For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്രതകാലം ശ്രദ്ധയോടെ; അയ്യപ്പന്‍മാര്‍ അറിയാൻ

|

ശരണം വിളികളില്‍ മുഖരിതമായ മറ്റൊരു മണ്ഡലകാലം കൂടിയെത്തി. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ വ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ ഒരുങ്ങുകയാണ്. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്ന് ഋഷിവര്യാന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്‍പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. ഹൈന്ദവ സംസ്‌കാരത്തില്‍ പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലത്തിനുള്ളത്. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി കാര്യങ്ങളാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് ശബരിമല വ്രതത്തെ കരുതുന്നത്.

Most read: പ്രായമായവര്‍ക്ക് ഉറക്കമില്ലേ ? പരിഹാരമുണ്ട്‌Most read: പ്രായമായവര്‍ക്ക് ഉറക്കമില്ലേ ? പരിഹാരമുണ്ട്‌

മണ്ഡലകാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും അവസാനിക്കുന്നു. ഇതിലൂടെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു. മാലയിടല്‍ മുതല്‍ ഒരു ഭക്തന്‍ തന്നെത്തന്നെ അയ്യന് സമര്‍പ്പിക്കുന്നു. ഈ കാലത്ത് മാലയിട്ട ഭക്തനെ അയ്യപ്പന്‍ എന്നോ സ്വാമിയെന്നോ സംബോധന ചെയ്യണം. ഈ മണ്ഡലകാലത്തെ വ്രതനാളുകളില്‍ അയ്യപ്പന്‍മാര്‍ പാലിക്കേണ്ട അനുഷ്ഠാനങ്ങള്‍ എന്തൊക്കെയെന്നു നമുക്ക് നോക്കാം.

മാലയിടല്‍

മാലയിടല്‍

അയ്യപ്പന്‍മാരുടെ വ്രതാനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങാണ് മാലയിടല്‍. രുദ്രാക്ഷമോ ചന്ദനം, തുളസി, രക്തചന്ദനം എന്നിവ കൊണ്ടുള്ള മാലയോ ധരിക്കാം. അയ്യപ്പന്റെ ചിത്രമടങ്ങിയ ലോക്കറ്റോടു കൂടിയ രുദ്രാക്ഷ മാലയാണ് സാധാരണയായി സ്വാമിമാര്‍ ധരിക്കാറ്. ക്ഷേത്രത്തില്‍ പൂജിച്ച് ഗുരുസ്വാമിമാര്‍ക്ക് ദക്ഷിണ നല്‍കി നമസ്‌കരിച്ചാണ് അയ്യപ്പന്‍മാര്‍ മാലയണിയാറ്. വൃശ്ചികം ഒന്നിന് മാലയിട്ട് 41 ദിവസം വ്രതമെടുത്താണ് അയ്യപ്പന്‍മാര്‍ മലചവിട്ടാറ്. മാല ധരിക്കുന്നതിന് ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്ചയും ഉത്രവും വിശേഷങ്ങളാണ്. പുല, വാലായ്മ എന്നിവയുള്ളവര്‍ മാലയണിയാന്‍ പാടില്ല.

വ്രതം

വ്രതം

മാലയിട്ടു കഴിഞ്ഞാല്‍ പിന്നെ വ്രതത്തിന്റെ കാലമാണ്. അയ്യപ്പന്‍മാര്‍ ഏറ്റവും പാവനമായി കരുതി കാത്തുസൂക്ഷിക്കേണ്ട നാളുകള്‍. മനസും ശരീരവും ശുചിയാക്കി വയ്‌ക്കേണ്ട നാളുകള്‍. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കണം. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും ശരണം വിളിക്കണം.

