ദീപാവലിക്കായി വീടിനെ അണിയിച്ചൊരുക്കാം

By: Saritha.P
Subscribe to Boldsky

ദീപോത്സവത്തിനായി നാടൊരുങ്ങുമ്പോള്‍ വീടിന്റെ ശോഭയ്ക്ക് മാറ്റുകൂട്ടാനായി നമുക്ക് ചിലതെല്ലാം ഒരുക്കാനുണ്ട്. നാനാസംസ്‌കാരങ്ങളുള്ള ഭാരതത്തിന്റെ എല്ലാഭാഗങ്ങളിലും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവങ്ങള്‍ വളരെ ചുരുക്കമാണ്. ദീപാവലി അത്തരത്തിലൊരു കൂട്ടായ്മയുടെ ഉത്സവമാണ്. പുത്തന്‍വസ്ത്രങ്ങളണിഞ്ഞ് മധുരപലഹാരങ്ങള്‍ നുകര്‍ന്ന് ബന്ധുജനസംഗമത്തിന് സാക്ഷിയാകുന്ന വേദിയാണ് വീട്.

അപ്പോള്‍ ഉത്സവത്തിനായി വീടിനേയും സജ്ജമാക്കേണ്ടതാണ്. ഉത്സവത്തിനായുള്ള ഷോപ്പിങ് ധാരാളം നടന്നുകഴിഞ്ഞുകാണും. വീടിനണിയിക്കാനെന്തെങ്കിലും വാങ്ങിയോ നിങ്ങള്‍? തീര്‍ച്ചയായും ഉണ്ടാകും. കാരണം ദീപാവലിയുടെ ഒരു പ്രധാന തയ്യാറെടുപ്പ് എന്ന് പറയുന്നത് വീടിനെ ശുചിയാക്കുകയും അലങ്കരിക്കുകയുമാണ്.

de1

ലക്ഷ്മി പൂജയ്ക്ക് തയ്യാറെടുക്കേണ്ടതിനാല്‍ തന്നെ പൂജയ്ക്ക് മുമ്പായി വീട് പൂര്‍ണ്ണമായും വൃത്തിയാക്കേണ്ടതുണ്ട്. കാരണം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ഏറ്റവും വൃത്തിയുള്ള വീട്ടിലേക്കാണ് ആദ്യം പ്രവേശിക്കുകയെന്നാണ് വിശ്വാസം. ദീപാവലി ദിനത്തില്‍ പൂജയ്ക്ക് നല്‍കുന്ന പ്രാധാന്യം പോലെ തന്നെയാണ് അലങ്കാരങ്ങള്‍ ചെയ്യാനും നല്‍കുന്നത്. ദീപങ്ങളുടെ ആഘോഷമെന്ന പേരു പോലെ തന്നെ ദീപാവലിയുടെ അലങ്കാരങ്ങളില്‍ പ്രധാനസ്ഥാനം ഉള്ളത് ദീപങ്ങള്‍ക്കും അലങ്കാരവിളക്കുകള്‍ക്കും ആണ്. ഐശ്വര്യദേവതയെ വീട്ടിലേക്ക് ആകര്‍ഷിക്കാനായി വിവിധതരം വിളക്കുകളാണ് ദീപാവലി ദിനത്തില്‍ പ്രകാശം ജ്വലിപ്പിക്കുന്നത്.

മുമ്പത്തെ പോലെയല്ല പുതിയ കാലത്തെ ആഘോഷങ്ങള്‍. മണ്‍ചെരാതുകള്‍ വീടിന് ചുറ്റും തെളിയിച്ച് പ്രകാശപൂരിതമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും അല്പം കൂടി മുമ്പോട്ട് വന്നിരിക്കുന്നു നമ്മള്‍. അലങ്കാരത്തിന് മണ്‍ചെരാതുകള്‍ മാത്രം പോര; അല്പം കൂടി ആകര്‍ഷകമാക്കാം എന്ന താത്പര്യമാണ് പ്രത്യേകം അലങ്കാരദീപങ്ങളിലേക്കും പലതരം ലൈറ്റുകളിലേക്കുമെല്ലാം നമ്മളെത്തിയിരിക്കുന്നത്. ബന്ധുജനമിത്രാദികളും ഈ സന്തോഷവേളയില്‍ ഒപ്പം കൂടുന്നവരാണ്. വീട്ടിലേക്ക് അതിഥികള്‍ എത്തുമ്പോള്‍ അകത്തളങ്ങളെ സാധാരണപോലെ നിര്‍ത്തുന്നത് ഉചിതമല്ല, അലങ്കാരങ്ങള്‍ അകത്തളങ്ങളിലേക്ക് കൂടി എത്തിക്കണമെന്നര്‍ത്ഥം. സാധാരണ ദീപങ്ങളെ കൂടാതെ ഉത്സവസമയത്ത് വീടിനെ ആകര്‍ഷകമാക്കാനുള്ള അലങ്കാരദീപങ്ങളും മറ്റും ഇന്ന് വിപണിയില്‍ ലഭ്യമാണ്. കാലങ്ങള്‍ എത്രതന്നെ മുന്നോട്ട് പോയാലും ആഘോഷങ്ങളെ മറക്കാന്‍ നമുക്കാവില്ല. കൂടുതല്‍ ഉന്മേഷത്തോടെ ഓരോ ഉത്സവത്തേയും കെങ്കേമമാക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. എന്നാല്‍ മാറ്റം വരുന്നത് ഉത്സവങ്ങളാഘോഷിക്കുന്ന രീതിയിലാണ്. ദീപാവലിക്ക് മുമ്പായുള്ള അടുത്ത ഷോപ്പിങിന് നിങ്ങള്‍ക്ക് വാങ്ങാവുന്ന ചില അലങ്കാരവസ്തുക്കളെ ഇവിടെ പരിചയപ്പെടുത്താം.

