For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈങ്കിളി പ്രണയ ലേഖനമല്ലിത്

By ഷനി
|

Loveletter
എന്റെ പ്രിയ സുഹൃത്തും ഷാര്‍ജ്ജ വിമാനത്താവളത്തിലെ എയര്‍ അറേബ്യ വിമാന കമ്പനി ജീവനക്കാരനുമായ ഇവന്‍ ഈയ്യിടെ ഒരു പ്രണയ ലേഖനം അയച്ചു. മലപ്പുറം ജില്ലയിലെ മമ്പാട്ടിലേക്ക് പോസ്റ്റ് ചെയ്ത കത്ത് ആര്‍ക്കാകുമെന്ന് തന്നെ വൈമാനിക ലോകത്തുള്ളവര്‍ക്കു കൂടിയറിയം...

ഇന്നലെ ഇവന്‍റെ മുറിയിലെ കട്ടിലിന്‍റെ മൂലയില്‍ നിന്ന് ഇതിന്‍റെ എഡിറ്റു ചെയ്യാത്തതും എന്നാല്‍ അധിക പരിണാമത്തിന് വിധേയമായിക്കാണില്ല എന്നു ഞാന്‍ കരുതുന്നതുമായ ഇതിന്‍റെ ഒരു കോപ്പി എനിക്കു കിട്ടി. യഥാര്‍ത്ഥ കോപ്പിയെന്ന് മനസ്സിലാക്കിയ ഞാന്‍ ഇത്തരത്തിലൊരു കൃത്യത്തിന് ഒരുങ്ങിയതിന്‍റെ കാര്യമെന്തെന്നല്ലേ...അവന്‍റെ കാമുകിയും എന്‍റെ പ്രിയ സുഹൃത്തുമായ ഇവളുടെ നിരന്തരമായ ആവശ്യം കല്യാണം ഉടനെ നടത്തണം എന്നതാണ്. എന്നാല്‍ കഥാ നായകനാകട്ടെ അതിലൊട്ടും താല്‍‌പര്യമില്ലാത്തത് പോലെയാണ് പെരുമാറ്റം. ഇത് പ്രവാസ ലോകത്തെ കൂട്ടുകാരൊക്കെ ചര്‍ച്ച ചെയ്യാനും അവനെ ഉപദേശിക്കാനും തുടങ്ങി. അതു കേട്ട് മടുത്തിട്ടാകണം അവനിങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഞാന്‍ കരുതുന്നു.

അതല്ലാതെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ ട്വിറ്റര്‍ വഹിച്ച പങ്കു പോലെയും ഈജിപ്തിലെ ജനാധിപത്യപോരാട്ടങ്ങളില്‍ ഫേസ് ബുക്കും മറ്റ് സാമൂഹിക വെബ്സൈറ്റുകളും വഹിച്ച പങ്കുപോലെയും മറ്റൊരു മഹത്തായ വിപ്ലവത്തിന്‍റെ ആദ്യപടിയൊന്നുമായിരിക്കില്ല ഇതെന്ന് എനിക്ക് നന്നായറിയാം. എങ്കിലും പ്രണയ സാത്ഷാത്കാരം വിവാഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് ഞാനിതിന്‍റെ പകര്‍പ്പ് പോസ്റ്റ് ചെയ്യുന്നത്...പ്രണയിച്ചുകൊണ്ടെയിരിക്കുക അതാണത്രെ ജീവിതം...ഇതിനു പക്ഷെ അവന്‍റെ ചിന്തകളുടെ കൂട്ടുകാരി സമ്മതിക്കുമെന്നു തോന്നുന്നില്ല.

കാമുകി കേരളത്തിലെ ഒരു പ്രമുഖ കോളജില്‍ എം എസ് സി മാത്തമാറ്റിക്സ്(കണക്കില്‍ ബിരുദാനന്തര ബിരുദം) ചെയ്യുന്നുകത്തുകളിലുടനീളം അവന്‍ ഉപയോഗിച്ച സാഹിത്യ പ്രയോഗങ്ങള്‍ മാര്‍ക്കേസിന്‍റേതോ അതോ മയക്കയേവ്സ്കിയുടേതോ എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു!

