For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങളുടെ കളിത്തട്ടിലെ സ്‌ത്രീസാന്നിദ്ധ്യം

By Super
|

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള വനിതാ വ്യവസായ സംരംഭകര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വനിതകളാണ്‌ വനിതകള്‍ക്കിടയിലെ ലോകത്തെ മികച്ച സമ്പാദ്യക്കാരെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

ബ്രിട്ടനിലെ മുന്‍നിര വെല്‍ത്ത്‌ മാനേജരായ ബാര്‍ക്ലെയ്‌സ്‌ വെല്‍ത്ത്‌ പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. ബാര്‍ക്ലെയ്‌സ്‌ വെല്‍ത്ത്‌ ഇന്‍സൈറ്റ്‌: എ ക്വസ്റ്റ്യന്‍ ഓഫ്‌ ജന്‍ഡര്‍ എന്ന പേരിലാണ്‌ സര്‍വ്വേ നടത്തിയത്‌.

ആഗോളതലത്തില്‍ത്തന്നെ ഏഷ്യന്‍ വനിതകളുടെ സമ്പത്തും സ്വാധീനവും അതിശയകരമായ രീതിയല്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പൈതൃകമായി കിട്ടിയ വസ്‌തുവകകളില്‍ നിന്നും വിവാഹത്തിനു ശേഷവും സമ്പാദ്യമുണ്ടാക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി മിക്കവരും സ്വന്തം നിലയില്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും സമ്പാദിക്കുന്നവരാണ്‌.

ഏഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ഭൂരിഭാഗം സ്‌ത്രീകളും സ്വതന്ത്രമായ രീതിയില്‍ പണം സമ്പാദിക്കുന്നവരാണ്‌. ലോകത്തിലെ മറ്റെല്ലാ ഭാഗത്തെയും സ്‌ത്രീകളെ പിന്തള്ളിയാണ്‌ ഏഷ്യന്‍ വനിതകള്‍ സര്‍വ്വേയില്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്‌. ഇവരുടെ സമ്പാദ്യത്തില്‍ 26 ശതമാനവും ബിസിനസില്‍ നിന്നുള്ളതാണ്‌. ആഗോളതലത്തില്‍ നോക്കിയാല്‍ ബിസിനസില്‍ നിന്നും 20 ശമതമാനം സമ്പത്ത്‌ മാത്രമേ സ്‌ത്രീകള്‍ സമ്പാദിക്കുന്നുള്ളു.

ആഗോളതലത്തില്‍ സ്‌ത്രീകളുടെ സമ്പാദ്യത്തിന്റെ 83.9 ശതമാനവും വരുന്നത്‌ ശംബളത്തില്‍ നിന്നും ബിസിനസ്‌ ഉടമസ്ഥതയില്‍ നിന്നുമാണ്‌. 32.8 ശതമാനം വരുന്നത്‌ വ്യക്തിഗത നിക്ഷേപങ്ങളില്‍ നിന്നാണ്‌. വിവാഹം വഴി 24.7 ശതമാനവും വിവാഹബന്ധം വേര്‍പെടുത്തുക വഴി 2.2 ശതമാനവും പൈതൃക സ്വത്തുവഴി 19.9 ശതമാനവുമാണ്‌ ഇവരുടെ സമ്പാദ്യത്തില്‍ മുതല്‍ക്കൂട്ടാവുന്നത്‌.

ഇന്ത്യയിലെ മുന്‍നിര വനിതാ സംരംഭകരായ കല്‍പന മൊര്‍പാരിയ ( ഐസിഐസിഐ ബാങ്ക്‌ ജോയിന്റ്‌ എംഡി), പര്‍വീണ്‍ വാസി( സിഇഒ- എസ്‌ ആന്റ്‌ ഫുഡ്‌സ്‌ ) തുടങ്ങിയവരെ ഇന്‍സൈറ്റ്‌ പാനല്‍ ആക്കിയാണ്‌ ബാര്‍ക്ലെയ്‌സ്‌ സര്‍വ്വേ നടത്തിയത്‌.

ലോകത്തിലെ 64 ശതമാനം സ്‌ത്രീകളുടെയും പ്രധാന വരുമാന മാര്‍ഗം അവരുടെ ജോലിയാണ്‌ ഇതുതന്നെയാണ്‌ അവരുടെ സമ്പത്തിന്റെ പ്രധാന ഉറവിടവും. യുഎസിലാണ്‌ ഈരീതി കൂടുതലായും കാണുന്നത്‌. യുഎസില്‍ മാത്രം ഇത്തരം സ്‌ത്രീകളുടെ എണ്ണം 75ശതമാനത്തോളമാണ്‌.

മാനേജ്‌മെന്റ്‌ പദിവികളില്‍ ജോലിചെയ്യുന്ന സ്‌ത്രീകളുടെ എണ്ണത്തിലും യുഎസ്‌ തന്നെയാണ്‌ മുന്‍പന്തിയില്‍. ഇവിടെ 500 കമ്പനികളെടുത്താല്‍ ഇവയില്‍ ഒരു സ്‌ത്രീയെങ്കിലും അവിടെ മാനേജ്‌മെന്റ്‌ ജോലികൈകാര്യം ചെയ്യുന്നുണ്ട്‌.

വ്യവസായ സംരംഭം വഴി സമ്പാദിക്കുന്ന വനിതകളുടെ കാര്യത്തില്‍ ഏഷ്യ തന്നെയാണ്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇവിടത്തെ സ്‌ത്രീകള്‍ വളരെയേറെ ചിന്തിക്കുന്നവരും കൃത്യയമായ ലക്ഷ്യബോധമുള്ളവരുമാണെന്ന് റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. നികുതി ആസൂത്രണത്തിലും ഏഷ്യന്‍ വനിതകളാണ്‌ മുന്‍നിരയില്‍ നില്‍ക്കുന്നത്‌. അതേസമയം റിട്ടയര്‍മെന്റ്‌ പ്ലാനിംഗില്‍ മധ്യേഷയിലേയും ആഫ്രിക്കയിലെയും സ്‌ത്രീകള്‍ കുറേക്കൂടി ഉള്‍ക്കാഴ്‌ചയുള്ളവരാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

2006-2007 വര്‍ഷത്തില്‍ സണ്‍ഡേ ടൈംസിന്റെ ധനികരുടെ പട്ടികയില്‍ സ്‌ത്രീകളുടെയെണ്ണം 81ല്‍ നിന്നും 92 ആയി ഉയര്‍ന്നിട്ടുണ്ട്‌. ഇപ്പോള്‍ ബ്രിട്ടനിലെ ധനികരായ സ്‌ത്രീകളുടെ മൊത്തം സമ്പാദ്യം 33270 കോടി പൗണ്ട്‌ വരും. 2010 ആകുമ്പോഴേക്കും യുകെയിലെ ഏറ്റവും ധനികരായവരില്‍ 35 ശതമാനവും സ്‌ത്രീകളായിരിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. സ്വത്ത്‌ സമ്പാദിക്കുന്നതിനായി സ്‌ത്രീകളെ പ്രാപ്‌തരാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്‌.

X
Desktop Bottom Promotion