ് കാണപ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകാറുള്ള ഭാരവര്‍ദ്ധനവിന് ഈ പാനീയം കാരണമാകുകയില്ല. ഗര്‍ഭിണികളെ സാധാരണയായി ബാധിക്കാറുള്ള ഗര്‍ഭകാല പ്രമേഹം കരിക്കിന്‍വെള്ളം കുടിക്കുന്നതിലൂടെ ഒഴിവാക്കുവാന്‍ കഴിയും.

ശരീരഭാരത്തെ നിയന്ത്രിക്കുന്നു

ശരീരഭാരത്തെ നിയന്ത്രിക്കുന്നു

കൊഴുപ്പുരഹിതമാണെന്നതും വളരെ താഴ്ന്ന കലോറിയാണ് എന്നതും കരിക്കിന്‍വെള്ളത്തിന്റെ മേന്മകളിലെ എടുത്തുപറയത്തക്ക കാര്യങ്ങളാണ്. ഗര്‍ഭകാലത്ത് സാധാരണയായി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഭാരം വര്‍ദ്ധിക്കുവാന്‍ സാദ്ധ്യതയുണ്ട്. ആവശ്യമില്ലാത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ഭാരത്തെ ക്രമീകരിച്ചുനിറുത്തുവാന്‍ ഈ പാനീയത്തിന് കഴിയും. മറ്റ് പാനീയങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാനാകുന്ന ഒന്നാന്തരം മധുരപാനീയമാണ് കരിക്കിന്‍വെള്ളം. ഇത് ഗര്‍ഭിണിയുടെ ആരോഗ്യത്തെ മാത്രമല്ല, വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.

പ്രകൃതിദത്ത പാനീയം

പ്രകൃതിദത്ത പാനീയം

പ്രകൃതിദത്തമായ മധുരപാനീയമാണ് കരിക്കിന്‍വെള്ളം. കൃത്രിമമായ ഒരു ചേരുവകളും ഇതില്‍ ഇല്ല. ഗര്‍ഭിണികള്‍ക്കും വളര്‍ന്നുവരുന്ന ഭ്രൂണത്തിനും ഇത് വളരെ പ്രയോജനകരമാണ്. കാരണം ഇതിലെ ഒരു ഘടകങ്ങളും ആരോഗ്യത്തില്‍ മോശമായ പ്രതികരണം സൃഷ്ടിക്കുന്നില്ല.

ഗര്‍ഭാശയദ്രവങ്ങളുടെ തോതിനെ മെച്ചപ്പെടുത്തുന്നു

ഗര്‍ഭാശയദ്രവങ്ങളുടെ തോതിനെ മെച്ചപ്പെടുത്തുന്നു

ഗര്‍ഭകാലത്ത് കരിക്കിന്‍വെള്ളം കുടിക്കുന്നത് ഭ്രൂണത്തിന്റെ വളര്‍ച്ചയെ മാത്രമല്ല, അതിനുവേണ്ടുന്ന മൊത്തത്തിലുള്ള സാഹചര്യങ്ങളെയും പോഷിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയുടെ മൂന്നാംമാസം സേവിക്കുന്ന കരിക്കിന്‍വെള്ളം ഗര്‍ഭാശയദ്രവത്തെ സമ്പുഷ്ടമാക്കുകയും അങ്ങനെ രക്തത്തിന്റെ അളവും രക്തചംക്രമണവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 വ്യായാമാനന്തരം ഊര്‍ജ്ജം പ്രദാനംചെയ്യുന്നു

വ്യായാമാനന്തരം ഊര്‍ജ്ജം പ്രദാനംചെയ്യുന്നു

ഏറെക്കുറെ എല്ലാ ചേരുവകളും അടങ്ങിയ ഒരു പാനീയമാണ് കരിക്കിന്‍വെള്ളം. നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ കരിക്കിന്‍വെള്ളം കുടിക്കുകയാണെങ്കില്‍ വലിയതോതില്‍ ഊര്‍ജ്ജവും ഉന്‌മേഷവും ലഭിക്കും. ശരീരപ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ ഇത് വളരെ ഉത്തമമാണ്. അരക്കെട്ടിലെ മാംസപേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ ആരോഗ്യസജ്ജമാക്കി നിലനിറുത്തുന്നതിനുംവേണ്ടി ശരീരവ്യായാമം അവലംബിക്കാറുണ്ടെങ്കില്‍ ഊര്‍ജ്ജദായക പാനീയമായി കരിക്കിന്‍വെള്ളത്തെ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. കരിക്കിന്‍വെള്ളം സേവിക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികതയെ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിലുണ്ടാകുന്ന ഗര്‍ഭകാല അടയാളങ്ങളെ കുറയ്ക്കുകയും ചെയ്യും.

ഭ്രൂണവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു

ഭ്രൂണവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു

ഗര്‍ഭിണികളുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ ഘടകങ്ങളെയും നല്‍കുവാന്‍ കരിക്കിന്‍വെള്ളത്തിന് കഴിയും. ജനിക്കുവാനിരിക്കുന്ന ശിശുവിന്റെ വളര്‍ച്ചയേയും ആരോഗ്യത്തെയും ഇത് വളരെയധികം സഹായിക്കുന്നു. ശിശുവിന് ആവശ്യമായ പോഷകങ്ങള്‍ ഒരു കുറവുംകൂടാതെ ലഭിക്കുന്നതിന് കരിക്കിന്‍വെള്ളം കാരണമാകുന്നു. ഈ പാനീയം സേവിക്കുന്നതിലൂടെയുള്ള പോഷണപ്രക്രിയ ഗര്‍ഭിണികള്‍ക്ക് ലഭിക്കുകയാണെങ്കില്‍, അത് വളരെ ഗുണകരമാണ്.

കരിക്കിന്‍വെള്ളത്തിന്റെ ഗര്‍ഭകാല ഉപയോഗത്തില്‍ യാതൊരു പാര്‍ശ്വഫലങ്ങളും അടങ്ങിയിട്ടില്ല. മറ്റ് പഴച്ചറുകളും പച്ചക്കറിച്ചാറുമൊക്കെ ഉപയോഗിക്കുന്നതുപോലെ സുരക്ഷിതമാണ് ഇതിന്റെ ഉപയോഗം. ദിവസവും ഓരോ ഗ്ലാസ് കരിക്കിന്‍വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്.

Read more about: കുട്ടി pregnancy care
English summary

Benefits Of Drinking Coconut Water While Pregnancy

Coconut water is a natural source of electrolytes, prevents dehydration, lowers the acidity of the body, and is simply loaded with nutrition as well. It’s no wonder that many doctors encourage their patients and pregnant women to drink coconut water.
Story first published: Tuesday, April 3, 2018, 12:45 [IST]