For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ അട്രാക്ടീവ് ആക്കൂ, പക്ഷേ....

By Lakshmi
|

Little Girl
സ്വന്തം കുട്ടികളെ ആരും കണ്ടാല്‍ കൊതിയ്ക്കുന്ന തരത്തില്‍ അണിയിച്ചൊരുക്കി നടത്താന്‍ ആഗ്രഹിക്കുന്നവരാണ് അച്ഛനമ്മമാര്‍, പെണ്‍കുട്ടികളുടെ കാര്യത്തിലാകുമ്പോള്‍ ഈ അണിയിച്ചൊരുക്കല്‍ ഒരു പടികൂടി മുന്നില്‍ നില്‍ക്കും.

സ്വന്തം കാര്യത്തില്‍ ഫാഷനും ട്രന്റുകളുമൊന്നും നോക്കാറില്ലെങ്കിലും മക്കളുടെ വേഷവിധാനത്തില്‍ ഇക്കാര്യങ്ങളെല്ലാം അമ്മമാര്‍ വാച്ച് ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ മക്കളെ ഫാഷനബിള്‍ ആക്കാന്‍ തിടുക്കം കൂട്ടുന്ന പല അമ്മമാരും കുട്ടികള്‍ക്ക് കുട്ടിത്തം നല്‍കുന്ന വസ്ത്രങ്ങളാണോ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും.

ശരീരഭാഗങ്ങള്‍ കാണിയ്ക്കുന്നതും ശരീരത്തില്‍ ഇറുകിക്കിടക്കുന്നതുമായ വസ്ത്രങ്ങളാണ് ഇന്ന് കിഡ് ഫാഷന്‍ രംഗത്ത് തരംഗമാകുന്നത്. എന്നാല്‍ പലപ്പോഴും ശാരീരിക വളര്‍ച്ച കൂടുതലുള്ള പെണ്‍കുട്ടികള്‍ക്ക് ഇത്തരം വസ്ത്രങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

പത്തുവയസ്സിന് ശേഷം പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഇറുക്കമില്ലാത്തതും ശരീരഭാഗങ്ങള്‍ അധികം കാണിക്കാത്തതുമായ വസ്ത്രങ്ങള്‍ തന്നെയായിരിക്കും നല്ലത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍പോലും ലൈംഗികപീഡനത്തിനിരയാകുന്നുവെന്ന വാര്‍ത്ത നിത്യേനയെന്നോണം കേള്‍ക്കുമ്പോള്‍ ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് അമ്മമാര്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

പെണ്‍കുട്ടികളെ സുന്ദരികളാക്കി നടത്തുമ്പോള്‍ത്തന്നെ ഒന്നുമറിയാത്ത പ്രായത്തില്‍ അവര്‍ പീഡനങ്ങള്‍ക്കിരയാക്കാനുള്ള സാഹചര്യം വസ്ത്രധാരണം വഴി ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

നെഞ്ചിന്റെ ഭാഗത്ത് പാഡുകള്‍ വച്ചുള്ള വസ്ത്രങ്ങള്‍ പോലും ഇന്ന് കുട്ടികള്‍ക്കായി ഇറക്കുന്നുണ്ട്. പത്തുവയസ്സാകുമ്പോള്‍ തന്നെ യൗവ്വനയുക്തരാണെന്ന് കാണിക്കുന്ന രീതിയിലുള്ള ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാനില്ല.

മാത്രവുമല്ല ചെറുപ്പത്തില്‍ അവരെ മാന്യമായ വസ്ത്രധാരണ രീതി ശീലിപ്പിച്ചാല്‍ മുതിരുമ്പോള്‍ അതിന്റെ അംശങ്ങള്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും.

വസ്ത്രധാരണവും ലൈംഗികപീഡനവും തമ്മില്‍ ബന്ധമില്ലെന്ന് ഒരു മറുവാദം ഉയരാമെങ്കിലും കുട്ടികളെ കുട്ടികളല്ലാതായി കാണുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് നടുവില്‍ സ്വന്തം കുഞ്ഞ് ഉപദ്രവിക്കപ്പെടരുതെന്ന അമ്മമാരുടെ പ്രാര്‍ത്ഥനകള്‍ക്ക് മുന്നില്‍ ഈ വാദം അസ്ഥാനത്തുതന്നെയാണ്.

Story first published: Wednesday, April 28, 2010, 15:50 [IST]
X
Desktop Bottom Promotion