ക്ഷയരോഗത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാം

Posted By: BHAGYA CHELLAPPAN
Subscribe to Boldsky

ഒരു രാജ്യത്തിന്റെ സമ്പത്ത് ആരോഗ്യവും പ്രസന്നതയും ഉള്ള അവിടത്തെ കുഞ്ഞുങ്ങളാണ്. കുട്ടികളുടെ ആരോഗ്യം മാതാപിതാക്കൾക്ക് എന്നും ആശങ്കയുളവാക്കുന്നു. എത്ര സൂക്ഷിച്ചാലും പലപ്പോഴും കുട്ടികൾ രോഗാതുരരാവാറുണ്ട്. അവർ മണ്ണിലും ചെളിയിലും കളിക്കുന്നു. അവരുമായി ഇടപഴകുന്ന എല്ലാവരും വൃത്തി ഉള്ളവർ ആവണമെന്നില്ല. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ടും കുട്ടികൾക്ക് രോഗം പിടിപെടുന്നു.

baby

അടുത്ത കാലം വരെ ഭാരതത്തിൽ ഭയപ്പാട് ഉണർത്തിയ ഒരു രോഗമാണ് ടിബി അഥവാ ട്യൂബർകുലോസിസ്.പെട്ടെന്ന് പകരുന്നതും നീണ്ട ചികിൽസ ആവശ്യമുള്ളതുമായ ഈ രോഗം ഭാരതത്തിൽ നാശം വിതച്ചു. ലോകത്തിൽ നാലിൽ ഒരു ഭാഗം ടിബി ഭാരതത്തിലാണ്. ഓരോ പത്ത് ടിബി രോഗികളിലും ഒരു കുഞ്ഞുണ്ട്. ഓരോ വർഷവും രണ്ടു ലക്ഷത്തോളം കുട്ടികൾക്ക് ടിബി വരുന്നു. രണ്ടു വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് പെട്ടെന്ന് രോഗം പിടിപെടാം. അവർക്ക് പ്രതിരോധശേഷി കുറവായതിനാലാണ് ഇത്. നല്ല മരുന്നുകളും നല്ല ചികിൽസയും ഇപ്പോൾ ലഭ്യമാണ്. പക്ഷെ കുഞ്ഞുങ്ങൾക്ക് ടിബി അപകടകരമായിത്തന്നെ തുടരുന്നു. അതുകൊണ്ടു ടിബിയിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

baby

ടിബി എങ്ങനെ പകരുന്നുവെന്നും രോഗലക്ഷണങ്ങൾ എന്തൊക്കെയെന്നും നോക്കാം.

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ പടർത്തുന്ന രോഗമാണ് ടിബി അഥവാ ട്യൂബർകുലോസിസ്. ശ്വാസകോശത്തിനെയാണ് രോഗാണു ആദ്യം ആക്രമിക്കുന്നത്. പിന്നീട് രക്തത്തിൽ കൂടി അത് ശരീരത്തിലെമ്പാടും വ്യാപിക്കുന്നു. ശ്വാസകോശത്തിലെ രോഗാണു ബാധയെ പ്രാഥമിക ഘട്ടം എന്നു വിളിക്കാം. രണ്ടാം ഘട്ടത്തിൽ രോഗം നട്ടെല്ല്, തലച്ചോറ്, കിഡ്നി എന്നിവയ്ക്കു പുറമെ രക്തത്തിലെ മജ്ജയെയും ബാധിക്കുന്നു.

ടിബി വായുവിൽ കൂടി പകരുന്ന ഒരു രോഗമാണ്. ഒരു രോഗി സംസാരിക്കുമ്പോഴോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴൊ രോഗാണു വായുവിൽ കലരുന്നു. പിന്നീട് അത് ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്. കുടുസ്സു മുറികളിൽ താമസിക്കുന്ന പാവപ്പെട്ടവർ കൂടുതലായി ഈ രോഗത്തിനു അടിമപ്പെടുന്നത് അങ്ങനെ ആണ്. രോഗാണു ഉള്ളിൽ പ്രവേശിച്ചിട്ടും രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കാത്തവർ ഉണ്ട്. ഇത് ലാറ്റന്റ് ടിബി എന്നു അറിയപ്പെടുന്നു. രോഗലക്ഷണങ്ങൾ മുഴുവനായി കാണിക്കുന്നത് ആക്ടീവ് ടിബി ആണ്. ലാറ്റന്റ് ടിബി പകരാനുള്ള സാധ്യത നന്നെ കുറവാണ്.

baby

കുട്ടികൾക്ക് എങ്ങനെയാണ് ഈ രോഗം വരുന്നത് എന്നു നോക്കാം. ഗർഭിണിയായ അമ്മയ്ക്ക് രോഗം വന്നാൽ ഗർഭസ്ഥ ശിശുവിന് രോഗം വരും. അമ്മ മരുന്ന് കഴിക്കുന്നതിലൂടെ ഇത് തടയാൻ കഴിയും. വീട്ടിൽ ആർക്കെങ്കിലും ടിബി ഉണ്ടെങ്കിൽ കുഞ്ഞിന് അത് പകരാനുള്ള സാധ്യത ഉണ്ട്. രോഗമുള്ള പശുവിന്റെ പാലിലൂടെ രോഗം വരാം. അണുമുക്തി വരുത്തിയ പാലു മാത്രം കൊടുക്കാൻ ശ്രദ്ധിക്കണം. മുലപ്പാലൂട്ടുന്ന അമ്മമാർ രോഗമുക്തി വന്നവരൊ മരുന്ന് കഴിക്കുന്നവരോ ആയിരിക്കണം.

baby

കുഞ്ഞുങ്ങളിലെ രോഗലക്ഷണങ്ങൾ എന്തൊക്കെയെന്നു നോക്കാം.

