നല്ല ചൂട് കാപ്പി ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ? രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍ കിട്ടുന്ന ഉന്‍മേഷം ഒന്നു വേറെ തന്നെയാണ്. എന്നാല്‍ ഇത് വെറും കാപ്പിയല്ലാതെ ഫില്‍ട്ടര്‍ കാപ്പി ആയാലോ? ദക്ഷിണേന്ത്യയുടെ മുഖമുദ്രകളില്‍ ഒന്നാണ് ചൂടു പറക്കുന്ന, നുര പൊന്തുന്ന ഫില്‍ട്ടര്‍ കോഫി. പരമ്പരാഗതമായി രണ്ട് അറകളുള്ള ഒരു പ്രത്യേക സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രം ഉപയോഗിച്ചാണ് ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കുന്നത്. ഫില്‍ട്ടര്‍ കോഫിയില്‍ ഉപയോഗിക്കുന്ന കാപ്പിക്കുരു ഒരു മിശ്രിതമാണ്. പരമ്പരാഗതമായി ഇതില്‍ ശര്‍ക്കര, തേന്‍ എന്നിവ മധുരത്തിനായി ഉപയോഗിച്ചിരുന്നു, എന്നാല്‍ ഇന്ന് പഞ്ചസാര തന്നെയാണ് ഉപയോഗത്തിലുള്ളത്. ഫില്‍ട്ടര്‍ കോഫിയുടെ സിഗ്‌നേച്ചര്‍ ഘടകമാണ് ഗ്ലാസിന് മുകളില്‍ പൊന്തി നില്‍ക്കുന്ന പത.
കടയില്‍ കിട്ടുന്ന അതേ രുചിയിലുള്ള ഫില്‍ട്ടര്‍ കാപ്പി എങ്ങനെ വീട്ടില്‍ തയാറാക്കാമെന്ന് നിങ്ങള്‍ക്ക് അറിയണോ? കോഫി ഫില്‍റ്റര്‍ ഉപയോഗിച്ചാണ് ഈ കാപ്പി തയാറാക്കുന്നത്. ഇത് നിങ്ങള്‍ക്ക് വീട്ടിലും തയാറാക്കാവുന്നതാണ്. ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആവശ്യമുള്ള ചേരുവകള്‍
ഫില്‍റ്റര്‍ കാപ്പിപൊടി - 4 ടേബിള്‍സ്പൂണ്‍
ചൂട് വെള്ളം - 1 കപ്പ്
ചൂട് പാല്‍ - 1 കപ്പ്
പഞ്ചസാര - ഒന്നര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
കാപ്പി ഉണ്ടാക്കുമ്പോള്‍ സാധാരണയായി വെള്ളത്തില്‍ കാപ്പിപ്പൊടി ഇട്ട് തിളപ്പിക്കുകയാണ് പതിവ്. അല്ലെങ്കില്‍ തിളച്ച വെള്ളത്തിലേക്ക് കാപ്പിപ്പൊടി ചേര്‍ക്കും. എന്നാല്‍ ഫില്‍റ്റര്‍ കോഫി തയ്യാറാക്കുന്നത് കാപ്പിപ്പൊടിയിലേക്ക് ചൂടുവെള്ളം ഒഴിച്ചാണ്. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഒഴിക്കും.
Also read: റമദാന്‍ കാലത്ത് നോമ്പുമുറിക്കാന്‍ ഈന്തപ്പഴം ഉപയോഗിക്കാനുള്ള കാരണം ഇതാണ്
ഒരു പാനില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കോഫി പൗഡര്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക. കാപ്പിയുടെ ഡികോക്ഷന്‍ ഇപ്പോള്‍ തയാറായി. ഇത് സ്റ്റൗവില്‍ നിന്ന് മാറ്റി ചൂടോടു കൂടെ അടച്ചുവയ്ക്കുക. തരിയെല്ലാം നന്നായി അടിഞ്ഞുകൂടാനായി ഒരു 15 മിനിട്ട് ഇങ്ങനെ വയ്ക്കുക. അടുത്തതായി പാല്‍ തിളപ്പിച്ചെടുക്കുക. ഇതിനൊപ്പം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ക്കുക. പാല്‍ തിളച്ചുകഴിഞ്ഞ് ഒരു കപ്പിലേക്ക് കാപ്പിയുടെ ഡികോക്ഷന്‍ ഒഴിച്ച് കൊടുക്കുക. ഇതിലോട്ട് തിളച്ച പാല്‍ കൂടി പതപ്പിച്ച് ഒഴിക്കുക. ഒന്നോ രണ്ടോ വട്ടം മിക്‌സ് ചെയ്യുക. നല്ല ചൂടോടെ ഫില്‍ട്ടര്‍ കോഫി കുടിക്കുക.
