For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനൊപ്പം കഴിയ്‌ക്കാന്‍ സ്‌ത്രീകള്‍ക്ക്‌ മടി

By Staff
|

Dining
ആണുങ്ങള്‍ക്കൊപ്പം ഇരുന്ന്‌ ഭക്ഷണം കഴിയ്‌ക്കാന്‍ സ്‌ത്രീകള്‍ക്ക്‌ മടിയുണ്ടോ ഇല്ലെന്നാണ്‌ നമ്മളെല്ലാവരും പറയുകയെങ്കിലും സത്യമതല്ലെന്നാണ്‌ ഒരു പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നത്‌.

സ്‌ത്രീകള്‍ കൂടുതല്‍ ഭക്ഷണം കഴിയ്‌ക്കുന്നത്‌ സ്‌ത്രീകള്‍ക്കൊപ്പം തന്നെയിരിക്കുമ്പോഴാണെന്നും പുരുഷന്മാര്‍ക്കൊപ്പമിരുന്ന്‌ കഴിക്കുമ്പോള്‍ ചെറിയ അളവ്‌ മാത്രമേ സ്‌ത്രീകള്‍ കഴിയ്‌ക്കുന്നുള്ളുവെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കാനഡയിലെ എംസിമാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘമാണ്‌ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌. പുരുഷനൊപ്പമിരുന്ന്‌ കഴിയ്‌ക്കുമ്പോള്‍ സ്‌ത്രീകളുടെ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ്‌ കുറവാണത്രേ. എന്നാല്‍ സ്‌ത്രീകള്‍ സ്‌ത്രീകള്‍ക്കൊപ്പംതന്നെയിരുന്ന്‌ കഴിയ്‌ക്കുമ്പോള്‍ കൂടുതല്‍ കലോറി അതായത്‌ ഭക്ഷണം കൂടുതല്‍ കഴിയ്‌ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ സര്‍വ്വകലാശാലകളില്‍ നിന്നുള്ള കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയതെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ മിരെഡിത്ത്‌ യുങ്‌ പറയുന്നു. ഭക്ഷണം കഴിയ്‌ക്കുകയെന്നത്‌ ഒരു സോഷ്യല്‍ ആക്ടിവിറ്റിയാണ്‌. കഫറ്റേരിയകളില്‍ നിന്ന്‌ ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ കൂടെ ആരാണ്‌ കഴിയ്‌ക്കുന്നതെന്ന ബോധത്തിലാണ്‌ സ്‌ത്രീകള്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നതെന്നാണ്‌ യുങ്‌ പറയുന്നത്‌.

പുരുഷനൊപ്പം ഇരിക്കുമ്പോള്‍ ചെറിയ അളവ്‌ ഭക്ഷണം മാത്രം കഴിയ്‌ക്കുന്ന സ്‌ത്രീകള്‍ക്ക്‌ സ്വന്തം ലിംഗത്തില്‍പ്പെട്ടവര്‍ക്കൊപ്പമാണെങ്കില്‍ വാരിവലിച്ചു തിന്നാന്‍ മടിയില്ലെന്ന്‌ ചുരുക്കം. കുറച്ചു ഭക്ഷണം കഴിയ്‌ക്കുകയും നന്നായി മെലിഞ്ഞിരിക്കുകയും ചെയ്യുന്നസ്‌ത്രീകളോടാണ്‌ പുരുഷന്മാര്‍ക്ക്‌ താല്‍പര്യമെന്നാണത്രേ മിക്ക സ്‌ത്രീകളുടെയും വിശ്വാസം.

അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്കൊപ്പമിരുന്ന്‌ ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ ഇവര്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നകാര്യത്തില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പുരുഷന്മാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.

പലപ്പോഴും ഭക്ഷ്യ വസ്‌തുക്കളുടെ പരസ്യത്തിലും മറ്റും വളരെ മെലിഞ്ഞ മോഡലുകള്‍ പ്രത്യക്ഷപ്പെടുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള സ്‌ത്രീകളുടെ ചിന്താരീതിയെ സ്വാധീനിക്കുന്നുണ്ടെന്നാണ്‌ യുങ്‌ പറയുന്നത്‌.

Story first published: Thursday, August 6, 2009, 15:17 [IST]
X
Desktop Bottom Promotion