പ്രണയത്തെ തേടി

By സാലിഹ് എന്‍. സി

Love
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ഞാന്‍ കയറിയിറങ്ങിയ ആ കോളേജ് ലൈബ്രറിയുടെ പടികള്‍ കയറുമ്പോള്‍ ഗൃഹാതുരത്വത്തിലായി. അന്നത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ബില്‍ഡിംഗ്‌, ക്യാമ്പസിന് പുതിയ കെട്ടിടങ്ങള്‍. ഇതിനൊക്കെ വേണ്ടി അന്ന് നടത്തിയ സമരങ്ങള്‍ക്ക് കുറവില്ലായിരുന്നു.

ഹോസ്റ്റലിന്റെ മുകളിലാണ് ലൈബ്രറി. പഴയ ഓര്‍മയില്‍ ഹോസ്റ്റല്‍ മുറിയിലേക്കൊന്നു എത്തി നോക്കി. എല്ലാ സൌകര്യങ്ങളോടും കൂടിയുള്ളതായിരുന്നു മുറി. 'ആരാ', ഒരു കുട്ടി ചോദിച്ചു. ഞാന്‍ പുഞ്ചിരിച്ചതെയുള്ളൂ. ഏത് ഇയറാ? ബീ എ ഫസ്റ്റ്'.

മരത്തിന്റെ ജനല്‍ തുറന്നാല്‍ ഒരു റോഡാണ്.അടുത്ത് തന്നെ ഒരു മുസ്ലിം പള്ളി. അന്നിവിടെ എന്റെ കൂട്ടുകാര്‍ എല്ലാരും കാണുമായിരുന്നു. ആ റോഡിലെ വൈകുന്നേരങ്ങളില്‍ ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന പെണ്‍കുട്ടികളെ ശല്യപ്പെടുത്തലായിരുന്നു പ്രധാന പണി. അതെല്ലാം ഓര്‍മ്മകള്‍ മാത്രം.

പുതിയ ആളെ കണ്ടപ്പോള്‍ ലൈബ്രേറിയന്‍ ഒന്ന് നോക്കി. ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവിടെയും വലിയ മാറ്റം. ഇന്റര്‍നെറ്റ്‌ വഴി പുസ്തകം വാഴിക്കാനുള്ള സൗകര്യം വരെ വന്നിരിക്കുന്നു.എങ്കിലും കുറച്ചു കുട്ടികളെ മാത്രമേ കാണാനുള്ളൂ. ചുവരില്‍ പഴയ ബാച്ചിന്റെ ഫോട്ടോ ഫ്രൈം ചെയ്തു വെച്ചിരിക്കുന്നു. ഞാന്‍ അതില്‍ ഉണ്ടാവില്ല. അപ്പോഴേക്കും ഞാന്‍ അവിടെ വിട്ടിരുന്നു. എങ്കിലും ഒരു മുഖം ഞാന്‍ കുറെ തിരഞ്ഞു. അത് മാത്രം കണ്ടില്ല. അവളും അപ്പോഴേക്കും പോയിരിക്കുമോ .

അന്ന് എനിക്കിഷ്ടമില്ലാത്ത ഒരേ ഒരു പെണ്‍കുട്ടി അവളായിരുന്നു. ഇന്ന് അവളെ മാത്രമാണ് ഞാന്‍ തിരയുന്നതും. അവള്‍ നല്‍കിയ പ്രണയമാണ് ഇവിടെ എത്തിച്ചതും. അവളോടൊരിക്കലും സ്നേഹം തോന്നിയിരുന്നില്ല . എനിക്കിഷ്ടം തോന്നിയത് മറ്റൊരുവലോടായിരുന്നു.

പഴയ മാഗസിനുകള്‍ തിരയുമ്പോള്‍ ഫോട്ടോയെങ്കിലും ഒരു കാണണമെന്ന് അതിയായ മോഹം . ഫോട്ടോ കിട്ടിയില്ലെങ്കിലും അതിലും മനോഹരമായ ഒന്ന് ഞാന്‍ കണ്ടു. ഒരു കവിത; 'ഉന്നം', അതിലെ വരികള്‍ എന്നെക്കുറിച്ചായിരുന്നോ. വരികളില്‍ തന്റെ ഉന്നം തെറ്റിയ പ്രണയമാം അമ്പിനെ പറ്റി പറഞ്ഞിരുന്നു. എന്തേ അത് അവന്റെ ഹൃദയത്തില്‍ പതിക്കാഞ്ഞേ? ഈ കവിത എഴുതിയപ്പോള്‍ അവള്‍ ഒരു പാട് കണ്ണീര്‍ പൊഴിച്ചിട്ടുണ്ടായിരിക്കണം. ആ കണ്ണുനീര്‍ ഇപ്പോള്‍ ഉണങ്ങിക്കാനുമോ? ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടാവുമോ.