deep2

തോരണങ്ങള്‍

തോരണങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണ്. തോരണങ്ങള്‍ ചാര്‍ത്തുന്നത് നമ്മളെ അതിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ, അതുപോലെ തന്നെ വീടിന്റെ പ്രധാനവാതിലിലും അകങ്ങളിലുമായി തോരണങ്ങള്‍ കൊണ്ടലങ്കരിക്കുകയെന്നത് ഇന്ന് ഉത്സവങ്ങളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ്. ലക്ഷ്മീദേവിയെ വീട്ടിലേക്ക് ആകര്‍ഷിക്കാന്‍ തോരണങ്ങള്‍ വലിയപങ്കുവഹിക്കുന്നുണ്ടെന്നാണ് വിശ്വാസം. വിവിധതരം തോരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹാന്‍ഡ് ക്രാഫ്റ്റ്, എംപ്രോയ്ഡറി തുടങ്ങി വര്‍ണ്ണത്തിലും രൂപത്തിലുമെല്ലാം വ്യത്യസ്തമായവ.

image3

റാന്തല്‍ വിളക്കുകള്‍

ആഘോഷങ്ങളില്‍ സമകാലീനതയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അലങ്കാര റാന്തല്‍ വിളക്കുകള്‍ തെരഞ്ഞെടുക്കാം. ഇത് വീടിന് ഒരു സ്‌റ്റൈലന്‍ ലുക്ക് കൊടുക്കുമെന്നതില്‍ തര്‍ക്കമില്ല. റാന്തല്‍വിളക്കുകള്‍ പല വിലകളില്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. വളരെ പ്രൗഢമായ വിളക്കുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിലും പകരം വളരെ ലളിതമായതാണ് തെരഞ്ഞെടുക്കുന്നതെങ്കിലും വിലയിലെ വ്യത്യാസമുണ്ടെങ്കില്‍ പോലും അവയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്സവത്തോടൊപ്പം സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ച് ഒരു ഗാര്‍ഡന്‍ അല്ലെങ്കില്‍ റൂഫ് ടോപ് പാര്‍ട്ടി സജ്ജമാക്കിയിട്ടുണ്ടെങ്കില്‍ റാന്തല്‍വിളക്കിന്റെ സാന്നിധ്യം പാര്‍ട്ടിയെ കൂടുതല്‍ ആകര്‍ഷമാക്കും.

diya

ദീപങ്ങള്‍

മണ്‍ചെരാതുകളില്‍ എണ്ണയൊഴിച്ച് തിരിയിട്ട് വിളക്ക് തെളിയിച്ച ദീപാവലികള്‍ എത്രയോ കഴിഞ്ഞു. കാലത്തിന്റെ അതിവേഗമാറ്റം ഇത്തരം ആഘോഷങ്ങളിലേക്കും പ്രകടമായിത്തുടങ്ങി. അന്ന് മണ്ണുകൊണ്ടുള്ള ചെരാതുകളായിരുന്നെങ്കില്‍ ഇന്ന് പല രൂപങ്ങളും കൊത്തിയെടുത്ത, പല ആകൃതിയിലുമുള്ള ചെരാതുകള്‍ വിപണികളില്‍ ലഭ്യമാണ്. എണ്ണയ്ക്ക് പകരം മെഴുക് നിറച്ച ചെരാതുകള്‍ വരെ വാങ്ങാന്‍ കഴിയും. ഉപയോഗിക്കാന്‍ കൂടുതല്‍ സുഖകരവും എളുപ്പവും ഉള്ളതുകൊണ്ടാകണം ഇത്തരം ദീപങ്ങള്‍ക്ക് അതിവേഗം പ്രചാരം ലഭിച്ചത്. വൈദ്യുത ദീപങ്ങളും ലഭ്യമാണ്. കുട്ടികള്‍ക്ക് വിളക്കില്‍ നിന്ന് തീതട്ടി അപായം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുത ചെരാതുകളെ ആശ്രയിക്കുന്നവരും ഏറെയാണ്. ഇനി ചെരാതുകളില്‍ വേണമെങ്കില്‍ അല്പം കലാസൃഷ്ടി കൂടിയാവാം. സ്വന്തം കലാവൈഭവമനുസരിച്ച് വിവിധ ഡിസൈനുകള്‍ ചെരാതുകളില്‍ വരയ്ക്കുകയുമാവാം. ഇത് വേറിട്ടൊരു കാഴ്ച സമ്മാനിക്കും. ഇനി എന്തുതന്നെയായാലും ചെരാതുകള്‍ ഏത് വിധത്തിലുള്ളതായാലും അവയെല്ലാം ലക്ഷ്യമിടുന്നത് ലക്ഷ്മീദേവി വീട്ടിലേക്ക് വരുന്ന വഴികളില്‍ വെളിച്ചം വിതറുക എന്നത് മാത്രമാണ്.

