For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജങ്ക് ഫുഡെന്ന ലഹരി ഒഴിവാക്കാനുള്ള വഴികൾ

ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇതിനുള്ള വഴികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടേ?

By Pradeep Kumar N
|

മലയാളികൾ ജങ്ക് ഫുഡ് എന്ന് കേൾക്കാൻ തുടങ്ങിയിട്ട് അധികം കാലമായില്ല. എന്നാൽ നമ്മുടെ ചുറ്റും ജങ്ക് ഫുഡ് കടകൾ കൂണുപോലെ മുളയ്‌ക്കാൻ അധിക സമയം വേണ്ടി വന്നില്ല. എന്താണ് ജങ്ക് ഫുഡ്? പോഷകാംശങ്ങൾ കുറഞ്ഞ ആഹാര പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങൾ അടങ്ങിയ ആഹാരമാണ് ഉത്തമമായിട്ടുള്ളത്.

junk

ജങ്ക് ഫുഡിലാണെങ്കിൽ ഹാനികരമായ കൊഴുപ്പും പഞ്ചസാരയും ധാരാളമുണ്ട്. എന്നാൽ ഫൈബർ, വിറ്റാമിൻ, മിനറൽ തുടങ്ങിയ ഘടകങ്ങൾ പേരിനു മാത്രേ ഉണ്ടാവുള്ളൂ. ബർഗർ, സാൻഡ്‌വിച്ച്, പിസ്സ, ഹാംബർഗേർ, കോള പാനീയങ്ങൾ എന്നിങ്ങനെ ജങ്ക് ഫുഡിന്റെ ലിസ്റ്റ് അല്പം നീണ്ടതാണ്.

ഇനി ഈ വക ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നവർക്ക് കിട്ടുന്ന മറ്റൊരു ശീലം എന്താണെന്ന് നോക്കാം. ഒരു തരത്തിലുള്ള ലഹരിയായി തന്നെ ഇത് കാലക്രമത്തിൽ മാറുന്നു. കൃത്യമായി ഒരു സമയത്ത് കഴിച്ച് പതിവുള്ളവർക്ക് ആ സമയത്ത് എന്നും ഇത് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ മയക്ക്മരുന്ന് അഡിക്ട് ആയവർക്ക് സംഭവിക്കുന്ന പോലുള്ള ശാരീരിക മാനസിക പിരിമുറുക്കം ഉണ്ടാകും. ഇതൊഴിവാക്കാനുള്ള വഴികൾ നോക്കാം.

junk

സമയത്തിനു ആഹാരം

മൂന്നു നേരമുള്ള ആഹാരവും ചെറു ഭക്ഷണവുമൊക്കെ സമയം അനുസരിച്ച് കഴിച്ചാൽ ഇടവേളകളിൽ ജങ്ക് ഫുഡ് കയ്യെത്തും ദൂരത്ത് വന്നാലും നമുക്ക് വലിയ താല്പര്യം ഉണ്ടാകില്ല. ഇത്തരത്തിൽ ക്രമേണ നല്ല ആഹാരത്തിനു നമ്മുടെ വയറും തലച്ചോറും തയ്യാറാകുന്നതോടെ ജങ്ക് ഫുഡിനോടുള്ള ലഹരിക്ക് കാര്യമായ കുറവുണ്ടാകും.

അത് പോലെ ശനിയോ ഞായറോ പോലുള്ള അവധി ദിവസങ്ങളിൽ ഒരാഴ്ചക്ക് വേണ്ടിയുള്ള ആഹാരത്തിന്റെ ഏതാണ്ട് ഒരു ലിസ്റ്റ് ഉണ്ടാക്കുക. വ്യത്യസ്തമായ ആഹാരം പ്ലാൻ ചെയ്യുന്നതോടൊപ്പം പഴ വർഗ്ഗങ്ങളും ഇടയ്‌ക്ക് കഴിക്കണം.

.

junk


ഷോപ്പിംഗിനു പോകുന്പോൾ

അടുക്കള സാധനങ്ങൾക്കായി വലിയ ഷോപ്പിംഗ് സ്റ്റോറിൽ പോകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ഷോപ്പിംഗ് സ്റ്റോർ ഒരു മായിക ലോകമാണ്. നമുക്ക് ആവശ്യമല്ലാത്ത വസ്തുക്കൾ പോലും അവിടെ എത്തുന്നതോടെ ആവശ്യമുള്ളതായി മാറുന്നു.

