For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഗ് തൂക്കല്‍ ഭാരമാകുന്നോ?

By Lakshmi
|

ഓടിയും പിടഞ്ഞും പണികളെല്ലാം കഴിഞ്ഞ് ഭര്‍ത്താവിനെയും കുട്ടികളെയും ഒരുക്കി അയച്ച് ഒടുക്കം ഓഫീസിലേയ്ക്കിറങ്ങുമ്പോള്‍ കയ്യിലുള്ള ബാഗ് ഒരു ഭാരമായി തോന്നാറില്ലേ, ഉച്ചഭക്ഷണവും തിരിച്ചെത്താന്‍ വൈകിയാല്‍ കഴിയ്ക്കാനുള്ള പലഹാരങ്ങളും വെള്ളവും കുടയും എല്ലാം കൂടി ഒരു ചുമടു ചുമക്കുന്ന പ്രതീതിയായിരിയ്ക്കും പലപ്പോഴും ഉണ്ടാവുക.

യാത്ര ബസ്സിലാണെങ്കില്‍ പറയുകയും വേണ്ട കയറുന്നവരും ഇറങ്ങുന്നവരും പലവട്ടം ബാഗ് വലിച്ചുകൊണ്ട് പോകും ഒരോ കുരുക്കില്‍ നിന്നും അത് വലിച്ചെടുത്ത് യഥാസ്ഥാനത്ത് തൂക്കണം, ഒപ്പം ബസ്സിലെ കമ്പിയില്‍ നിന്നും പിടിവിട്ടു പോകാതെയും നോക്കണം. എന്തെന്ത് ബുദ്ധിമുട്ടുകളാണ്.

സ്ത്രീകളെ സംബന്ധിച്ച് പുറത്തുപോകുമ്പോള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ് ഹാന്റ് ബാഗ്, പ്രത്യേകിച്ചും ജോലിചെയ്യുന്നവരാണെങ്കില്‍ ഇത് അത്യാവശ്യമാണ്. പക്ഷേ ഏറെ ആവശ്യമുള്ളവയാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.

നടുവേദന, കഴുത്തുവേദന, ചുമലുവേദന, മസിലുകളുടെ ശക്തിനഷ്ടപ്പെടല്‍, തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് സ്ഥിരമായി ഭാരമുള്ള ഹാന്‍ഡ് ബാഗ് ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്നത്. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും.

ബാഗ്് ചുമക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും ഭാരമേറിയ ബാഗ് കൊണ്ടുനടക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. പലരിലും ഇത് പലരീതിയിലാണെന്ന് മാത്രം. ഒരു വ്യക്തിയ്ക്ക് ചുമക്കാവുന്ന ഭാരം എന്നത് അയാളുടെ മൊത്തം ശരീരഭാരത്തിന്റെ പതിനഞ്ച് ശതമാനമാണ്. അതായത് ഇതിലും കൂടുതല്‍ ഭാരമുള്ള ബാഗ് കൊണ്ടുനടക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നുതന്നെ.

ചിലര്‍ക്ക് കഴുത്ത് പിടിച്ചുപോകുന്നതും ചുമലില്‍ നീര്‍ക്കെട്ട് വരുന്നതുമെല്ലാം സ്ഥിരം പ്രശ്‌നങ്ങളാണ്. എന്നാല്‍ പലരും ഇതിന്റെ കാരണം അന്വേഷിക്കാതെ താല്‍ക്കാലിക ചികിത്സകള്‍ വല്ലതും തേടുകയാണ് പതിവ്.

ഈ പ്രശ്‌നം എങ്ങനെ പരിഹരിയ്ക്കാം

ഒരു വശത്തുതൂക്കുകയെന്നതിന് പകരം പുറത്തിടാവുന്ന തരം ബാഗുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഭാരം രണ്ടുവശത്തേയ്ക്കും സംതുലിതമാക്കപ്പെടുകയും അതുകാരണം ഒരു വശത്തി കൂടുതല്‍ ഭാരം വരുന്നത് ഒഴിവാകുകയും ചെയ്യും.

