For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോറിയാസിസോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

|

സോറിയാസിസ് എന്നത് പലരും ഭയത്തോടെ കാണുന്നൊരു അസുഖമാണ്. നമ്മുടെ ചര്‍മ്മത്തെ അത് കീഴ്‌പ്പെടുത്തി നമ്മെ മാനസികമായി തളര്‍ത്തുന്നു. തൊലിപ്പുറത്ത് ചുവപ്പുനിറത്തില്‍ തടിപ്പും അവയില്‍ നിന്ന് വെള്ളനിറത്തില്‍ ശല്‍ക്കങ്ങള്‍പോലെ ഇളകിവരുന്നതുമാണ് സോറിയാസിസ്. മനസിലാക്കേണ്ടൊരു കാര്യം ഇത് പകര്‍ച്ചവ്യാധിയല്ല എന്നതാണ്. ചര്‍മ്മത്തില്‍ വേഗത്തില്‍ കോശവിഭജനം നടക്കുകയും അവ പെട്ടെന്ന് നശിക്കുകയും ചെയ്യുന്നതാണ് രോഗം. ഏതു പ്രായത്തിലും തുടങ്ങാവുന്ന ഈ രോഗം 15നും 40നും ഇടയ്ക്കു പ്രായമുള്ളവരിലാണ് സാധാരണ കണ്ടുവരുന്നത്.

Most read: ശരീരം ചുളിയാതെ സൂക്ഷിക്കാം.. ഈ ഭക്ഷണങ്ങളിലൂടെ

കുട്ടികളില്‍ വിരളമാണ് സോറിയാസിസ്. മിക്കരാജ്യങ്ങളിലും ഒന്നുമുതല്‍ മൂന്നുശതമാനം പേര്‍ക്ക് സോറിയാസിസ് കാണപ്പെടുന്നു. ഈ അസുഖത്തിന്റെ അടിസ്ഥാന കാരണം ഇന്നും അജ്ഞാതമാണ്. എന്നാല്‍ രോഗം ഉണ്ടാക്കുന്ന ചില ഘടകങ്ങള്‍ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളിലാര്‍ക്കെങ്കിലും സോറിയാസിസുണ്ടെങ്കില്‍ കുട്ടികള്‍ക്കും ഇതുവരാന്‍ 15 ശതമാനം സാധ്യത പഠനങ്ങള്‍ പറയുന്നു. ഇരുവര്‍ക്കും ഉണ്ടെങ്കില്‍ 50 ശതമാനവും. ശരീരത്തിലെ ചില ജൈവ രാസപദാര്‍ത്ഥങ്ങളുടെ വ്യത്യാസവും സോറിയാസിസിനു കാരണമാകുന്ന മറ്റൊരു ഘടകമാണ്.

ലക്ഷണങ്ങള്‍ ലഘൂകരിക്കാം

ലക്ഷണങ്ങള്‍ ലഘൂകരിക്കാം

അജ്ഞാതമായ ആന്റിജനെതിരെയുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം അഥവാ ഇമ്മ്യൂണോളിക്കല്‍ പ്രതിപ്രവര്‍ത്തനമാകാം മറ്റൊരു ഘടകമെന്നും വിശ്വസിക്കപ്പെടുന്നു. തൊലിയുടെ പാളികളായ എപ്പിഡെര്‍മിസിന്റെയും ഡെര്‍മിസിന്റെയും വിഭജന പ്രക്രിയിലെ തകരാറുകളും രോഗത്തിലേക്കു നയിക്കുന്നു. മുറിവുകള്‍, അണുബാധ, സൂര്യപ്രകാശം, ചില മരുന്നുകളുടെ പ്രതികരണം എന്നിവയൊക്കെയാണ് പെട്ടെന്നുള്ള രോഗമൂര്‍ച്ഛക്കു കാരണമാകുന്നത്. പൂര്‍ണമായി ഭേദമാക്കാനാകില്ലെങ്കിലും സോറിയാസിസിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് നിരവധി ചികിത്സകള്‍ നിലവിലുണ്ട്. നിങ്ങളുടെ വീട്ടില്‍ നിന്നുതന്നെ സോറിയാസിസിന്റെ നേരിയ ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ചില വഴികള്‍ നോക്കാം.

