അന്യഗ്രഹജീവി മനുഷ്യന് വേണ്ടിയുള്ള തിരച്ചിലിലോ, മറ്റൊരു ഗ്രഹത്തിലിരുന്ന് അവര്‍ നമ്മളെ വീക്ഷിക്കുകയാണോ?

ഇന്ന് ലോക അന്യഗ്രഹജീവി ദിനമാണ്. അന്യഗ്രഹജീവികള്‍ ഉണ്ടോ ഇല്ലെയോ എന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരമൊന്നും ശാസ്ത്രലോകത്തിന് ഇല്ലെങ്കിലും ഈ വിഷയത്തില്‍ തല്‍പ്പരരായിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള ദിനമാണിന്ന്. 1947 ജൂലൈ രണ്ടിന് ന്യൂ മെക്‌സിക്കോയില്‍ അന്യഗ്രഹജീവികള്‍ ഉള്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന റോസ്‌വെല്‍ സംഭവത്തെ തുടര്‍ന്നാണ് ജൂലൈ 2 അന്യഗ്രഹജീവി ദിനമായി ആചരിച്ച് തുടങ്ങിയത്.

alien

അന്യഗ്രഹജീവികളെ കുറിച്ചുള്ള ശാസ്ത്രീയ വസ്തുതകളും ഭാവനകളും സങ്കല്‍പ്പങ്ങളും മാറ്റിനിര്‍ത്തി, ഈ ദിനത്തില്‍ വ്യത്യസ്തമായൊരു വീക്ഷണക്കോണില്‍ അന്യഗ്രഹജീവി സങ്കല്‍പ്പത്തെ വിലയിരുത്തിയാലോ.

അന്യഗ്രഹജീവി ഉണ്ടാകുമോ?

അന്യഗ്രഹജീവികള്‍ക്ക് വേണ്ടിയുള്ള മനുഷ്യന്റെ തിരച്ചില്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ദശാബ്ദങ്ങളായി റേഡിയോ സിഗ്നലുകള്‍ക്കായി കാതോര്‍ത്തിട്ടും ജീവസാന്നിധ്യമുണ്ടാകാമെന്ന് കരുതപ്പെടുന്ന ഗ്രഹങ്ങളില്‍ പരതിയിട്ടും അന്യഗ്രഹജീവി സാന്നിധ്യം സംബന്ധിച്ച് ഒരു കച്ചിത്തുരുമ്പും നമുക്ക് കിട്ടിയിട്ടില്ല. പലയാളുകളും പല സ്ഥലങ്ങളിലും വിചിത്രമായ ചില കാഴ്ചകള്‍ കണ്ടിട്ടുള്ളതായി അവകാശപ്പെടുന്നുണ്ടെങ്കിലും അവ അന്യഗ്രഹജീവിയാണെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. ഭൂമിക്ക് പുറത്തായി ജീവസാന്നിധ്യം ഉണ്ടാകാനിടയുള്ള, നിഗൂഢമായ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്ന ചില ഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവിടെ അന്യഗ്രഹജീവി ഉണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ മനുഷ്യന്റെ വീക്ഷണക്കോണില്‍ നിന്നല്ലാതെ, അന്യഗ്രഹജീവിയുടെ വീക്ഷണക്കോണിലൂടെ ഭൂമിയിലേക്ക് ഒന്ന് നോക്കിയാലോ.

ഭൂമിയില്‍ ജീവനുണ്ടെന്ന് അന്യഗ്രഹജീവി എങ്ങനെ അറിയും?

