നിങ്ങളുടെ ദോഷങ്ങളറിയൂ ജ്യോതിഷത്തിലൂടെ

Posted By: Saritha P
Subscribe to Boldsky

ജ്യോതിഷം വിശ്വസിക്കുന്നവര്‍ക്ക് അതൊരു മഹത്തായ ശാസ്ത്രമാണ്. അറിയും തോറും വൈപുല്യമേറുന്ന ശാസ്ത്രം. ജ്യോതിഷം ഏറ്റവും പ്രധാന്യം നല്‍കുന്നത് ഗ്രഹനില അടിസ്ഥാപ്പെടുത്തിയുള്ള ദോഷങ്ങള്‍ക്കും അവയ്ക്കുള്ള പരിഹാരങ്ങള്‍ക്കുമാണ്. വിവിധതരം ദോഷങ്ങളെക്കുറിച്ച് ജ്യോതിഷശാസ്ത്രം പരാമര്‍ശിക്കുന്നുണ്ട്. അതായത് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകാനിടയുള്ള ദോഷങ്ങളും അതിനുള്ള പരിഹാരങ്ങളും.

ജ്യോതിഷത്തെ എത്ര തന്നെ എതിര്‍ക്കുന്നവരായാലും ഒരിക്കലെങ്കിലും ഒരു ജ്യോതിഷിയുടെ സഹായം തേടാത്തവര്‍ കുറവായിരിക്കും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളമുഹൂര്‍ത്തങ്ങള്‍ക്ക് ജ്യോതിഷിയുടെ നിര്‍ദ്ദേശം അനുസരിക്കുന്നവരാണ് ഏറെയും. ദോഷമെന്താണെന്നും അതിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എന്താണെന്നും മനസ്സിലാക്കാന്‍ ജ്യോതിഷശാസ്ത്രം എന്താണെന്നും അതിന്റെ അടിസ്ഥാതത്വങ്ങളെന്താണെന്നുമെങ്കിലും അറിഞ്ഞിരിക്കണം.

മരണ ശേഷം അവര്‍ സ്വപ്‌നത്തില്‍ വന്നാല്‍

ജന്മനക്ഷത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയുടെയും ജ്യോതിഷഫലങ്ങള്‍ ഗണിക്കുന്നത്. ഗ്രഹനില നോക്കി തുടര്‍ന്ന് ഓരോ ഗ്രഹങ്ങളുടേയും സ്ഥാനനിര്‍ണ്ണയം നടത്തി നിലവില്‍ ജാതകക്കാരന് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടോയെന്നാണ് രാശികള്‍ നിരത്തി ജ്യോതിഷികള്‍ പരിശോധിക്കുക. ജ്യോതിഷം 12 രാശിയില്‍ അധിഷ്ഠിതമാണ്. ജ്യോതിഷത്തില്‍ കേട്ടുപരിചിതമായതും അല്ലാത്തതുമായ ദോഷങ്ങളുണ്ട്. അവയില്‍ ചിലതിനെക്കുറിച്ചുള്ള വിവരണം നോക്കാം.

ചൊവ്വാദോഷം

ചൊവ്വാദോഷം

വിവാഹിതരും വിവാഹപ്രായമെത്തിയവരും അവരുടെ രക്ഷിതാക്കളുമെല്ലാം ഏറെ പരിചയപ്പെട്ട വാക്കാകും ചൊവ്വാ ദോഷം. എന്താണ് ചൊവ്വാ ദോഷം? മാംഗല്യദോഷമെന്ന് മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കാവുന്നതാണ് ചൊവ്വാദോഷത്തെ. ഏകദേശം 50 ശതമാനത്തോളം ആളുകള്‍ക്ക് ചൊവ്വാദോഷം ഉണ്ടെന്നാണ് കരുതിപ്പോരുന്നത്. അത്രയ്ക്കും സാധാരണമായിത്തീര്‍ന്ന അപഹാരമാണ് ചൊവ്വാദോഷം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചൊവ്വാഗ്രഹവുമായാണ് ഈ ദോഷത്തിന് ബന്ധമുള്ളത്. ഒരാളുടെ ജാതകത്തിലെ ഒന്ന്, നാല്, ഏഴ്, എട്ട്, 12 രാശികളില്‍ ചൊവ്വാഗ്രഹത്തിന്റെ അഥവാ കുജന്റെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ് അയാള്‍ക്ക് ചൊവ്വാദോഷം ഉണ്ടെന്ന് പറയുന്നത്. ചൊവ്വാദോഷത്തെ വിവാഹവേളകളില്‍ ഗൗരവപൂര്‍വ്വമായാണ് കാണുന്നത്. ചൊവ്വാദോഷമുള്ള ഒരാള്‍ക്ക് ചൊവ്വാദോഷമുള്ള പങ്കാളിയെ കണ്ടെത്തണമെന്നാണ് ഇതിന് ജ്യോതിഷശാസ്ത്രം നല്‍കുന്ന പരിഹാരം. അല്ലാത്തപക്ഷം ദോഷമുള്ളയാളുടെ പങ്കാളിക്ക് മൃത്യുവരെ സംഭവിക്കാമെന്ന് ജ്യോതിഷം പറയുന്നു. അതിനാല്‍ തന്നെ ജാതകം നോക്കുമ്പോള്‍ ആളുകള്‍ പരമപ്രധാനമായി അന്വേഷിക്കുന്ന ദോഷങ്ങളിലൊന്നാണ് ചൊവ്വാദോഷം.

