Onam 2023: മാവേലി നാടു വാണീടും കാലം.. ഓണം വന്ന ചരിത്രവഴി

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഓണക്കളികളുമായി പത്ത് ദിവസത്തിലധികം നീണ്ടു നില്‍ക്കുന്ന ആഘോഷക്കാലമാണ് ഓണം.
കര്‍ക്കിടകം, മഴക്കാലം തുടങ്ങിയ പഞ്ഞമാസം കടന്ന് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ചാവണം ഓണം എന്ന പേരായി മാറിയെന്ന് കരുതപ്പെടുന്നു.

ഓണത്തെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ചരിത്ര രേഖകളിലും ഓണത്തെ സംബന്ധിച്ച് പല കഥകളുമുണ്ട്. എന്നാല്‍ ഇത് ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ ഗംഭീരമായി ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.

ഓണത്തിന്റെ ചരിത്രം

ഓണത്തിന്റെ ചരിത്രം

തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കരുതപ്പെടുന്നത്. ആദ്യമായി ഓണാഘോഷം നടത്തിയതും തൃക്കാക്കരയിലാണ് എന്നാണ് ഐതിഹ്യം. എങ്കിലും തമിഴ്‌നാട്ടിലും മറ്റും ഓണാഘോഷം നടന്നതായി സംഘകാല കൃതികള്‍ വെളിപ്പെടുത്തുന്നു. എങ്കിലും മലയാളികള്‍ക്ക് കേട്ടുപരിചയമുള്ള കഥ മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഓണക്കഥകളാണ്. ഏതൊരു മലയാളിയും ഓണമെന്ന് കേട്ടാല്‍ ആദ്യം മനസിലെത്തുന്നത് മഹാബലി ചക്രവര്‍ത്തിയുടെ കഥയായിരിക്കും. ഓണത്തിന്റെ ഈ ഐതിഹ്യ കഥ ഇവിടെ വായിച്ചറിയാം.

മഹാബലിയുടെ കഥ

മഹാബലിയുടെ കഥ

പലതരത്തിലുള്ള ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. അതില്‍ പ്രധാനം മഹാബലിയുമായി ബന്ധപ്പെട്ടത് തന്നെ. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഏങ്ങും സമൃദ്ധിയും സന്തോഷവുമായിരുന്നു. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ വളര്‍ച്ചയും പ്രശസ്തിയും. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാതെ മാനുഷരെല്ലാരും ഒന്നായി ജീവിച്ചു.

ദേവന്‍മാരുടെ സങ്കടം

ദേവന്‍മാരുടെ സങ്കടം

മഹാബലിയുടെ പ്രശസ്തി കണ്ട് ഭയന്ന ദേവന്മാര്‍ ദേവമാതാവായ അദിതിയോട് സങ്കടം പറഞ്ഞു. സഹായമഭ്യര്‍ത്ഥിച്ച അദിതിയോട് 'മഹാബലിയുടെ സദ്ഗുണങ്ങള്‍ കുറഞ്ഞ്, അഹങ്കാരം വര്‍ദ്ധിക്കുന്ന കാലമാകട്ടെ' എന്ന് മഹാവിഷ്ണു അറിയിച്ചു. അപ്രകാരം, ഒരുകാലത്ത് സൃഷ്ടാവിനെക്കാള്‍ ഉയര്‍ന്നവനാണ് താന്‍ എന്നൊരു തോന്നല്‍ മഹാബലിക്കുണ്ടായി. ഈ അവസരത്തില്‍, മഹാവിഷ്ണു അദിതിയുടെയും കശ്യപന്റെയും മകനായി ജനിച്ചു.

വാമനനായി അവതരിക്കുന്നു

വാമനനായി അവതരിക്കുന്നു

ഒരു നാള്‍ മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു യാഗശാലയിലെത്തി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യ ചുവടില്‍ പാതാളവും രണ്ടാം ചുവടില്‍ ഭൂമിയും അളന്നെടുത്ത് മൂന്നാം ചുവടിന് സ്ഥലം കാണാതായപ്പോള്‍ വാമനന് മുന്നില്‍ മഹാബലി ശിരസ് താഴ്ത്തിക്കൊടുത്തു.

മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുന്നു

മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുന്നു

മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. അദ്ദേഹത്തിന്റെ ദാനശീലതയിലും സത്യസന്ധതയിലും ആകൃഷ്ടനായി മഹാവിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഓരോ വര്‍ഷവും മഹാബലി തന്റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുന്ന ആഘോഷമാണ് ഓണം. ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നാണ് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം.

പരശുരാമനുമായി ബന്ധപ്പെട്ട ഐതിഹ്യം

പരശുരാമനുമായി ബന്ധപ്പെട്ട ഐതിഹ്യം

പരശുരാമനുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ട് നിലവിലുണ്ട്. വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്‌മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിഞ്ഞു. മാപ്പപേക്ഷിച്ച ബ്രാഹ്‌മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ഈ ദിവസമാണ് ഓണമെന്നും സങ്കല്‍പ്പം നിലനില്‍ക്കുന്നുണ്ട്.

X
Desktop Bottom Promotion