അമിത സമ്മര്‍ദ്ദം വേണ്ട

അമിത സമ്മര്‍ദ്ദം വേണ്ട

സോറിയാസിസ് ബാധിതര്‍ തങ്ങളുടെ രോഗാവസ്ഥയില്‍ ആകുലപ്പെട്ട് പൊതുവേ വിഷാദരായി കാണാറുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം സോറിയാസിസിനെയും ചൊറിച്ചിലിനെയും വഷളാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കുന്നതിലൂടെ സോറിയാസിസ് ലക്ഷണങ്ങളെ ശാന്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. കുടുംബത്തിന്റെയും ചങ്ങാതിമാരുടെയും പിന്തുണ മെച്ചപ്പെടുത്തുക. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസനം എന്നിവ പരിശീലിക്കുക. ആരോഗ്യകരമായ ഭക്ഷണം, ധാരാളം വെള്ളം, പതിവായുള്ള വ്യായാമം, മികച്ച ഉറക്കം എന്നിവയും മികച്ച ഫലം തരുന്നതാണ്.

വരണ്ട ചര്‍മ്മം തടയുക

വരണ്ട ചര്‍മ്മം തടയുക

സോറിയാസിസ് വരാതെ നോക്കാനുള്ളൊരു പ്രതിവിധിയാണ് വരണ്ട ചര്‍മ്മത്തെ അകറ്റുക എന്നത്. നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഉള്ള അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കാന്‍ ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക. വരണ്ട ചര്‍മ്മം വരുന്നതിനു മുമ്പേ തടയാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തെ സുഖപ്പെടുത്താനും വരള്‍ച്ച, ചൊറിച്ചില്‍, ചുവപ്പ്, വ്രണം, സ്‌കെയിലിംഗ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും. ചര്‍മ്മം എത്രമാത്രം വരണ്ടതാണെന്നതിനെ അടിസ്ഥാനമാക്കി നല്ല മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുക. ഓയിന്‍മെന്റുകള്‍ കട്ടിയുള്ളതും കനത്തതുമായതിനാല്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മികച്ചതുമാണ്. സുഗന്ധമില്ലാത്ത മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുക. കുളി കഴിഞ്ഞ് ബോഡി ലോഷന്‍ തേക്കുക. തണുത്തതോ വരണ്ടതോ ആയ ദിവസങ്ങളില്‍ ലോഷന്‍ കൂടുതല്‍ ഉപയോഗിക്കുക.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് പ്രകാശം സോറിയാസിസ് മൂലമുണ്ടാകുന്ന ചര്‍മ്മകോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നതാണ്. അതിനാല്‍ ചെറിയ അളവിലുള്ള സൂര്യപ്രകാശം തട്ടുന്നത് സോറിയാസിസിനെ ശമിപ്പിക്കാനും മെച്ചപ്പെടുത്താനും സുഖപ്പെടുത്താനും നല്ലൊരു മാര്‍ഗമാണ്. നാഷണല്‍ സോറിയാസിസ് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്നത് ദിവസവും 5 മുതല്‍ 10 മിനിറ്റ് വരെ സൂര്യപ്രകാശം ശരീരത്തില്‍ തട്ടിക്കാനാണ്. ആരോഗ്യകരമായ ചര്‍മ്മത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ യു.വി തെറാപ്പി ചേര്‍ക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുക. നിങ്ങള്‍ അമിതമായി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പതിവ് ചര്‍മ്മ പരിശോധന നടത്തുക.