നാഡിദോഷം

നാഡിദോഷം

വിവാഹപ്പൊരുത്തം നിര്‍ണ്ണയിക്കുന്നതില്‍ പ്രാധാന്യം കല്പിക്കുന്ന മറ്റൊരു ദോഷമാണ് നാഡിദോഷം. ഒരേ നാഡിയിലുള്ള രണ്ട് പേര്‍ വിവാഹിതരാകുമ്പോഴാണ് ഈ ദോഷം ഉണ്ടാകുക. ഇത് വിവാഹജീവിതത്തിലും കുട്ടികളിലും മോശഫലങ്ങള്‍ സൃഷ്ടിക്കാനിടയാക്കുമെന്നും ജ്യോതിഷം പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരസ്‌നേഹവും ആകര്‍ഷണവും ഉണ്ടാകില്ല എന്നാണ് നാഡീദോഷത്തില്‍ പറയുന്ന ഒരു പ്രധാനവസ്തുത. നാഡിയെ മൂന്നായി തരംതിരിച്ചിരിക്കുന്നു ആദി, മധ്യ, അന്ത്യം എന്നിവയാണവ. ഇതില്‍ പങ്കാളികള്‍ ഒരേ വിഭാഗം നാഡിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ അത് വിവാഹജീവിതത്തിന് അനുഗുണമല്ല എന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം വിവാഹം ആകാം എന്നും ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇതിന് പരിഹാരവും നിര്‍ദ്ദേശിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഒരേ നാഡിയിലുള്ളവര്‍ക്കും സന്തോഷകരമായ വിവാഹജീവിതം സാധ്യമാകും. ഇരുജാതകങ്ങളിലേയും ചന്ദ്രന്റെ സ്ഥാനം ഒരു പോലെ ആണെങ്കില്‍ നാഡിദോഷം അവരുടെ ജീവിതത്തില്‍ ബാധിക്കില്ലെന്നാണ് കണക്കാക്കുന്നത്. ശുക്രന്റെ ശക്തമായ സാന്നിധ്യം ഇരുജാതകങ്ങളിലും ഉണ്ടെങ്കിലും നാഡിദോഷം ബാധിക്കില്ലത്രേ.

പിതൃദോഷം

പിതൃദോഷം

കഴിഞ്ഞകാലത്ത് കുടുംബത്തിലെ കാരണവര്‍മാര്‍ ചെയ്യുന്ന മോശം പ്രവൃത്തിയുടെ ദോഷം പിന്‍തലമുറക്കാര്‍ അനുഭവിക്കേണ്ടിവരും എന്നൊരുവിശ്വാസം നമുക്കിടയില്‍ നിലവിലുണ്ട്. പിതൃദോഷം എന്ന ദോഷത്തിലും പരാമര്‍ശിക്കുന്നത് ഇതുതന്നെയാണ്. കൂടാതെ മരണപ്പെട്ട മുതിര്‍ന്ന കാരണവര്‍മാര്‍ക്ക് മോക്ഷം ലഭിക്കാതിരിക്കുന്നപക്ഷവും പിതൃദോഷം ഉണ്ടാകും. ശ്രാദ്ധദിനത്തില്‍ മരിച്ചയാള്‍ക്കായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കുമ്പോഴാണ് അടുത്ത തലമുറയ്ക്ക് ശാപം ലഭിക്കുന്നത്. ഗ്രഹനിലയിലെ ഒമ്പതാംഭാവത്തിലാണ് ഇത് കാണപ്പെടുന്നത്. പിതൃഭാവം എന്നും ഒമ്പതാംഭാവം അറിയപ്പെടുന്നുണ്ട്. ഈ ദോഷമുണ്ടെങ്കില്‍ അതിന് പരിഹാരം കാണത്തപക്ഷം ദോഷമുള്ളയാള്‍ക്ക് യാതൊരുവിധ പുരോഗതിയും ഉണ്ടാകുന്നതല്ല.

