കുട്ടികളിലെ ക്ഷയം; കാരണവും ചികിത്സയും

Posted By: Saritha P
Subscribe to Boldsky

ക്ഷയരോഗികളുടെ എണ്ണത്തില്‍ ഒന്നാമതാണ് നമ്മുടെ രാജ്യം. ലോകാരോഗ്യസംഘടനയുടെ 2011ലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും അധികം ക്ഷയരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.ലോകത്തെ 9.6 മില്ല്യണ്‍ കേസുകളില്‍ 2.2 മില്ല്യണ്‍ കേസു ഇന്ത്യയില്‍ നിന്ന് മാത്രമാണ്. രാജ്യം നേരിടുന്ന ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. രാജ്യത്ത് പ്രതിവര്‍ഷം മരണമടയുന്നവരില്‍ 2.20 ലക്ഷം പേര്‍ ക്ഷയരോഗികളാണ്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ തന്നെ ഏറെ മുന്‍കരുതലുകള്‍ ആവശ്യമാണ് ഇത് മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍. മുതിര്‍ന്നവരിലെ ക്ഷയരോഗസാധ്യതകള്‍ മുന്‍കരുതലുകളിലൂടെ ഏറെ നിയന്ത്രിക്കാവുന്നതാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ ഇതത്ര എളുപ്പമല്ല. കുട്ടികളെ എത്ര തന്നെ നിയന്ത്രിച്ചാലും നമ്മുടെ നിയന്ത്രണത്തിന്റെ കാരണം പോലും മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കില്ലാത്തതിനാല്‍ അവരെ നിയന്ത്രിക്കുക അല്പം പ്രയാസമാണ്.

TB

നമ്മുടെ കുഞ്ഞുങ്ങള്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കണമെന്നേ നമ്മള്‍ ആഗ്രഹിക്കാറുള്ളൂ. പക്ഷെ നിയന്ത്രിക്കാനാവത്തതിനാല്‍ തന്നെ അവര്‍ പലപ്പോഴും അസുഖങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നു. രോഗകാരികളായേക്കാവുന്ന സാഹചര്യങ്ങളുമായുള്ള ഇടപഴകലും ആളുകളുമായുള്ള ഇടപെടലും അവരെ വേഗം രോഗത്തിന് കീഴടക്കുന്നു. ഒരു ചെറിയ ജലദോഷമോ പനിയോ വീഴ്ചയോ ഒന്നും വലിയ അപകടാവസ്ഥ സൃഷ്ടിക്കുന്നില്ല. എന്നാല്‍ അതിലും അപകടങ്ങളായ ചില രോഗങ്ങളുണ്ട്. അതിലൊന്നാണ് ക്ഷയം. കുഞ്ഞുങ്ങള്‍ക്ക് ക്ഷയം പിടിപെട്ടാലുള്ള അവസ്ഥ. ചിന്തിക്കാന്‍ പോലും പ്രയാസമാണത്. മതിയായ ചികിത്സ ലഭിച്ചാല്‍ ഭേദമാകുന്ന രോഗമാണ് ക്ഷയം. എങ്കില്‍ പോലും ഇതിന്റെ പടരുന്ന സ്വഭാവം ആണ് നമ്മളെ ഭയപ്പെടുത്തുന്നത്. മരുന്ന് ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ ക്ഷയം പകരാനുള്ള സാധ്യതയും വളരെ കുറവാണെന്നാണ് അല്പമെങ്കിലും ആശ്വാസം നല്‍കുന്ന കാര്യം. എന്തൊക്കെയാണെങ്കിലും കുട്ടികളില്‍ ഈ രോഗം പിടിക്കപ്പെട്ടാല്‍ അത് അപകടകരം തന്നെയാണ്.

TB

ട്യുബര്‍കുലോസിസ് അഥവാ ക്ഷയത്തെക്കുറിച്ച് ഒരുവിധം എല്ലാകാര്യങ്ങളും പലപ്പോഴും വായിച്ചും കേട്ടും മനസ്സിലാക്കിയവരാകും നമ്മളില്‍ വലിയൊരു ശതമാനം. എന്നാല്‍ മുതിര്‍ന്നവരെ പോലെയല്ല കുഞ്ഞുങ്ങള്‍. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും ശുശ്രൂഷയും ആവശ്യമാണ് ഈ സാഹചര്യത്തില്‍. കുഞ്ഞുങ്ങളിലെ ക്ഷയം സാധ്യതയും ചികിത്സയും എന്താണെന്ന് വിശദമാക്കുകയാണ് ഇവിടെ. കുട്ടികളിലെ രോഗലക്ഷണം മനസ്സിലാക്കാന്‍ ഓരോ രക്ഷിതാവും വായിച്ചിരിക്കേണ്ട ഒന്ന്.

