For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ട്വിറ്ററില്‍ മാസ്റ്ററായി വിജയ്': 2020ല്‍ ഏറ്റവുമധികം ട്വിറ്റര്‍ റീട്വീറ്റ് വിജയ്‌യുടേത്

|
Most Liked And Retweeted Tweets in India 2020

ട്വിറ്ററില്‍ താരമായി തമിഴ് താരം വിജയ്. ഈ വര്‍ഷം ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് തമിഴകത്തിന്റെ സ്വന്തം 'ദളപതി'യുടേതായി മാറി. ഒന്നര ലക്ഷത്തില്‍ കൂടുതല്‍ റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ആരാധകര്‍ക്ക് നന്ദി അറിയിച്ച് വിജയ് പങ്കുവെച്ച സെല്‍ഫിക്കുള്ളത്. വിജയ്‌യുടെ റിലീസിനൊരുങ്ങിയ പുതിയ ചിത്രമായ മാസ്റ്ററിന്റെ നെയ്‌വേലി ലൊക്കേഷനില്‍ നിന്നാണ് ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി അദ്ദേഹം പോസ്റ്റ് ചെയ്തത്. 2020 വര്‍ഷം അവസാനിക്കാറായതോടെ റീകാപ്പ് 2020യിലാണ് ട്വിറ്റര്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ലഭിച്ച ചിത്രം പ്രഖ്യാപിച്ചത്.

'ട്വിറ്ററില്‍ മാസ്റ്ററായി വിജയ്'

വിജയ്‌യുടെ വീട്ടിലെ ഇന്‍കം ടാക്‌സ് റെയ്ഡിന് തൊട്ടുപിന്നാലെയാണ് ഫെബ്രുവരി 10ന് താരത്തിന്റേതായി ആദ്യമായി ഒരു ഫോട്ടോ പുറത്തുവന്നത്. നെയ്‌വേലിയില്‍ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചത് ആരാധകര്‍ തടഞ്ഞിരുന്നു. ഇതിനുള്ള നന്ദി അറിയിച്ചുള്ള സെല്‍ഫി എന്നതിനപ്പുറം താന്‍ നേരിട്ട ബുദ്ധിമുട്ടുകളും തന്റെ നിരപരാധിത്തവും ആരാധകരുടെ പിന്തുണയും വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയായിട്ടാണ് ഈ ട്വീറ്റിനെ വിലയിരുത്തപ്പെട്ടത്. 145.8k റീ ട്വീറ്റുകളാണ് ചിത്രം നേടിയത്. വാനിന് മുകളില്‍ കയറി നിന്ന് വിജയ് ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതാണ് ചിത്രം. എന്തുതന്നെയായാലും ട്വിറ്ററില്‍ 'ദളപതി' നേടിയ ഈ വിജയം ആഘോഷമാക്കി എടുത്തിരിക്കുകയാണ് ആരാധകര്‍. ട്വിറ്ററില്‍ വലിയ കാംപെയിനിനും ആരാധകര്‍ തുടക്കമിട്ടു കഴിഞ്ഞു.

കൂടുതല്‍ റീട്വീറ്റ് ചെയ്ത രാഷ്ട്രീയ ചിത്രം പ്രധാനമന്ത്രിയുടേത്

പ്രധാനമന്ത്രി നരേന്ദ്രമോദി വിളക്ക് തെളിയിക്കുന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്ത രാഷ്ട്രീയ ചിത്രമായി ട്വിറ്റര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് മഹാമാരി കാരണം ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റുകളിലൂടെ ആളുകളോട് വീട്ടിലിരുന്ന് വിളക്കുകള്‍ കത്തിച്ച് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ 5 ന് രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റ് മെഴുകുതിരികള്‍, വിളക്കുകള്‍, മൊബൈല്‍ ഫോണ്‍ ടോര്‍ച്ചുകള്‍ എന്നിവ കത്തിക്കാന്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മഹാമാരിയുടെ സമയത്തെ ഈ ചിത്രം ട്വിറ്ററില്‍ നിന്ന് 118k റീട്വീറ്റുകളും 513k ലൈക്കുകളും നേടിയിരുന്നു. പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ട്വീറ്റാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ലഭിച്ച കായിക ട്വീറ്റായി മാറിയത്.

ഏറ്റവും കൂടുതല്‍ ലൈക്ക് കോഹ്ലി - അനുഷ്‌ക

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ചിത്രമായി വിരാട് കോഹ്‌ലി തന്റെ പത്‌നിയായ അനുഷ്‌ക ശര്‍മ്മയുമൊന്നിച്ചുള്ള ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. നിറവയറോടെയുള്ള അനുഷ്‌കയോടൊപ്പം കോഹ്‌ലി നില്‍ക്കുന്ന ഫോട്ടോയാണിത്. ആറ് ലക്ഷത്തിന് മുകളില്‍ ലൈക്കാണ് ചിത്രം നേടിയത്.

മോസ്റ്റ് ക്വോട്ടഡ് ട്വീറ്റ് അമിതാബ് ബച്ചന്‍

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡാണെന്ന് സ്ഥിരീകരിച്ച ട്വീറ്റാണ് ഏറ്റവും കൂടുതല്‍ എടുത്തുദ്ധരിച്ച(Most Quoted) ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

കോവിഡ് ഹാഷ്ടാഗ് മുന്നില്‍

2020ല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ് #COVID-19 ആണ്. കായിക വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ് ടാഗായി #IPL2020 മാറി. സുശാന്ത് സിംഗ് രാജ്പുത്, ഹാഥ്‌റാസ് കേസുകളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ട്വിറ്റര്‍ വിഷയങ്ങള്‍.

English summary

Most Liked And Retweeted Tweets in India 2020

Here is the list of most retweeted, liked, quoted tweets of India 2020. Take a look.
X
Desktop Bottom Promotion