ഇത്തരത്തിലാകുമ്പോള്‍ അല്‍പം ഭാരം കൂടിയ ബാഗാണെങ്കിലും കൊണ്ടുനടക്കാന്‍ എളുപ്പമായിരിക്കും, കൈകള്‍ക്ക് പ്രശ്‌നങ്ങള്‍ കുറയും. ലാപ്‌ടോപ്പും മറ്റും സ്ഥിരമായി കൊണ്ടുനടക്കേണ്ടിവരുന്ന അവസ്ഥയാണെങ്കില്‍ ഇത്തരം ബാഗുകള്‍ തന്നെയാണ് നല്ലത്. അല്ലാതെ ഒരുവശത്ത് തൂക്കുന്ന ലാപ്‌ടോപ്പ് ബാഗും കൊണ്ടുനടന്നാല്‍ നടുവൊടിയുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

പക്ഷേ പുറത്തിടുന്ന ബാഗുകള്‍ ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്, ഹാന്‍ഡ് ബാഗ് എന്ന രീതിയില്‍ നിന്നും മാറാനുള്ള മടിയാണ് ഇതിന് ഒരുകാരണം, ചിലര്‍ക്കാകട്ടെ ഫാഷന്റെ ഭാഗമാണ് ഹാന്‍ഡ് ബാഗ് അത് മാറ്റി ബാഗും പുറത്തിട്ട് സ്‌കൂള്‍ കുട്ടികളെപ്പോലെ നടക്കാന്‍ ഇഷ്ടമല്ല.

മറ്റൊരു പ്രശ്‌നമെന്നത് ചില വസ്ത്രങ്ങള്‍ക്കൊപ്പം പുറത്തിടാവുന്ന ബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ്, ചുരിദാര്‍ പോലുള്ള വസ്ത്രങ്ങളാണെങ്കില്‍ ഇത്തരം ബാഗുകള്‍ പ്രശ്‌നമല്ല, പക്ഷേ സാരിയുടുത്ത് ബാഗ് പുറത്തിട്ട് നടക്കുകയെന്നത് ഇത്തിരി കടുപ്പം തന്നെ. പിന്നെയുള്ള ഒരു പരിഹാരം ബാഗ് നല്ല രീതിയില്‍ ഒരുക്കുകയെന്നതാണ്.

ഹാന്‍ഡ് ബാഗ് എങ്ങനെ ഒരുക്കാം

പലരുടെയും ബാഗുകള്‍ തുറന്നാല്‍ ആവശ്യമുള്ളതിനേക്കാളേറെ സാധനങ്ങള്‍ ആവശ്യമില്ലാത്തവയാണെന്ന്് കാണാം, പഴയ ബ്‌സ് ടിക്കറ്റുകള്‍ മുതല്‍ മുന്‍ ദിവസങ്ങളില്‍ പലഹാരം കൊണ്ടുപോയ പാത്രങ്ങള്‍ വരെ അതില്‍ വച്ചുകൊണ്ടിരിക്കുന്നവര്‍ കുറവല്ല. മാത്രമല്ല എല്ലാം കൂടി കുത്തിത്തിരികിക്കയറ്റുന്നതും പലരുടെയും പതിവ് രീതിയാണ്.

അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമേ ബാഗില്‍ വയ്ക്കുകയുള്ളുവെന്ന് ആദ്യമേ തന്നെ തീരുമാനിയ്ക്കുക. അതിന് ശേഷം ആവശ്യമുള്ള സാധനങ്ങള്‍ എന്താണെന്ന് തീരുമാനിയ്ക്കുക. ഇത്രയുമായാല്‍ത്തന്നെ പകുതി പ്രശ്‌നം കഴിഞ്ഞു. പിന്നീട് ഇവ ഓരോന്നും ബാഗിന്റെ വലിപ്പവും ആകൃതിയും അനുസരിച്ച് അടുക്കി വെയ്ക്കുക. ഇനിയൊന്നു ശ്രമിച്ചുനോക്കൂ, എങ്ങനെയെങ്കിലും ബാഗിന്റെ ഭാരം കുറയ്ക്കൂ.....

English summary

Pain, Body, Back Pain, Neck Pain, Muscle Pain, Fashion, Handbag, Women, ആരോഗ്യം, വേദന, ശരീരം, ബാഗ്, ഫാഷന്‍, സ്ത്രീ,

Back ache, muscle strain, stiff neck — do any of these sound familiar? What many of us don't know, is that our handbag could be to blame. A large number of women complain of pain resulting from carrying heavy bags.
Story first published: Friday, June 10, 2011, 15:45 [IST]
X