TB

എന്താണ് ടി ബി അഥവാ ക്ഷയം? മൈക്കോബാക്ടീരിയം ട്യുബര്‍കുലോസിസ് എന്നിവ ബാക്ടീരിയ ഹേതുവാകുന്ന രോഗമാണിത്. ഈ ബാക്ടീരിയ ശ്വാസകോശങ്ങളെയാണ് ആദ്യം ബാധിക്കുക. നട്ടെല്ല്, വൃക്ക, തലച്ചോറ്, അസ്ഥി മജ്ജ എന്നിവയെയാണ് ഇത് രണ്ടാം ഘട്ടത്തില്‍ ബാധിക്കുന്നത്. രക്തത്തിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എത്തുന്നത്. ചികിത്സ ലഭ്യമായ ഏതൊരു രോഗത്തേയും പോലും പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ഇവിടെയും ആവശ്യം. എന്നാല്‍ മാത്രമേ പൂര്‍ണ്ണമായ രോഗമുക്തി സാധ്യമാകൂ.

TB

ക്ഷയം പകരുന്നതെങ്ങനെയെല്ലാമാണ്. ടിബിക്ക് കാരണമായ ബാക്ടീരിയകളെ വഹിക്കുന്നത് വായുവാണ്. അതായത് വായുവിലൂടെയാണ് ഈ അസുഖം രണ്ടാമനിലേക്ക് ഏത്തുന്നതെന്നര്‍ത്ഥം. ക്ഷയബാധിതനായ വ്യക്തിയുടെ തുമ്മല്‍, ചുമ, സംഭാഷണം എന്നിവയിലൂടെ ശരീരത്തിലെ രോഗകാരി ബാക്ടടീരിയ പുറത്തെത്തുന്നു. പിന്നീട് ഈ ബാക്ടീരിയ സാന്നിധ്യമുള്ള വായു മറ്റൊരാള്‍ ശ്വസിക്കുമ്പോള്‍ അത് ആരോഗ്യവാനായ ആ വ്യക്തിയുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഇങ്ങനെ ഉണ്ടാകണം എന്നില്ല. അതായത് ക്ഷയരോഗിയോട് സംസാരിക്കുമ്പോള്‍ തന്നെ രോഗബാധിതനാകും എന്ന കാര്യം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. അടച്ചിട്ട മുറിയില്‍, വായുസഞ്ചാരം തീരെ കുറഞ്ഞ സ്ഥലങ്ങളില്‍ വെച്ചെല്ലാം രോഗിയില്‍ നിന്നുണ്ടാകുന്ന തുമ്മലും ചുമയുമെല്ലാം അവിടെ രോഗിക്കൊപ്പം ഉണ്ടായിരുന്നവരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും തുറസ്സായ പ്രദേശങ്ങളിലെ ഇത്തരം പ്രവൃത്തികള്‍ മറ്റൊരാളിലേക്ക് രോഗാണുവിന്റെ പ്രവേശനം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ചുരുക്കിപ്പറഞ്ഞാല്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും സാധ്യത വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ വെച്ചുള്ള തുമ്മലും ചുമയുമെല്ലാണ്.

TB

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഏതാണ്ട് ഒരു വര്‍ഷത്തോളം കാണത്തക്ക രോഗലക്ഷണങ്ങളൊന്നും രോഗി പുറപ്പെടുവിച്ചെന്ന് വരില്ല. ക്ഷയരോഗബാധയെ രണ്ട് തരമായി വര്‍ഗ്ഗീകരിക്കാവുന്നതാണ്. ഒന്ന്; ഒരു വ്യക്തിയുടെ ഉള്ളില്‍ ക്ഷയരേഗകാരിയായ ബാക്ടീരിയ പ്രവേശിച്ചിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ അതിനെ 'ലേറ്റന്റ് ടിബി' എന്നാണ് വിളിക്കുന്നത്. ലേറ്റന്റ് ടിബിയെന്നാണ് രോഗാണു ശരീരത്തില്‍ ആക്ടീവ് അല്ലെന്നാണര്‍ത്ഥം. അതാണ് ശരീരം രോഗലക്ഷണം കാണിക്കാത്തത്. അതിനാല്‍ തന്നെ ചുമ, തുമ്മല്‍ പോലുള്ള രോഗലക്ഷണങ്ങള്‍ ഇവര്‍ കാണിക്കുകയുമില്ല. ഇത് അസുഖം പകരുന്നത് കുറക്കുന്നു. ലേറ്റന്റ് ടിബി പടരുന്നത് അല്ലെന്നാണ് നിഗമനം.