ഇന്ത്യയില്‍ കാപ്പി ഉത്ഭവിച്ച കഥ
ഇന്ത്യയില്‍ കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരു കഥയുണ്ട്. എഡി 1600-ല്‍ ബാബാബുദാന്‍ എന്ന സൂഫി സന്യാസി മക്കയിലേക്ക് തീര്‍ത്ഥാടനം നടത്തി. യെമനിലെ ഒരു തുറമുഖ നഗരമായ മോക്ക അക്കാലത്ത് കാപ്പിക്കുരുവിന് പേരുകേട്ട സ്ഥലമായിരുന്നു. അവിടെ നിന്ന് തിരിച്ചുള്ള യാത്രയ്ക്കിടെ, അദ്ദേഹം താടിയില്‍ ഒളിപ്പിച്ച് രഹസ്യമായി 7 കാപ്പിക്കുരു നാട്ടിലെത്തിച്ചു. ഇന്ത്യയിലെ കാപ്പിയുടെ ജന്മസ്ഥലമായ ചിക്കമംഗളൂരിലെ തന്റെ വീട്ടു മുറ്റത്ത് അദ്ദേഹം ആ 7 കാപ്പിക്കുരു നട്ടു. അദ്ദേഹത്തിന്റെ പേരിലാണ് ഈ കുന്നുകള്‍ക്ക് ബാബാബുദാന്‍ കുന്നുകള്‍ എന്ന് പേരിട്ടത്. ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി എന്നറിയപ്പെടാനുള്ള ഒരു കാരണം ഇതാണെന്ന് ചിലര്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വറെയും പല കഥകളും ഉണ്ട്.
Also read: കലിയുഗ വൈകുണ്ഠം, സമ്പന്നമായ വിഷ്ണുക്ഷേത്രം; അത്ഭുതം നിറഞ്ഞ തിരുപ്പതി തിരുമല ദേവസ്ഥാനം
പതിനേഴാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി അവതരിപ്പിച്ചത് ഫ്രഞ്ചുകാരും ജര്‍മ്മനികളുമാണെന്ന് ചില കഥകള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് എല്ലാ കടല്‍ മാര്‍ഗങ്ങളും അടച്ചിരുന്നുവെന്നും ഇന്ത്യയില്‍ കാപ്പി വിതരണത്തിന് കടുത്ത ക്ഷാമം ഉണ്ടായെന്നും പറയുന്നു. ക്ഷാമം കാരണം കോഫിയില്‍ ചിക്കറി (ഒരു കോഫി അഡിറ്റീവ്) കലര്‍ത്തി ഉപയോഗിക്കാന്‍ തുടങ്ങി. ചിക്കറി കാപ്പിക്ക് നല്ല രുചിയും മണവും നല്‍കുന്നു. ഇങ്ങനെയാണ് ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫിക്ക് അതിന്റെ രുചി ലഭിക്കുന്നത്.
ഇന്ത്യയിലെ കാപ്പി വിതരണം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ രൂപീകരിച്ച സമയമായിരുന്നു ഇത്. 1940-കളുടെ മധ്യത്തില്‍ ഇന്ത്യന്‍ കോഫി ബോര്‍ഡ് നടത്തിയിരുന്ന ഇന്ത്യന്‍ കോഫി ഹൗസുകളാണ് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫിയെ ജനപ്രിയമാക്കിയത്. പിന്നീട് ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട പാനീയമായി മാറി.
മറ്റൊരു കഥ ഇങ്ങനെ
ഇന്ത്യയില്‍ കാപ്പി കുടിക്കുന്നത് സവര്‍ണ്ണ ബ്രാഹ്‌മണരുടെ പ്രഭാത ശീലത്തിന്റെ ഭാഗമായിരുന്നു. പ്രഭാതഭക്ഷണത്തിന്റെ കൂടെ ചൂടുള്ള കാപ്പി കഴിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ ജാതീയത വളരെ പ്രബലമായിരുന്ന ഒരു കാലഘട്ടത്തില്‍, ശൂദ്രര്‍ എന്നറിയപ്പെടുന്ന താഴ്ന്ന ജാതിക്കാര്‍ സവര്‍ണ്ണരുടെ ഈ കാപ്പികുടി ആചാരത്തെക്കുറിച്ച് അറിഞ്ഞു. അങ്ങനെ അവരും ഈ ശീലം വളര്‍ത്തിയെടുത്തു. ഒരു കാലത്ത് ഉപരിവര്‍ഗത്തിന്റെ മാത്രം അടയാളമായിരുന്ന ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി പിന്നീട് സാധാരണക്കാരുടെ പാനീയമായി മാറി. കാപ്പി കുടിക്കുന്ന ശീലം തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ഒരു ഭാഗമായിത്തീര്‍ന്നു. ഇന്ത്യന്‍ കോഫി ഹൗസ് ആരംഭിച്ചതിന് ശേഷം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് വ്യാപകമായി.
Also read: ഉദര പ്രശ്‌നങ്ങള്‍ കൂടുന്ന ചൂടുകാലം; വയറ് തണുപ്പിക്കാം ഈ ഭക്ഷണങ്ങളിലൂടെ













