For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടമ്പ് മരം വെറുമൊരു മരമല്ല

|

മരങ്ങളില്ലാതെ മനുഷ്യനിലനില്‍പ് സാധ്യമല്ലെന്ന തിരിച്ചറിവിനാലാകാം ഇന്ത്യന്‍ സംസ്‌കാരം വൃക്ഷങ്ങളെ അത്രകണ്ട് ആരാധിക്കുന്നത്. ഹിന്ദുമം ധാരാളം മരങ്ങള്‍ക്ക് ദേവപരിവേഷം നല്‍കി ആരാധന നടത്തുന്നുണ്ട്. ഓരോ പൂജയ്ക്കും ചടങ്ങിനും വൃക്ഷങ്ങളോ സസ്യങ്ങളോ സാക്ഷിയാകാറുണ്ട്. ആല്‍, കൂവളം, അശോകം, തെങ്ങ്, കടമ്പ്.. അങ്ങനെ പട്ടിക നീളുന്നു.

Most read: ഹിന്ദുക്കള്‍ എന്തുകൊണ്ട് വൃക്ഷങ്ങളെ ആരാധിക്കുന്നു

ഹിന്ദുമതത്തിന്റെ ഭാഗമായ കടമ്പു മരവും അത്തരത്തിലൊരു ദേവപരിവേഷമുള്ള വൃക്ഷമാണ്. വൃക്ഷ ആരാധനയില്‍ കൃത്യമായ സ്ഥാനം കടമ്പു മരത്തിനുണ്ട്. പുരാതന മത-സാംസ്‌കാരിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കടമ്പു മരം. ഈ മരത്തെ ശ്രീകൃഷ്ണനുമായി കോര്‍ത്തിണക്കി ദേവപ്രീതിക്കായി ആരാധിച്ചുവരുന്നു. ധാരാളം ഔഷധഗുണങ്ങളും കൂടി അടങ്ങിയ ഒന്നാണ് കടമ്പു മരം.

ചില പ്രത്യേകതകള്‍

ചില പ്രത്യേകതകള്‍

ഒരിനം ഇലപൊഴിയും മരമാണ് കടമ്പ്. ആന്തോസെഫാലസ് കടമ്പ അല്ലെങ്കില്‍ ആന്തോസെഫാലസ് ഇന്‍ഡിക്കസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ആറ്റിന്‍ കരയില്‍ സമൃദ്ധമായി വളരുന്നതിനാല്‍ ആറ്റുതേക്ക് എന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ജലാശയങ്ങളുടെ തീരത്തും നനവാര്‍ന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. അണ്ഡാകൃതിയിലുള്ളതാണ് ഇലകള്‍. മഴക്കാലാത്താണ് കടമ്പ് മരം പുഷ്പിക്കുന്നത്. ഓറഞ്ച് നിറമുള്ള ഇവയുടെ പൂക്കള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ തടിക്ക് ഉറപ്പില്ല. എങ്കിലും ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് അപൂര്‍വ്വമായി ഉപയോഗിക്കുന്നുണ്ട്.

ശ്രീകൃഷ്ണ കഥകളിലെ കടമ്പ് മരം

ശ്രീകൃഷ്ണ കഥകളിലെ കടമ്പ് മരം

പുരാണങ്ങളില്‍ ശ്രീകൃഷ്ണനെ പ്രതിപാദിക്കുന്നയിടത്ത് കടമ്പ് മരവും ബന്ധപ്പെട്ടിരിക്കുന്നു. രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങള്‍ നടത്തിയിരുന്നത് കടമ്പു മരത്തിനു കീഴിലായിരുന്നു. ഗോപികമാരൊത്ത് ആറ്റിന്‍കരയില്‍ ശ്രീകൃഷ്ണന്‍ ഉല്ലസിച്ചിരുന്നത് കടമ്പ് മരത്തിന്റെ തണലിലായിരുന്നു. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നു. കടമ്പ് മരത്തിന്റെ കൊമ്പില്‍ കയറിയാണ് ശ്രീകൃഷ്ണന്‍ കാളിയമര്‍ദനത്തിനായി യമുനയാറ്റില്‍ ചാടിയത്.അങ്ങനെ ഒട്ടനവധി കഥകള്‍ ശ്രീകൃഷ്ണനുമായി ചുറ്റിപ്പറ്റി കടമ്പു മരത്തിനു പറയാനുണ്ട്.

ഗരുഡകഥകളിലെ കടമ്പ് മരം

ഗരുഡകഥകളിലെ കടമ്പ് മരം

പക്ഷിരാജാവായ ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തിലാണ് വിശ്രമിച്ചത്. ആ സമയം അല്‍പം അമൃത് മരത്തില്‍ വീഴാനിടയായി. പിന്നീട്, കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയപ്പോള്‍ കടമ്പുമരം മാത്രം ബാക്കിയായി. അമൃത് വീണതിനാലാണ് കടമ്പ് മരം ഉണങ്ങാതിരുന്നതെന്ന് കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു.

