For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പതു നോമ്പിന്റെ പുണ്യം തേടി വിഭൂതി ബുധന്‍

|

യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ആഘോഷത്തോടെ കൊണ്ടാടുന്നതാണ് ഈസ്റ്റര്‍. ഈസ്റ്ററിനു മുന്നോടിയായി പല ചടങ്ങുകളും ക്രിസ്ത്യന്‍ സമൂഹത്തിലുണ്ട്. അതിലൊന്നാണ് ആഷ് വെനസ്‌ഡേ അഥവാ കുരിശുവര പെരുന്നാള്‍. ക്രൈസ്തവര്‍ വലിയ നൊയമ്പുകാലത്തിന്റെ തുടക്കം കുറിക്കുന്ന അനുഷ്ഠാനമാണിത്. ഈ വര്‍ഷം ഫെബ്രുവരി 26 ബുധനാഴ്ച കേരളത്തിലെ ക്രൈസ്തവര്‍ ഈ ദിനം ആചരിക്കുന്നു. പാശ്ചാത്യ രാജ്യക്കാര്‍ ഇത് ആഷ് വെനസ്‌ഡേ അല്ലെങ്കില്‍ ക്ഷാര ബുധനാഴ്ചയായി ആചരിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ ഈ ദിനത്തില്‍ ദേവാലയങ്ങളിലെത്തി നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്നു.

പഴയ നിയമം എന്ന വേദപുസ്തകത്തില്‍ പറയപ്പെടുന്നത് എളിമയുടെയും ദുഖത്തിന്റെയും പശ്ചാത്താപത്തിന്റെയും മരണത്തിന്റെയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ്. ആ കാരണത്താലാണ് ക്രൈസ്തവര്‍ ഈ ആചാരം സ്വീകരിച്ചത്. 10ാം നൂറ്റാണ്ടില്‍ ആംഗ്ലോ സാക്‌സണ്‍ ദേവാലയങ്ങളില്‍ മരണത്തെയും പശ്ചാത്താപത്തേയും അനുസ്മരിപ്പിക്കുന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ നെറ്റിയില്‍ ചാരം പുരട്ടുന്ന രീതി നിലനിന്നിരുന്നുവത്രേ. പിന്നീട് ഈ ആചാരം സാര്‍വത്രികമായി പ്രഖ്യാപിക്കപ്പെട്ടു.

Most read: വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷം

ആറാം നൂറ്റാണ്ടിലെ റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും നെറ്റിയില്‍ കുരിശുവരയ്ക്കുന്ന രീതി തുടങ്ങിയത് ഗ്രിഗോറി മാര്‍പ്പാപ്പയുടെ കാലത്തായിരുന്നുവെന്ന് ചരിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു. തുടക്കത്തില്‍ പശ്ചാത്താപത്തിന്റെ പ്രതീകമായി ചാരം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് പരസ്യമായി പാപമോചനത്തിനുള്ള ആധികാരിക ഘടകമായി അത് മാറി. അതിന് ശേഷമാണ് ഒരു നൊയമ്പുകാലത്തിന്റെ തുടക്കം കുറിക്കാനുള്ള ദിവസമായി ക്ഷാരബുധനാഴ്ച മാറിയത്.

അമേരിക്കന്‍ ക്രിസ്ത്യാനികള്‍ ഈ ദിനം ആചരിക്കുന്നത് നാല്‍പത് ദിവസത്തെ നൊയമ്പുകാലത്തിന്റെ തുടക്കമായാണ്. മറ്റൊരു വിഭാഗം അവരുടെ ദേവാലയങ്ങളില്‍ അന്നേ ദിവസം പ്രത്യേക ചടങ്ങുകള്‍ നടത്തുന്നു. കത്തോലിക്ക വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പുരോഹിതര്‍ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്.

Most read: വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

കേരളത്തിലെ ക്രൈസ്തവര്‍ അമ്പതു നൊയമ്പ് എന്നാണ് വലിയ നോമ്പിനെ വിളിക്കുന്നത്. വിഭൂതി തിരുനാളിനു മുമ്പുള്ള ഞായറാഴ്ച വലിയ നോമ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. അന്നു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍ അമ്പതായതിനാലാണ് കേരള കത്തോലിക്കര്‍ക്ക് അമ്പതു ദിവസത്തെ നോമ്പുണ്ടായത്. ക്രിസ്തുവിന്റെ ജീവിതം, അവന്റെ ത്യാഗം, പുനരുത്ഥാനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമാനമായ ഉപവാസത്തിനായി ഓരോ വര്‍ഷവും ഒരു കാലയളവ് നീക്കിവയ്ക്കാന്‍ നോമ്പുകാലം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു. ത്യാഗപൂര്‍ണമായ ജീവിതവും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ക്രൈസ്തവര്‍ ഇക്കാലയളവില്‍ പുണ്യം തേടുന്നു.

പ്രാര്‍ത്ഥനയും ഉപവാസവും വഴി യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദിവസത്തിന് തയാറെടുക്കുന്നതിനും മാമ്മോദിസയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റുപറയുന്നതിനുമുള്ള ഒരു അനുഷ്ഠാനം എന്നതിലുപരി ആദ്ധ്യാത്മികമായ വലിയൊരു ഉണര്‍വുകൂടിയാണ് വിഭൂതി ബുധന്‍ പ്രദാനം ചെയ്യുന്നത്.

English summary

Ash Wednesday 2020 Date, History and Significance

Ash Wednesday is a Christian holy day of prayer and fasting.Know more about the date, history and significance of this day. Read on.
Story first published: Wednesday, February 26, 2020, 17:00 [IST]
X