കാര്‍ത്തിക ജന്മദോഷം

കാര്‍ത്തിക ജന്മദോഷം

കാര്‍ത്തികമാസത്തില്‍ ജനിക്കുന്നയാള്‍ക്ക് കാര്‍ത്തിക ജന്മദോഷം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മധ്യം മുതല്‍ നവംബര്‍ മധ്യം വരെയാണ് കാര്‍ത്തികമാസമായി കണക്കാക്കുന്നത്. ഈ സമയത്ത് സൂര്യന്‍ ഏറ്റവും ക്ഷയിച്ച അവസ്ഥയിലാണെന്ന് കരുതുന്നു. സൂര്യന്റെ പ്രഭാവത്തെ ജീവിതപുരോഗതിയുടെ കാരണമായാണ് കണക്കാക്കുന്നത്. അപ്പോള്‍ സൂര്യന്‍ ക്ഷയിച്ച് നില്‍ക്കുന്ന അവസ്ഥയില്‍ ജനിക്കുന്ന ആള്‍ക്ക് ഈ ജന്മദോഷം ഉണ്ടാകുമെന്നാണ് ഇതിന് ലഭിക്കുന്ന വിശദീകരണം. ദാനം, ഉപവാസമനുഷ്ഠിക്കല്‍ തുടങ്ങിയ സത്കൃത്യങ്ങളിലൂടെ കാര്‍ത്തിക ജന്മദോഷത്തിന് പരിഹാരം കാണാനാകുമെന്നും ജ്യോതിഷം നിര്‍ദ്ദേശിക്കുന്നു.

കാല സര്‍പ്പ യോഗം

കാല സര്‍പ്പ യോഗം

ഒരാളുടെ ജാതകത്തില്‍ വളരെ ഗൗരവത്തോടെ കാണുന്ന യോഗമാണ് കാലസര്‍പ്പയോഗം. ഈ ദോഷമുള്ളയാളുടെ ജീവിതത്തിലെ എല്ലാതലത്തിലും ഇതിന്റെ മോശം ഫലം അനുഭവിക്കേണ്ടയോഗമുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഗ്രഹനില എത്ര തന്നെ ഉത്തമമായാലും ഈ ദോഷം വ്യക്തിയുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. സൂര്യന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, ചന്ദ്രന്‍ എന്നീ പ്രധാനഗ്രഹങ്ങളെല്ലാം രാഹുവിനും കേതുവിനും ഇടയിലായി സ്ഥിതി ചെയ്യുന്നതാണ് കാലസര്‍പ്പയോഗമായി ഗണിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായി മോശം ബന്ധം, ആരില്‍ നിന്നും സഹായം ലഭിക്കാത്ത അവസ്ഥ, ധനാഗമനം തടസ്സപ്പെടുക, കഷ്ടതകള്‍ തുടങ്ങിയവയെല്ലാം കാലസര്‍പ്പയോഗത്തിന്റെ ഭാഗമായി ഒരാള്‍ക്ക് അനുഭവപ്പെടാവുന്നതാണ്. കാലസര്‍പ്പയോഗത്തിന് പരിഹാരമായി സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത് ഓം നമ: ശിവായ മന്ത്രം തുടര്‍ച്ചയായി ഉരുവിടുക, 16 തിങ്കളാഴ്ചകള്‍ വ്രതമനുഷ്ഠിക്കുക, നാഗപഞ്ചമി ദിനത്തില്‍ വ്രതമനുഷ്ഠിക്കുക, 43 ബുധനാഴ്ചകളിലായി ധാന്യം ഭിക്ഷ നല്‍കുക തുടങ്ങിയവയാണ്.

English summary

Do You Know About The Different Types Of Doshas

We bet you were not aware of all the different doshas! So check out all the different types of doshas mentioned in this article.