For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം അനിവാര്യതയല്ലാതാകുന്നോ?

By Saritha P
|

പുതുതലമുറയെ ആശയക്കുഴപ്പത്തിലാക്കുന്ന വലിയൊരു വിഷയമാണ് വിവാഹം. ഒരു പ്രായത്തില്‍ വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ദിവാസ്വപ്‌നങ്ങള്‍ കണ്ടുവളരുന്ന ഒരു തലമുറ പക്ഷെ വിവാഹത്തോടടുക്കുന്ന ഘട്ടത്തില്‍ അതില്‍ നിന്നും അല്പം കൂടി വിട്ട് നില്‍ക്കാന്‍ അല്ലെങ്കില്‍ വേണോ വേണ്ടയോ എന്ന ചിന്താകുഴപ്പത്തിന് അടിപ്പെടുന്ന അവസ്ഥയാണ് ഇന്ന് പൊതുവായി കാണാനാകുന്നത്. 50കളിലും 60കളിലും പക്വതയാര്‍ജ്ജിച്ചതിനുള്ള സൂചനയായിരുന്നു വിവാഹം. കാര്യപ്രാപ്തി നേടിയെന്ന തിരിച്ചറിവ് ലഭിക്കുന്നത് വിവാഹബന്ധത്തിലൂടെയായിരുന്നു.

rft

ഒറ്റാംതടിയായി ജീവിക്കുകയാണ് ഇപ്പോഴത്തെ ട്രന്‍ഡ്. ഒറ്റക്കുള്ള ജീവിതം മതിയാവോളം ആസ്വദിക്കാനാണ് ഈ തലമുറ പ്രാധാന്യം കൊടുക്കുന്നത്. ഇതില്‍ ഇതുവരെ വിവാഹിതരാകാത്തവരുമുണ്ട്, വിവാഹജീവിതം മടുത്ത് വേര്‍പിരിഞ്ഞവരും ഉള്‍പ്പെടും.

അനിവാര്യത

അനിവാര്യത

വിവാഹത്തിലേക്കുള്ള ചവിട്ടുപടിയായി പ്രണയത്തെ കാണാം. രണ്ടുപേര്‍ തമ്മിലുള്ള സൗഹൃദം അഗാധമായ പ്രണയത്തിലേക്ക് വഴിമാറിയാല്‍ അവിടെ പിന്നെ വിവാഹം ഒരു അനിവാര്യതയായി മാറുന്നത് കാണാം. അതാണ് വിവാഹത്തിലേക്കുള്ള ചവിട്ടുപടിയാണ് പ്രണയം എന്ന് വിശേഷിപ്പിക്കാനുള്ള കാരണവും. എങ്കിലും നാള്‍ അല്പം കൂടി കഴിയുമ്പോള്‍ ഈ അനിവാര്യത മാറി കാലഹരണപ്പെട്ട ആശയമായി വിവാഹം മാറുമോ എന്ന ആശങ്കയും പങ്കുവെക്കുന്നവരുണ്ട് നമുക്കിടയില്‍.

യുവതലമുറയെല്ലാം വിവാഹത്തെ എതിര്‍ക്കുന്നവരാണെന്നല്ല പറഞ്ഞുവന്നത്. വിവാഹത്തിലേക്ക് എത്തപ്പെടുന്ന പ്രണയത്തെ എതിര്‍ക്കുന്നവരുമല്ല ആണ്‍കുട്ടികളും പെണ്‍കുട്ടികളും. പ്രശ്‌നം ഇതൊന്നുമല്ല. പിന്നെ എന്താണ്?

