For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോതിരം മോശമെങ്കില്‍ കല്യാണം കലങ്ങും

By Staff
|

Wedding
നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുകയെന്നത് പണ്ടാണെങ്കില്‍ അധികം നടപ്പുള്ള കാര്യമല്ല, എന്നാല്‍ ഇന്നത്തെക്കാലത്ത് സ്ത്രീധനത്തുക കുറഞ്ഞാല്‍ കല്യാണനിശ്ചയത്തിന്റെ സദ്യ പോരാതായല്‍, കാമുകനോ കാമുകിയോ നാടുവിട്ടാല്‍ ഒക്കെ കല്യാണം മുടങ്ങാറുണ്ട്.

എന്നാല്‍ ബ്രിട്ടനില്‍ കഥ തീര്‍ത്തും വ്യത്യസ്തമാണ്. അവിടത്തെ പെണ്‍കിടാങ്ങള്‍ കല്യാണ നിശ്ചയത്തിന് ചെറുക്കന്‍ അണിയിക്കുന്ന മോതിരം ഇഷ്ടമായില്ലെങ്കില്‍ കല്യാണം വേണ്ടെന്നുവെയ്ക്കുമത്രേ. അടുത്തിടെയുള്ള ചില സര്‍വ്വേ ഫലങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

പെണ്‍കുട്ടികള്‍ക്ക് പങ്കാളിയായി എത്തുന്നയാളിനെക്കുറിച്ച് ഒട്ടേറെ പ്രതീക്ഷകളാണത്രേ ഉള്ളത്. അപ്പോള്‍ കല്യാണ മോതിരം എന്ന പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ തങ്ങളെ സംതൃപ്തരാക്കാന്‍ കഴിയാത്ത പുരുഷന് എങ്ങനെ വിവാഹജീവിതം വിജയകരമാക്കാന്‍ കഴിയുമെന്നാണത്രേ പെണ്‍കുട്ടികളുടെ ചോദ്യം.

ബ്രിട്ടനിലെ പെണ്ണുങ്ങള്‍ ഭൂമിയും വീടും പോലുള്ള സമ്പത്ത് സ്വന്തമാക്കുന്ന കാര്യം കഴിഞ്ഞാല്‍ രണ്ടാമതായി പ്രാധാന്യം കൊടുക്കുന്നത് എന്‍ഗേജ്‌മെന്റ് റിങിനാണത്രേ. അതുകൊണ്ടുതന്നെ മോതിരം ഇഷ്ടമായില്ലെങ്കില്‍ അവര്‍ വിവാഹം വേണ്ടെന്നുവെയ്ക്കും.

വിവാഹനിശ്ചയം കഴിഞ്ഞ പലരും പങ്കാളി അണിയിച്ച മോതിരത്തില്‍ തൃപ്തരല്ലത്രേ. മറ്റുചിലരാവട്ടെ ചടങ്ങിന് മുമ്പേതന്നെ മോതിരം നോക്കി തങ്ങളുടെ അഭിപ്രായമനുസരിച്ച് അതിന് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. 41ശതമാനത്തോളം പേര്‍ മോതിരം സ്വന്തമായി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇത് സാധിക്കാത്തവരാണെങ്കില്‍ മോതിരം വാങ്ങാന്‍ പോകുന്ന പങ്കാളിയ്‌ക്കൊപ്പം തങ്ങളുടെ ഉറ്റസുഹൃത്തുക്കളില്‍ ആരെയെങ്കിലും കൂടെ അയയ്ക്കുകയാണത്രേ ചെയ്യുന്നത്. ചിലരാണെങ്കില്‍ സ്വന്തം അമ്മമാര്‍ ഇതിന്് മുന്‍കയ്യെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ഷോപ്പിങ് ചാനലായ ക്യുവിസിയാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്. എന്‍ഗേജ്‌മെന്റ് റിങ് എന്നത് വെറുമൊരു ആചാരത്തിന്റെ ഭാഗം മാത്രമല്ലെന്നും അതൊരു സ്റ്റാറ്റ്‌സ് സിംബല്‍ ആണെന്നും ക്യൂവിസി ചാനലിലെ റിലേഷന്‍ഷിപ്പ്് വിദഗ്ധന്‍ ജോ ബാരെറ്റ് പറയുന്നു. ബ്രിട്ടനിലെ സമൂഹം വളരെ മെറ്റീരിയലിസ്റ്റിക് ആണെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും ജോ പറയുന്നു.

Story first published: Saturday, October 2, 2010, 16:06 [IST]
X
Desktop Bottom Promotion