പ്രത്യേകം സോപ്പുകള്‍

പ്രത്യേകം സോപ്പുകള്‍

മിക്ക സോപ്പുകളിലും സുഗന്ധദ്രവ്യങ്ങളിലും ചായങ്ങളും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കും. അവയ്ക്ക് നിങ്ങളില്‍ ഗന്ധമുണ്ടാക്കാന്‍ കഴിയും എന്നാല്‍ ഒപ്പം സോറിയാസിസ് വര്‍ദ്ധിപ്പിക്കാനും കാരണമാകുമെന്ന് അറിയുക. നിങ്ങള്‍ക്ക് കഴിയുന്നതരത്തില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ സെന്‍സിറ്റീവ് സ്‌കിന്‍ ലേബലുകള്‍ ഉള്ളവ തിരഞ്ഞെടുക്കുക.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

തൈരിലും പുളിപ്പിച്ച ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളാണ് പ്രോബയോട്ടിക്‌സ്. സോറിയാസിസ് ബാധിതര്‍ക്ക് അവ സപ്ലിമെന്റുകളായി ഉപയോഗിക്കാം. ശരീരത്തില്‍ ബാക്ടീരിയയുടെ ശരിയായ ബാലന്‍സ് ഉണ്ടാകുന്നത് രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കും. സോറിയാസിസ് ഒരു സ്വയം രോഗപ്രതിരോധ രോഗമാണ്, അതിനാല്‍ ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രോബയോട്ടിക്‌സ് സഹായകമാകും.

ഒമേഗ -3 കൊഴുപ്പുകള്‍

ഒമേഗ -3 കൊഴുപ്പുകള്‍

മത്സ്യവും മത്സ്യ എണ്ണയും അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് സോറിയാസിസ് കുറയ്ക്കാനും സ്വയം രോഗപ്രതിരോധം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും ഇതിന്റെ വ്യാപ്തി മത്സ്യ എണ്ണയുടെ തരം, അളവ്, സോറിയാസിസ് തരം എന്നിവയെ ആശ്രയിച്ചിരിക്കും. അടുത്തിടെ നടന്ന മെറ്റാ അനാലിസിസില്‍ സോറിയാസിസ് ബാധിച്ച ആളുകളെ മത്സ്യ എണ്ണകള്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കോശജ്വലനത്തിനും സ്വയം രോഗപ്രതിരോധത്തിനും സഹായിക്കുന്നു. ഫിഷ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ ചില ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ ഇത് കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

സോറിയാസിസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഡയറ്ററി സപ്ലിമെന്റുകള്‍ സഹായിച്ചേക്കാം. ഫിഷ് ഓയില്‍, വിറ്റാമിന്‍ ഡി, കറ്റാര്‍ വാഴ, ഒറിഗോണ്‍ മുന്തിരി എന്നിവയെല്ലാം സോറിയാസിസിന്റെ നേരിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് നാഷണല്‍ സോറിയാസിസ് ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നു. ചുവന്ന മാംസം, പൂരിത കൊഴുപ്പുകള്‍, കൃത്രിമ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, മദ്യം എന്നിവ ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യപരമായ മറ്റ് അവസ്ഥകളിലോ നിങ്ങള്‍ കഴിക്കുന്ന മരുന്നുകളിലോ അവര്‍ ഇടപെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഏതെങ്കിലും സപ്ലിമെന്റുകള്‍ എടുക്കുന്നതിന് മുമ്പ് ഡോക്ടറുമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.