ഇവിടെ വെച്ച് എന്നോട് പക്വമായി തന്റെ ഇഷ്ടം പറഞ്ഞ അവളുടെ രൂപം ഇപ്പോഴും ഓര്‍മയില്‍ വരുന്നു . 'എനിക്കിഷ്ടാണ് ട്ടോ', മുഖം കുനിച്ചു വിരലുകള്‍ കൊണ്ട് നിലത്തു ചിത്രം വരച്ചായിരുന്നില്ല അവളുടെ നില്പ്. എനിക്കൊന്നും തോന്നിയതേ ഇല്ല . ഒന്നും ശ്രദ്ധിക്കാത്ത പോലെ പുസ്തകങ്ങളുമായി പുറത്തിറങ്ങുമ്പോഴും അവള്‍ അവിടെ തന്നെ തരിച്ചു നില്‍ക്കുകയായിരുന്നു. 'കുട്ടീ, തന്നെ ഒരു ഫ്രെണ്ടായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.' പിറ്റേ ദിവസം അവളോട്‌ പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് ഭാവം മാറുന്നതും അവള്‍ ക്ലാസിലേക്കോടുന്നതും ഇന്നലെയെന്ന പോലെ തോന്നുന്നു.

അന്നൊന്നും ഒരു ഫീലും ചെയ്യാത്ത എനിക്ക് ഇപ്പോള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ട്. 'ഇപ്പൊ എന്തായി, അന്ന് ഞങ്ങള്‍ പറഞ്ഞത് പോലെ നീ ഖേദിച്ചില്ലേ'? ചുവരിലെ ഫോട്ടോഫ്രെയിമില്‍ നിന്ന് കൂട്ടുകാര്‍ പരിഹസിക്കുന്നു. 'ഡാ, നീ പ്രാക്ടിക്കലായിചിന്തിക്കു, നിന്നെ ഇഷ്ടപ്പെടുന്ന കുട്ടിയെ സ്നേഹിക്കു, അല്ലാതെ മറ്റവളുടെ പിറകെ നടക്കേണ്ട.' അവര്‍ അന്ന് ഉപദേശിച്ചതാണ് 'അവളെക്കൊണ്ട് ഞാന്‍ ഇഷ്ടമാണെന്ന്‌ പറയിപ്പിക്കും, കാണാം, ഓ, കാണാം, കാണാം'.

അഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് അവര്‍ വിജയിച്ചു. അവളുടെ പ്രണയവും. അതാണ്‌ ചുവരിലെ ഫോട്ടോയില്‍ അവര്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. ദൈവമേ, എനിക്കവളെ അറിയിക്കണം. ജീവിത യാത്രയില്‍ ഞാന്‍ പഠിച്ച പാഠം. നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക. മാഗസിനിലെ ആ കവിത പേജ് മാത്രമായി ഫോട്ടോ കോപ്പി എടുത്തു. പഴയ ലൈബ്രറി ഫയലുകള്‍ക്കിടയില്‍ നിന്ന് അവളുടെ അഡ്രസ്‌ തിരഞ്ഞു കണ്ടെത്തി.

പുറത്തു ചെറിയ ചാറ്റല്‍ മഴയുണ്ട്. പഴയ ചോര്‍ച്ചയുണ്ടായിരുന്നു ലൈബ്രറിയും, ഹോസ്റ്റല്‍ റൂമും, എല്ലാം ഒറ്റ നിമിഷം കൊണ്ട് ഓര്‍മയില്‍ വന്നു. സിനിമയില്‍ കാണിക്കുമ്പോലെ ആ കാലം എല്ലാം എന്റെ മുമ്പിലങ്ങു തെളിഞ്ഞു വന്നെങ്കില്‍.

'നീയോ' ?ഫിസിക്സ്‌ സാര്‍ അങ്ങോട്ട്‌ വന്നു. 'ഞാന്‍ കാണാന്‍ വരികയായിരുന്നു', പറഞ്ഞൊപ്പിച്ചു. സത്യം പറഞ്ഞാല്‍ അത് മറന്നതാണ്. അവളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. മാഷ് അടുത്ത അവറിനുള്ള വിഷയത്തിനായി റഫര്‍ ചെയ്യാന്‍ പോവുകയാണ്. മാഷുടെ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഈ ജോലിയുടെ ഒരു പ്രത്യേകതയാണ്, എന്ത് കൊണ്ടോ അതിനു പ്രത്യേക കഴിവ് തന്നെ വേണം.

