For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ ഹൈക്കിങ്ങിന് ഒരുങ്ങുമ്പോള്‍

|

ട്രക്കിങ്ങും ഹൈക്കിങ്ങുമെല്ലാം ചിലരുടെ ഇഷ്ടവിനോദങ്ങളാണ്. ഒഴിവുസമയങ്ങളിലെല്ലാം ദീര്‍ഘമായ കാല്‍നടയാത്രകള്‍ക്കും മലകയറ്റത്തിനും പോകുകയെന്നത് ഇത്തരക്കാര്‍ക്ക് ഹരമുണ്ടാക്കുന്നകാര്യമാണ്. ചടഞ്ഞിരുന്നുള്ള ജോലിയും മറ്റും ചെയ്യുന്നവരുടെ കാര്യമെടുത്താല്‍ ഇത്തരം വിനോദങ്ങള്‍ ആരോഗ്യപരമായും നല്ലതുതന്നെയാണ്.

മാനസികോല്ലാസം നല്‍കുന്ന ഇത്തരം വിനോദങ്ങള്‍ക്ക് ഒട്ടേറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ചില യാത്രകള്‍ മണിക്കൂറുകള്‍ മാത്രം നീളുന്നതാണെങ്കില്‍ ചിലര്‍ ദിവസങ്ങളോളം ഇത്തരത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. പലകാലാവസ്ഥകളില്‍ യാത്രചെയ്യേണ്ടിവരും, അപ്പോഴെല്ലാം ശരീരം ക്ഷീണിയ്ക്കാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം.

Hiking

ഒരു ദിവസത്തിലേറെ ദൈര്‍ഘ്യമുള്ള യാത്രകളാണെങ്കില്‍ ഇത്തരം തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ച് ഒന്നിനെക്കുറിച്ചും ആലോചിയ്ക്കാതെ ഹൈക്കിങ്, ട്രക്കിങ് എന്നെല്ലാം പറഞ്ഞ് ചാടിപ്പുറപ്പെട്ട് പോയാല്‍ ഒടുക്കം തിരിച്ചുവരുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങളുമായിട്ടാകും.

ട്രക്കിങ്ങിനും ഹൈക്കിങ്ങിനും പോകുമ്പോള്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഏത് കാലാവസ്ഥയിലാണോ യാത്ര ചെയ്യുന്നത് അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ തന്നെയാകണം ധരിയ്‌ക്കേണ്ടത്.

മേല്‍വസ്ത്രങ്ങള്‍
വേനല്‍ക്കാലത്താണ് ഹൈക്കിങ്ങിന് പോകുന്നതെങ്കില്‍ വസ്ത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. അധികം കട്ടിയില്ലാത്ത പരുത്തിവസ്ത്രങ്ങളാണ് ഈ സമയത്ത് യോജിയ്ക്കുക. കൈനീളം കുറവുള്ള നേരിയ വസ്ത്രത്തിന് മുകളില്‍ കൈനീളം കൂടിയ മറ്റൊരു വസ്ത്രം ധരിയ്ക്കുക ഈ രീതിയാണ് ഏറ്റവും അഭികാമ്യം. വസ്ത്രങ്ങള്‍ അയഞ്ഞിരിയ്ക്കുന്നതും ഇളംനിറത്തിലുള്ളതുമാകുന്നതാണ് നല്ലത്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാകുമ്പോള്‍ ചൂടിന് കുറവനുഭവപ്പെടും.

വേനല്‍ക്കാലത്ത് ചെറിയ കയ്യുള്ള വസ്ത്രങ്ങളാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ കൈത്തണ്ടകളില്‍ വെയിലേറ്റ് കരുവാളിപ്പുണ്ടാകുന്നതും, പ്രാണികളും മറ്റും തട്ടുന്നതുമൂലം അസ്വസ്ഥതയുണ്ടാകുന്നതും ഒഴിവാക്കാനായി മുകളില്‍ നീളന്‍ കയ്യുള്ള വസ്ത്രം ധരിയ്ക്കാം. മാത്രമല്ല രാത്രികാലങ്ങളില്‍ തണുപ്പ് കൂടുന്ന കാലാവസ്ഥയാണെങ്കില്‍ അപ്പോള്‍ തണുപ്പിനെച്ചെറുക്കാന്‍ ഈ നീളന്‍ കയ്യുള്ള വസ്ത്രങ്ങള്‍ സഹായകമാവുകയും ചെയ്യും. അടിയിലുള്ള വസ്ത്രം പരുത്തിയിലും മുകളില്‍ ധരിയ്ക്കുന്ന നീണ്ട കയ്യുള്ള വസ്ത്രം നേര്‍ത്ത് സിന്തറ്റിക് തുണിയിലുമാകുന്നതാണ് നല്ലത്. വസ്ത്രം നനയാന്‍ സാധ്യതയുള്ള സാഹചര്യമാണെങ്കില്‍ സിന്തറ്റിക് തുണികള്‍ കോട്ടണ്‍പോലുള്ള തുണികളേക്കാളും വേഗത്തില്‍ ഉണങ്ങിക്കിട്ടും.