മഞ്ഞള്‍ മികച്ചത്

മഞ്ഞള്‍ മികച്ചത്

സോറിയാസിസിന്റെ പല അവസ്ഥകള്‍ക്കും ചികിത്സിക്കാന്‍ ഔഷധസസ്യങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നു. സോറിയാസിസ് പ്രതിഫലനങ്ങള്‍ കുറയ്ക്കുന്നതിന് മഞ്ഞള്‍ മികച്ചതാണ്. ഇത് ഗുളികയിലോ അനുബന്ധ രൂപത്തിലോ ഉപയോഗിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എഫ്.ഡി.എ അംഗീകരിച്ചത് പ്രതിദിനം 1.5 മുതല്‍ 3.0 ഗ്രാം വരെ മഞ്ഞള്‍ അകത്തെത്തുന്നത് നല്ലതാണെന്നാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മത്തിന്റെ മുറിവുകള്‍ക്ക് ചികിത്സയായി പരമ്പരാഗത വൈദ്യശാസ്ത്രം കറ്റാര്‍ വാഴ നിര്‍ദേശിക്കുന്നുണ്ട്. കറ്റാര്‍ വാഴ തൈലം പുരട്ടുന്നത് സോറിയാസിസ് കാരണമാകുന്ന ചുവപ്പ്, സ്‌കെയിലിംഗ്, വീക്കം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. കുറഞ്ഞത് 0.5 ശതമാനം കറ്റാര്‍ അടങ്ങിയിരിക്കുന്ന ഒരു ക്രീം അല്ലെങ്കില്‍ ജെല്‍ തിരഞ്ഞെടുക്കാന്‍ നാഷണല്‍ സോറിയാസിസ് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്നു. പല ഹെല്‍ത്ത് ഫുഡ് സ്റ്റോറുകളിലും കറ്റാര്‍ ക്രീമുകളും ജെല്ലുകളും വില്‍ക്കുന്നു. അവ ഓണ്‍ലൈനില്‍ നിന്നും വാങ്ങവുന്നതാണ്.

മദ്യം ഒഴിവാക്കുക

മദ്യം ഒഴിവാക്കുക

സോറിയാസിസുള്ള നിരവധി ആളുകള്‍ മദ്യത്തിനടിമയാണ്. അടുത്തിടെ ഒരു പഠനത്തില്‍ നോണ്‍ലൈറ്റ് ബിയര്‍ കുടിച്ച സ്ത്രീകളില്‍ സോറിയാസിസ് വരാനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് നോണ്‍ലൈറ്റ് ബിയറുകളെങ്കിലും കുടിച്ചവര്‍ക്ക് കുടിക്കാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോറിയാസിസ് വരാനുള്ള സാധ്യത ഇരട്ടിയാണ്.

പുകവലി നിര്‍ത്തുക

പുകവലി നിര്‍ത്തുക

സോറിയാസിസ് രോഗികള്‍ പുകയില ഒഴിവാക്കുക. പുകവലി നിങ്ങളുടെ സോറിയാസിസ് സാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഇതിനകം സോറിയാസിസ് ഉണ്ടെങ്കില്‍, പുകയില ഉപയോഗം നിങ്ങളുടെ രോഗ ലക്ഷണങ്ങളെ കൂടുതല്‍ കഠിനമാക്കും.

ചര്‍മ്മം മുറിയാതെ ശ്രദ്ധിക്കാം

ചര്‍മ്മം മുറിയാതെ ശ്രദ്ധിക്കാം

സോറിയാസിസ് ബാധിച്ച ചര്‍മ്മത്തില്‍ ചൊറിച്ചില്‍ സാധാരണയാണ്. എന്നാല്‍ ചൊറിഞ്ഞ് മാന്തുന്നത് ചര്‍മ്മത്തെ മുറിപ്പെടുത്തുകയും അണുബാധയുണ്ടാക്കുന്ന രോഗാണുക്കള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. മുമ്പ് ഇല്ലാതിരുന്നിടത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഇത് കാരണമാകും. നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ കണ്ണുകള്‍ അടയ്ക്കുക, ആഴത്തില്‍ ശ്വസിക്കുക. ഒരു മോയ്സ്ചുറൈസര്‍ സൗമ്യമായി തടവുക.

English summary

Home Remedies For Treating Psoriasis

Here we are discussing about the home remedies for treating psoriasis. Read on.
Story first published: Friday, December 20, 2019, 17:31 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X