എനിക്കൊരു മാഷ് ആവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല .അദ്ധ്യാപകനെ ഉണ്ടാക്കുകയല്ല, ഉണ്ടാവുകയാണ് എന്ന് മുമ്പ് മാഷ്‌ പറഞ്ഞത് ശരിയാണ്. 'എന്തെ വന്നെ?' 'എവിടെപ്പോയാലും കിട്ടാത്ത ബുക്സ് ഉണ്ടല്ലോ ഇവിടെ' ഒരു കള്ളം പറഞ്ഞു. എന്നാല്‍ സത്യവുമാണ്. അവളുടെ ഈ കവിത തനിക്കിവിടുന്നല്ലാതെ എവിടെപ്പോയാലാണ്‌ വേറെ കിട്ടുക. 'മാഷെ, കൂടെ പഠിച്ച ഒരു കുട്ടിയെ മാത്രം കണ്ടില്ല'. ഫോട്ടോയിലേക്ക്‌ ചൂണ്ടി.'അവള്‍ കോഴ്സ് കമ്പ്ലീറ്റ്‌ ആക്കിയിരുന്നില്ല'. ഓര്‍മയില്‍ നിന്നെടുത്തു കൊണ്ട് മാഷ്‌ പറഞ്ഞു. ' നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നല്ലോ. അതോണ്ട് തന്നെയാണ് ഇപ്പോഴും ഓര്‍മ വന്നത് . അത്തരക്കാരെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല'. ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി. 'അവര്‍ സ്ഥലം മാറി പ്പോവുന്നെന്നു കേട്ടു.' സത്യം അതാണോ, പ്രേമ നൈരശ്യമാണോ കാരണം, എന്നെ പ്പോലെ..

മഴയുടെ ചാറ്റല്‍ നിന്നു. ഇന്റര്‍വെല്‍ സമയം. എന്റെ മനസ്സിലെ നൊമ്പരങ്ങളും,ജീവിതത്തില്‍ ഞാന്‍ പഠിച്ച പാഠങ്ങളും
ക്യാമ്പസ്‌ ഒട്ടാകെ കേള്‍ക്കും വിധം വിളിച്ചു പറഞ്ഞാല്‍, ഇത് പോലെ ഒരിക്കല്‍ പ്രണയം തേടിയുള്ള ഒരു യാത്ര അവര്‍ക്ക്‌
ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. എല്ലാം വിധി.

പുറത്തിറങ്ങി, അഡ്രസ്‌ നോക്കി, എനിക്ക് പോവേണ്ട ബസ്‌ കാത്തു. അഞ്ചു മിനിട്ടിനകം ബസ്‌ വന്നു. ഉച്ച സമയമായതു കൊണ്ട് കുറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യവയസ്കന്‍ കയറി. എന്റെ അടുത്ത് വന്നിരുന്നു. എത്രയോ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അയല്‍ക്കവിടെ പ്പോയി ഇരുന്നാലെന്താ. അയാള്‍ പെട്ടന്നു പരിചയപ്പെട്ടു. അയാളെപ്പറ്റി തിരക്കിയില്ലേലും എന്റെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. വിവാഹ ക്കാര്യം വരെ. അവസാനം അയാള്‍ സ്വയം പരിജയപ്പെടുത്തി. വിവാഹ ദല്ലാളാണ്‌

ഇപ്പഴല്ലേ മനസ്സിലായത്. എന്നെ ഒന്ന് കല്യാണം കഴിപ്പിച്ചു കളയാം എന്ന് ആ അദ്ദേഹത്തിന് ചിന്ത വന്നിരിക്കും. യാത്രയില്‍ വേസ്റ്റ് ആവുന്ന സമയത്തും അയാള്‍ തന്റെ കച്ചവടം പെരുപ്പിക്കുകയാണ്. ബാഗില്‍ നിന്ന് കുറച്ചു പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈ നോട്ടക്കാരന്‍ ഷീറ്റുകള്‍ നിരത്തുംപോലെ എന്റെ കയ്യില്‍ തന്നു. ഞാന്‍ വെറുതെ ഒരു ഫോട്ടോ രസത്തിനു തത്തയെപ്പോലെ കൊത്തിയെടുത്തു. എന്റെ ലക്‌ഷ്യം എത്തുന്നത്‌ വരെ സുന്ദരിമാരെ കണ്ടു കൊണ്ട് ബോറടിക്കാതെ ഇരിക്കാമല്ലോ.

