റമദാന്‍ കാലത്ത് നോമ്പുമുറിക്കാന്‍ ഈന്തപ്പഴം ഉപയോഗിക്കാനുള്ള കാരണം ഇതാണ്

ചട്ടിപ്പത്തിരി, മുട്ടമാല, കായ്‌പോള, നെയ്പ്പത്തിരി, ചിക്കന്‍കറി, ഇറച്ചിപ്പത്തല്‍, ബീഫ് ഉലര്‍ത്തിയത്, കല്ലു്മ്മക്കായ, നെയ്‌ച്ചോര്‍, ബിരിയാണി.. ആഹാ നോമ്പുകാലം രുചികളുടെ സമ്മേളനമാണ്. കൂട്ടത്തില്‍ പറയാന്‍ വിട്ടത്തും എന്നാല്‍ വിട്ടുകളയാന്‍ പാടില്ലാത്തതുമായ നോമ്പുതുറയിലെ പ്രധാനിയുണ്ട്. കണ്ടാല്‍ ഇത്തിരിപ്പോന്ന, എന്നാല്‍ രുചിയിലും ഗുണത്തിലും മുമ്പനായ ഈന്തപ്പഴം.

Dates and Ramadan Connection

നോമ്പുതുറയുമായി ബന്ധപ്പെട്ട നിരവധി പതിവുകളിലൊന്നാണ് ഈന്തപ്പഴം ഉപയോഗിച്ചുള്ള നോമ്പുമുറിക്കല്‍. എന്നാലും എന്തുകൊണ്ടായിരിക്കും മറ്റൊന്നും ഉപയോഗിക്കാതെ നോമ്പുതുറയ്ക്കായി ഈന്തപ്പഴം തന്നെ എടുക്കുന്നത്. നോക്കാം.

നോമ്പുതുറയും ഈന്തപ്പഴവും തമ്മിലെന്താണ് ഒരു ചരിത്രം

ഉദയത്തിന് മുമ്പ് സുഹൂര്‍, സെഹ്‌റി, അത്താഴം, ഇടയത്താഴം എന്നൊക്കെ വിളിക്കുന്ന അതികാലത്തെ ഭക്ഷണം കഴിച്ചതിന് ശേഷമാണ് മുസ്ലീം സഹോദരര്‍ നോമ്പനുഷ്ഠാനം ആരംഭിക്കുന്നത്. പിന്നീട് സൂര്യാസ്തമയത്തിന് ശേഷമുള്ള ഇഫ്താറിലാണ് നോമ്പുതുറന്ന് വീണ്ടും അന്നപാനീയങ്ങള്‍ ഭക്ഷിക്കുന്നത്. ദിവസം മുഴുവന്‍ ഭക്ഷണങ്ങളും അതുപോലെ വെള്ളവും ഉപേക്ഷിച്ചാണ് നോമ്പ് നോല്‍ക്കുന്നത്.

പ്രവാചകന്‍ മുഹമ്മദിന്റെ കാലം മുതല്‍ക്കേ നോമ്പുതുറക്കാന്‍ ഈന്തപ്പഴം ഉപയോഗിക്കുന്നു എന്നാണ് വിശ്വാസം. വെള്ളവും ഈന്തപ്പഴവും കഴിച്ചാണ് പ്രവാചകനും നോമ്പുതുറന്നിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ വിശ്വാസങ്ങള്‍ക്കപ്പുറത്ത് മണിക്കൂറുകള്‍ നീണ്ട ഉപവാസം അവസാനിപ്പിക്കാന്‍ എന്തുകൊണ്ടും അനുയോജ്യം ഈന്തപ്പഴമാണെന്നുള്ളതാണ് മറ്റൊരു വശം. മതപരമായ പ്രാധാന്യത്തിനപ്പുറം അറബികളുടെയും മുസ്ലീങ്ങളുടെയും ആഹാരത്തില്‍ ഈന്തപ്പഴത്തിന് പ്രത്യേകസ്ഥാനമുണ്ട്.


ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍

എനര്‍ജി ബൂസ്റ്റര്‍

ഈന്തപ്പഴത്തിലും ഉണക്കിയ പഴങ്ങളിലും അടങ്ങിയിരിക്കുന്ന സ്വാഭാവിക മധുരം ഏറെ നേരെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. രുചികരമാണ് എന്നതിലുപരിയായി ഏറെ ഔഷധ ഗുണങ്ങളും ഈന്തപ്പഴത്തിനുണ്ട്, പ്രത്യേകിച്ച് ഉപവാസ സമയത്ത്. പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസത്തിനൊടുവില്‍ ക്ഷീണിച്ച ശരീരത്തിന് ശരിയായ എനര്‍ജി ബൂസ്റ്റര്‍ ആവശ്യമാണ്. ഇതിന് ഈന്തപ്പഴം തന്നെയാണ് ഏറ്റവും നല്ല ഓപ്ഷന്‍.

പോഷകപൂരിതം

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. അമിനോ ആസിഡുകള്‍, വൈറ്റമിന്‍ എ, ബി, സി എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സോഡിയം, ഇരുമ്പ്, സോഡിയം, സിങ്ക്, കോപ്പര്‍, സെലീനിയം എന്നിങ്ങനെയുള്ള ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. മികച്ച ശരീരപുഷ്ടി നിലനിര്‍ത്തുന്നതിന് ഒരു ദിവസം ഏഴ് ഈന്തപ്പഴം കഴിക്കാം.

വയറ് നിറഞ്ഞതായുള്ള തോന്നല്‍

വലിയ അളവില്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളേക്കാള്‍ ഇത്തിരിപ്പോന്ന ഈന്തപ്പഴം കഴിക്കുമ്പോള്‍ വേഗത്തില്‍ വയറ് നിറഞ്ഞതായി തോന്നും. ഈന്തപ്പഴം വേഗത്തില്‍ താഴ്ന്നുപോയ കാര്‍ബോഹൈഡ്രേറ്റിന്റെ നില വീണ്ടെടുക്കാന്‍ സഹായിക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആസക്തി ഇല്ലാതാക്കാനും ഈന്തപ്പഴം സഹായിക്കും.

ദഹനത്തിനായി ഉദരത്തെ സജ്ജമാക്കുന്നു

പണിയെടുക്കാന്‍ സമയമായി എന്ന് ദഹനവ്യവസ്ഥയ്ക്ക് സിഗ്നല്‍ കൊടുക്കുന്ന ജോലിയാണ് ഈന്തപ്പഴത്തിന്. ഈന്തപ്പഴം കഴിക്കുന്നതോടെ ദഹനരസങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഭക്ഷണം എത്തുന്നതിന് മുമ്പായി ദഹനവ്യവസ്ഥ അതിനുമുമ്പുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു. മാത്രമല്ല, ദിവസം മുഴുവന്‍ വിശന്നിരിക്കുകയാണെങ്കിലും ആര്‍ത്തിയോടെ വലിച്ചുവാരി കഴിക്കാതിരിക്കാനുള്ള പ്രധാനകാരണം ഈന്തപ്പഴമാണ്. ഇത് ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

ജലാംശം

ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ജലാംശവും അടങ്ങിയിട്ടുണ്ട്. ഉപവാസത്തിന് ശേഷം ശരീരത്തിലെ ലവണങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. ഈന്തപ്പഴം ഇതിന് സഹായിക്കുന്നു. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനും ഈന്തപ്പഴം ഏറെ ഫലവത്താണ്.

പലതരത്തിലുള്ള ഈന്തപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും കാരക്ക എന്നറിയപ്പെടുന്ന ഉണങ്ങിയ ഈന്തപ്പഴമാണ് നോമ്പുതുറക്കലിനായി പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നത്.

Story first published: Saturday, March 16, 2024, 18:45 [IST]
X
Desktop Bottom Promotion