1300 കൊല്ലത്തെ പഴക്കം, മുകളില്‍ നിന്ന് താഴേക്ക് പണിത അമ്പലം !! അത്ഭുതം കൈലാസ ക്ഷേത്രം

ഹിന്ദുമതത്തില്‍ ക്ഷേത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ദൈവം എല്ലായിടത്തും ഉണ്ടെന്ന് ഹിന്ദുമതം വിശ്വസിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായി എല്ലായിടത്തും വ്യത്യസ്ത ദൈവങ്ങളുടെ വ്യത്യസ്ത ക്ഷേത്രങ്ങള്‍ കാണാം. നൂറ്റാണ്ടുകള്‍ക്ക് മുന്നേതന്നെ മനുഷ്യര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് ആരാധിച്ചിരുന്നു. അതിന് ഉദാഹരണമായി പല ക്ഷേത്രങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളം ഉണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ പെടാതെ ഇന്നും പൗരാണിക പ്രൗഢിയോടെ നിലകൊള്ളുന്ന ഈ ക്ഷേത്രങ്ങള്‍ വാസ്തുവിദ്യാ അത്ഭുതങ്ങള്‍ കൂടിയാണ്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് അത്തരത്തിലുള്ള ഒരു ക്ഷേത്രത്തെക്കുറിച്ചാണ്.

മഹാരാഷ്ട്രയിലെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എല്ലോറ ഗുഹകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരൊറ്റ പാറയില്‍ കൊത്തിയെടുത്ത ഒരു നിര്‍മിതിയാണ് ഇത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകശിലാ കെട്ടിടങ്ങളിലൊന്നായും കണക്കാക്കുന്നു. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാക്ഷേത്രങ്ങളിലൊന്നായ കൈലാസ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതിന്റെ ഭീമാകാരമായ വലിപ്പം കൂടാതെ, ക്ഷേത്രം അതിന്റെ ശില്‍പങ്ങള്‍ക്കും മറ്റ് വാസ്തുവിദ്യാ ഘടകങ്ങള്‍ക്കും ശ്രദ്ധേയമാണ്. എല്ലോറയിലെ കൈലാസ ക്ഷേത്രത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

kailasa temple interesting facts

ലോകത്തിലെ ഏറ്റവും വലിയ മോണോലിത്തിക്ക് ഘടന

എല്ലോറ ഗുഹകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകശിലാ ഖനനത്തിന് പേരുകേട്ടതാണ്. ഇതിലെ മഹത്തായ കൈലാസ ക്ഷേത്രം ഒരു ഒറ്റക്കല്ലില്‍ തീര്‍ത്ത വാസ്തുവിദ്യാ വിസ്മയമാണ്. 1300 വര്‍ഷം പഴക്കമുള്ള ഈ വാസ്തുവിദ്യാ വിസ്മയത്തിന്റെ പ്രത്യേകത, ചരനന്ദ്രി കുന്നുകളിലെ ഒരൊറ്റ അഗ്‌നിപര്‍വ്വത ബസാള്‍ട്ടിക് പാറയില്‍ നിന്ന് കൊത്തിയെടുത്തതാണ് എന്നതാണ്. ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും വലിയ മോണോലിത്തിക്ക് സൃഷ്ടിയായി ഇതിനെ കണക്കാക്കുന്നു. ക്ഷേത്ര വാസ്തുവിദ്യയില്‍ പല്ലവ, ചാലൂക്യ ശൈലികളുടെ അടയാളങ്ങള്‍ കാണാം. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുത്തുന്ന ഒരു അതിമനോഹര നിര്‍മിതിയാണ് ഇത്.