പച്ചക്കറികൾ, അരി- പയർ വർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങി ആവശ്യമുള്ള സാധനങ്ങളുടെ ഭാഗത്ത് മാത്രം പോകാൻ ശീലിക്കൂ. കവർ സാധങ്ങൾ ആണെങ്കിൽ അതിന്റെ പുറത്തുള്ള വിവരങ്ങൾ ഒന്ന് ഓടിച്ച് വായിച്ചിട്ട് ഒട്ടും മനസ്സിലാവാത്ത പേരുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുന്നത് തന്നെയാവും ഏറ്റവും നല്ലത്

junk

എല്ലാ കൊഴുപ്പും അപകടമല്ല

പൊതുവെ ഉള്ള ഒരു തെറ്റിധാരണയാണ് കൊഴുപ്പ് കൂടിയ ഭക്ഷണം ശരീരത്തിന് ഹാനികരമാണെന്നത്. എല്ലാ കൊഴുപ്പുകളും അപകടാരികളല്ല. ട്രാൻസ് ഫാറ്റ് ഒഴിവാക്കുകയും സാച്ചുറേറ്റഡ് ഫാറ്റ് നിയന്ത്രിക്കുകയും വേണം. കുഴപ്പിക്കുന്നില്ല, എളുപ്പത്തിൽ ഒരു കാര്യം പറഞ്ഞ് തരാം. കഴിക്കേണ്ട ഫാറ്റ് ആഹാരങ്ങൾ ഏതാണെന്ന് നമുക്ക് പരിശോധിക്കാം. മിക്സഡ് നട്സ് വൈകുന്നേരങ്ങളിൽ പലഹാരമായി കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. അല്ലെങ്കിൽ വെജിറ്റബിൾ സാലഡ് ഉണ്ടാക്കി ഒലിവ് ഓയിലും വിനാഗിരിയും ഒഴിച്ച് കഴിക്കാം. നല്ല കൊഴുപ്പ് അടങ്ങിയ ചെന്പല്ലി പോലുള്ള മീൻ വിഭവങ്ങളും ഉൾപ്പെടുത്തതാവുന്നതാണ്.

junk

ധാരാളം പ്രോട്ടീൻ

പ്രോട്ടീൻ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ പരമാവധി കഴിച്ച് ശീലിക്കുക. മൽസ്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, കടലകൾ തുടങ്ങിയവ വയറിൽ നിറഞ്ഞ് കഴിഞ്ഞാൽ പിന്നെ ജങ്ക് ഫുഡ് കഴിക്കാനുള്ള തോന്നലേ ഉണ്ടാവില്ല.

ban

പഴം പരീക്ഷിക്കാം

വിറ്റാമിൻ, ഫൈബർ, ആന്റി ഓക്സിഡന്റ്സ് ( ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നത്) തുടങ്ങിയവയുടെ കലവറയാണ് പഴങ്ങൾ.പഴങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതിലെ ഫൈബർ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. അങ്ങനെ മധുരമുള്ള ജങ്ക് കഴിക്കാൻ മുട്ടി നിൽക്കയാണെങ്കിൽ മുന്തിരിയോ തണ്ണി മത്തനോ കഴിച്ചാൽ മതി.

junk

ഫുഡ് വെറൈറ്റി

എപ്പോഴും ഒരേ ഫുഡ് കഴിച്ച്കൊണ്ടിരുന്നാൽ ആർക്കായാലും മടുക്കും. പ്രത്യേകിച്ച് ജങ്ക് ഫുഡ് കുറയ്‌ക്കാൻ ആഗ്രഹിക്കുന്ന ആളിന് . ഒട്ടും കഴിക്കാത്ത അല്ലെങ്കിൽ അധികം കഴിക്കാൻ കിട്ടാത്ത മൽസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികളൊക്കെ തേടി പിടിച്ച് കഴിക്കാൻ തുടങ്ങണം. നല്ല ആഹാരത്തിന്റെ കാര്യത്തിൽ നല്ലൊരു വെറൈറ്റി ഉണ്ടാകുന്നതോടെ ജങ്ക് ഫുഡിനോടുള്ള ആർത്തി ക്രമേണ കുറഞ്ഞ് വന്നോളും.

junk

മനസ്സ് വിചാരിച്ചാൽ നടക്കും

ജങ്ക് ഫുഡുമായി ബന്ധപ്പെട്ട് രസകരമായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു. ഓരോ ആളിന്റെ മുന്നിലും അവർക്കിഷ്ടപെട്ട ജങ്ക് ഫുഡ് വച്ച ശേഷം അതിനെ പറ്റിയുള്ള മോശം അഭിപ്രായം കേൾപ്പിച്ചുകൊണ്ടിരുന്നു. അത് കഴിക്കുന്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭാവിയിൽ നിങ്ങളെ എങ്ങനെ ബാധിക്കും എന്നൊക്കെ. പല ആളുകൾക്കും ക്രമേണ ജങ്ക് ഫുഡ് കഴിക്കാനുള്ള ആഗ്രഹം കുറഞ്ഞ് വരുന്നതായിട്ടാണ് കണ്ടത്. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ മനസാണ് ഏറ്റവും വലിയ പിൻബലം. ശരിക്കും മനസ്സിരുത്തി വേണ്ട എന്ന് തീരുമാനിച്ചാൽ പല കാര്യങ്ങളും വേണ്ടെന്ന് വയ്‌ക്കാൻ നമുക്ക് പറ്റും. ജങ്ക് ഫുഡിന്റെ കാര്യവും അങ്ങനെ തന്നെ.

English summary

Tips to Control Junk Food

Why is junk food so addictive?How to overcome the addiction to junk food? Try these steps.
Story first published: Wednesday, March 21, 2018, 16:22 [IST]
X
Desktop Bottom Promotion