വ്രത നാളുകളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വ്രത നാളുകളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

*മാലയിട്ടാല്‍ ഊരുന്നതുവരെ ക്ഷൗരം പാടില്ല

*ലഹരിവസ്തുക്കള്‍ വര്‍ജിക്കുക

*മാംസാഹാരം പാടില്ല

*പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കരുത്

*കോപിക്കരുത്, കള്ളംപറയരുത്

*ഹിംസിക്കരുത്

*ശവസംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്

*ആരെയും പരിഹസിക്കരുത്

*മറ്റുള്ളവരോട് ആദരവോടെ മാത്രം സംസാരിക്കുക

*അനധികൃത വഴിയിലൂടെ പണം സമ്പാദിക്കരുത്

*അറിഞ്ഞോ അറിയാതെയോ പാപം ചെയ്യരുത്

നിത്യപൂജ

നിത്യപൂജ

മാലയിട്ട നാള്‍ മുതല്‍ സ്വാമിമാര്‍ വ്രതകാലത്ത് രണ്ടുനേരവും കുളിക്കണം. പുലര്‍കാലത്തിലും സൂര്യാസ്തമനത്തിനു ശേഷവും. കുളികഴിഞ്ഞതിനു ശേഷം അയ്യനെ പൂജിക്കേണ്ടത് പ്രധാനമാണ്. ഇതിന് മുടക്കം വരുത്തരുത്. മന്ത്രോച്ഛാരണവും പ്രധാനമാണ്.

ബ്രഹ്മചര്യം

ബ്രഹ്മചര്യം

മാലയിട്ട സ്വാമിമാര്‍ മല ചവിട്ടി മാലയഴിക്കുന്നതുവരെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കണം. ബ്രഹ്മചര്യത്തിനു ഭംഗം വരുന്ന പ്രവൃത്തികളൊന്നും ഇക്കാലയളവില്‍ ചെയ്യരുത്. ശരീരത്തെയും മനസിനെയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുക.

ആഹാരത്തില്‍ മിതത്വം

ആഹാരത്തില്‍ മിതത്വം

വ്രതമെടുക്കുന്ന നാളുകളില്‍ അയ്യപ്പന്‍മാര്‍ ആഹാരം കഴിക്കുന്നതില്‍ മിതത്വം പാലിക്കണം. വിശപ്പടക്കാന്‍ മാത്രമുള്ള അളവിലേ ഭക്ഷിക്കാന്‍ പാടുള്ളൂ.

മിത ഭാഷ, സത്യം മാത്രം

മിത ഭാഷ, സത്യം മാത്രം

അയ്യപ്പന്‍മാര്‍ മിതഭാഷിയും സത്യം മാത്രം പറയുന്നവരുമായിരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടെയും കൃത്യനിഷ്ഠയോയും ചെയ്യണം.

അയ്യപ്പന്‍മാരുള്ള വീട്ടില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അയ്യപ്പന്‍മാരുള്ള വീട്ടില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

*മണ്ഡലക്കാലത്ത് മലചവിട്ടുന്ന ഭക്തര്‍ വീട്ടിലുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കണം.

*നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ച് തൊഴുതു വേണം ദിനചര്യകള്‍ ആരംഭിക്കാന്‍.

*ഭക്ഷണം പാകം ചെയ്യുന്നത് ശുദ്ധിയോടെ വേണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് ഉചിതം.

*സര്‍വ്വചരാചരങ്ങളെയും ദൈവത്തെ പോലെ കരുതി പെരുമാറണം.

അയ്യപ്പന്‍മാരുള്ള വീട്ടില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അയ്യപ്പന്‍മാരുള്ള വീട്ടില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

*വാക്കുകൊണ്ടു പോലും ആരെയും വിഷമിപ്പിക്കരുത്.

*ദുഷ്ടചിന്തകളെ അകറ്റുക, മറ്റുള്ളവരെ സഹായിക്കുക.

*ബ്രഹ്മചര്യം പാലിക്കുക, ലളിതജീവിതം നയിക്കുക.

*ആര്‍ത്തവകാലത്ത് പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്ന് അകന്ന് നില്‍ക്കുക.

*കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്നവര്‍ക്ക് അന്നം നല്‍കണം.

*എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ പെരുമാറുക.

വ്രതം അവസാനിപ്പിക്കുമ്പോള്‍

വ്രതം അവസാനിപ്പിക്കുമ്പോള്‍

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കാം. മാലയൂരി അലക്ഷ്യമായി ഇടാതെ പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്തണം. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തി ശരണം വിളിയോടെ എതിരേല്‍ക്കണം. പൂജാമുറിയില്‍ കെട്ട് വച്ച് ശരീരശുദ്ധി വരുത്തി വീണ്ടും ശരണം വിളിക്കണം.

English summary

Guidelines To Follow During Sabarimala Vratham

Here we talking about the Guidelines To Follow During sabarimala Vratham. Read on.
X
Desktop Bottom Promotion