പക്വതയും ലക്ഷ്യബോധവുമുള്ള ഒരു തലമുറ

പക്വതയും ലക്ഷ്യബോധവുമുള്ള ഒരു തലമുറ

2013ല്‍ നടത്തിയ ഒരു സര്‍വ്വേ ഫലം നോക്കാം ആദ്യം. യുവാക്കളില്‍ വലിയൊരു പങ്ക് ഇപ്പോഴും വിവാഹത്തേയും പ്രണയത്തേയും ജീവിതത്തിന്റെ ഭാഗമായി കാണുന്നവരാണ്. ഈ അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്ത 84.5 ശതമാനം ഹൈസ്‌കൂള്‍ സീനിയര്‍ പെണ്‍കുട്ടികളും 77 ശതമാനം ഹൈ സ്‌കൂള്‍ സീനിയര്‍ ആണ്‍കുട്ടികളും ഇപ്പോഴും വിവാഹം ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്നവരാണ്. വിവാഹമെന്ന സമ്പ്രദായം സമൂഹത്തില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സങ്കടപ്പെടുന്നവരെ സംബന്ധിച്ച് ആശ്വാസകരമാണ് ഈ അഭിപ്രായങ്ങള്‍. കാരണം ആരോഗ്യകരമായ വിവാഹബന്ധങ്ങളാണ് ഒരു നല്ല കുടുംബത്തിന് ആധാരമാകുന്നത്. നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികളും സന്തോഷവാന്മാരായിരിക്കും. അവരാണ് സമൂഹത്തിലേക്ക് എത്തിച്ചേരുന്ന ഏറ്റവും പുതിയ അംഗങ്ങള്‍. അവരാണ് പിന്നീട് പക്വതയും ലക്ഷ്യബോധവുമുള്ള ഒരു തലമുറയായി രൂപം കൊള്ളുന്നത്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ സാമ്പത്തികഘടന കൈവരിക്കാന്‍ ഇത്തരത്തില്‍ സന്തോഷവും ലക്ഷ്യബോധവും പക്വതയുമുള്ള യുവതലമുറയാണ് ആവശ്യവും. അങ്ങനെ ഒരു ചാക്രിക പ്രവര്‍ത്തനമായി വിവാഹവും കുടുംബവും സമൂഹവും ക്ഷേമരാജ്യവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുമെന്ന ശുഭാപ്തി വിശ്വാസം നല്ലതുമാണ്.

ഇതൊക്കെയാണെങ്കിലും ചില വസ്തുതകളെ കണ്ടില്ലെന്ന് നടിക്കാനുമാകില്ല. സാമൂഹികവിഷയങ്ങളില്‍ പഠനം നടത്തുന്ന പ്യു റിസര്‍ച്ച് സെന്ററിലെ ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായത്തില്‍ വിവാഹത്തെക്കുറിച്ച് യുവാക്കള്‍ക്കിടയിലുള്ള സങ്കല്പം മേല്‍പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. സാധാരണവിവാഹപ്രായത്തിനേക്കാള്‍ ഏറെ വര്‍ഷം കഴിഞ്ഞ ശേഷം വിവാഹിതരാകാനാണ് ഏറെ പേര്‍ക്കും താത്പര്യം. പ്രണയം യുവാക്കള്‍ക്കിടയില്‍ ഇപ്പോഴും സര്‍വ്വസാധാരണമാണെങ്കിലും വിവാഹത്തിലെത്തിച്ചേരുന്ന പ്രണയബന്ധങ്ങള്‍ വിരളമായിക്കൊണ്ടിരിക്കുകയാണ്. ഇനി വിവാഹിതരാകാന്‍ പരസ്പരം തീരുമാനിച്ചാലും കൂടുതല്‍ കാലത്തേക്ക് വിവാഹം കഴിക്കേണ്ടെന്ന്് തീരുമാനിക്കുന്നവരാണ് ഇവരില്‍ ഏറിയ പങ്കും.