അതേ സമയം രോഗലക്ഷണം കാണിക്കുന്നുണ്ട് എങ്കില്‍ അത് ' ആക്ടീവ് ടിബി' വിഭാഗത്തിലും പെടുന്നതാണ്. ക്ഷയം എന്താണെന്നും ഏതെല്ലാം വിധമുണ്ടെന്നും എങ്ങനെയെല്ലാമാണ് ഇത് മറ്റൊരാളിലേക്ക് എത്തുന്നത് എന്നിവയെക്കുറിച്ച് ഏകദേശധാരണ ലഭിച്ചുകാണുമല്ലോ ഇപ്പോള്‍. ഇനി നമുക്ക് നോക്കേണ്ടത് കുഞ്ഞുങ്ങളില്‍ ഈ രോഗം എവിടെ നിന്നും എത്തുന്നു എന്നാണ്.

TB

അമ്മയില്‍ നിന്ന്

ഗര്‍ഭകാലം മുതല്‍ ശൈശവം വരെ കുഞ്ഞ് ഏറ്റവും അധികം നേരം ചെലവിടുന്നത് അമ്മയ്‌ക്കൊപ്പമാണ്. ഊണിലും ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴുമെല്ലാം അമ്മയോട് ചേര്‍ന്നാണ് കുഞ്ഞ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ ക്ഷയരോഗബാധിതയായെങ്കില്‍ അത് കുഞ്ഞിലേക്കും പടരാന്‍ സാധ്യതയുണ്ട്. അമ്മയ്ക്കുള്ളത് ആക്റ്റീവ് ടിബി ആണെങ്കില്‍ ഗര്‍ഭപാത്രത്തില്‍വെച്ചേ കുഞ്ഞിന് രോഗം പിടിപെടാം. എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞിന് രോഗ

TB

ബാധയുണ്ടാകുന്നത് തടയാന്‍ കഴിയുമെന്നതാണ് ഏറെ ആശ്വാസം നല്‍കുന്ന കാര്യം. അമ്മ അഥവാ ഗര്‍ഭിണി ആന്റി-ടിബി മരുന്ന് കഴിക്കുകയാണെങ്കില്‍ കുഞ്ഞിന് രോഗം വരാതെ സൂക്ഷിക്കാനാകും.

TB

ക്ഷയരോഗിയായ മറ്റൊരാളില്‍ നിന്ന്

അയല്‍പക്കങ്ങളിലോ ബന്ധങ്ങളിലോ ഈ രോഗമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ കുഞ്ഞുമായി അടുത്തിടപഴകുമ്പോള്‍ കുഞ്ഞിന് രോഗം വരാന്‍ സാധ്യതയുണ്ട്.

പശുവിന്‍ പാലില്‍ നിന്ന്

ക്ഷയം പടരാന്‍ സാധ്യതയുള്ള, എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു മാര്‍ഗ്ഗമാണിത്. രോഗമുള്ള പശുവിന്റെ പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് ഈ രോഗത്തിനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ നല്ലവണ്ണം തിളപ്പിച്ചതോ പാസ്ച്വറൈസ് ചെയ്തതോ ആയ പാലുകള്‍ രോഗം പരത്തില്ല. തിളക്കുന്നതോടെ ഇതിലെ രോഗകാരിയായ ബാക്ടീരിയയ്ക്ക് നാശം സംഭവിക്കുന്നതാണ് കാരണം. പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളാണ് ഏറെയും ഉള്ളത്. എന്നാല്‍ പാലിന്റെ ഉറവിടം അറിഞ്ഞിരിക്കുന്നതും ലഭിക്കുന്ന പാല്‍ വൃത്തിയോടെ നല്ലവണ്ണം തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ് സുരക്ഷിതം.

ഇന്ത്യയില്‍ കുഞ്ഞുങ്ങളിലെ ക്ഷയരോഗാവസ്ഥ എത്രത്തോളം?