സഹ്യാദ്രിയുടെ തലവനായ കടമ്പന്‍

സഹ്യാദ്രിയുടെ തലവനായ കടമ്പന്‍

തുളുബ്രാഹ്മണരുടെ ചരിത്രവുമായി ബന്ധപ്പെട്ട് കന്നടയിലെഴുതപ്പെട്ട 'ഗ്രാമപദ്ധതി' എന്ന ഗ്രന്ഥത്തിലും കടമ്പ് മരത്തെപ്പറ്റി പരാമര്‍ശിക്കുന്നു. പരശുരാമന്‍ തുളുനാടും ഹൈഗയും സൃഷ്ടിച്ചതിനുശേഷം ശിവനും പാര്‍വ്വതിയും സഹ്യാദ്രിയിലേക്ക് വന്നു. അവര്‍ക്ക് അവിടെ ഒരു കുട്ടി പിറന്നു. കടമ്പു മരച്ചുവട്ടില്‍ വച്ച് പ്രസവിച്ചതിനാല്‍ കുട്ടിക്ക് കടമ്പന്‍ എന്നു പേരിട്ടു. സഹ്യാദ്രിയുടെ ഭരണത്തലവനായി കടമ്പന്‍ വളര്‍ന്നുവെന്നും കഥകള്‍ പറയുന്നു.

'മധുര'യുടെ കടമ്പ്

'മധുര'യുടെ കടമ്പ്

പണ്ടുകാലത്ത് കടമ്പ് മരങ്ങള്‍ ധാരാളം കണ്ടുവന്നിരുന്ന സ്ഥലമായിരുന്നു തമിഴ്‌നാട്ടിലെ മധുര. അതിനാല്‍ കടമ്പ വനം എന്ന് അക്കാലത്ത് മധുര അറിയപ്പെട്ടിരുന്നു. ഇന്നും കടമ്പ് മരങ്ങള്‍ മധുരയിലും പരിസരങ്ങളിലുമായി ഇലപൊഴിയും വനങ്ങളില്‍ വളര്‍ന്നുവരുന്നുണ്ട്. കടമ്പ വൃക്ഷം മധുര മീനാക്ഷി ക്ഷേത്രത്തിലും കാണപ്പെടുന്നു. ക്ഷേത്രത്തിനടുത്ത കാട്ടിലുള്ള സ്വയംഭൂലിംഗത്തെ ആരാധിക്കാന്‍ രാത്രികാലങ്ങളില്‍ ഇന്ദ്രന്‍ വന്നിരുന്നുവെന്നും മധുരമീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പറയുന്നുണ്ട്. കടമ്പുവൃക്ഷം ക്ഷേത്രത്തിന്റെ പുണ്യവൃക്ഷമായി പിന്നീട് മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണങ്ങിപ്പോയ ഈ കടമ്പുവൃക്ഷത്തിന്റെ അവശിഷ്ടം ഇപ്പോഴും അമ്പലത്തില്‍ സംരക്ഷിച്ചുപോരുന്നുണ്ട്. തമിഴ് ഇതിഹാസങ്ങളിലൊന്നായ 'ചിലപ്പതികാര'ത്തിലും കടമ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

രോഗദായിനിയായ കടമ്പ്

രോഗദായിനിയായ കടമ്പ്

പുരാണപാരമ്പര്യത്തില്‍ മാത്രമല്ല, ഔഷധഗുണത്തിലും കടമ്പ് മരത്തിന് ഏറെ മുമ്പിലാണ്. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ എന്നിവ ഔഷധഗുണം നിറഞ്ഞതാണ്. മരത്തിന്റെ തൊലി ഉപയോഗിച്ചുള്ള കഷായം പനിക്ക് ഉത്തമമാണ്. കായുടെ നീര് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് ഉദരരോഗത്തിന് പ്രതിവിധിയാണ്. കടമ്പിന്‍ പൂക്കള്‍ പൂജാചടങ്ങുകളില്‍ ഉപയോഗിച്ചുവരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും പൂക്കള്‍ ഉപയോഗിച്ചുവരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പേശിവേദന, ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കടമ്പ് മരത്തിന്റെ വേരുകള്‍ ഔഷധമായി ഉപയോഗിക്കുന്നു. അള്‍സര്‍ ചികിത്സക്കും മഞ്ഞപ്പിത്തത്തിനും മരത്തിന്റെ ഇലകള്‍ ഉപയോഗിക്കുന്നു.

ഇന്ദ്രപ്രസ്ഥത്തിലെ കടമ്പ്

ഇന്ദ്രപ്രസ്ഥത്തിലെ കടമ്പ്

മഹാഭാരത കഥകളില്‍ കടമ്പ് പലയിടത്തും പ്രതിപാദിക്കുന്നുണ്ട്. പാണ്ഡവന്‍മാരുടെ നാടായ ഇന്ദ്രപ്രസ്ഥത്തില്‍ വളര്‍ത്തിയിരുന്ന വൃക്ഷങ്ങളില്‍ ഒന്നായിരുന്നു കടമ്പ് എന്ന് മഹാഭാരതത്തില്‍ സൂചിപ്പിക്കുന്നു.

കടമ്പോത്സവം

കടമ്പോത്സവം

കര്‍ണാടകയിലെ ആദ്യത്തെ രാജവംശമായി കരുതപ്പെടുന്നത് കടമ്പ രാജവംശമാണ്. ബനവാസിയായിരുന്നു കടമ്പ രാജാക്കന്മാരുടെ തലസ്ഥാനം. ഇതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ബനവാസിയില്‍ കര്‍ണാടക സര്‍ക്കാര്‍ 'കടമ്പോത്സവം' എന്ന പേരില്‍ രണ്ടു ദിവസത്തെ വസന്തോത്സവം നടത്തിവരുന്നു.

English summary

Importance of Kadamba Tree In Indian Culture

Here in this article we are talking why the Kadamba Tree is important in Indian culture. Take a look.
Story first published: Wednesday, December 4, 2019, 15:46 [IST]
X