വിവാഹം

വിവാഹം

വിവാഹം കൂടുതല്‍ കാലത്തേക്ക് നീട്ടിവെക്കുന്ന സ്വഭാവമാണ് അമേരിക്കന്‍ ജനതയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു കണക്ക് പ്രകാരം യുവാക്കളുടേയും യുവതികളുടെയും വിവാഹപ്രായം 1890 മുതലുള്ള കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ 29 വയസ്സെങ്കിലും വേണം ഒരു പുരുഷന്‍ ആദ്യമായി വിവാഹം കഴിക്കാന്‍. സ്ത്രീയുടെ ആദ്യ വിവാഹപ്രായം 26.6 ആയി മാറുകയും ചെയ്തു. ഇരുവിഭാഗത്തിന്റെയും വിവാഹപ്രായം ഏറ്റവും കുറഞ്ഞ കണക്കിലെത്തിയത് 1956ലായിരുന്നു. അന്ന് പുരുഷന്റെ വിവാഹപ്രായം 22.5ഉം സ്ത്രീയുടേയും 20.1ഉം ആയിരുന്നു.'' എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഈ കണക്കുകള്‍ ഉയര്‍ത്തുന്ന ഒരു പ്രധാന ആശങ്ക ഒരു പുതുതലമുറയുമായി ബന്ധപ്പെടുന്നതാണ്. അതായത് കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ ശരാശരി 30കളിലാണ് ഒരു പുരുഷനും സ്ത്രീയും വിവാഹത്തിന് തയ്യാറാകുന്നത്. അവര്‍ വൈവാഹികജീവിതത്തിലേക്ക് കടക്കുന്ന ഈ വേള പക്ഷെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള ഇവരുടെ പ്രത്യുത്പാദനശേഷിയുടെ ശക്തി ക്ഷയിക്കുന്ന ഘട്ടങ്ങളുടെ ആരംഭമാണ് എന്നുള്ളതാണ്.

ഇപ്പോഴും പ്രണയം പോലുള്ള ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ ഏറെയാണ്. 1960ലെ കണക്കുകള്‍ക്ക് തുല്യമായി ഏതാണ്ട് 70 ശതമാനത്തോളം പേരും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കിലും അതില്‍ 60 ശതമാനത്തോളം പേര്‍ ഇപ്പോഴും വിവാഹബന്ധത്തിലേര്‍പ്പെടുന്നില്ല. 25 വയസ്സിന് മേലെയുള്ള 9 ശതമാനത്തോളം പേര്‍ 1960കളില്‍ വിവാഹം കഴിക്കാതിരുന്നിട്ടുണ്ട്. എന്നാല്‍ ആ കണക്കിന് പകരം ഇപ്പോള്‍ 20 ശതമാനം ആയി ഉയര്‍ന്നതായും ഗവേഷകര്‍ പറയുന്നു.

 എന്താണ് വിവാഹസങ്കല്പങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്;സാമ്പത്തികം

എന്താണ് വിവാഹസങ്കല്പങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്;സാമ്പത്തികം

മുപ്പതുകളില്‍ മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് ഇന്നത്തെ തലമുറയെന്നാണ് പറഞ്ഞുവന്നത്. സാമ്പത്തികമാന്ദ്യം സംഭവിക്കുന്നതുപോലെ വിവാഹനിരക്കുകളും താഴുകയാണ്. ഇതിന് ഒരു പ്രധാനകാരണം സാമ്പത്തികം തന്നെയാണ്. വിവാഹം സാമ്പത്തികപരമായി വലിയ ചെലവ് ഉണ്ടാക്കിയേക്കാവുന്ന സംഗതിയാണ്. ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കിയ ശേഷം വിവാഹം എന്ന് ചിന്തിക്കാന്‍ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കാന്‍ കാരണം വൈവാഹികജീവിതത്തിലെ ചെലവുകളെ പറ്റിയുള്ള ബോധമാകാം. ഒറ്റക്ക് ജീവിക്കുമ്പോഴുണ്ടാകുന്ന ചെലവുകളേക്കാള്‍ ഇരട്ടിയാണ് വിവാഹം കഴിഞ്ഞ് പങ്കാളിയുമൊത്ത് ജീവിക്കുന്നത്.

പിന്നീട് കുട്ടികള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ചെലവുകള്‍ കൂടിക്കൂടി വരും. അപ്പോള്‍ ഒരു അടിത്തറയില്ലാതെ വിവാഹജീവിതം മുന്നോട്ടുപോകാനാകില്ല എന്ന വിശ്വാസം യുവാക്കളില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ജോലി ചെയ്ത് പരസ്പരം പിന്തുണക്കാന്‍ ശേഷിയുള്ള ദമ്പതികളിലേ വിവാഹബന്ധം മുന്നോട്ടുപോകുന്നുള്ളൂ എന്നതും ഇന്ന് കാണാന്‍ കഴിയുന്ന വസ്തുതയാണ്.

 സമയം

സമയം

ഓരോ കാലത്തിനും ഓരോ പ്രവണതയുണ്ടാകും. ഇന്ന് ഒരു പക്ഷെ വിവാഹം പഴകിയചിന്താഗതിയെന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളുമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവാഹേതര ജീവിതം ധാരാളമായി കണ്ടുവരുന്നുണ്ട്.

