For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ലുവെട്ടുകാരന്റെ അതിമോഹം

|

zen
ഒരിടത്ത് തന്റെ ജവിത സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ നിരാശനായിക്കഴിയുന്ന ഒരു പാറവെട്ടുകാരനുണ്ടായിരുന്നു. ഒരുദിവസം അയാള്‍ സമ്പന്നനായ ഒരു വ്യാപാരിയുടെ വീടിന് മുന്നിലൂടെ പോവുകയായിരുന്നു. വ്യാപാരിയുടെ വീട്ടിന് മുന്നിലെ സന്ദര്‍ശക വൃന്ദത്തെയും വീടിന്റെ വലിപ്പവുമെല്ലാം കണ്ടപ്പോള്‍ ഈ വ്യാപാരി എത്ര പ്രതാപിയാണെന്ന് ചിന്തിയ്ക്കുകുയം വ്യാപാരിയെപ്പോലെ പ്രതാപിയാകാന്‍ ആഗ്രഹിക്കുകയുംചെയ്തു.

അധികം താമസിയാതെ ഇയാള്‍ വ്യാപാരിയെപ്പോലെ ധനവാനായി മാറി. താന്‍ ആഗ്രഹിച്ചതിലുമേറെ പണവും ആഢംബരങ്ങളുമായിരുന്നു അയാളെ കാത്തിരുന്നത്. എന്നാല്‍ അതുവരെ തന്നെപ്പോലെ ദരിദ്രരായി കഴിയുന്നവരെയൊക്കെ ഇയാള്‍ വെറുക്കാനും അവര്‍ തന്റെ അവസ്ഥയില്‍ അസൂയപ്പെടുമെന്ന് ചിന്തിച്ച് ഭയക്കാനും തുടങ്ങി. ഒരു ദിവസം ഒരു ഉന്നത ഉദ്യോഗസ്ഥനെ പരിചാരകര്‍ പല്ലക്കിലേറ്റി കൊണ്ടുപോകുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥന്റെ യാത്രയ്ക്ക് സൈനികരുടെ അകമ്പടിയും വാദ്യഘോഷങ്ങളുമുണ്ടായിരുന്നു. ഇതുകണ്ട കല്ലുവെട്ടുകാരന്റെ ആഗ്രഹം ആ ഉദ്യോഗസ്ഥനെപ്പോലെ പ്രതാപിയാകണമെന്നായി.

ആഗ്രഹിച്ചതുപോലെ ആ ഉദ്യോഗസ്ഥന്റെ പ്രതാപങ്ങളെല്ലാം ഇയാള്‍ക്ക് വന്നുചേര്‍ന്നു. പല്ലക്കില്‍ ഊരുചുറ്റലും മറ്റ് ആഢംബരങ്ങളും തുടങ്ങുകയും ചെയ്തു. പക്ഷേ തന്നേക്കാള്‍ താഴെയുള്ളവരെ ഇയാള്‍ വെറുക്കുകയും അവരുടെ അസൂയയെ ഭയക്കുകയും ചെയ്തു. അങ്ങനെയിരിക്കെ വേനല്‍ക്കാലത്തെ അസഹനീയമായ ചൂടുള്ള ഒരു ദിവസം ഇദ്ദേഹം തന്റെ പല്ലക്കില്‍ യാത്രചെയ്യുകയായിരുന്നു. പല്ലക്കിന്റെ വിരികള്‍ നീക്കി ഇയാള്‍ സൂര്യനെ നോക്കി. സൂര്യന്‍ ആകാശത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ സൂര്യനെപ്പോലെ താനും ശക്തിമാനായെങ്കില്‍ എന്നാശിച്ചു.

