ആര്‍ത്തവസമയത്ത് കാപ്പി കുടിയ്ക്കരുത്‌

By: Saritha P
Subscribe to Boldsky

ആരോഗ്യകരമായ ഭക്ഷണങ്ങളും അതിലേറെ ആരോഗ്യം കേടാക്കുന്ന ഭക്ഷണങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലം പലരിലും പലപ്പോഴായാണ് അസ്വസ്ഥതകള്‍ സൃഷ്ടിക്കുക. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളില്‍ ഇതൊരുപക്ഷെ വില്ലനായി എത്തുന്നത് ആര്‍ത്തവഘട്ടത്തിലായിരിക്കും. ആര്‍ത്തവദിനങ്ങള്‍ പലര്‍ക്കും പല രീതിയിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. ചിലര്‍ക്ക് ആ ദിവസങ്ങളില്‍ വിട്ടുമാറാത്ത ഛര്‍ദ്ദിയും തലവേദനയും ഉണ്ടാകാറുണ്ട്. മറ്റ് ചിലര്‍ക്ക് വയറുവേദനയാണ് അനുഭവപ്പെടാറുള്ളത്.

ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നതിനാല്‍ തന്നെ മിക്ക സ്ത്രീകള്‍ക്കും ഓരോ മാസവും ആര്‍ത്തവദിനം അടുക്കുന്നതിനനുസരിച്ച് ആശങ്കയും വന്നുതുടങ്ങും. ഇത് മാനസികാരോഗ്യവും മോശമാക്കാനിടയുണ്ട്. ഉറക്കമില്ലാത്ത രാത്രികളാകും അത് സമ്മാനിക്കുക. വലിഞ്ഞുമുറുകുന്ന ആര്‍ത്തവദിന വയറുവേദന പെണ്‍കുട്ടികളേയും യുവതികളേയും പേടിപ്പെടുത്തുന്നതാണ്. പലപ്പോഴും ഇത്തരം അവസ്ഥ ആരോടും പറയാന്‍ പോലുമാകാതെ അവര്‍ പിടിച്ചുവെക്കുകയാണ് പതിവ്.

ആര്‍ത്തവദിനങ്ങളില്‍ പേശീ വലിവ് അധികമാകുന്നതാണ് വേദനകള്‍ക്ക് ഒരു പ്രധാന കാരണം. ഭക്ഷണം സന്ദര്‍ഭത്തിന് അനുചിതമാണെങ്കില്‍ പേശീ വലിവ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മരുന്നുകള്‍ ഇതിനെയെല്ലാം ഒരു പരിധി വരെയേ മറികടക്കാന്‍ സഹായിക്കൂ. ഇവിടെ മരുന്നാകേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്. ആര്‍ത്തവദിനങ്ങളില്‍ സ്വീകരിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഭക്ഷണരീതിയെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്.

പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡ്

ശീതീകരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, അച്ചാറുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയവയാണ്. ഏറെ കാലം കേടുവരാതെ സൂക്ഷിക്കണം എന്നതിനാലാണ് പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കുന്നത്. ആര്‍ത്തവദിവസങ്ങളില്‍ വയറ് വീര്‍ത്ത അവസ്ഥ ചിലരിലുണ്ടാകാറുണ്ട്. വളരെ അസ്വസ്ഥതയാണ് ഇതുമൂലം അനുഭവിക്കേണ്ടി വരിക. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുള്ളവരിലാണ് ഇത് അധികവും കാണുന്നത്. ഇത് വയറ് എല്ലായ്‌പ്പോഴും നിറഞ്ഞുനില്‍ക്കുന്ന അവസ്ഥ അനുഭവപ്പെടുത്തുന്നു. അതിനാല്‍ തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ആര്‍ത്തവ സമയത്തെങ്കിലും കഴിക്കുന്നതിന് ഒരു അവധി നല്‍കുന്നതാകും ഉചിതം. പകരം വീട്ടിലുണ്ടാക്കിയ സാലഡുകള്‍ കഴിക്കൂ.

ചുവപ്പ് മാംസം

ചുവപ്പ് മാംസം

കൊഴുപ്പ് നിറഞ്ഞ ഒരു ഭക്ഷ്യവസ്തുവാണ് ചുവപ്പ് മാംസം. അതിനാല്‍ പ്രത്യേകിച്ചും ആര്‍ത്തവദിനങ്ങളിലും അതിനോട് അടുത്തുള്ള ദിവസങ്ങളിലും ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക. കാരണം വയറുവേദന, വലിഞ്ഞുമുറുകുന്ന വേദന, വയറ് നിറഞ്ഞ അവസ്ഥ എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ ഇതുമൂലം ഉണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനി മാംസം നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്, അത് ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ് എങ്കില്‍ സ്‌കിന്‍ലസ് ചിക്കന്‍, മത്സ്യം എന്നിവ കഴിക്കാം.