ran

രംഗോലി:

വീടിന്റെ പ്രവേശവാതിലിന് മുമ്പിലായി രംഗോലിയിടുകയെന്നത് ഐശ്വര്യത്തെ വിളിച്ചുവരുത്തുമെന്നാണ് വിശ്വാസം. വീട്ടിനുള്ളിലേക്ക് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാന്‍ രംഗോലിക്ക് കഴിയുമെന്ന് വാസ്തുവും പറയുന്നുണ്ട്. അരിപ്പൊടിയിട്ട കോലം വരയ്ക്കലായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. ഇന്നും ഇത് പ്രചാരമുണ്ടെങ്കിലും വിവിധ നിറങ്ങളില്‍ രംഗോലിപ്പൊടികള്‍ വിപണികളില്‍ ലഭിക്കുന്നതിനാല്‍ രംഗോലി അല്പം വേറിട്ടതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം ആശയങ്ങള്‍ സ്വീകരിക്കാം. പൂക്കള്‍ കൊണ്ടും രംഗോലി തയ്യാറാക്കാനാകും. വരയ്ക്കാന്‍ കഴിവുള്ളൊരാള്‍ക്ക് അല്പം ശ്രമിച്ചാല്‍ തികച്ചും വ്യത്യസ്തമായ ഒരു രംഗോലി വീടിന്റെ ഉമ്മറത്തിടാവുന്നതാണ്. അതിനായി അല്പം തയ്യാറെടുപ്പുകള്‍ വേണമെന്ന് മാത്രം. എന്ത് വരയ്ക്കും എന്നാണ് ആശയക്കുഴപ്പമെങ്കില്‍ അതിനുള്ള ഉത്തരവും തരാം. ഓണ്‍ലൈനില്‍ വിവിധ തരം രംഗോലി ട്യൂട്ടോറിയലുകള്‍ ലഭ്യമാണ്. രംഗോലി പൂര്‍ത്തിയായ ശേഷം അതിനുള്ളില്‍ ചെരാതുകള്‍ കത്തിച്ചുവെച്ചാല്‍ ആഘോഷരാവ് മിഴിവുറ്റതാക്കാം.

pot

പോട്ട്‌പോറി

വീടിന്റെ അകങ്ങളെ സുഗന്ധപൂരിതമാക്കാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകില്ല. അതിനായി പലതരം ചന്ദനത്തിരിയും സമ്രാണിയും ഉപയോഗിച്ച് നോക്കിയിട്ടുമുണ്ടാകും. ആധുനികകാലത്താണെങ്കില്‍ വീട്ടിനുള്ളിലെ അസുഖകരമായ ഗന്ധം മറയ്ക്കാന്‍ സഹായിക്കുന്ന എയര്‍ ഫ്രഷ്‌നറുകള്‍ വിവിധ പേരുകളില്‍ വിവിധ സുഗന്ധങ്ങളില്‍ ലഭ്യമാണുതാനും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായതും മികച്ചതും ആധികാരികവുമാണ് പോട്ട്‌പോറി. ഉണങ്ങിയതും സുഗന്ധദായകവുമായ വിവിധതരം ചെടികളുടെ സമ്മിശ്രതയാണ് പോട്ട്‌പോറി. വീടിനുള്ളില്‍ സുഗന്ധം ലഭ്യമാക്കാന്‍ ഇവ ഒരു മരനിര്‍മ്മിതമോ അല്ലെങ്കില്‍ ആകര്‍ഷകമായ മറ്റേതെങ്കിലും കുഴിപ്പാത്രങ്ങളിലാണ് വിതറിയിടുക. അങ്ങനെ നോക്കുമ്പോള്‍ സുഗന്ധക്കോപ്പ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ അലങ്കരിക്കപ്പെട്ട പാക്കറ്റുകളിലായും പോട്ട്‌പോറി വിപണിയില്‍ നിന്ന് വാങ്ങാവുന്നതാണ്. ഓണ്‍ലൈന്‍ വിപണികളിലും ഈ അലങ്കാരസുഗന്ധവസ്തു ലഭ്യമാണ്.

English summary

Amazing Decorative Ideas To Make Your Home Diwali Ready

Amazing Decorative Ideas To Make Your Home Diwali Ready
Subscribe Newsletter