Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
'അവളുടെ കയ്യിലെ തണുപ്പ് ഇന്നും ഒരു നൊമ്പരം', ഒരു അധ്യാപികയുടെ അനുഭവക്കുറിപ്പ്
അധ്യാപനത്തില്‍ വേണ്ടത്ര മുന്പരിചയമോ, കുട്ടികളുടെ മനസ് തൊട്ടറിയാന്‍ ഉള്ള മാസ്മരിക വിദ്യയോ വശമില്ലാതിരുന്ന കാലത്തെ ഒരു അനുഭവമാണ്. 2017-2018 കാലഘട്ടം. അന്ന് ഞാന്‍ പടിഞ്ഞാറത്തറ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് ജോലി ചെയ്യുന്നത്. 8F ക്ലാസ്സിലെ ക്ലാസ് ടീച്ചറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തെല്ലൊരു ആശങ്കയില്ലാതില്ല, അതിനൊപ്പം സന്തോഷവും. പക്ഷേ ആശങ്കകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ആദ്യദിവസം മുതല്‍ തന്നെ ഞാനും അവരിലൊരാളായി.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അത് ഞാന്‍ ശ്രദ്ധിക്കുന്നത്. ഹാജര്‍ പട്ടികയിലെ റോള്‍ നമ്പര്‍ 5 സ്ഥിരമായി അവധിയാണ്. പുതിയ സ്കൂളിലേക്ക് വരാനുള്ള ജാള്യത ആയിരിക്കുമെന്ന് ആദ്യ ആഴ്ചയിലും അസുഖം വല്ലതുമായിരിക്കുമെന്ന് രണ്ടാമത്തെ ആഴ്ചയിലും സ്വയം ആശ്വസിച്ചു. വിളിച്ചുനോക്കാമെന്ന് വെച്ചാല്‍ നമ്പറും ഇല്ല. കുട്ടിയെ കാണാനുള്ള ആകാംക്ഷയും സ്ഥിരമായ അവധിയും കാരണം ജൂണ്‍ മാസത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ഉച്ചനേരത്ത് ഞാന്‍ അവളെ അന്വേഷിച്ചിറങ്ങി. ഒരു ധൈര്യത്തിന് രാധിക ടീച്ചറെയും കൂട്ടി.
ബാണാസുര മലയുടെ മടിത്തട്ടില്‍ ശാന്തമായി ഉറങ്ങുന്ന വയലുകളുടെ നടുവിലൂടെയുള്ള റോഡിലൂടെ രാധിക ടീച്ചര്‍ വണ്ടി ഓടിച്ചു. വണ്ടി ചെന്നുനിന്നത് ഒരു ചെറിയ വീടിന് മുന്നിലാണ്. പരിസരമെല്ലാം അലംകോലമായി കിടക്കുന്ന ആ വീട് കണ്ടപ്പോഴേ എന്റെ നെഞ്ചിലൊരു ആളലുണ്ടായി. ശ്വാസഗതി വേഗത്തിലായി. പുറത്ത് നിന്നും എത്രവിളിച്ചിട്ടും ആരും പുറത്തുവരാതായപ്പോള്‍ തുറന്നുകിടക്കുന്ന വാതിലിലൂടെ ഞാന്‍ അകത്തേക്ക് കയറി. ഒരു മുറിയില്‍ ഒരു തൊട്ടിലുണ്ട്. മറ്റൊരു മുറിയില്‍ ഏകദേശം അമ്പതുവയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ നിലത്ത് പായില്‍ കിടക്കുന്നുണ്ട്.
