For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെരുമ്പാമ്പ് ചുറ്റിയിട്ടും പിടി വിട്ടില്ല; വീഡിയോ

|

കിണറ്റില്‍ അകപ്പെട്ട പെരുമ്പിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയറില്‍ തൂങ്ങി പാമ്പുമായി മുകളിലെത്താറായപ്പോള്‍ പിടിവിട്ട് വീണ്ടും കിണറ്റിലേക്ക്. എന്നിട്ടും തളര്‍ന്നില്ല വീണ്ടും പരിശ്രമിച്ച് പെരുമ്പാമ്പുമായി കരയിലെത്തിയിട്ടേ യുവാവ് അടങ്ങിയുള്ളൂ. ആരിലും ചങ്കിടിപ്പുളവാക്കുന്ന ഈ വീഡിയോയാണ് ഇന്ന് സോഷ്യല്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

Viral Video of Forest Watcher In Kerala Rescuing Snake From Well

വനം വകുപ്പ് ജീവനക്കാരനായ ഷഗില്‍ എന്ന യുവാവാണ് ഈ സാഹസിക പ്രവര്‍ത്തി കൊണ്ട് നാട്ടില്‍ താരമായത്. തിങ്കളാഴ്ച തൃശൂര്‍ കൈപ്പറമ്പിലാണ് സംഭവം നടന്നത്. കിണറ്റില്‍ പെരുമ്പാമ്പ് അകപ്പെട്ടിട്ടുണ്ടെന്ന് സമീപത്തെ വീട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് വനം വകുപ്പ് സംഘത്തിനൊപ്പം ഷഗില്‍ എത്തിയത്. സംഭവമറിഞ്ഞതോടെ നാട്ടുകാരും കിണറിനു ചുറ്റും കൂടി. കരയില്‍ നിന്നവര്‍ കിണറ്റിലേക്കിട്ട വടത്തില്‍ തൂങ്ങി ഷഗില്‍ പെരുമ്പാമ്പിനെ രക്ഷിക്കാനിറങ്ങി. പാമ്പുമായി മുകളിലെത്താറായപ്പോള്‍ ഏവരെയും നെഞ്ചിടിപ്പുയര്‍ത്തി ഷഗില്‍ വീണ്ടും കിണറ്റിലേക്ക് വീണു.

ആ സമയമത്രയും പെരുമ്പാമ്പ് ഷഗിലിനെ ചുറ്റിവരിഞ്ഞിരിപ്പായിരുന്നു. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയെന്നപോലെ വീഡിയോ ഇവിടെ അവസാനിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു വീഡിയോയാണിത്. വീഡിയോ കണ്ടവര്‍ക്കെല്ലാം ഉത്കണ്ഠയായിരിക്കും യുവാവിനും പാമ്പിനും എന്തു സംഭവിച്ചു എന്നറിയാന്‍.

എന്നാല്‍ താനും പെരുമ്പാമ്പും സുരക്ഷിതനാണെന്ന് ഒരു ചാനല്‍ അവതാരകനോട് ഷഗില്‍ വെളിപ്പെടുത്തി. ''കിണറ്റിലെ പാമ്പിനെ കണ്ടപ്പോള്‍ തോന്നിയ ആദ്യത്തെ ആശയം ഒരു കെണി ഉപയോഗിച്ച് പിടിക്കുക എന്നതായിരുന്നു. എന്നാല്‍ കിണര്‍ ആഴമുള്ളതായിരുന്നു, പെരുമ്പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അത് മാറിക്കൊണ്ടിരുന്നു. അതിനാല്‍ ഒരു കയര്‍ ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. കിണറ്റിലിറങ്ങി അതിന്റെ തലയില്‍ പിടിക്കാന്‍ കഴിഞ്ഞു.''

''കയര്‍ മുകളിലേക്ക് വലിക്കാന്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. ഏകദേശം മുകളിലെത്തിയപ്പോള്‍, അവരില്‍ ഒരാളോട് കൈയില്‍ പിടിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പിനെ കണ്ട് അയാള്‍ ഭയപ്പെട്ടോ എന്നറിയില്ല. പിടുത്തം വിട്ടുപോയി. കയറില്‍ പിടി നഷ്ടപ്പെട്ട് കിണറ്റില്‍ വീണു. എന്നാല്‍ ധാരാളം വെള്ളമുണ്ടായതിനാല്‍ പരിക്കു പറ്റിയില്ല. പാമ്പിനും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ശ്രമത്തില്‍ പാമ്പിനെ രക്ഷിച്ച് കരയിലെത്താനായി''. ഷഗില്‍ പറയുന്നു. പെരുമ്പാമ്പിനെ പിന്നീട് കാട്ടില്‍ വിടുകയും ചെയ്തു.

ഒന്നര വര്‍ഷം മുമ്പാണ് ഷഗില്‍ പേരമംഗലത്ത് വനംവകുപ്പിലെ റെസ്‌ക്യൂ വാച്ചറായത്. മുമ്പും പാമ്പിനെയടക്കം നിരവധി മൃഗങ്ങളെ ഇത്തരത്തില്‍ രക്ഷിച്ചിട്ടുണ്ട്. വനംവകുപ്പില്‍ ജോലിക്കു കയറുന്നതിനു മുമ്പ് കിണര്‍ പണിയും, ക്വാറിയില്‍ പാറ പൊട്ടിക്കലുമൊക്കെയായിരുന്നു ജോലി. ഇങ്ങനൊരു സാഹസിക പ്രവര്‍ത്തി നടത്തിയിട്ടും ഇതൊക്കെ ജോലിയുടെ ഭാഗമല്ലേയെന്നാണ് ഷഗിലിന്റെ മറുപടി. എന്തായാലും സോഷ്യല്‍ മീഡിയ വഴി വീഡിയോ വൈറലായതോടെ നാട്ടിലെ താരമായി ഷഗില്‍.

English summary

Viral Video of Forest Watcher In Kerala Rescuing Snake From Well

Here is the viral video of a forest watcher in Kerala rescuing snake from well. Know more
X
Desktop Bottom Promotion