ഈ പ്രവണതയെ നമ്മുടെ യുവാക്കളും സ്വീകരിച്ചതാവാം വിവാഹം വൈകാനും അല്ലെങ്കില്‍ വിവാഹം അനിവാര്യതയല്ല എന്നും തോന്നാനുള്ള മറ്റൊരു കാരണം. ലെസ്ബിയന്‍ ചിന്താഗതിയും വിവാഹമെന്ന ഇന്‍സ്റ്റിറ്റിയൂഷന് അമിതപ്രാധാന്യം നല്‍കുന്നില്ല. പിന്നെ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് വിവാഹം അത്യാവശ്യമല്ല എന്ന വാദവും ഇവര്‍ക്കിടയിലുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും വിവാഹിതരാകാതെ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്ന അനേകം പേര്‍ നമുക്കിടയില്‍ ഉള്ളതും.

 വേര്‍പിരിയല്‍ വേദനാജനകം

വേര്‍പിരിയല്‍ വേദനാജനകം

സാഹസത്തിന് മുതിരേണ്ട ആവശ്യമില്ല എന്ന തോന്നലും വിവാഹത്തിലേക്ക് എത്താതിരിക്കാനുള്ള ഒരു കാരണമായി കാണാം. അതായത് കേട്ടറിഞ്ഞും കണ്ടറിഞ്ഞും മനസ്സിലാക്കിയ വിവാഹജീവിതങ്ങള്‍ വേര്‍പിരിയലില്‍ അവസാനിച്ച അനുഭവമുള്ളവര്‍ വിവാഹത്തെ ഭയക്കുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോഴുള്ള സങ്കടവും മാനസിക തകര്‍ച്ചയും വിഷാദവും തന്റെ ജീവിതത്തിലും വരുത്തിവെക്കേണ്ട എന്ന് കരുതി മുന്‍കരുതലെന്നപോലെ വിവാഹത്തിന് മുതിരാത്തവരും നമുക്കിടയിലുണ്ട്.

വിവാഹമോചിതരായ രക്ഷിതാക്കളുടെ കുട്ടികളും കുട്ടികളെക്കുറിച്ച് വിവാഹമോചിതരായ രക്ഷിതാക്കളും ഇങ്ങനെ ചിന്തിച്ചെന്ന് വരാം. ഒരിക്കല്‍ വിവാഹം കഴിച്ച് അത് ഒരു വേര്‍പിരിയലില്‍ കലാശിച്ചവര്‍ വീണ്ടും മറ്റൊരു വൈവാഹിക ബന്ധത്തിന് മുതിരാത്തതും ഈ കാരണം കൊണ്ടാണ്.

 സാമൂഹിക പ്രവണത

സാമൂഹിക പ്രവണത

വിവാഹത്തെ എതിര്‍ക്കുന്ന അല്ലെങ്കില്‍ കുറേ പ്രായത്തിന് ശേഷം മതി വിവാഹം എന്ന് അഭിപ്രായമുള്ള ഒരു സമൂഹമാണ് നിങ്ങളുടെ ചുറ്റിലുമുള്ളതെങ്കില്‍ സ്വാഭാവികമായും അതിന്റെ ഒരു പ്രഭാവം നമ്മളിലും ഉണ്ടാകും. അങ്ങനെ വിവാഹത്തെ നമ്മളും മാറ്റി നിര്‍ത്തുന്നു.

പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ യുഎസ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ വിവാഹത്തെ എതിര്‍ക്കാനുള്ള ഒരു പ്രധാനകാരണമായി പറയുന്നത് സിങ്കിള്‍ പാരന്റിന്റെ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ രക്ഷിതാവ് വിവാഹം ചെയ്യുന്നതിലൂടെ ഇല്ലാതാകും എന്നതിനാല്‍ വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ ധാരാളമുണ്ട് എന്നതാണ്.

English summary

why-it-may-not-lead-to-marriage

The current trend is living a happy single life. . This generation emphasizes the enjoyment of single life,
Story first published: Monday, July 2, 2018, 15:22 [IST]
X
Desktop Bottom Promotion