അന്യഗ്രഹ ജീവികള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നുതന്നെ കരുതിയാല്‍ ഭൂമിയില്‍ ജീവസാന്നിധ്യമുണ്ടെന്ന് അവയ്ക്ക് അറിയുമായിരിക്കുമോ. മനുഷ്യരെ പോലെ തന്നെ, മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കി, ജീവസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലായിരിക്കുമോ അവര്‍. മറ്റ് ലോകങ്ങളെ, പ്രത്യേകിച്ച് ജീവസാന്നിധ്യമുള്ള ലോകങ്ങളെ കണ്ടെത്താന്‍ മനുഷ്യന്‍ പ്രപഞ്ചത്തെ നിരന്തരമായി വീക്ഷിക്കുന്നത് പോലെ മറ്റ് ലോകത്തിലെ ജീവികള്‍ നമ്മളെ വീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കയാനാകില്ല. നമ്മുടെ ആകാശഗംഗയായ ക്ഷീരപദത്തില്‍ സൂര്യനെ പോലുള്ള മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഏതാണ്ട് 5,500ലധികം ഗ്രഹങ്ങളുണ്ട്. എക്‌സോപ്ലാനറ്റുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്. ഇത്തരത്തിലുള്ള കോടിക്കണക്കിന് ലോകങ്ങള്‍ ക്ഷീരപദത്തില്‍ ചിന്നിച്ചിതറി കിടക്കുകയാണ്. ഇവയില്‍ ചില ലോകങ്ങളില്‍ ജീവസാന്നിധ്യമുണ്ടോ എന്നറിയുന്നതിനുള്ള തിരച്ചില്‍ ശാസ്ത്രജ്ഞര്‍ ആരംഭിച്ചിട്ടുണ്ട്. ജൈവപ്രവര്‍ത്തനം സൂചിപ്പിക്കുന്ന അന്തരീക്ഷത്തിലെ രാസസാന്നിധ്യവും മറ്റ് ലോകങ്ങളിലെ ബുദ്ധിയുള്ള ജീവികള്‍ അയക്കുന്ന സാങ്കേതികതെളിവുകളും റേഡിയോ സിഗ്നലുകളുമാണ് മനുഷ്യര്‍ തിരയുന്നത്.

റേഡിയോ സിഗ്നലുകളും മറ്റ് സിഗ്നലുകളും

എന്തായാലും ഭൂമിയിലെ ജീവസാന്നിധ്യം പ്രപഞ്ചത്തില്‍ കൂടുതല്‍ വ്യക്തവും സ്പഷ്ടവുമായിക്കൊണ്ടിരിക്കുകയാണ്. കാര്യമായ റേഡിയോ ട്രാന്‍സ്മിഷന്‍ ഭൂമിയില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. ചൊവ്വയിലേക്കും വ്യാഴത്തിലേക്കും സൂര്യനരികിലേക്ക് വരെ നമ്മള്‍ നിരവധി പേടകങ്ങളെ അയച്ചിട്ടുണ്ട്. നാസയുടെ വോയേജര്‍ 1 പേടകം ഭൂമിയില്‍ നിന്നും 24 ശതകോടി കിലോമീറ്ററുകള്‍ അകലെയാണ്. ഇതുമായി സംവദിക്കുന്നതിന് വളരെ ശക്തമായ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ആവശ്യമാണ്. ഇവയില്‍ നിന്നെല്ലാം ഭൂമിയിലെ ജീവസാന്നിധ്യം പ്രപഞ്ചത്തില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ അന്യഗ്രഹജീവി ഉണ്ടെങ്കില്‍ അവയ്ക്കിത് എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതേയുള്ളൂ. ഭൂമിക്ക് അരികിലെ നാല് നക്ഷത്രങ്ങളിലും അവയോട് ചേര്‍ന്ന ഗ്രഹങ്ങളിലും ഭൂമിയില്‍ നിന്നുള്ള, 20 കിലോവാട്ട് വരെയുള്ള ട്രാന്‍സ്മിഷനുകള്‍ എത്തിയിട്ടുണ്ടാകാമെന്നാണ് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. 2300 ഓടെ ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ ആയിരത്തോളം നക്ഷത്രങ്ങളിലേക്ക് എത്തും.

വാതക സാന്നിധ്യം

സിഗ്നലുകളിലൂടെ അല്ലാതെയും ഭൂമിയിലെ ജീവസാന്നിധ്യം അന്യഗ്രഹജീവികള്‍ക്ക് വെളിപ്പെടാന്‍ വഴിയുണ്ട്. സൂര്യന് മുമ്പിലൂടെ ഭൂമി സഞ്ചരിക്കുന്നത് അവയ്ക്ക് കാണാന്‍ കഴിയുമെങ്കില്‍ സൂര്യപ്രകാശം നമ്മുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതും പലതരം വാതകങ്ങള്‍ പുറപ്പെടുവിക്കുന്നതും അവയ്ക്ക് കാണാന്‍ കഴിയും. ഭൂമിയില്‍ നിന്നും ഏതാണ്ട് 300 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള രണ്ടായിരത്തോളം നക്ഷത്രങ്ങള്‍ക്ക് ഭൂമിയുടെ സംക്രമണം കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഭൂമിയിലെ ഓക്‌സിജന്‍, നൈട്രജന്‍, നീരാവി എന്നിവയെല്ലാം ജലസാന്നിധ്യമുള്ള ഗ്രഹമാണെന്ന സൂചന അന്യഗ്രഹജീവികള്‍ക്ക് നല്‍കും. കൂടാതെ, നൈട്രജന്‍ഡയോക്‌സൈഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ എന്നിവയും ഭൂമിയില്‍ സാങ്കേതികതയും വ്യവസായപ്രവര്‍ത്തനങ്ങളും ഉണ്ടെന്നുള്ളതിന് തെളിവുകള്‍ നല്‍കും.