മദ്യം

മദ്യം

മദ്യം ഒരു കാലത്ത് പുരുഷന്മാരെ മാത്രം ബാധിക്കുന്ന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്ന് ചെറിയ തോതിലെങ്കിലും സ്ത്രീകളും പാര്‍ട്ടിയിലും മറ്റ് അവസരങ്ങളിലുമായി ആല്‍ക്കഹോള്‍ ഉപയോഗിക്കാറുണ്ട്. വളരെ കുറവാണ് ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നതെങ്കിലും ആര്‍ത്തവസമയത്തും അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും അത് ഉപയോഗിക്കരുത്. അത് ആര്‍ത്തവസംബന്ധ പ്രശ്‌നങ്ങള്‍ വര്‍ധിക്കാനേ ഇടയാക്കൂ. ആല്‍ക്കഹോള്‍ ഉപയോഗം താത്കാലിക വേദനകള്‍ മാറ്റുമെങ്കിലും ഈസ്ട്രജന്‍ തോത് ഉയര്‍ത്താനിടയാകുന്നതിനാല്‍ ആര്‍ത്തവ അസ്വസ്ഥതകള്‍ വര്‍ധിക്കും. പകരം കരിക്ക് വെള്ളം പോലുള്ള പാനീയങ്ങളാവാം. ഇത് ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനൊപ്പം നിര്‍ജ്ജലീകരണവും തടയുന്നു.

പാലുത്പന്നങ്ങള്‍

പാലുത്പന്നങ്ങള്‍

ആര്‍ത്തവസമയത്ത് ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങളില്‍ പാലുത്പന്നങ്ങളും പെടുമോ എന്ന് ആശ്ചര്യപ്പെട്ടോ? ക്രീം, ചീസ് തുടങ്ങിയ ഡയറി ഉത്പന്നങ്ങളെ ഈ ദിനങ്ങളില്‍ ഒഴിവാക്കുന്നത് തന്നെയാണ് ഉചിതമെന്നാണ് കണ്ടെത്തല്‍. ആര്‍ത്തവകാല വേദനകളെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്ന അരാകിഡോണിക് ആസിഡ് ഡയറി ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് ഈ അഭിപ്രായത്തിന് ആധാരം. എന്നാല്‍ പാലുത്പന്നങ്ങളില്‍ എല്ലാം അപകടകാരിയാണെന്ന് പറയാനാകില്ല. കാരണം പാലില്‍ നിന്ന് രൂപാന്തരം നേടുന്ന മറ്റൊരു ഉത്പന്നമാണ് മോര്. ടോണ്‍ ചെയ്ത പാല്‍, മോര് എന്നിവ ഇത്തരം സാഹചര്യങ്ങളില്‍ വളരെ നല്ലതാണെന്നാണ് വിലയിരുത്തുന്നത്. ഉദരത്തിലെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ ഇത് കൂടുതല്‍ അനായാസകരമാക്കുമത്രേ.

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സാഹചര്യങ്ങളില്‍ ഉചിതമല്ല. കഫീന്‍ ധാരാളം അടങ്ങിയ പാനീയങ്ങളിലൊന്നാണ് കാപ്പി. രക്തസമ്മര്‍ദ്ദം ഉയര്‍ത്താനിടയാക്കുന്ന കഫീന്‍ ഉത്കണ്ഠയും വര്‍ധിപ്പിക്കുമത്രേ. ഉത്കണ്ഠ ഉയരുന്നത് ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കും. മാത്രമല്ല, കഫീന്‍ നിര്‍ജ്ജലീകരണത്തിനും ഹേതുവാകുന്നതാണ്. ആര്‍ത്തവദിനങ്ങള്‍ പരമാവധി ഊര്‍ജ്ജസ്വലതയോടെ നില്‍ക്കാനാണ് ശ്രമിക്കേണ്ടത്. അതിനാല്‍ കഫീനെ ഈ ദിവസങ്ങളില്‍ അകറ്റി നിര്‍ത്താം. പകരം ഹെര്‍ബല്‍ ചായ പരീക്ഷിക്കാം. തക്കാളി, കാരറ്റ് ജ്യൂസുകളും മറ്റ് ഫ്രഷ് സൂപ്പുകളും ഉപയോഗിക്കാം.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തെടുത്ത സ്‌നാക്‌സും ബര്‍ഗര്‍ പോലുള്ളവയും ദിവസത്തില്‍ ഒരു നേരമെങ്കിലും നുണയുന്നവരാകും ഭൂരിപക്ഷവും. എളുപ്പം ലഭിക്കുന്നതും രുചികരമായതുമായ ഇത്തരം ഭക്ഷണങ്ങളിലേക്കുള്ള ആകര്‍ഷണമാണ് പല ആരോഗ്യപ്രശ്‌നങ്ങളുടേയും അടിസ്ഥാനവും. ഇത്തരം ഭക്ഷണങ്ങളോട് എത്ര തന്നെ കൊതിയുണ്ടെങ്കിലും ആര്‍ത്തവദിനങ്ങളില്‍ ഇവയെ ഒഴിവാക്കി നോക്കൂ. ശരീരത്തിലെ ഹോര്‍മോണുകളെ സ്വാധീനിക്കാന്‍ ഇത്തരം ഫ്രൈഡ് സാധനങ്ങള്‍ക്ക് കഴിവുണ്ട്. കൂടാതെ നിര്‍ജ്ജലീകരണം അനുഭവപ്പെടാനും ഇടയാക്കുന്നു.