നമുക്കത് ഇങ്ങനെ വായിക്കാം

എന്റെ കണക്കുകൂട്ടലുകളുടെ ആകത്തുകക്കാരീ,

ഒരു ഗള്‍ഫുകാരന്‍റെ ജീവിതത്തെക്കുറിച്ചുള്ള നിന്‍റെ അറിവുകള്‍ വളരെ തുച്ഛമായിരിക്കും. ‍‍അവ അങ്ങിനെ തന്നെയിരിക്കട്ടെ, എല്ലാ അനുഭവങ്ങളും പങ്കുവെക്കാന്‍ പറ്റാത്തതാണ്. നിന്നോട് സംസാരിക്കുന്ന, നിനക്കെഴുതുന്ന നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന അനുഭൂതി എനിക്ക് നല്‍കാന്‍ മറ്റൊന്നിനും ഇതുവരെ ആയിട്ടില്ല.

നിന്നെക്കുറിച്ചെഴുതുമ്പോള്‍ മാത്രമാണ് എന്‍റെ ഭാഷ ഭാവ തീവ്രമാകുന്നതെന്ന് എന്‍റെ ചങ്ങാതിയും പ്രശസ്ത പത്രപ്രവര്‍ത്തകനും നിരൂപകനും ആകേണ്ടിയിരുന്ന'---------'പറയുമായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നുന്നു അത്രക്കേറെ ഞാനെഴുതിയിട്ടുണ്ട്, പക്ഷെ അതെല്ലാം ഞാന്‍ ജോലി കഴിഞ്ഞ് ക്ഷീ‍ണിച്ചെത്തുമ്പോള്‍ എനിക്കു കൂട്ടായി എന്നോടൊപ്പം വിശ്രമിക്കാറാണ് പതിവ്. എനിക്കറിയാം നീ നിന്‍റെ ഇടുങ്ങിയ ഹോസ്റ്റല്‍ മുറിയുടെ ഗുപ്ത സൌന്ദര്യം ആസ്വദിച്ചോ അല്ലെങ്കില്‍ ഇനിയും വായിക്കാനും കണ്ടുപിടിക്കാനും പറ്റാത്ത സഖ്യകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലൊ ആയിരിക്കും, അല്ലെങ്കില്‍ അതിലേറെ ഞാനും നീയുമൊന്നിച്ചുള്ള സ്വപ്നങ്ങളിലൂടെയുള്ള ഉലാത്തലിലായിരിക്കും.

എന്താണ് നിന്‍റെ 'മുറി'പകുത്തകൂട്ടുകാരിയുടെ വര്‍ത്തമാനങ്ങള്‍? അവള്‍ക്കിപ്പോഴും നമ്മുടെ പ്രിന്‍സിയെ പേടിയാ‍ണോ? അല്ലെങ്കില്‍ തന്നെ നമുക്കു രണ്ടുപേര്‍ക്കുമൊഴിച്ച് മറ്റാരാണയാളെ പേടിക്കാതിരിക്കുന്നത്. (അയാള്‍ വരുന്നത് നിനക്ക് മുന്‍‌കൂട്ടി മെസേജ് കിട്ടുമായിരുന്നതു കൊണ്ടും, അനസ് നമുക്ക് കാവല്‍ നില്‍ക്കാറുള്ളതുകൊണ്ടും നമുക്കയാളെ പേടിക്കേണ്ടി വന്നില്ലല്ലോ!!!) ഇപ്പോഴും നിങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന് ‍(വേടന്‍) കറുത്ത പര്‍ദ്ദയിടുന്ന തടിച്ച സ്ത്രീ തന്നെയാണല്ലോ.

എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്. ഓര്‍ക്കാന്‍ വയ്യാത്ത ചെറു നൊമ്പരങ്ങളായി എല്ലാം അവശേഷിക്കുന്നു. ചെറിയച്ചന്‍റെ ഹോട്ടലിലെ ബിരിയാണിയും,ചേച്ചിയുടെ കഞ്ഞിയും, മന്ന ഹോട്ടലിലെ തലേന്നത്തെ പൊറോട്ട ചൂടാക്കിയതും, കാക്കാന്‍റെ പീടികയിലെ ഉപ്പിലിട്ട നെല്ലിക്കയും....ഒരിക്കല്‍ ഞാന്‍ നിനക്ക് നല്‍കിയ ചുംബനത്തെക്കുറിച്ച് നീ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു എന്‍റെ ചുംബനത്തിന് ബിരിയാണിയുടെ ചുവയാണെന്ന്..ശരിയാണ് ഉച്ചക്ക് ധൃതിപിടിച്ച ഭക്ഷണസമത്ത് നിന്‍റരികിലേക്ക് ഓടിയെത്താനുള്ള ജഗപൊകയില്‍ വായ കഴുകുന്നതിലൊന്നും ഞാനല്ല ഒരു കാമുകനും വിശ്വസിച്ചിരിക്കില്ല.

പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഞങ്ങളൊക്കെ പത്താം ക്ലാസില്‍ വെച്ചവസാനിപ്പിച്ച കണക്കില്‍ ഇനിയുമെന്താണ് നീ പോസ്റ്റ് ഗ്രജ്വേഷനൊക്കെ ചെയ്യുന്നതെന്ന്. ഏതായാലും മാസാവസാനം കിട്ടുന്ന ശമ്പളം വീട്ടിലേക്കയച്ചും മുറിവാടകയും ഹോട്ടല്‍ ബില്ലും കൊടുത്തതിന് ശേഷവും അവശേഷിക്കുന്ന തുക കണക്കുകൂട്ടാന്‍ മൂന്നാം ക്ലാസില്‍ ഇണ്ണിംകുട്ടി മാഷ് കണ്ണുരുട്ടി പഠിപ്പിച്ച കണക്കു തന്നെ ധാരാളം!

എനിക്കറിയാം നമ്മുടെ വിവാഹം നീണ്ടുപോകുന്നതില്‍ നിനക്ക് വേവലാതിയുണ്ടെന്ന്,
ഇത്തവണ വന്നപ്പോഴും വിവാഹത്തെക്കുറിച്ച് കാര്യമായൊന്നും ഞാന്‍ പറയാത്തതില്‍ നിനക്ക് പരിഭവമുണ്ടെന്നും എനിക്കറിയാം,
എനിക്കറിയാം വിവാഹവും മറ്റുചടങ്ങുകളും ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയിലേക്കുള്ള ക്ഷണമാണെന്ന്..

മടുപ്പുളവാക്കുന്നതും മുരടിച്ചതുമായ ഒരു ചടങ്ങാണ് വിവാഹമെങ്കിലും നിന്നെ സ്വന്തമാക്കണമെന്ന അതികഠിനമായ ആഗ്രഹത്തിന്‍റെ വലിപ്പക്കണക്കുകള്‍ക്കു മുമ്പില്‍ ഞാന്‍ തോറ്റുപോകുന്നു. ധൃതിപിടിച്ച് ഞാനോടി നാട്ടിലേക്ക് വരുന്നതതെന്തിനാണെന്ന് എന്‍റെ സ്നേഹ നിധികളായ മാതാപിതാക്കളെപ്പോലെ നിനക്കുമറിയാം (സുഹൃത്തുക്കളുടെ വിചാരം അവരെ കാണാനാണെന്നാണല്ലോ പക്ഷെ ഉമ്മക്കറിയാം കെട്ടോ നിന്നെക്കാണാന്‍ മാത്രമാണ് ഞാന്‍ വരുന്നതെന്ന്). പക്ഷെ എന്നിട്ടും നിന്‍റെ പരിഭവങ്ങള്‍ക്കറുതിയാവുന്നില്ലല്ലോ എന്‍റെ പ്രാണ പ്രേയസീ..

