For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാണോ? ആപ്പിളും മത്സ്യവും വേണ്ടുവോളം കഴിയ്‌ക്കൂ

By Super
|

ഹൂസ്റ്റണ്‍: ആസ്‌തമയും അലര്‍ജികളും മൂലം കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി പുതിയ പഠനങ്ങള്‍.

ഗര്‍ഭാവസ്ഥയില്‍ അമ്മമാരുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചാല്‍ കുട്ടികളിലുണ്ടാകുന്ന ആസ്‌തമ, അലര്‍ജി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാമെന്നാണ്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

ഗര്‍ഭകാലത്ത്‌ അമ്മയുടെ ഭക്ഷണത്തില്‍ മത്സ്യവും ആപ്പിളും വേണ്ടുവോളം ആഹാരത്തിലുള്‍പ്പെടുത്തുകയാണെങ്കില്‍ കുട്ടികളില്‍ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞിരിയ്‌ക്കും. യുകെ യിലെ അബര്‍ദീന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങളിലാണ്‌ ഇക്കാര്യത്തില്‍ ആപ്പിളിനുള്ള പ്രാധാന്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നത്‌.

ഗര്‍ഭകാലത്ത്‌ ആപ്പിള്‍ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തിയ അമ്മമാരുടെ കുട്ടികളില്‍ താരതമ്യേന ആസ്‌തമയും അലര്‍ജിയും കുറഞ്ഞിരിയ്‌ക്കുന്നതായാണ്‌ ഇവിടെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌. എന്നാല്‍ ആപ്പിളിന്‌ ഭക്ഷക്രമത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നവരുടെ കുട്ടികളില്‍ ഇവരണ്ടും കൂടിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.

അമേരിക്കന്‍ തൊറാസിസ്‌ സൊസൈറ്റി നടത്തിയ ഒരു അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ്‌ അമ്മയുടെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തിയാല്‍ എക്‌സിമ പോലുള്ള അലര്‍ജി രോഗങ്ങള്‍ വരാനുള്ള സാധ്യത കുട്ടികളില്‍ കുറഞ്ഞിരിയ്‌ക്കുമെന്ന്‌ വ്യക്തമാക്കുന്നത്‌.

1212 കുട്ടികളില്‍ പഠനം നടത്തിയാണ്‌ ഈ വിവരം കണ്ടെത്തിയത്‌. കുട്ടികള്‍ക്ക്‌ നല്‍കിയ ഭക്ഷണത്തെക്കുറിച്ചും ഗര്‍ഭകാലത്ത്‌ അമ്മമാര്‍ സ്വീകരിച്ച ഭക്ഷണ രീതിയെക്കുറിച്ചും കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ചോദ്യാവലി നല്‍കിയാണ്‌ അമ്മമാരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചത്‌. കുട്ടികള്‍ക്ക്‌ അഞ്ച്‌ വയസ്സ്‌ പ്രായമെത്തിയപ്പോഴാണ്‌ അമ്മമാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്‌.

ഈ വിവരങ്ങള്‍ വെച്ച്‌ നടത്തിയ താരതമ്യപഠനത്തിലാണ്‌ ഇത്തരം ഒരു നിഗമനത്തില്‍ ആരോഗ്യവിദഗ്‌ധര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഗര്‍ഭകാലത്ത്‌ അമ്മമാര്‍ മറ്റു പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം കഴിയ്‌ക്കുന്നുണ്ടെങ്കില്‍ അവയില്‍നിന്നൊന്നും കുട്ടികളിലെ ആസ്‌തമയും അലര്‍ജിയും തടയാന്‍ കഴിയുന്ന തരത്തിലുള്ള പോഷകങ്ങള്‍ ലഭിയ്‌ക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടില്ല.

ഗര്‍ഭകാലത്തുപയോഗിയ്‌ക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രത്യേകിച്ചും ആസ്‌തമയും അലര്‍ജിയും തയുന്നതില്‍ പ്രത്യേക പങ്കുവഹിക്കുന്നുണ്ടെന്ന്‌ പഠനഫലങ്ങള്‍സ്ഥിരീകരിച്ചുകൊണ്ട്‌ ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ഭക്ഷണരീതി പലപ്പോഴും അഞ്ചുവയസ്സുവരെ കുട്ടികള്‍ക്ക്‌ നേരിട്ടു നല്‍കുന്ന ഭക്ഷണങ്ങളെക്കാളും ഫലപ്രദമാണെന്നാണ്‌ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്‌.

X
Desktop Bottom Promotion