ഓരോ ഫോട്ടോകളും ഞാന്‍ നോക്കി. ഓരോ മുഖത്തെ പ്പറ്റിയുള്ള വിവരണവും കിട്ടി ക്കൊണ്ടിരുന്നു. അവരുടെ തറവാട്, ജോലി, അച്ഛന്റെ ജോലി, കുട്ടിയുടെ സൌന്ദര്യത്തെ പ്പറ്റിയുള്ള വിവരണം, പിന്നെ വരന്മാര്‍ക്കുണ്ടായിരിക്കേണ്ട കാര്യങ്ങള്‍, ചിലര്‍ക്ക്, ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഡ്രൈവര്‍, ഗള്‍ഫ്‌...എന്നിങ്ങനെ പോകുന്നു. എത്ര നിപുണമായാണ്‌
അയാള്‍ ഇതെല്ലം പറയുന്നത്.

ഇത്തരം ബ്രോക്കര്‍മാരോട്‌ എന്തെന്നില്ലാത്ത ഒരു പുച്ഛം മുമ്പ് എനിക്കുണ്ടായിരുന്നു. ഓരോ ഫോട്ടോകളും നോക്കി വിവരങ്ങളൊക്കെ കേട്ട ശേഷം അയാള്‍ക്ക് തിരിച്ചു കൊടുത്തുകൊണ്ടിരുന്നു. ഒന്നും എനിക്കിഷ്ടമാവതതിനാല്‍ അയാളുടെ മുഖത്ത് നിരാശ വന്നിരുന്നു. 'എല്ലാം നല്ല കുട്ടികളല്ലേ' എന്ന് പറഞ്ഞില്ലെങ്കിലും അയാളുടെ മുഖഭാവം അങ്ങിനെ പറഞ്ഞു. അയാളുടെ അഭിപ്രായത്തില് ഏതു യുവാവിന്നും ഇഷ്ടപ്പെടുന്ന മുഖങ്ങളായിരുന്നു അതെല്ലാം. അവസാനം ഒരു ഫോടോ ഞാന്‍ തിരഞ്ഞെടുത്തു. ഇഷ്ടപ്പെട്ട പോലെ കുറെ നേരം നോക്കി നിന്നു 'സാറിനതങ്ങ്‌ ഇഷ്ടപ്പെട്ടോ, സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ അദ്ഭുതസ്തബ്ധനായി നില്‍ക്കുകയായിരുന്നു ഞാന്‍.

അയാള്‍ പറഞ്ഞു കൊണ്ടിരുന്നു 'നല്ല കുട്ടിയാ, തറവാടും കൊള്ളാം. ഡോക്ടറാകാന്‍ പഠിക്യാ. ഇപ്പൊ ഡോക്ടര്‍ക്ക് ഡോക്ടര്‍, പോലീസിന്‌ പോലീസ്‌, എഞ്ചിനീയര്‍ക്ക് എഞ്ചിനീയര്‍, അങ്ങനെയൊക്കെയാണല്ലോ വിവാഹ കമ്പോളത്തിലും. സാറിനു വേണേല്‍ നല്ല കാശുകാരു പെണ്‍കുട്ടികള്‍ വേറേം ഉണ്ട് കേട്ടോ." സന്തോഷത്തിനിടയിലും ഞാന്‍ തെല്ലൊന്നു ഞെട്ടി പ്പോയി.

'സാര്‍ ഗള്‍ഫ്‌ അല്ലെ, പറ്റിയ ഒരാള്‍ ഉണ്ട്'. അയാള്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണിച്ചു കൊണ്ടിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആവുമെന്നും ദല്ലാള്‍ മുഖാന്തിരം ആ പെണ്‍കുട്ടിയെ കാണാന്‍ അവിടെപ്പോകേണ്ടി വരുമെന്നും ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഇത്തവണ വിവാഹം കഴിക്കുന്നില്ലെന്ന് അമ്മയോട് പറഞ്ഞതാണ്‌. 'ഇത് ആദ്യം അങ്ങ് പറഞ്ഞൂടായിരുന്നോ. ഞാന്‍ തിരഞ്ഞു മടുത്തു. ഇത്രേം പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഒരുത്തിയേം അമ്മക്ക് കിട്ടിയില്ലെന്നോ.' 'നിനക്ക് യോജിച്ച കൊച്ചിനെ വേണ്ടേടാ? ഞാന്‍ ജില്ലാകളക്ടറാന്നാ അമ്മേടെ വിചാരം'? അമ്മ ഒന്ന് പുഞ്ചിരിച്ചതെയുള്ളൂ . ഇനി താന്‍ പെണ്ണ് കേട്ടുന്നെന്നു പറയുമ്പോള്‍ അമ്മ ഒന്ന് കളിയാക്കും. 'ഇപ്പൊ എന്തെ'.

