സ്വാതന്ത്ര്യത്തിന്റെ ഉടയാട: ഖാദി ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രതീകമായ കഥ

'സ്വരാജ്യം പോലെ, ഖാദിയും നമ്മുടെ ജന്മാവകാശമാണ്, ഖാദി മാത്രം ഉപയോഗിക്കുക എന്നത് നാം ജീവിതകാലം മുഴുവന്‍ പാലിക്കേണ്ട കടമയാണ്. ഈ കടമ പാലിക്കാത്തവര്‍ എന്താണ് സ്വരാജ് എന്നതിനെ കുറിച്ചും തീര്‍ത്തും അജ്ഞരാണ് ' - ഗാന്ധിജി

gandhiji

Independence day 2024:സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഖാദിക്ക് ഏറെ കഥകള്‍ പറയാനുണ്ട്. സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ സമരമുന്നേറ്റത്തില്‍ ഒരു ആയുധമായിരുന്നു ഖാദിയും. സ്വാതന്ത്ര്യത്തിന്റെ ഉടയാടയെന്ന് അറിയപ്പെടുന്ന ഖാദി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലി പ്രതീകമായിരുന്നു. ഇന്നും ഇന്ത്യക്കാര്‍ക്ക് ഖാദിയോടുള്ള ആത്മബന്ധം നമ്മുടെ ഉള്ളിലെ സ്വാതന്ത്ര്യബോധത്തിന്റെ അടയാളപ്പെടുത്തലാണ്.

ഖാദിയുടെ ചരിത്രം

ഖദര്‍ എന്ന വാക്കില്‍ നിന്നുമാണ് ഖാദി എന്ന പേരിന്റെ ഉത്ഭവം. അതിന്റെ പരുക്കനായ സ്വഭാവം കാരണം മഹാത്മാ ഗാന്ധിയാണ് ഈ പേര് നിര്‍ദ്ദേശിച്ചതെന്ന് പറയപ്പെടുന്നു. കൈ കൊണ്ട് നെയ്യുന്ന കോട്ടണ്‍ വസ്ത്രമാണ് ഖാദി. അവിഭക്ത ഇന്ത്യയില്‍ 1918ല്‍, വസ്ത്രങ്ങളില്‍ സ്വയം പര്യാപ്തത നേടുക, ബ്രിട്ടീഷ് വസ്ത്രങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഖാദി ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്. ഖാദി മുന്നേറ്റമെന്നത് ഒരു സാമൂഹിക-സാംസ്‌കാരിക മുന്നേറ്റമായിരുന്നു.

ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ സാമ്പത്തിക ചൂഷണത്തിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്കുള്ള ഏറ്റവും മികച്ച ആയുധമായിരുന്നു ഖാദി. ബ്രീട്ടുഷുകാരുടെ ഭരണത്തില്‍ ഇന്ത്യയിലെ വസ്ത്രനിര്‍മ്മാണ രംഗം വലിയ തിരിച്ചടികള്‍ നേരിട്ടു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയും സ്ത്ര നിര്‍മ്മാണ സാമഗ്രികളുടെ കയറ്റി അയക്കല്‍ പ്രോത്സാഹിപ്പിച്ചും രാജ്യത്തെ ടെക്‌സ്റ്റൈല്‍ മേഖലയെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതോടെ ഇന്ത്യന്‍ നെയ്ത്തുകാര്‍ക്ക് തൊഴിലില്ലാതെയായി. അവര്‍ക്കിടയില്‍ പട്ടിണി പെരുകി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഭാരതീയരുടെ സാമ്പത്തിക ശാക്തീകരണത്തിനും സ്വയം പര്യാപ്തതയ്ക്കും ഒരുമയ്ക്കുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് ഖാദിയെന്ന് ഗാന്ധിജി തിരിച്ചറിയുന്നത്. ഖാദി ജനങ്ങള്‍ക്ക് ജീവനോപാധിയാകുന്നെും അതിലൂടെ വിദേശ വസ്ത്രങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം മനസ്സിലാക്കി.

1915ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സത്യാഗ്രഹ ആശ്രമമെന്നും സമര്‍ബതി ആശ്രമമെന്നും അറിയപ്പെടുന്ന തന്റെ ആശ്രമത്തില്‍ ഗാന്ധിജി തന്നെയാണ് ഖാദി വിപ്ലവത്തിന് തുടക്കമിട്ടത്.

ഗാന്ധിജിയും ഖാദിയും

മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഒരു ജീവിതം ആഗ്രഹിച്ച ഗാന്ധിജിയുടെ ജീവിതം ആശയങ്ങളാല്‍ സമ്പന്നമായിരുന്നു. അതിലൊന്നായിരുന്നു ഖാദി. എല്ലാവരുടെയും ഉന്നമനം ലക്ഷ്യമിടുന്ന ഗാന്ധിജിയുടെ സര്‍വ്വോദയ എന്ന ആശയം ഖാദിയുമായി ഇഴചേര്‍ന്നിരിക്കുന്നു. ഗാന്ധിജിയാണ് ഖാദിയെ ദേശീയതയുടെയും തുല്യതയുടെയും സ്വയം പര്യാപ്തതയുടെയും പ്രതീകമായി അവതരിപ്പിച്ചത്. ഖാദിയിലൂടെ മാത്രമേ സമൂഹത്തിന്റെ പുനഃസംഘടനയും പാശ്ചാത്യ ഭരണത്തിനെതിരെ ഫലപ്രദമായ സത്യാഗ്രഹവും നടപ്പിലാകുകയുള്ളുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു.

ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ഖാദി സ്വാതന്ത്ര്യം ലക്ഷ്യമിട്ടുള്ള സമരമുന്നേറ്റങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ഖാദിയെ സ്വയം അംഗീകരിക്കാതെ സ്വരാജ്യം സാധ്യമാകില്ലെന്നാണ് ഗാന്ധിജി വിശ്വസിച്ചിരുന്നത്. 'ഞാന്‍ സ്വരാജ്യത്തിന്റെ വക്താവാണ്. ഖാദി ഭക്തനാണ്. എല്ലാ സത്യസന്ധതയോടും കൂടി ജനങ്ങള്‍ക്കായി ഖാദി അവതരിപ്പിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്' - ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഖാദിയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് തെളിവാണ്.

ഖാദി ജനങ്ങളിലേക്ക്

1918ലാണ് ഗാന്ധിജി ഖാദി മുന്നേറ്റത്തിന് തുടക്കമിട്ടത്. ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകുക എന്നതായിരുന്നു ഖാദി സംബന്ധിച്ച ഗാന്ധിജിയുടെ ആദ്യത്തെ പദ്ധതി. പക്ഷേ 1934, 1935ല്‍ പ്രത്യേകിച്ച്, മറ്റുള്ളവര്‍ക്ക് വില്‍ക്കുക എന്നതിനേക്കാള്‍ സ്വന്തം ഉപയോഗത്തിന് ഖാദി നിര്‍മ്മിക്കാന്‍ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു. 1942, 1943 വര്‍ഷങ്ങളില്‍ ജയിലില്‍ അടയ്ക്കപ്പോള്‍ ഖാദി വിപ്ലത്തിനായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. ജയില്‍മോചിതനായപ്പോള്‍ ഖാദിയെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളുമായാണ് അദ്ദേഹം പുറത്തിറങ്ങിയത്.

സമരായുധമായി ഖാദി

ചര്‍ക്ക അഥവാ നെയ്ത്ത് യന്ത്രം ഒരുകാലത്ത് ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെയും പിന്നോക്കാവസ്ഥയുടെയും പ്രതീകം കൂടിയായിരുന്നു. എന്നാല്‍ ഗാന്ധിജി അതിനെ സ്വയം പര്യാപ്തതയുടെയും അഹിംസയുടെയും പ്രതീകമാക്കി. ചര്‍ക്കയില്‍ നൂല്‍ നെയ്യുന്ന ഗാന്ധിജിയുടെ ചിത്രം ഓരോ ഭാരതീയന്റെയും മനസ്സില്‍ അടിയുറച്ച ഒന്നാണ്. ഖാദിയിലൂടെ സ്വദേശത്തിന്റെയും സ്വരാജിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ഒരു ബന്ധം സ്ഥാപിക്കാനും ഗാന്ധിജിക്ക് കഴിഞ്ഞുവെന്നത് സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന ഏടാണ്.

നിസ്സഹകരണ കാലത്തും ക്വിറ്റ് ഇന്ത്യ സമര കാലത്തും ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഖാദിയെ ഒരു സമരായുധമാക്കാനും ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു. ചര്‍ക്കയില്‍ നൂല്‍ ഉണ്ടാക്കുന്നതും ഖാദി നെയ്യുന്നതും സ്വയം പര്യാപ്്തതയുടെയും ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പിന്റെയും പ്രതീകമായി. ജനങ്ങളെയൊന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാന്‍ ഖാദി വിപ്ലവത്തിലൂടെ കഴിഞ്ഞു.

1930ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തില്‍, പ്രതിഷേധക്കാര്‍ ഖാദി ധരിച്ചെത്തിയത് ഐക്യത്തിന്റെ അടയാളമായി. സത്യാഗ്രഹത്തിന്റെ അവസാനം കടല്‍വെള്ളത്തില്‍ നിന്നും ഖാദി ഉപയോഗിച്ച് ഉപ്പ് നിര്‍മ്മിച്ചത് ബ്രിട്ടീഷുകാരുടെ ടാക്‌സ് കൊള്ളയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു. ഒറ്റമുണ്ട് ഉടുത്ത് ചര്‍ക്കയില്‍ നെയ്യുന്ന ഗാന്ധിജിയുടെ ചിത്രം സ്വാതന്ത്ര്യസമര കാലത്തെ ഏറ്റവും അവിസ്മരണീയ ചിത്രങ്ങളിലൊന്നാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഭാരതീയരും ഖാദിയുമായുള്ള ആത്മന്ധം തുടരുന്നു. ഇന്നും ദേശീയതയുടെയും സ്വയം പര്യാപ്തതയുടെയും സാമൂഹിക ഉന്നമനത്തിന്റെയും പ്രതീകമാണ് ഖാദി.

X
Desktop Bottom Promotion