For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ലീവ്‌ ലസ്‌ വസ്ത്രം ധരിക്കരുതെന്ന് മോറല്‍ പൊലീസ്‌

By Staff
|

ദില്ലി: പബില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഭാരത സംസ്‌കാരത്തെ നശിപ്പിക്കുന്നവരാണെന്നാരോപിച്ച്‌ ആക്രമണം അഴിച്ചുവിട്ട്‌ ധാര്‍മിക പൊലീസ്‌ ചമഞ്ഞ ശ്രീരാം സേനയുടെ പാത പിന്തുടര്‍ന്ന് മംഗലാപുരത്തെ ഗുണ്ടകളും രംഗത്ത്‌ .

കയ്യില്ലാത്ത വസ്‌ത്രങ്ങള്‍, ഇറുകിയ വസ്‌ത്രങ്ങള്‍, ഇറുകിയ ജീന്‍സ്‌ എന്നിവ ധരിച്ചു നടക്കുന്ന സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നാണ്‌ ഇവിടെത്ത ഗുണ്ടകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഭാരത സംസ്‌കാരത്തെ രക്ഷിക്കാനായിട്ടാണ്‌ ശ്രീരാമസേന തുടങ്ങിവച്ച നടപടികള്‍ ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്‌. പബ്‌ ആക്രമണത്തെത്തുടര്‍ന്ന്‌ കേന്ദ്രവനിതാ ശിശു ക്ഷേമ വകുപ്പ്‌ നിയോഗിച്ച രണ്ടംഗ സമതി മംഗലാപുരത്ത്‌ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ധാര്‍മിക പൊലീസുകാരുടെ നടപടികളെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നത്‌.

ജോയിന്റ്‌ സെക്രട്ടറി കിരണ്‍ ചദ്ദ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട്‌ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരിയ്‌ക്ക്‌ കൈമാറിയിട്ടുണ്ട്‌. പബ്‌ ആക്രമണത്തെ തുടര്‍ന്ന്‌ വസ്‌ത്രധാരണത്തിന്‌ നേരെ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളും മംഗലാപുരത്തെ സ്‌ത്രീകളെ വല്ലാതെ ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും ചെയ്‌തിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

ഒറ്റയ്‌ക്ക്‌ സഞ്ചരിക്കാന്‍ പോലും ഭയപ്പെടുന്ന സ്‌ത്രീകള്‍ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുമുണ്ട്‌. ഇതിനിടെ വിവിധ സംഘടനകള്‍ വാലന്റൈന്‍സ്‌ ഡേ ദിനം ആഘോഷിക്കുന്ന യുവാക്കളെയും യുവതികളെയും അക്രമിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

പ്രണയദിനം വിദേശ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത്‌ ഭാരതത്തില്‍ ആഘോഷിക്കാന്‍ പാടില്ലെന്നുമാണ്‌ പലസംഘടനകളുടെയും വാദം. ഈ ദിവസം കമിതാക്കള്‍ ആശംസകള്‍ കൈമാറുകയും സ്വകാര്യമായി സല്ലപിയ്‌ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ ശ്രീരാം സേനയുള്‍പ്പെടെയുള്ള സംഘടനകള്‍ തയ്യാറെടുക്കുകയാണത്രേ.

Story first published: Wednesday, February 4, 2009, 14:49 [IST]
X
Desktop Bottom Promotion