രണ്ടാഴ്ചയായി നീണ്ടു നിൽക്കുന്ന ചുമ, രാത്രിയിൽ മാത്രം പനി, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, വീർത്ത് നിൽക്കുന്ന ലിംഫ് ഗ്രന്ഥികൾ ഇതൊക്കെ കണ്ടാൽ കുഞ്ഞിനെ ഉടൻ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകണം. അമാന്തം പാടില്ല. ടിബിയുടെ ചികിൽസയിൽ ഏറ്റവും പ്രധാനം കാലതാമസം കൂടാതെ രോഗം തിരിച്ചറിയുക എന്നുള്ളതാണ്. വൈകുന്തോറും രോഗി രക്ഷപ്പെടാനിള്ള സാധ്യത കുറഞ്ഞു പോകുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.

ടിബി കണ്ടുപിടിക്കാൻ നിരവധി ടെസ്റ്റുകൾ ഇപ്പോൾ ലഭ്യമാണ്. ഒരു ചെറിയ അളവ് ടിബി പ്രോട്ടീൻ ശരീരത്തിൽ കുത്തി വെക്കുന്നതാണ് മാന്റോ ടെസ്റ്റ്. ശ്വാസകോശങ്ങളുടെ എക്സ്റേ മറ്റൊരു മാർഗ്ഗമാണ്. കഫം പരിശോധിച്ച് ബാക്ടീരിയ ഉണ്ടോന്ന് നോക്കാം. ഇതിൽ ഏതെങ്കിലും ഒന്നോ എല്ലാമോ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ചെയ്യുക

bby

കുഞ്ഞിന് ടിബി സ്ഥിരീകരിച്ചാൽ വീട്ടിലെ മറ്റു അംഗങ്ങളും കുഞ്ഞുമായി സ്ഥിരം സമ്പർക്കത്തിൽ വരുന്നവരും ഉടനടി പരിശോധനകൾക്ക് വിധേയരാവണം. അവർക്ക് ടിബി ഉണ്ടാവാനുള്ള സാധ്യത ഏറെ കൂടുതൽ ആണ്.

ചികിൽസ ആരംഭിച്ചാൽ ആറുമാസത്തോളം തുടർച്ചയായി മരുന്നു കഴിക്കണം. രോഗലക്ഷണങ്ങൾ മാറി കഴിഞ്ഞാൽ മരുന്നു നിറുത്തരുത്. ബാക്ടീരിയ ഇല്ലാതെ ആവാൻ ആറു മാസത്തെ മരുന്നു നിർബന്ധമാണ്. മരുന്നു ഒരിക്കൽ നിറുത്തി വീണ്ടും രോഗലക്ഷണങ്ങൾ പുറത്ത് വന്നാൽ ആറു മാസം തുടർച്ചയായി പിന്നെയും മരുന്ന് കഴിക്കേണ്ടതായി വരും. അതു കൊണ്ടു മരുന്നിന്റെ കാര്യത്തിൽ ഒട്ടും ഉപേക്ഷ പാടില്ല. ചികിൽസയുടെ ആദ്യ രണ്ടാഴ്ച കുഞ്ഞിനെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കരുത്. ഈ സമയത്താണ് രോഗം പെട്ടെന്ന് പകരുന്നത്. കുഞ്ഞിന് ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് പോഷകാഹാരങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കണം. ആരോഗ്യം വീണ്ടെടുക്കാനും പെട്ടെന്നുള്ള രോഗശമനത്തിനും ഇത് അത്യാവശ്യമാണ്.

baby

ടിബി വരാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്നു നോക്കാം. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാവൂ. ഇത് കുഞ്ഞിന് പ്രതിരോധ ശേഷി നൽകും. വീടും പരിസരവും വ‍ൃത്തിയായി സൂക്ഷിക്കണം. സ്ഥിരം സമ്പർക്കത്തിൽ വരുന്ന ആർക്കെങ്കിലും രോഗം ഉണ്ട് എന്നു അറിഞ്ഞാൽ ഉടൻ സ്വയം ടെസ്റ്റിനു വിധേയരാവണം. കുഞ്ഞുങ്ങളെയും ടെസ്റ്റിനു വിധേയരാക്കണം. പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടെങ്കിലും രോഗിയുമായി സ്ഥിരം സമ്പർക്കത്തിൽ വന്നാൽ രോഗം പകരും. അമ്മ രോഗിയാണെങ്കിൽ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ മാത്രം കുഞ്ഞിന് പാൽ കൊടുക്കുക. അല്ലെങ്കിൽ മുലപ്പാലിലൂടെ രോഗം പകരും.

English summary

ക്ഷയരോഗത്തിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാം

A blood test can check for antibodies to the bacterium that causes TB. If baby has antibodies, he’s been exposed to TB. The advantage of a blood test over the TB skin test is that the blood test requires only one visit to the clinic; the skin test requires you to return in a few days for a reading
Story first published: Friday, April 27, 2018, 18:30 [IST]