For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞങ്ങള്‍ക്കും ശംബളം വേണം: വീട്ടമ്മമാര്‍

By Staff
|

HouseWife
കല്‍പ്പറ്റ: വീട്ടുജോലി ഒരു ജോലിയാണോ പുരുഷന്മാരോട്‌ ചോദിച്ചാല്‍ അല്ലെന്ന ഉത്തരം കിട്ടാനേ വഴിയുള്ളു. വീട്ടില്‍ നിനക്ക്‌ എന്താ ഇത്രയ്‌ക്ക്‌ പണിയെന്ന ചോദ്യം ഇടത്തരം കുടുംബങ്ങളിലെ ഏതൊരു വീട്ടമ്മയ്‌ക്കും കേട്ടുപരിചയമുള്ളതായിരിക്കും.

എന്നാല്‍ വീട്ടുജോലിയും ശംബളം കിട്ടേണ്ടുന്ന ഒരു ജോലിതന്നെയാണെന്നാണ്‌ വീട്ടമ്മമാരുടെ പക്ഷം. വീട്ടുജോലിയ്‌ക്ക്‌ വേതനമാവശ്യപ്പെട്ട്‌ ഇവര്‍ അവകാശപ്രഖ്യാപനത്തിന്‌ തയ്യാറെടുക്കുകയാണ്‌. വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിനാണ്‌ പ്രഖ്യാപനം നടക്കുക.

വീട്ടമ്മമാരുടെ സേവനം കൂലിയില്ലാത്ത പ്രവൃത്തിയല്ലെന്ന്‌ ഭരണകൂടം പ്രഖ്യാപിക്കണമെന്നും അതിന്‌ മിനിമം കൂലി നല്‍കാന്‍ നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട്‌ എട്ടോളം സ്‌ത്രീസംഘടനകളുടെ പ്രവര്‍ത്തകരാണ്‌ പ്രഖ്യാപനം നടത്തുക.

വയനാട്‌ ജില്ലയിലെ കല്‍പറ്റയിലാണ്‌ പ്രഖ്യാപനപരിപാടികള്‍ നടക്കുക. കേരള സ്‌ത്രീവേദി, വോയ്‌സ്‌, വിമന്‍സ്‌ വെല്‍ഫേര്‍ അസോസിയേഷന്‍, ജ്വാല, ജീവന, സര്‍വസേവാമണ്ഡലം, നീതിവേദി, സീഡ്‌ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരാണ്‌ വീട്ടമ്മമാരുടെ യൂണിയന്‌ പിന്നിലുള്ളത്‌.

സ്‌ത്രീ ശാക്തീകരണത്തിന്റെ പുത്തന്‍ ചുവടുവെയ്‌പ്‌ എന്ന നിലയിലാണ്‌ യൂണിയന്‍ രൂപീകരിക്കുന്നതെന്ന്‌ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാഷ്ട്രനിര്‍മാണത്തിലേര്‍പ്പെടുന്ന ഏവര്‍ക്കും സേവനത്തിനുള്ള പ്രതിഫലം ലഭിക്കണം. വീട്ടമ്മമാര്‍ അവധിപോലുമില്ലാതെ രാഷ്ട്രപുനര്‍നിര്‍മാണത്തിന്‌ നിരന്തരമായി സംഭാവന നല്‍കിവരുന്ന സാഹചര്യത്തില്‍ മിനിമം കൂലി അവരുടെ അവകാശമാണ്‌. വീട്ടമ്മമാരുടെ സേവനത്തിന്റെ മൂല്യം കണക്കാക്കിയാല്‍ അത്‌ ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പകുതിയിലധികം വരും.

പ്രതിദിനം മൂന്നുമുതല്‍ അഞ്ചുവരെ മണിക്കൂര്‍ അധികം ജോലിചെയ്യുന്നവരാണ്‌ ഓരോ വീട്ടമ്മയും. വീട്ടമ്മമാര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നത്‌ കൊണ്ടാണ്‌ ഉല്‍പാദന പ്രകൃയയില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ പുരുഷന്‌ കഴിയുന്നത്‌. ഈ സാഹചര്യത്തില്‍ വീട്ടമ്മമാരുടെ സേവനങ്‌ള്‍ രാജ്യം അംഗീകരിക്കണം- ഇതാണ്‌ വനിതാ പ്രവര്‍ത്തകരുടെ വാദം.

അവകാശപ്രഖ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്‌ച പത്തുമണിയ്‌ക്ക്‌ കല്‍പറ്റയിലെ കളക്ടറേറ്റ്‌ പടിക്കല്‍ നിന്നാരംഭിക്കുന്ന റാലി കൊച്ചി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ശാരദാ സജീവന്‍ ഉത്‌ഘാടനം ചെയ്യും.

Story first published: Friday, March 6, 2009, 12:22 [IST]
X
Desktop Bottom Promotion