Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്വന്തം കുഞ്ഞിനെപ്പോലും വലിച്ചെറിയാന്‍ തോന്നി, ഭീകരമായിരുന്നു ആ അവസ്ഥ, മനസ്സ് തുറന്ന് ഒരു വീട്ടമ്മ
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്, പലരും നിസ്സാരവല്‍ക്കരിക്കുന്ന ഒരു കാര്യമാണ്. ഒരു സ്ത്രീ പ്രസവിച്ച് കഴിയുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന മാനസിക വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ മുതല്‍ സ്വന്തം പങ്കാളി വരെ തയ്യാറാകാറില്ല. ഉറക്കം കെടുത്തുന്ന രാത്രികളും, പതിവില്‍ നിന്നും വിപരീതമായി ഒരു കുഞ്ഞിനുവേണ്ടി പല കാര്യങ്ങളും ജീവിതത്തില്‍ പെട്ടെന്ന് മാറ്റേണ്ടതായി വരുമ്പോള്‍ പല സ്ത്രീകളിലും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. വീട്ടുകാരില്‍ നിന്നും യാതൊരു പരിഗണനയും ലഭിക്കാതെയാകുന്നതോടെ, പല സ്ത്രീകളും തളരുന്നു. അവരുടെ മാനസികാവസ്ഥ മൊത്തത്തില്‍ മാറുന്നു. ഇത്തരത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോയ നിമിഷങ്ങളെക്കുറിച്ച് ബോള്‍ഡ്സ്കൈ മലയാളത്തിനോട് സംസാരിക്കുകയാണ് വായനക്കാരില്‍ ഒരാളായ ചാലക്കുടി സ്വദേശിനി കൃഷ്ണേന്ദു ശിവദാസ്.

പ്രശ്നങ്ങള്‍ക്ക് തുടക്കം
മാസം തികയാതെയാണ് പ്രസവിച്ചത്. അതിന്റെ ടെന്‍ഷന്‍ എനിക്ക് ധാരാളം ഉണ്ടായിരുന്നു. മാസം തികയാതെ പ്രസവിച്ചതിനാല്‍ തന്നെ കുഞ്ഞിനും രോഗങ്ങള്‍ വിട്ടുമാറിയിരുന്നില്ല. കൂടാതെ, എനിക്ക് കുഞ്ഞിന് നല്കാന് മുലപ്പാലും ഉണ്ടായിരുന്നില്ല. ഏകദേശം 10 ദിവസം കഴിഞ്ഞാണ് എനിക്ക് മുലപ്പാല്‍ വന്നത്. അത് എന്റെ ഉറക്കം കളയാന്‍ തുടങ്ങിയ ടെന്‍ഷന്‍ ആവാന്‍ തുടങ്ങിയ സാധാരണ പ്രസവം കഴിഞ്ഞാല്‍ 3 ദിവസത്തില്‍ ഡിസ്ചാര്‍ജ് ആകും. എന്നാല്‍ ഞാന്‍ ഹോസ്പിറ്റലില്‍ 7 ദിവസത്തോളം കിടന്നു. കാരണം, കുട്ടിയ്ക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞ് ഐസിയുവിലായിരുന്നു. കുട്ടി ഐസിയുവിലായതിനാല്‍ പാല് പിഴിഞ്ഞ് കൊടുക്കാന്‍ പറഞ്ഞു. പക്ഷേ, അങ്ങനെ കൊടുക്കാന്‍ പാല് ഉണ്ടായിരുന്നില്ല. അത് എന്നെ മാനസികമായി തളര്‍ത്താന്‍ ആരംഭിച്ചു.
എന്നെ ഭ്രാന്തിയാക്കിയ ദിനങ്ങള്‍
എന്റെ മാനസികാവസ്ഥയെക്കുറിച്ചോ, അല്ലെങ്കില്‍ എന്റെ ക്ഷേമത്തെക്കുറിച്ചോ ആരും തന്നെ ഒന്നും അന്വേഷിച്ചിരുന്നില്ല. അതെല്ലാം എന്നെ മാനസികമായി തളര്‍ത്താന്‍ ആരംഭിച്ചു. കൂടാതെ, കുഞ്ഞിന് മുലപ്പാല്‍ നല്കാന് സാധിക്കാത്തതും മാനസിക വിഷമത്തിലേയ്ക്ക് നയിച്ചിരുന്നു. വീട്ടുകാരുടെ കണ്ണില്‍ കുഞ്ഞ് പാല് കുടിക്കുമ്പോള്‍ എല്ലാം ശെരിയാകും എന്നായിരുന്നു. ഞാന്‍ മുലപ്പാലില്ല എന്ന് പരാതിപ്പെടുമ്പോഴും അത്, കുഞ്ഞ് കുടിച്ച് തുടങ്ങുമ്പോള്‍ പാല് വരും എന്ന് പറഞ്ഞ് വീട്ടുകാര്‍ സംഭവം നിസ്സാരമാക്കി. കുഞ്ഞ് വലിച്ചിട്ടും പാല് വരുന്നില്ല, കുട്ടിയ്ക്ക് വായു മാത്രമാണ് ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ വീട്ടുകാര്‍ ഇതൊന്നും പരിഗണിച്ചില്ല. അവരുടെ വിചാരത്തില്‍ കുഞ്ഞിന് പാല് ലഭിക്കുന്നുണ്ട് എന്നാണ്. കുഞ്ഞിന് പാല് ലഭിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടും അത് അവര്‍ അംഗീകരിച്ചില്ല. അതെല്ലാം എന്നെ മാനസിക പിരിമുറുക്കത്തിലേയ്ക്ക് നയിച്ചു. പാല് ലഭിക്കാത്തതുകൊണ്ട് കുഞ്ഞിന് വയറ്റീന്ന് പോകാതെയായി. ഇത് ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു. വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിട്ടും അവര്ക്ക്് ഇതൊന്നും മനസ്സിലാകാത്ത അവസ്ഥ. അവസാനം ഞാന്‍ വീട്ടില്‍ ബഹളം വെച്ച് ഡോക്ടറെ കാണിച്ചു. കുഞ്ഞിന് പാല് ലഭിക്കാത്തുകൊണ്ട് ഷുഗര്‍ കുറഞ്ഞു, അപസ്മാരം സാധ്യത ഉണ്ടായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ കയ്യീന്ന് എല്ലാം പോയി, വീട്ടുകാരോട് ഞാന്‍ പൊട്ടിത്തെറിച്ചു. ആ സമയത്ത് എനിക്ക് എല്ലാവരോടും വെറുപ്പായി.