സംസ്‌കരിച്ച ധാന്യങ്ങള്‍

സംസ്‌കരിച്ച ധാന്യങ്ങള്‍

ബ്രഡ്, പിസ, ടോര്‍ടില്ല തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പോഷകസമ്പുഷ്ടമല്ല എന്ന് നമുക്കറിയാം. അത് പോലെ തന്നെ അവ ആര്‍ത്തദിനങ്ങളില്‍ ഉചിതവുമല്ല എന്നറിയുക. മലബന്ധം, വായുവിന്റെ അസ്വസ്ഥതകള്‍ എന്നിവ ഈ സമയത്ത് ഉണ്ടാകുന്നതിന് ഇത്തരം ഭക്ഷണശീലങ്ങള്‍ ഇടയാക്കും. സംസ്‌കരിച്ച ധാന്യങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ക്ക് പകരം ഗോതമ്പ് ധാന്യങ്ങള്‍ പോലുള്ള ഹോള്‍ ഗ്രെയിന്‍ ഉപയോഗിക്കാം. കാരണം ഇതില്‍ കുറഞ്ഞ ഗ്ലൈക്കമിന്‍ ഇന്‍ഡക്‌സ് ആണുള്ളത്. ഇത് ദഹനവ്യവസ്ഥയെ സഹായിക്കുന്നു. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചപ്പാത്തിയും തവിട്ടരിയുടെ ചോറുമെല്ലാം ഇതിനേക്കാള്‍ എത്രയോ മടങ്ങ് ഗുണകരമാണ്.

ഉപ്പുരസമേറിയ ഭക്ഷണങ്ങള്‍

ഉപ്പുരസമേറിയ ഭക്ഷണങ്ങള്‍

കുപ്പികളില്‍ നിറച്ച സൂപ്പ്, ചിപ്‌സ് പോലുള്ള ഉപ്പുരസമേറിയ ഭക്ഷണങ്ങള്‍ ഇത്തരം ദിവസങ്ങളില്‍ ഉപയോഗിക്കരുത്. മാസമുറയ്ക്ക് കാരണമാകുന്ന ഹോര്‍മോണ്‍ വാട്ടര്‍ റീട്ടെന്‍ഷന് കാരണമാകുകയും ഉയര്‍ന്ന തോതില്‍ ഉപ്പ് ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് വയറ് നിറഞ്ഞ് അസ്വസ്ഥത ഉളവാക്കുന്നു. ഈസ്ട്രജനെ ഉത്തേജിപ്പിച്ച് മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ ഇത്തരം ഭക്ഷണങ്ങള്‍ ഇടയാക്കും. ഇതിന് പകരമായി കാരറ്റ്, കക്കിരി എന്നിവകൊണ്ട് വ്യത്യസ്തതകള്‍ പരീക്ഷിക്കാം.

മധുരഭക്ഷണങ്ങള്‍

മധുരഭക്ഷണങ്ങള്‍

ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളില്‍ ബ്ലഡ് ഷുഗറിന്റെ തോതിലും ഇടക്കിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇത്തരം ദിവസങ്ങളില്‍ മധുരം കഴിക്കാന്‍ അമിതതാത്പര്യം ഉണ്ടാകുന്നതും. മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ തോതിലും വ്യതിയാനം വരുത്തിക്കൊണ്ടിരിക്കും. ഇത് മൂഡ് നഷ്ടപ്പെടാനും ടെന്‍ഷന്‍ വരാനും ഇടയാക്കും.

സ്‌പൈസി ഭക്ഷണങ്ങള്‍

സ്‌പൈസി ഭക്ഷണങ്ങള്‍

ശരീരത്തിനകത്ത് ചൂട് ഉടലെടുക്കാന്‍ കാരണമാകുന്ന ഭക്ഷണമാണ് എരിവ് കലര്‍ന്ന ഭക്ഷണങ്ങള്‍. ഇത് അസിഡിറ്റി ഉയര്‍ത്തി തന്മൂലം വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാനും കാരണമാകുന്നു.

Read more about: periods, food, health
English summary

Foods Not To Eat During Periods

Foods Not To Eat During Periods, Read more to know about,
Story first published: Thursday, February 1, 2018, 14:07 [IST]
Subscribe Newsletter