പ്രകാശം

ഭൂമിയിലെ നഗരങ്ങളില്‍ നിന്നുള്ള പ്രകാശവും ഒരുപക്ഷേ അന്യഗ്രഹജീവികള്‍ക്ക് ജീവസാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ നല്‍കും. ലൈറ്റുകളില്‍ നിന്നുണ്ടാകുന്ന സോഡിയം ഭൂമിയുടെ അന്തരീക്ഷത്തില്‍ അറിയാമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഭൂമോപരിതലത്തിലെ വളരെ ചെറിയ മേഖല, ഏതാണ്ട് ഒരു ശതമാനത്തോളം മാത്രമേ നഗരമുള്ളു. അതിനാല്‍ നിലവിലെ അവസ്ഥയില്‍ നഗരങ്ങളിലെ ലൈറ്റുകള്‍ കാരണം അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിയിലെ ജീവസാന്നിധ്യം അറിയാന്‍ കഴിയില്ല. എന്നാല്‍ ഇന്നത്തെ രീതിയില്‍ നഗരവികസനം തുടര്‍ന്നാല്‍ 2150ഓടെ നഗരങ്ങളുടെ വ്യാപ്തി പത്ത് മടങ്ങാകും.

അന്യഗ്രഹജീവികള്‍ക്ക് വളരെ മികച്ച ടെലസ്‌കോപ്പുകള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ മനുഷ്യരെ കണ്ടുപിടിച്ചിട്ടുണ്ടാകും. 100m ബഹിരാകാശ ടെലസ്‌കോപ്പ് വികസിപ്പിച്ച അന്യഗ്രഹജീവികളായ ജ്യോതിശാസ്ത്രജ്ഞര്‍ ഇല്ലെന്നുള്ളത് ആരുകണ്ടു. ഇനി അഥവാ അത്ര മികച്ച ടെലസ്‌കോപ്പ് ഇല്ലെങ്കിലും ഭൂമിയെ ഒരു പൊട്ടുപോലെ കാണാനും ജീവസാന്നിധ്യം കണ്ടെത്താനും ചെറിയൊരു ടെലസ്‌കോപ്പ് ആയാലും മതി.

ഇവയെല്ലാം കൊണ്ടുതന്നെ ഭൂമിയില്‍ ജീവസാന്നിധ്യമുണ്ടെന്ന് മറ്റേതെങ്കിലും ലോകത്തിലുള്ള അന്യഗ്രഹജീവിക്ക് വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് തന്നെയാണ് ശാസ്ത്രലോകം കരുതുന്നത്. കാരണം മനുഷ്യര്‍ ഭൂമിയെ പ്രപഞ്ചത്തിന് മുന്നില്‍ കൂടുതല്‍ തുറന്നുകാട്ടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഭൂമിയിലെ മനുഷ്യസാന്നിധ്യം പ്രപഞ്ചത്തില്‍ വളരെ സൂക്ഷ്മമായ ഒന്നാണെങ്കിലും വികാസം പ്രാപിച്ച ഒരു അന്യഗ്രഹജീവി സമൂഹത്തിന് കണ്ടെത്താവുന്നതേയുള്ളൂ. അതിന് അത്ഭുതങ്ങളൊന്നും സംഭവിക്കേണ്ടതില്ല. നമുക്കുള്ള സാങ്കേതികവിദ്യകള്‍ അവര്‍ക്കും ഉണ്ടെങ്കില്‍ അത് നടക്കും.

അപ്പോള്‍ മറ്റൊരു ലോകത്തിരുന്ന് അവ നമ്മെയും നോക്കിക്കൊണ്ടിരിക്കുകയായിരിക്കുമോ?

Story first published: Tuesday, July 2, 2024, 14:00 [IST]
X
Desktop Bottom Promotion