വീട്ടില്‍ വന്നപ്പോള്‍
എനിക്ക് അമ്മയില്ല. അതിനാല്‍ ചിറ്റമാരാണ് പ്രസവമെല്ലാം നോക്കിയത്. കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വീട്ടില്‍ അച്ഛനും ഞാനും കുഞ്ഞും മാത്രമായി. ആ സമയത്ത് ഭര്‍ത്താവ് ഇടയ്ക്ക് മാത്രമാണ് കുഞ്ഞിനെ കാണാന്‍ വരുന്നത്. ഒറ്റപ്പെടലും, ആരും മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഒപ്പം ഇല്ലാത്തതും എന്നെ തളര്‍ത്തി. എന്നെ ഡിപ്രഷനിലാക്കി. രാത്രി കുഞ്ഞ് കരയുമ്പോള്‍ എനിക്ക് ആകപ്പാടെ ദേഷ്യം വരാന്‍ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് വലിച്ചെറിയാന്‍ തോന്നിയിട്ടുണ്ട്. എന്റെ ഡിപ്രഷന് കാരണം, കുഞ്ഞിനെ ചീത്തവിളിക്കും. കാരണം, അന്ന് ആരും ഒപ്പമില്ല. ഞാന്‍ തന്നെ എല്ലാം കൈകാര്യം ചെയ്യേണ്ട അവസ്ഥയായിരുന്നു. ഭര്‍ത്താവും എന്നെ മനസ്സിലാക്കിയിരുന്നില്ല. എല്ലാംകൊണ്ടും മനസികമായി ഇല്ലാതെയായ അവസ്ഥയായിരുന്നു അപ്പോള്‍. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യം വരും. എന്തെന്നില്ലാത്ത സങ്കടം വരുമായിരുന്നു. ഉപദ്രവിക്കാന്‍ തോന്നുമായിരുന്നു. അങ്ങനെ പലവിധത്തിലുള്ള മാനസികാവസ്ഥയായിരുന്നു എനിക്ക് അന്ന് ഉണ്ടായിരുന്നത്.
സത്യത്തില്‍ ആഗ്രഹിച്ചത്
സത്യത്തില്‍ ആരെങ്കിലും അന്ന് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്റെ ഡിപ്രഷന് കുറയുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അന്ന് ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോള്‍ അത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണെന്ന് മനസ്സിലായിരുന്നില്ല. പിന്നീടാണ് ഇതിനെക്കുറിച്ച് എനിക്കുതന്നെ ധാരണ വന്നത്. ഭര്‍ത്താവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളും, പ്രതീക്ഷിക്കാതെ കുഞ്ഞ് ജനിച്ചതും, അങ്ങനെ എല്ലാം എന്നെ അന്ന് തളര്‍ത്തിയിരുന്നു. കുഞ്ഞിനായി മുന്‍കൂട്ടി തയ്യാറെടുത്തിരുന്നെങ്കില്‍, അല്ലെങ്കില്‍ നല്ലൊരു ദാമ്പത്യം നിലനിന്നുരുന്നുവെങ്കില് ചിലപ്പോള്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കുമെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. നമ്മളെ കേള്‍ക്കാനും, ഏത് സന്ദര്‍ഭത്തിലും ഒപ്പം നില്‍ക്കാനും ഒരാളുണ്ടെങ്കില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് മാനേജ് ചെയ്യാന്‍ സാധിക്കാം. പക്ഷേ, എനിക്ക് അത് ഉണ്ടായിരുന്നില്ല. ഇന്നും അന്നത്തെ എന്റെ മാനസികാവസ്ഥ ആലോചിക്കുമ്പോള്‍ എനിക്കുതന്നെ പേടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