കഴിഞ്ഞ വരവില്‍ നിന്‍റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ എന്നോട് ചോദിച്ചില്ലേ എന്തിനാണ് ഈ രണ്ടു ദിവസത്തിന് മാത്രമായി ഇങ്ങനെ മണ്ടിപ്പാഞ്ഞ് വരുന്നതെന്ന്... മറുപടിയും എന്‍റെ കണ്ണിലേക്ക് നോക്കി നീ തന്നെ പറഞ്ഞല്ലോ. കമ്പനി വക ടിക്കറ്റ്, എപ്പോള്‍ വേണമെങ്കിലും ലീവ്..ഹൊ എനിക്ക് വയ്യ നാട്ടിലെന്നെക്കുറിച്ച് പ്രചരിക്കുന്ന വര്‍ത്തമാനങ്ങളില്‍ ചിലതാണിവ, അവര്‍ക്കറിയില്ലല്ലോ..വിമാന കമ്പനി എനിക്കു തരുന്ന ടിക്കറ്റിനെക്കുറിച്ചും, രാവും പകലും ഭേദമില്ലാതെ ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ചും .

നീ കരുതുന്നതു പോലെ ഞാനൊരു മുഴു കുടിയനോ സിഗരറ്റ് വലിക്കാരനോ അല്ല കെട്ടോ. നമ്മുടെ സ്നേഹതീവ്രതയില്‍ അസൂലായുക്കളായ ചില അസാന്മാര്‍ഗ്ഗ ചങ്ങാതിമാരുടെ ഇടപെടലുകളുടെ ഫലമായുണ്ടായ കുപ്രചാരങ്ങളും ഗോസിപ്പുകളും മാത്രമാണതെന്നു നീ അറിയുക. അല്ലെങ്കില്‍ തന്നെ ഓരോ മണിക്കൂറിലുമുള്ള കുറഞ്ഞ ഇടവേളകളില്‍ സ്മോക്കിംഗ് ലോഞ്ചുകളില്‍ നിന്ന് കത്തിക്കുന്ന മാള്‍ബറൊ പഫിന് ഒരിക്കലും നിന്‍റെ ചുണ്ടുകളുടെ മാധുര്യവും ആഴ്ച്ചാവസാനങ്ങളില്‍ ലഭിക്കുന്ന ഒരൊഴിവു ദിവസത്തില്‍ കഴിക്കാവുന്ന മുഴുവന്‍ പെഗ്ഗുകള്‍ക്കും പെണ്ണേ നിന്‍റെയുടലിന്‍റെ ലഹരിയും പകരാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്നിട്ടും നീ എന്നെ സംശയിച്ചല്ലോ,

സാരമില്ല അതൊക്കെയും എന്നോടുള്ള നിന്‍റെ സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാന്‍. താമസിയാതെ നിന്‍റരികില്‍ ഓടിയെത്താനും നമ്മുടെ സ്വപ്ന തീരമായ സ്വിറ്റ്സര്‍ലാന്‍ഡിലെ ചെറു ദ്വീപ സമൂഹങ്ങളില്‍ ‍(കരുവാരക്കുണ്ടിലെ തരിശ്) നമ്മുടേതുമാത്രമായ ദിനങ്ങള്‍ സ്വന്തമാക്കാനുമായി ഞാനോടിയെത്തും.

എനിക്ക് നിന്നോട് ഒന്ന് മാത്രമേ പറയാനുള്ളൂ അത് എന്നെ സ്നേഹിക്കുക എന്നതാണ‍്. പിന്നെ ഒന്നുകൂടി പറയാനുള്ളത് എന്നെ സ്നേഹിക്കുക എന്നതുതന്നെയാണ‍്. അടുത്ത ലീവ് വരെയും….പിന്നെത്തെ ലീവ് വരെയും……
സ്നേഹത്തോടെ നിന്‍റെ സ്വപ്നങ്ങളുടെ വൈമാനികന്‍ (നീ അവസരം തന്നാല്‍)

മാധ്യമരംഗത്ത് ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശിയായ ഷനിയുടെ ബ്ലോഗിലേതാണ് ഈ പ്രണയലേഖനം. ഷനിയുടെ ബ്ലോഗ്.

English summary

Valentines Day, Love, Love Letter, വാലന്റൈന്‍സ് ഡെ, പ്രണയം, പ്രണയലേഖനം

Love can be expressed in different methods, but the most timeless and most treasured will always remain the classic love letter,
X
Desktop Bottom Promotion