For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവപ്പട്ടയോട് പഞ്ചാരയടിക്കല്ലേ!!!

By Super
|

കറുവപ്പട്ട നിങ്ങളുടെ പ്രതിദിന ഭക്ഷണത്തിന്റെ ഭാഗമാണോ? എങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ചോര്‍ത്ത്‌ വ്യാകുലപ്പെടേണ്ടതില്ല.

ഭക്ഷണത്തിന്‌ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിയ്‌ക്കുന്നതിനെതിരെ കറുവപ്പട്ടയ്‌ക്ക്‌ കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്‌ പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്‌.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ കറുവപ്പട്ട മിക്ക വിഭവങ്ങളിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത സാന്നിദ്ധ്യമാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള ഇതിന്റെ കഴിവ്‌ ഈയിടെയാണ്‌ സ്ഥിരീകരിച്ചത്‌. സ്വീഡനിലെ മാല്‍മോ സര്‍വ്വകലാശാലയില്‍ നടന്ന ഗവേഷങ്ങളാണ്‌ കറുവപ്പട്ടയുടെ ഈ കഴിവ്‌ കണ്ടെത്തിയത്‌.

ആരോഗ്യവാന്മാരായ ഒരു സംഘം സന്നദ്ധസേവകരിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്‌. ഒരു കപ്പ്‌ റൈസ്‌ പുഡിംഗില്‍ ഒരു ടീസ്‌പൂണ്‍ കറുവപ്പട്ടയുടെ പൊടി ചേര്‍ത്ത്‌ നല്‍കുകവഴി ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കുറവുണ്ടാക്കാന്‍ കഴിഞ്ഞു. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ്‌ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

പതിനാല്‌ പേര്‍ക്കാണ്‌ ഇങ്ങനെ കറുവപ്പട്ട ചേര്‍ത്ത പുഡ്ഡിംഗ്‌ ഭക്ഷണത്തിന്‌ മുമ്പും ശേഷവും നല്‍കിയത്‌. ഈ പ്രത്യേകാഹാരം കഴിച്ച്‌ രണ്ടുമണിക്കൂറിന്‌ ശേഷം നടത്തിയ പരിശോധനകളില്‍ ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വളരെയേറെ വ്യത്യാസം വന്നതായി കണ്ടെത്തി.

മുന്‍കാലത്ത്‌ നടന്ന പഠനങ്ങളില്‍ കറുവപ്പട്ട പ്രമേഹ രോഗചികിത്സയ്‌ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞേയ്‌ക്കുമെന്ന്‌ കണ്ടെത്തിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിയ്‌ക്കുന്ന ഇന്‍സുലിനെ ശരീരത്തിന്‌ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ ഇതിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിയ്‌ക്കുകയും ചെയ്യുന്നത്‌. എന്നാല്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ കറുവപ്പട്ടയ്‌ക്കുണ്ട്‌.

ഇതിന്‌ മുമ്പ്‌ ഇതേ ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ ടൈപ്പ്‌ ടു ഡയബറ്റിസ്‌ ഉള്ള രോഗികള്‍ നാല്‌പത്‌ ദിവസം തുടര്‍ച്ചയായി കറുവപ്പട്ട ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിലും കൊളസ്‌ട്രോളിന്റെ അളവിലും ഫലപ്രദമായ വ്യത്യാസമുണ്ടാകുമെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ പഠനങ്ങളില്‍ ടൈപ്പ്‌ 1 ഡയബറ്റിസ്‌ ഉള്ളവരില്‍ കറുവപ്പട്ടയ്‌ക്ക്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

എങ്കിലും കൊളസ്‌ട്രോളിന്റെ അളവിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും കുറവുവരുത്താന്‍ മരുന്നായും സുഗന്ധവ്യഞ്ജനമായും ഉപയോഗിച്ചുവരുന്ന ഈ പ്രകൃതി വിഭവത്തിന്‌ കഴിവുണ്ടെന്നതില്‍ തര്‍ക്കമില്ല. . പ്രമേഹ രോഗികളില്‍ ഈ പഴക്കെ ചെന്ന സുഗന്ധവ്യഞ്ജനത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗക്കാമെന്ന പഠനങ്ങള്‍ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ

കറുവപ്പട്ടയുടെ മറ്റു ഗുണങ്ങള്‍

  • ദിവസവും കാല്‍ടീസ്‌പൂണ്‍ കറുവപ്പട്ടപ്പൊടി ചേര്‍ത്ത്‌ ഭക്ഷണം പാകം ചെയ്‌ത്‌ കഴിയ്‌ക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്‌ക്കും. ബാക്ടീരിയകളോടും ഫംഗസുകളോടും പൊരുതാനുള്ള ശേഷിയാണ്‌ ഇത്‌ ശരീരത്തിന്‌ നല്‍കുന്നത്‌.
  • ഇതിന്റെ പ്രത്യേക സുഗന്ധത്തിന്‌ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള ശേഷിയുണ്ട്‌്‌.
  • മാംഗനീസ്‌, ഇരുമ്പ്‌, നാരുകള്‍, കാത്സ്യം എന്നിവയുടെയൊക്കെ കലവറയുമാണ്‌ കറുവപ്പട്ട.
  • ലുക്കീമിയ, ലിംഫോമ എന്നീ കാന്‍സറുകളുടെ കലകളുടെ വളര്‍ച്ചാനിരക്ക്‌ കുറയ്‌ക്കാന്‍ കറുവപ്പട്ടയ്‌ക്ക്‌ കഴിവുണ്ട്‌.
  • ദിവസവും പ്രഭാതത്തില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ തേനില്‍ അര ടേബിള്‍ സ്‌പൂണ്‍ കറുപപ്പട്ട പൊടി ചേര്‍ത്ത്‌ വെറും വയറ്റില്‍ കഴിയ്‌ക്കുന്നത്‌ സന്ധിവാതസംബന്ധമായ അസുഖങ്ങളെയും അസ്വസ്ഥതകളെയും കുറയ്‌ക്കും.

ശ്രീലങ്കയാണ് കറുവപ്പട്ടയുടെ ജന്മദേശം, ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും ബര്‍മ്മയിലുമാണ് കറുവപ്പട്ട മരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് .

X
Desktop Bottom Promotion