മുകളില്‍ നിന്ന് താഴേക്ക് കൊത്തിയെടുത്തത്

കൈലാസ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ അതിന്റെ ലംബമായ ഉത്ഖനനത്താല്‍ ശ്രദ്ധേയമാണ്. സാധാരണ ഒരു കെട്ടിടം നിര്‍മിക്കുന്നത് താഴെ നിന്ന് മുകളിലേക്കാണ്. എന്നാല്‍ ഈ ക്ഷേത്രം മുകളില്‍ നിന്ന് താഴേക്ക് കൊത്തിയിറക്കിയാണ് പണിതിരിക്കുന്നത്. ഇതിന്റെ ചുറ്റുമതിലുകളില്‍ ഇപ്പോഴും ഡ്രില്‍ മാര്‍ക്കുകള്‍ കാണാം. ഒരൊറ്റ പാറയില്‍ കൊത്തിയെടുത്ത ഒരു മെഗാലിത്ത് രൂപം. മുകളില്‍ നിന്ന് താഴേക്ക് പണിത ലോകത്തിലെ ഒരേയൊരു ഘടനയാണ് കൈലാസ ക്ഷേത്രം. ഓരോ രൂപകല്പനയും അളവുകളും വളരെ കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ഏകശിലാ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഏകദേശം 200,000 ടണ്‍ പാറകള്‍ നീക്കം ചെയ്തു എന്നാണ് കണക്കാക്കുന്നത്.

18 വര്‍ഷം മാത്രമെടുത്ത് നിര്‍മിച്ചത്

ക്രിസ്തുവര്‍ഷം 756-773ല്‍ രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമന്‍ നിര്‍മ്മിച്ച, എല്ലോറയിലെ എല്ലാ ഗുഹകളിലും വച്ച് പ്രമുഖമായത് കൈലാസ ക്ഷേത്രമാണ്. നൂറ്റാണ്ടുകളായി ഈ ക്ഷേത്രം ഗവേഷകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നൂറിലധികം വര്‍ഷമെടുക്കുമെന്ന് പുരാവസ്തു ഗവേഷകര്‍ കണക്കാക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ 18 വര്‍ഷമേ വേണ്ടിവന്നുള്ളൂ. അതു അന്നത്തെക്കാലത്തെ പണി ആയുധങ്ങള്‍ വച്ച്! പാറ മുറിച്ച ക്ഷേത്രം 50 മീറ്ററോളം പുറകില്‍ യു ആകൃതിയില്‍ വെട്ടി, ചരനന്ദ്രി കുന്നുകളിലെ ലംബമായ ബസാള്‍ട്ട് പാറയില്‍ നിന്ന് ഏകദേശം 2,00,000 ടണ്‍ പാറകള്‍ എടുത്ത് ഗംഭീരമായാണ് ക്ഷേത്രം രൂപീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ പുരാതനമായ പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് മാത്രം പാറകള്‍ വെട്ടിമാറ്റി എങ്ങനെയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നത് ഇന്നത്തെക്കാലത്തും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു.

കൈലാസ പര്‍വ്വതത്തെ പ്രതിനിധീകരിക്കുന്നു

പരമശിവന്റെ വാസസ്ഥലമാണ് കൈലാസം. കൈലാസ പര്‍വ്വതത്തോട് സാമ്യമുള്ളതാണ് ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. പ്രവേശന കവാടത്തിന് ചുറ്റും രണ്ട് അകമുറ്റങ്ങളുണ്ട്, ഓരോന്നിനും 15 മീറ്റര്‍ ഉയരമുള്ള തൂണുകളും ഭീമാകാരമായ ഒരു ഏകശിലയില്‍ തീര്‍ത്ത ആനയുടെ പ്രതിമയുമുണ്ട്. ശിവലിംഗത്തിന് അഭിമുഖമായി നില്‍ക്കുന്ന നന്ദിയുടെ ഒരു പ്രതിമയുണ്ട്. നന്ദി മണ്ഡപവും പ്രധാന ശിവക്ഷേത്രവും 7 മീറ്റര്‍ ഉയരത്തില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ചതാണ്.

