For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

May Day 2020 : അവകാശ സ്മരണകളുടെ ഓര്‍മ്മദിനം

|
May day 2020 History and Significance

ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന തൊഴിലാളി ജനതയുടെ അവിസ്മരണീയ ദിനമാണ് മെയ് ഒന്ന്. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുത്തതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനം. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം അമേരിക്കന്‍ മുതലാളിത്തത്തിന്റെ കൈകളില്‍ നിന്നു പിടിച്ചു വാങ്ങിയ സഹന സമരത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന പ്രക്ഷേഭങ്ങളുടെ ചുവടുപിടിച്ച് ലോകത്തിന്റെ വിവിധ കോണുകളിലെ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുത്തു.

മെയ്ദിന പിറവി

മെയ് ദിനത്തിന്റെ പിറവിയെക്കുറിച്ച് പല കഥകളും നിലനില്‍ക്കുന്നുണ്ട്. തൊഴില്‍ സമയം എട്ട് മണിക്കൂറായി തീര്‍ച്ചപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി 1856ല്‍ ഓസ്‌ട്രേലിയയിലാണ് മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ മറ്റൊരു കൂട്ടര്‍, 1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മ്മയ്ക്കായാണ് മെയ് ദിനം ആചരിക്കുന്നതെന്നും പറയപ്പെടുന്നു. 1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രധാനമായും ചിക്കാഗോയില്‍ ഉടലെടുത്ത തൊഴിലാളി പ്രക്ഷോഭങ്ങളാണ് മെയ് നാലിന് ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ നടന്ന വെടിവയ്പില്‍ കലാശിച്ചത്.

പൊതു അവധി ദിനം

1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കുന്ന തൊഴിലാളികളോടുള്ള ആദര സൂചകമായി ഇന്ന് വിവിധ രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആഘോഷം

ഇന്ത്യയില്‍ മെയ് ദിനം ആഘോഷിച്ചു തുടങ്ങിയത് 1923ല്‍ മദ്രാസിലാണ്. ഹിന്ദുസ്ഥാന്‍ ലേബര്‍ കിസാന്‍ പാര്‍ട്ടിയാണ് തൊഴിലാളി ദിനാഘോഷത്തിന് ആദ്യമായി ചെന്നൈയില്‍ തുടക്കം കുറിച്ചത്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് യോഗം ചേര്‍ന്ന് മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസാക്കി. മെയ് 1ന് തൊഴിലാളികള്‍ക്ക് ദേശീയ അവധി നല്‍കിവന്നത് അന്നുമുതലാണ്.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ)

തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ തൊഴിലാളി സംഘടനയാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ). സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയാണ് ഐ.എല്‍.ഒയുടെ ആസ്ഥാനം. 1919ലാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ജോലിസമയം ക്രമീകരിക്കുക, കൃത്യമായ വേതനം, ജോലിയ്ക്കിടയിലുണ്ടാകുന്ന അപകടങ്ങളില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക, ജോലിക്കാരായ സ്ത്രീകളെയും കുട്ടികളെയും ചെറുപ്പക്കാരെയും സംരക്ഷിക്കുക, വയോധികരായ തൊഴിലാളികളുടേയും വിദേശി തൊഴിലാളികളുടേയും താല്‍പ്പര്യം സംരക്ഷിക്കുക തുടങ്ങിയവ ഐ.എല്‍.ഒയുടെ ഭരണഘടനയില്‍ പറയുന്നു.

Most read: 12 രാശിക്കാരുടേയും മെയ് മാസത്തിലെ സമ്പൂര്‍ണഫലംMost read: 12 രാശിക്കാരുടേയും മെയ് മാസത്തിലെ സമ്പൂര്‍ണഫലം

English summary

May day 2020 History and Significance

Every year May 1 is celebrated as International Labor Day or May Day. Read here to know the history and how it is celebrated.
Story first published: Friday, May 1, 2020, 9:42 [IST]
X
Desktop Bottom Promotion