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അന്വേഷിച്ചിറങ്ങിയ റോള്‍ നമ്പര്‍ 5 ഒരു വലിയ കുടത്തില്‍ വെള്ളവുമേന്തി വീട്ടിലേക്ക് എത്തി. വീട്ടില്‍ വന്ന അതിഥികളെ കണ്ട് ആദ്യം അവള് അമ്പരന്നു. സ്കൂളില്‍ നിന്നുവന്ന ടീച്ചറാണെന്ന് കേട്ടപ്പോള്‍ അവളുടെ കണ്ണുകളില്‍ വ്യത്യസ്തഭാവങ്ങള്‍ മിന്നിമറിയുന്നത് ഞാന്‍ കണ്ടു. മെലിഞ്ഞ്, പൊക്കം കുറഞ്ഞ, ഇരുനിറമുള്ള ഒരു പെണ്‍കുട്ടി. രാധിക ടീച്ചറാണ് കാര്യങ്ങളെല്ലാം ചോദിക്കുന്നത്. ഞാന്‍ വെറുതേ അവളിലേക്ക് കണ്ണം നട്ടിരുന്നു. പ്രസവിച്ച് കിടക്കുന്ന ചെറിയമ്മയ്ക്ക് പ്രസവരക്ഷ ചെയ്യുന്നത് ഇവളാണത്രേ. അവളുടെ അമ്മയാണ് ഒരു മുറിയില്‍ ചാണകം തേച്ച തറയില്‍ ചുരുണ്ട് കിടക്കുന്നത്. അര്‍ബുദമാണ്. അച്ഛന് സ്ഥിരം മദ്യപാനിയാണ്. ഒരു ഉറപ്പും ഇല്ലെങ്കില്‍ കൂടിയും നാളെ മുതല്‍ ക്ലാസില്‍ വരണമെന്ന് ഇറങ്ങാന്‍ നേരം ഞാന്‍ പറഞ്ഞു.
പിറ്റേദിവസം രജിസ്റ്ററുമെടുത്ത് ക്ലാസിലേക്ക് നടക്കുമ്പോള്‍ ഹൃദയത്തിന്റെ ഏതോ കോണില്‍ അവള് വന്നിട്ടുണ്ടായിരിക്കണേ എന്ന് ഞാന്‍ വെറുതേ ആശിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിന്ബെഞ്ചില് അവള് ഇരിക്കുന്നുണ്ടായിരുന്നു. ഓടിവന്ന് എന്റെ കൈകള്‍ പിടിച്ച് ടീച്ചറേ ഞാന്‍ വന്നുവെന്ന് പറഞ്ഞപ്പോള്‍ അവളുടെ കൈകളുടെ തണുപ്പ് എന്നിലേക്കും പടര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം അവള് വന്നു. എന്തോ അവളുമായി എനിക്ക് വല്ലാത്തൊരു ആത്മബന്ധം തോന്നി.
ആഴ്ചകള്‍ക്ക് ശേഷം വീണ്ടും അവളെ കാണാതായി. അന്വേഷിച്ചപ്പോള്‍ അവളുടെ അമ്മ ഇനി മടങ്ങിവരാന്‍ കഴിയാത്ത ലോകത്തേക്ക് യാത്രയായെന്ന് അറിഞ്ഞു. അവളെ അന്വേഷിച്ച് വീണ്ടും ആ വീട്ടിലെത്തി. പിറ്റേദിവസം രജിസ്റ്ററും എടുത്ത് ക്ലാസ് മുറിയിലേക്ക് നടന്നപ്പോള്‍ എന്തോ മനസ്സ് ശൂന്യമായിരുന്നു. അന്നത്തെ പോലെ പിന്ബെഞ്ചില് അവള് ഉണ്ടാകുമോ? ഇല്ല. റോള്നമ്പര് 5 പിന്നീടെന്നും അവധിയായിരുന്നു. അവര്‍ അവിടെ നിന്നും സ്ഥലം വിറ്റ് പോയെന്ന് പിന്നീടെപ്പോഴോ അറിഞ്ഞു. ഞാനും ആ സ്കൂള്‍ വിട്ട് മറ്റൊരിടത്ത് എത്തി. പക്ഷേ അവളുടെ കൈകളിലെ തണുപ്പ് മാത്രം എന്നില്‍ ബാക്കിയായി.
വയനാട് ജിഎച്ച്എസ്എസ് പനമരം ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയായ കാവ്യ പ്രസാദ് ആണ് ലേഖിക.



Click it and Unblock the Notifications