ഉടനെ തന്നെ ഇയാള്‍ സൂര്യനായി മാറി. മുകളിലിരുന്ന് താഴെയുള്ള സകലതിനെയും ചുട്ടുപൊള്ളിക്കുന്ന തരത്തില്‍ കത്തിയെരിഞ്ഞുകൊണ്ടിരുന്നു. ചൂടു താങ്ങാന്‍ കഴിയാതെ ജനം സൂര്യനെ ശപിയ്ക്കാന്‍ തുടങ്ങി. ഇതിനിടെ ഒരു കാര്‍മേഘം വന്ന് സൂര്യനെ മറച്ചു.്അതോടെ താഴേയ്ക്ക് പതിയ്ക്കുന്ന ചൂടിന്റെ കാഠിന്യം കുറയുകയും വെളിച്ചം കുറയുകയും ചെയ്തു. കാര്‍മേഘം തന്നെ മറച്ചത് കണ്ടതോടെ കാര്‍മേഘമാകണമെന്നായി ഇയാളുടെ അടുത്ത ആഗ്രഹം.

ഞൊടിയിടകൊണ്ട് സൂര്യന്‍ എന്ന അവസ്ഥയില്‍ നിന്നും ഇയാള്‍ കാര്‍മേഘമായി മാറുകയും പേമാരിയായി പെയ്യാന്‍ തുടങ്ങുകയും ചെയ്തു. നാട്ടിലെ പുഴകളും നദികളുമെല്ലാം കവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ മഴയെയും കാര്‍മേഘങ്ങളെയും ശപിയ്ക്കാന്‍ തുടങ്ങി. ഇതിനിടെയാണ് മേഘമായി മാറിയ തന്നെ ആരോ ശക്തിയായി തള്ളി നീക്കുന്നുണ്ടെന്ന് ഇയാള്‍ മനസ്സിലാക്കിയത്. പിന്നീടാണ് അത് കാറ്റാണെന്നും കാറ്റിന് വലിയ ശക്തിയുണ്ടെന്നും ഇയാള്‍ മനസ്സിലാക്കിയത്. ഉടനെ കാറ്റിനെപ്പോലെ ശക്തിമാനാകാന്‍ ആഗ്രഹിച്ചു, അത് സാധിയ്ക്കുകയും ചെയ്തു. കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങി, വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോവുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. അപ്പോള്‍ ജനങ്ങള്‍ കാറ്റിനെ ശപിച്ചു.

ഇതിനിടെയാണ് കാറ്റില്‍ ഇളകാതെ നില്‍ക്കുന്ന ഒരു പാറ ഇയാള്‍ കണ്ടത്. എത്ര ശക്തിയില്‍ ആഞ്ഞു വീശിയിട്ടും പാറയെ ഇളക്കാന്‍ കാറ്റിന് കഴിഞ്ഞില്ല. പിന്നീട് പാറപോലെയ കരുത്തുള്ളവനാകണമെന്നായി ഇയാളുടെ ആഗ്രഹം, അപ്രകാരം പാറയായി മാറുകയും ചെയ്തു. അതോടെ ഇനി തന്നേക്കാള്‍ ശക്തിയുള്ളതായി ലോകത്ത് മറ്റൊന്നുമില്ലെന്ന് ഇയാള്‍ ചിന്തിച്ചു. പൊടുന്നനെ ശക്തിയുള്ള എന്തോ ഒന്നില്‍ ചുറ്റിക വീഴുന്ന ശബ്ദം കേട്ടു തുടങ്ങി. പതിയെപ്പതിയെ തന്റെ രൂപം മാറിവരുന്നതായി ഇയാള്‍ക്ക് തോന്നി. എന്നാലും പാറയായി മാറിയ തന്നേക്കാള്‍ ശക്തിയുള്ളതായി ഒന്നുമില്ലെന്ന് വീണ്ടും സ്വയം പറഞ്ഞുറപ്പിച്ചു. ഇതിനിടെയാണ് ഇയാള്‍ താഴേയ്ക്ക് നോക്കിയത്, അപ്പോള്‍ അവിടെ ഒരു കല്ലുവെട്ടുകാരന്‍ ചുറ്റികവെച്ച് പാറ മുറിയ്ക്കുകയായിരുന്നു.

English summary

Zen Stories, Buddha, Monk, Spirituality, Zen Master, Life, Greediness, സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മീയത, ജീവിതം, ആഗ്രഹം, സമ്പത്ത്, അധികാരം

There was once a stone cutter who was dissatisfied with himself and with his position in life,
X
Desktop Bottom Promotion