ഡിപ്രഷന്‍ നീക്കാം, മനസിന് സന്തോഷം നല്‍കാം; ഇതാണ് വഴികള്‍

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതാണ് നിങ്ങളുടെ ജീവിതരീതി. നല്ല രീതിയിലുള്ള ചിട്ടയായ ഒരു ജീവിതശൈലി നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരവും മനസ്സും സമ്മാനിക്കുന്നു. എന്നാല്‍ ഉദാസീനമായ ജീവിതശൈലി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ചെറിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഒന്നിലധികം രീതിയില്‍ സ്വാധീനിക്കുന്നു.

ലളിതമായ രീതിയില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും മികച്ച മാനസികാരോഗ്യം നേടിത്തരികയും ചെയ്യുന്നു. ഇതിനായി നിങ്ങള്‍ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനത്തില്‍ സ്വാഭാവികമായ രീതിയില്‍ എങ്ങനെ മാനസികാരോഗ്യം വളര്‍ത്തിയെടുക്കാം എന്ന് വായിച്ചറിയാം.

Improve Mood And Mental Health

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് മാനസിക, സാമൂഹിക, ആരോഗ്യ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വായാമം ചെയ്യുന്നത് പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ പെരിഫറല്‍ അപകടസാധ്യത ഘടകങ്ങളെ കുറയ്ക്കുകയും അതുവഴി ന്യൂറോളജിക്കല്‍ അസുഖങ്ങള്‍ക്കെതിരായ ഒരു സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധം നേടിത്തരുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും നല്ല സ്വാധീനം ചെലുത്തുന്നു. വ്യായാമത്തിലൂടെ ന്യൂറോപ്ലാസ്റ്റിറ്റി മെച്ചപ്പെടുകയും അതുവഴി മാനസിക സന്തോഷവും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ മാനസികാവസ്ഥ, പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ആരോഗ്യ ഘടകങ്ങളും ന്യൂറോപ്രോട്ടോക്റ്റീവ് ആയതിനാല്‍ മാനസികാരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാംസം, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നവരില്‍ വിഷാദം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയുടെ നിരക്ക് കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുന്നതും മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള ചില വഴികളാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍, തലച്ചോറ് സെറോട്ടോണിന്‍ പുറത്തുവിടുകയും മാനസികാവസ്ഥയും വിഷാദരോഗ ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സാല്‍മണ്‍, ഫ്‌ളാക്‌സ് സീഡ്, വാല്‍നട്ട് എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ബി 6

വിഷാദരോഗം ബാധിച്ച വ്യക്തികളില്‍ പലപ്പോഴും വിറ്റാമിന്‍ ബി 6 കുറവാണ്. ധാന്യങ്ങള്‍, ബ്രൗണ്‍ റൈസ്, റൊട്ടി എന്നിവയില്‍ ബി 6 കാണാം. ചിക്കന്‍, ധാന്യം, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ്, കടല, സൂര്യകാന്തി വിത്തുകള്‍ എന്നിവയിലും ബി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ ടീ

ആന്റിഓക്സിഡന്റുകളുടെ അവിശ്വസനീയമായ ഉറവിടമാണ് ഗ്രീന്‍ ടീ. അതില്‍ അമിനോ ആസിഡ്, തിനൈന്‍ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഒരു ആന്റി-സ്‌ട്രെസ് റിലാക്‌സേഷന്‍ നല്‍കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നു.

മോശം ശീലം ഉപേക്ഷിക്കുക

അനാരോഗ്യകരമായ ചില ശീലങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യം വഷളാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ മദ്യപാനം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ വഴികള്‍ നിങ്ങള്‍ സ്വീകരിക്കുക.

ഉറക്കം

ഒരു നല്ല ഉറക്കത്തിന് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും കഴിവുണ്ട്. ഉറക്കമില്ലായ്മയുള്ളവര്‍ക്ക് നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള പത്തിരട്ടി സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ്, ഉറങ്ങാന്‍ ബുദ്ധിമുട്ട്, പകല്‍ ഉറക്കം എന്നിവ ഉള്‍പ്പെടെയുള്ള ഉറക്കമില്ലായ്മ ലക്ഷണങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യം കെടുത്തുകയും വിഷാദരോഗത്തിലേക്ക് വഴിവയ്ക്കുകയും ചെയ്‌തേക്കാം. പതിവായി ഉറക്കസമയം സജ്ജമാക്കുക, എല്ലാ ദിവസവും ഒരേ സമയം ഉണരുക, സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ഒരു നല്ല ഉറക്കം നേടുന്നതിനായി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക

നിങ്ങളുടെ ചിന്തകളാണ് നിങ്ങളെ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുന്നത്. ഒരുപാട് ചിന്തിച്ചുകൂട്ടി മനസ്സിനെ കുഴപ്പിക്കാതിരിക്കുക. ഓരോ പ്രശ്നവും സമാധാനത്തോടെ ലളിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദരഹിതമായി ഇരിക്കാന്‍ ദിവസവും നിങ്ങളുടെ ഹോബികള്‍ക്കായും സമയം കണ്ടെത്തുക. എപ്പോഴാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോവാനായിരിക്കുന്നതെന്ന് മനസിലാക്കുക. യാത്രയോ, പാട്ടോ, വ്യായാമമോ, വിനോദമോ, കൂട്ടുകാരോ, പുസ്തകങ്ങളോ എന്തു തന്നെയായാലും അതിനായി നിങ്ങള്‍ സമയം നീക്കിവയ്ക്കുക. അത്തരത്തില്‍ നമ്മുടെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ക്കായി ദിവസത്തില്‍ അല്‍പ്പ സമയം മാറ്റിവയ്ക്കുക.

ധ്യാനം പരിശീലിക്കുക

മാനസികമായി ശാന്തരായിരിക്കാനും ചിന്തകളെ പോസിറ്റീവ് ആയി നിലനിര്‍ത്താനും ധ്യാനത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് നിങ്ങളുടെ വൈകാരിക ആരോഗ്യം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. പതിവ് ധ്യാനം സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ബന്ധങ്ങള്‍ വളര്‍ത്തുക

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സാമൂഹ്യ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതും നിങ്ങളുടെ സന്തോഷവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു. നേരെമറിച്ച്, സാമൂഹിക ഒറ്റപ്പെടല്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കഴിയുന്നത്ര ആളുകളുമായി ഇടപഴകുക. ഏകാന്തത നിങ്ങളെ കീഴടക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, August 14, 2024, 9:30 [IST]
X
Desktop Bottom Promotion