ഗ്രീസിലെ പാര്‍ഥെനോണേക്കാള്‍ വലുത്

അത്യന്തം വലിപ്പവും വാസ്തുവിദ്യയുടെ ചാരുതയും കാരണം ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാക്ഷേത്രങ്ങളില്‍ ഒന്നായി കൈലാസ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നു. ഏകദേശം 145 അടി വീതിയും 195 അടി നീളവും 90 അടി ഉയരവുമുള്ള കൈലാസ ക്ഷേത്രം ഗ്രീസിലെ ഏഥന്‍സിലെ പാര്‍ഥെനോണിന്റെ ഇരട്ടി വലിപ്പമുള്ളതാണ്. മധ്യഭാഗത്ത് ഭീമാകാരമായ ശില്‍പങ്ങളുള്ള ഏകശിലാരൂപത്തിലുള്ള പ്രധാന ആരാധനാലയവും ഗോപുരവും ഇരുവശത്തും ചുറ്റുമതിലുകളും ഉള്ള കൈലാസ ക്ഷേത്രം, ആഗ്രയിലെ താജ്മഹലിനെപ്പോലും വെല്ലുന്ന, ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും വലിയ നിര്‍മിതികളില്‍ ഒന്നാണ്.

സങ്കീര്‍ണ്ണമായ ശില്‍പങ്ങളും കൊത്തുപണികളും

അതിവിദഗ്ധമായ കൊത്തുപണികള്‍ക്ക് പേരുകേട്ട ക്ഷേത്രമാണ് എല്ലോറയിലെ ഈ ക്ഷേത്രം. വളരെ സങ്കീര്‍ണ്ണമായ ശില്‍പങ്ങളും കൊത്തുപണികളും ഇതിലുണ്ട്. പുരാതന ഇന്ത്യന്‍ നാഗരികതയുടെ ഒരു അത്ഭുത കാഴ്ച തന്നെയാണ് ഇത്. പ്രവേശന കവാടത്തിലെ ഏകശിലാരൂപത്തിലുള്ള ആനകളും വിജയസ്തംഭങ്ങളും, നന്ദിയുടെ ചിത്രം, മഹാമണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ വൃത്താകൃതിയില്‍ നില്‍ക്കുന്ന സിംഹങ്ങളുടെ നാല് ശില്‍പങ്ങള്‍, ക്ഷേത്രത്തിന്റെ ചുവട്ടിലെ ആനയുടെ ശില്‍പങ്ങള്‍ എന്നിവ ഏറ്റവും ശ്രദ്ധേയമായവയാണ്. കൂടാതെ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും രംഗങ്ങളും ഹിന്ദു ദൈവമായ വിഷ്ണുവിന്റെ വ്യത്യസ്ത അവതാരങ്ങളെ ചിത്രീകരിക്കുന്ന സങ്കീര്‍ണ്ണമായ കൊത്തുപണികളും കൈലാസ ക്ഷേത്രത്തില്‍ കാണാം. അസുരരാജാവായ രാവണന്‍ കൈലാസ പര്‍വ്വതം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രവും ഇവിടെയുണ്ട്.

നശിപ്പിക്കാന്‍ കഴിയാത്ത ക്ഷേത്രം

എല്ലോറയിലെ കൈലാസ ക്ഷേത്രത്തെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത മുഗള്‍ രാജാവായ ഔറംഗസീബ് കൈലാസ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. 1682-ല്‍ ക്ഷേത്രം തകര്‍ക്കാന്‍ 1000 പേരെ അദ്ദേഹം അയച്ചതായി പറയപ്പെടുന്നു. അവര്‍ 3 വര്‍ഷം തുടര്‍ച്ചയായി ഈ ക്ഷേത്രം തകര്‍ക്കാന്‍ പരിശ്രമിച്ചെങ്കിലും ക്ഷേത്രത്തിലെ ഏതാനും പ്രതിമകള്‍ മാത്രമേ അവര്‍ക്ക് തകര്‍ക്കാനും വിരൂപമാക്കാനും സാധിച്ചുള്ളൂ. ക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കുക അസാധ്യമാണെന്ന് മനസ്സിലാക്കിയ ഔറംഗസേബ് ഒടുവില്‍ ഈ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.

Story first published: Monday, March 11, 2024, 15:05 [IST]
X
Desktop Bottom Promotion