രണ്ടു ദിവസം കഴിഞ്ഞു ദല്ലാളിനോടൊപ്പം ആ വീട്ടിലേക്കു പെണ്ണ് കാണാന്‍ ചെന്നു. എന്നെ നന്നായി പരിചയപ്പെടുത്തി. ഈയൊരു കല്യാണാന്വേഷകന്റെ വേഷത്തില്‍ അവളെ കാണേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ചെറിയ ചായ കുടിച്ച ശേഷം അവളെ കാണാനുള്ള സമയമായി. ഒന്ന് തടിച്ചു സുന്ദരിയായിരിക്കുന്നു. എന്നെക്കണ്ടതും അവള്‍ ഒന്ന് ഞെട്ടിയിട്ടുണ്ടാവുമോ. അതോ തോന്നലോ. മുമ്പ് കണ്ട പരിചയം പോലും അവള്‍ കാണിച്ചില്ല. ഞാന്‍ ചോദിച്ചപ്പോള്‍ എന്തോ തിരിച്ചു പറഞ്ഞു.

തന്റെ പ്രണയം അവള്‍ അറിഞ്ഞിരുന്നേല്‍ ഇതൊരു ചടങ്ങാക്കി മാറ്റാമായിരുന്നു. പക്ഷെ ഞാനൊരു വിവാഹാലോചകന്റെ വേഷത്തില്‍ ഇങ്ങനെ വരരുതായിരുന്നു എന്ന് മനസ്സില്‍ അലട്ടല്‍ തുടങ്ങി. ഞാന്‍ പഴയ കോളേജ് കുമാരന്റെ വേഷത്തിലേക്ക് മാറി. "എനിക്കിഷ്ടാണ് ട്ടോ.." അഞ്ചു വര്‍ഷത്തിനു ശേഷം ഞാന്‍ അവളുടെ ഇഷ്ടത്തിന് മറുപടി കൊടുത്തു. ഒന്നും പറയാതെ നിര്‍വികാരയായി അവള്‍ പോയി.

കാലം ദിവ്യമായ പ്രണയത്തെ അവളുടെ ഹൃദയങ്ങളില്‍ നിന്ന് മായിച്ചതായി ഞാനറിഞ്ഞു. മരണത്തിനു പോലും അവസാനിപ്പിക്കാന്‍ പറ്റാത്തതാണ് പ്രണയം എന്ന് വെറുതെയാണ്. കാലം പ്രണയത്തിലും പരിണാമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പണ്ട് ഞാന്‍ പെരുമാറിയ പോലെ അവള്‍ റൂമില്‍ നിന്ന് പുറത്തു പോയി. ഞാന്‍ തരിച്ചു നിന്നു.

പഴയസംഭവം അവള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും, അല്ലേല്‍ അവളുടെ പണവും അന്തസ്സും കണ്ടു വന്ന ഒരാളായിട്ടുമാത്രമായിട്ടാവും മനസ്സിലാക്കിയിട്ടുണ്ടാവുക. ഞാന്‍ അവളെ തേടി നടന്നതും അവസാനം ഈ വേഷത്തില്‍ ഇവിടെ വരാനുണ്ടായതുമായ സാഹചര്യവുംഅവള്‍ക്കറിയില്ലല്ലോ.

ദല്ലാളിനെ കണ്ടതും ഇവിടെ വരാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതിയിരുന്നു, എന്നാല്‍ അതെല്ലാം അബദ്ധമായി. അവളെ നേരിട്ട് വേറെ ഒരു അവസ്ഥയില്‍ കണ്ടിരുന്നേല്‍ അവള്‍ തന്റെ പ്രണയം മനസ്സിലാക്കിയേനെ.

പിന്നീട് ഞാനെഴുതി."നിന്‍ പ്രണയമാം ശരങ്ങള്‍ എന്നില്‍ പതിച്ചതെന്തേ നീ തിരിച്ചരിയാഞ്ഞേ.? എങ്കിലും പ്രതീക്ഷയുടെ ഒരു നേര്‍ത്ത കിരണം എന്നിലുണ്ടായിരുന്നു. വിവാഹ ദല്ലാളിന്റെ ഫോണ്‍ കോളിനായി കാത്തിരുന്നു.

Story first published: Friday, February 10, 2012, 11:14 [IST]
X
Desktop Bottom Promotion