തുടക്കത്തില്‍ പറഞ്ഞപോലെ ക്ഷയരോഗികളുടെ എണ്ണത്തില്‍ ഒന്നാമതുള്ള ഇന്ത്യയില്‍ കുഞ്ഞുങ്ങളിലെ ക്ഷയരോഗവും വര്‍ധിച്ചുവരികയാണ് എന്ന ഭയാനകമായ വസ്തുത നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. കണക്കുകള്‍ പ്രകാരം ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ക്ഷയരോഗങ്ങളില്‍ 4ല്‍ ഒന്ന് നമ്മുടെ രാജ്യത്താണ്. അതില്‍ തന്നെ ഓരോ 10 ക്ഷയരോഗ കേസുകളില്‍ ഒന്ന് ഒരു കുഞ്ഞിനാകും എന്നതാണ് ഏറെ വേദനാജനകം. പ്രതിവര്‍ഷം 2 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക് ക്ഷയം പിടിപെടുന്നുണ്ടെന്നാണ് കണക്ക്. അതും 2നും 4നും ഇടയിലുള്ള കുട്ടികളിലാണ് രൂക്ഷം. ഈ കുഞ്ഞുങ്ങളിലെ പ്രതിരോധശേഷി വളര്‍ച്ചാഘട്ടത്തിലായതിനാല്‍ പുറമെ നിന്നും ശരീരത്തിലേക്ക് എത്തുന്ന രോഗാണുക്കളെ പ്രതിരോധിക്കാന്‍ പെട്ടെന്നാകില്ല. ഇതാണ് ഇവരില്‍ രോഗങ്ങള്‍ വേഗം പിടിപെടാന്‍ കാരണം. എന്നാല്‍ മുതിര്‍ന്ന ക്ഷയരോഗികളില്‍ നിന്നും അസുഖം വേഗം പകരുമെങ്കിലും രോഗികളായ കുട്ടികളില്‍ നിന്നും രോഗം പെട്ടെന്ന് വ്യാപിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.

TB

പകര്‍ച്ച വ്യാധി എന്നതിനാല്‍ ക്ഷയരോഗം വേഗം ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതുണ്ട്. ക്ഷയരോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്ന ഓരോരുത്തരും ഇത് ഉടന്‍ തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. കുഞ്ഞുങ്ങളിലെ രോഗലക്ഷണം അവര്‍ക്ക് സ്വയം കണ്ടെത്താന്‍ പറ്റണം എന്നില്ല. മുതിര്‍ന്നവരാണ് അവരെ വീക്ഷിച്ച് അവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കേണ്ടത്.

കുഞ്ഞുങ്ങളിലെ ക്ഷയരോഗലക്ഷണങ്ങള്‍:

രണ്ട് ആഴ്ചയില്‍ കവിഞ്ഞ തുടര്‍ച്ചയായ ചുമ

ലസിക ഗ്രന്ഥി വീക്കം

രാത്രിയില്‍ മാത്രമുണ്ടാകുന്ന പനി

കുഞ്ഞുങ്ങള്‍ പ്രായത്തിനനുസരിച്ച് ക്രമാനുഗതമായി ഭാരം വെക്കാതിരിക്കുക

ഭാരം കുറയുക

വിശപ്പിലായ്ക

ക്ഷയരോഗബാധിതനായ വ്യക്തിയുമായുള്ള ഇടപഴകല്‍ (രോഗസാധ്യത)

ക്ഷയരോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന കുഞ്ഞുങ്ങളെ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം. ഡോക്ടറുടെ പരിശോധനയിലും ക്ഷയരോഗസാധ്യത കനപ്പെട്ടാല്‍ ട്യുബര്‍കുലിന്‍ സ്‌കിന്‍ ടെസ്റ്റ് അല്ലെങ്കില്‍ ടിബി ബ്ലഡ് ടെസ്റ്റ്, എക്‌സ് റേ എന്നിവ നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതാണ്. ഇവയുടെ ഫലം നോക്കി കുഞ്ഞ് രോഗബാധിതനായോ എന്ന് ഡോക്ടര്‍ക്ക്മ നസ്സിലാക്കാനാകും.രോഗബാധിതനാണെന്ന് കണ്ടെത്തിയാലും നിരാശപ്പെടേണ്ട. പൂര്‍ണ്ണമായും ഭേദപ്പെടുന്ന അസുഖമാണിത്. സര്‍ക്കാര്‍ തലത്തില്‍ വരെ ക്ഷയരോഗത്തിന് ചികിത്സകള്‍ ലഭ്യമാണ്. രോഗബാധിതനാണെങ്കിലും കുഞ്ഞിനെ ഒറ്റപ്പെടുത്താതിരിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. രോഗബാധിതനായ മുതിര്‍ന്ന വ്യക്തിക്ക് അത് മറ്റൊരാളിലേക്ക് പടരാതിരിക്കാന്‍ വേണ്ടി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരാണ്. അവരെ ഒറ്റപ്പെടുത്താതെ എന്നാല്‍ അവരും മറ്റുള്ളവരും സുരക്ഷിതമാകുന്ന രീതി വേണം പിന്തുടരാന്‍. ഇത് കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധ്യമാക്കുന്നതിനൊപ്പം ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും സഹായിക്കും.

English summary

Tuberculosis in Children, Causes and Remedies

Here is the description on Tuberculosis,Tuberculosis in children, Causes and remedies
Story first published: Sunday, March 18, 2018, 10:30 [IST]