For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിന്റെ ലൈക്ക് ഈ കുട്ടി കിക്കിന്

|

ലോകം മുഴുവന്‍ പറന്നു നടക്കുകയാണ് നിലമ്പൂരിലെ കുട്ടികള്‍ തൊടുത്ത ആ പന്ത്. എന്തൊരു ഭംഗിയായിരുന്നു അതിന്.. ഒരു ഫുട്‌ബോള്‍ കളിയുടെ വീഡിയോ ദൃശ്യമാണ് കായിക ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫ്രീ കിക്ക് വിദഗ്ധരായ ഫുട്‌ബോള്‍ താരങ്ങളെപ്പോലും കൈയടിപ്പിക്കുന്ന തരത്തില്‍ കിക്ക് എടുത്താണ് ഈ കുരുന്നുകള്‍ ലോകശ്രദ്ധ നേടിയത്.

ടെലിവിഷന്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ മാത്രം കാണാനാവുന്ന തരത്തിലുള്ള ഇത്തരം ഫ്രീ കിക്കിന് ഇത്തവണ വേദിയായത് നിലമ്പൂരിലെ ഒരു ഗ്രാമീണ സ്‌കൂളിലാണെന്നു മാത്രം. കെ.ബി.എഫ്.സി മഞ്ഞപ്പട സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ലോകം മുഴുവനുള്ള ഫുട്‌ബോള്‍ ആരാധകര്‍ കുട്ടികളെ നെഞ്ചേറ്റിയത്. നിരവധി ഫുട്‌ബോള്‍ ഗ്രൂപ്പുകളിലേക്കും സോഷ്യല്‍ മീഡിയകളിലേക്കും ഈ വീഡിയോ ഇതിനകം ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടി. നിരവധി രാജ്യാന്തര ലോകോത്തര താരങ്ങളാണ് ഈ വീഡിയോയെ പുകഴ്ത്തി എത്തിയിരിക്കുന്നത്.

മലപ്പുറം നിലമ്പൂര്‍ പൂളപ്പാടം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒറ്റ ഫ്രീ കിക്ക് കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെട്ടത്. ഇവരുടെ ഈ ഫ്രീ കിക്ക് ഗംഭീരമായെന്നു പറഞ്ഞു രംഗത്തെത്തിയവരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മത്തേയസും സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷക്കീരിയും ബയണ്‍ മ്യൂണിക്കിന്റെ ബ്രസീലിയന്‍ താരം ഫിലിപ് കുടീന്യോ, ബാഴ്‌സലോണ താരങ്ങളായ ഫ്രാങ്കി ഡിയോങ്, ഇവാന്‍ റാകിട്ടിച്ച് എന്നിവങ്ങനെ നീളുന്നു ഈ നിര.

കായികാധ്യാപകന്‍ ശ്രീജുവാണ് ഇവരുടെ ഈ സുന്ദര ഫ്രീകിക്ക് ഒപ്പിയെടുത്തത്. ഫ്രീ കിക്ക് എടുക്കാന്‍ തയ്യാറായി നാലു പേര്‍. ഇവരെ പ്രതിരോധിക്കാനായി ഗോളിയും ബോക്‌സിനു മുന്നില്‍ മറ്റു കളിക്കാരും. നിര്‍ദേശങ്ങള്‍ നല്‍കിയത് മുഴുവന്‍ ഗോള്‍കീപ്പര്‍. കിക്കെടുക്കാന്‍ വലതു വശത്തു നിന്നും ഇടതു വശത്തു നിന്നുമായി ഓടിയത്തിയ രണ്ടു പേരും പന്തില്‍ തൊടാതെ ഒഴിഞ്ഞു. പന്തിനു നേരെ ഓടിയെത്തിയ മൂന്നാമനും എതിര്‍ ടീമിനെ കബളിപ്പിച്ച് ഒഴിഞ്ഞുമാറി. ഇതിനു പിന്നാലെയാണ് ആ സുന്ദര നിമിഷം പിറന്നത്. തൊട്ടുപിന്നാലെ ഓടിയെത്തിയ നാലാമന്റെ കിടിലന്‍ കിക്ക്. പ്രതിരോധ മതിലും ഗോളിയും മറികടന്ന് ഫുട്‌ബോള്‍ വലയിലായി. ഇതിലൂടെ പ്രേക്ഷകരുടെ ഹൃദയവും വലയിലാക്കി ഈ കുട്ടിപ്രതിഭകള്‍.

കായികാധ്യാപകന്‍ ശ്രീജു ഫെയ്‌സ്ബുക്കിലിട്ട വീഡിയോ പിന്നീടു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ ഫാന്‍ ഗ്രൂപ്പായ മഞ്ഞപ്പട ഇന്‍സ്റ്റഗ്രാമിലേക്ക് പങ്കുവയ്ക്കപ്പെട്ടു. ദ വേള്‍ഡ്‌സ് ഗെയിം എന്ന പേരിലാണ് ഈ വീഡിയോ മഞ്ഞപ്പട ട്വീറ്റ് ചെയ്തത്. പിന്നീടിത് രാജ്യാന്തര ഫുട്‌ബോള്‍ ഫാന്‍ ഗ്രൂപ്പ് 433 പങ്കുവച്ചതോടെയാണ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേര്‍ ഈ വീഡിയോ കാണുകയും ലൈക്ക് നേടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഒറ്റ ഫ്രീ കിക്കിലൂടെ തങ്ങളുടെ സ്‌കൂളും കുട്ടികളും ലോകശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും നാട്ടുകാരും.

English summary

World Class Free Kick By School Students

The world class free kick video by some school students in malappuram has taken the internet by storm. This video has been lauded by legend Lothar Matthaus and Liverpool player Xherdan Shaqiri.
X