പാന്റ്‌സ് തിരഞ്ഞെടുക്കുമ്പോള്‍

ഇളം നിറത്തിലുള്ള നീണ്ടതോ നീളം കുറഞ്ഞതോ ആയ ട്രൗസറുകള്‍ ധരിയ്ക്കുന്നതാണ് നല്ലത്. ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ നീളക്കുറവുള്ള ട്രൗസറുകളാണ് നല്ലത്, പക്ഷേ പുല്ലും മുള്ളുമെല്ലാം തട്ടി കാലുകളിലുണ്ടാകുന്ന അലര്‍ജി തടയാന്‍ നീളമുള്ള പാന്റ്‌സ് ഉപകരിയ്ക്കുമെന്നകാര്യവും ഓര്‍ക്കുക. അടിഭാഗത്ത് സിബുകളും മറ്റും വെച്ച് നീളം കുറയ്ക്കാനും കൂട്ടാനും സൗകര്യമുള്ള രീതിയില്‍ തയ്ച്ച് പാന്റ്‌സുകള്‍ തിരഞ്ഞെടുക്കുകയാവും ഉത്തമം. അധികം കനമില്ലാത്ത നൈലോണ്‍, പോപ്ലിന്‍ തുണികളില്‍ തുന്നിയ പാന്റ്‌സുകളാണ് ധരിക്കേണ്ടത്.

ബൂട്ടുകള്‍

ഹൈക്കിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ ബൂട്ടുകള്‍ തന്നെയാണ് ധരിക്കേണ്ടത്. സോക്‌സുകള്‍ ഗുണമേന്മയുള്ള തുണിയില്‍ നിര്‍മ്മിച്ചതാണെന്ന് ഉറപ്പുവരുത്തണം. ചൂടുള്ള കാലാവസ്ഥയിലെ ഹൈക്കിങ്ങിന് നൈലോണ്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടര്‍പ്രൂഫ് ഷൂസുകളുടെ ആവശ്യമില്ലാത്ത യാത്രയാണെങ്കില്‍ താര്‍ച്ചയായും അവ ഒഴിവാക്കണം. വാട്ടര്‍പ്രൂസ് ഷൂസുകള്‍ക്കുള്ളില്‍ വായുസഞ്ചാരം നന്നേ കുറവായിരിക്കും.

തൊപ്പികള്‍

വെയില്‍ മുഖത്തടിയ്ക്കുന്നത് തടയാനായി വിസ്താരമുള്ള അരികു(ബ്രിം)കളുള്ള തൊപ്പികള്‍ ഉപയോഗിയ്ക്കുക. ഹൈക്കിങ്ങിനായുള്ള തൊപ്പി ഭംഗിയ്ക്കുവേണ്ടിയുള്ളതല്ലെന്നകാര്യം മനസ്സില്‍ വച്ചുവേണം അത് തിരഞ്ഞെടുക്കാന്‍. നല്ല തുണിയില്‍ത്തുന്നിയ വായുസഞ്ചാരമുള്ള തൊപ്പികള്‍വേണം വാങ്ങാന്‍.

പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇടക്കിടെ മാറിമറിയാന്‍ സാധ്യതയുള്ള കാലാവസ്ഥയുള്ള സ്ഥലത്തേയ്ക്കാണ് യാത്രയെങ്കില്‍ മഴയത്തിടാനുള്ള ഒരു ജാക്കറ്റ് നിങ്ങളുടെ ബാക്ക്പാക്കില്‍ കരുതിവെയ്ക്കുക. ഓരോ സ്ഥലത്തേയ്ക്കുള്ള യാത്രകള്‍ക്കും പ്രത്യേകം നിര്‍ദ്ദേശങ്ങളുണ്ടാകും. ഇവ ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുക. വെള്ളംകിട്ടാനും മറ്റും ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കില്‍ ബാക്ക് പാക്കില്‍ വെള്ളംസൂക്ഷിയ്ക്കുക. ബാഗില്‍ നിന്നും ട്യൂബ് വഴി വെള്ളം കുടിയ്ക്കാന്‍ പറ്റുന്ന കുപ്പികളാണെങ്കില്‍ യാത്രക്കിടെ വെള്ളംകുടിയ്ക്കാനായി ബാഗുകള്‍ തുറന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ല. എപ്പോഴും ഒരു സംഘത്തിനൊപ്പം യാത്രചെയ്യാന്‍ ശ്രമിയ്ക്കുക. ഒരു സുഹൃത്തെങ്കിലും കൂടെയുണ്ടായിരിക്കുന്നതാണ് ദീര്‍ഘമായ ഹൈക്കിങ്ങുകള്‍ക്ക് നല്ലത്.

English summary

Health, Dress, Hiking, Climate, Hobby, ആരോഗ്യം, വിനോദം, വേനല്‍, വസ്ത്രം, വിനോദയാത്ര, ഹൈക്കിങ്, കാലാവസ്ഥ

An extreme hike is one with intense challenges that can include rough terrain or mountains, severe weather conditions, or hikes that last longer than a day.
Story first published: Wednesday, February 13, 2013, 15:54 [IST]
X
Desktop Bottom Promotion