വ്യക്തിയെന്ന നിലയില്‍ സ്ത്രീയെ സമൂഹം അംഗീകരിക്കണം, തുല്യതയില്‍ ആണ്‍പെണ്‍ വ്യത്യാസം വേണ്ട- അഡ്വ: ആര്‍. ഷഹിന

Women's Day 2025: മാര്‍ച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം, ഈ ദിനത്തില്‍ ഇന്നും ചോദിച്ചാല്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ഇതിനൊക്കെ എപ്പോള്‍ ഉത്തരം കിട്ടുമെന്നത് പോലും നിശ്ചയമില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ അത്രയേറെ ശക്തമായ കാലത്തും സ്ത്രീധനത്തിന്റെ പേരിലും, ഗാര്‍ഹിക പീഢനത്തിന്റെ പേരിലും എന്തിനേറെ അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലാത്തതിന്റെ പേരില്‍ സ്ത്രീകള്‍ ജീവനൊടുക്കുന്നതും ജീവനെടുക്കപ്പെടുന്നതുമായ ഒറ്റപ്പെട്ടതല്ലാത്ത സംഭവങ്ങള്‍ നിരന്തരം നമ്മളുമായി സംവദിച്ച് കൊണ്ടിരിക്കുന്നു.

ഈ വനിതാ ദിനത്തോട് അനുബന്ധിച്ച് അഡ്വക്കറ്റും, എഴുത്തുകാരിയും അതിലുപരി അഭിനേത്രിയുമായ ആര്‍. ഷഹിന സ്ത്രീസുരക്ഷ നിയമങ്ങളെക്കുറിച്ചും സമൂഹത്തില്‍ ഷഹിനയുടെ ഇടപെടലുകളെക്കുറിച്ചും അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും മലയാളം ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു.

Writer Advocate and Actor R Shahina Opens Up About Her Life

ഷഹിനയെക്കുറിച്ച്
കൊല്ലം ക്ലാപ്പനയില്‍ ജനിച്ച് പെരുമ്പാവൂരിന്റെ മരുമകളായി മാറി. ഒരു അഭിഭാഷക എന്നതിനോടൊപ്പം തന്നെ എഴുത്തുകാരിയും അതുപോലെ തന്നെ അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എം ജി സര്‍വ്വകലാശാലയില്‍ നിന്ന് LLM പൂര്‍ത്തിയാക്കി അഭിഭാഷകയായി പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. 2014-ലാണ് എഴുത്തുകാരിയിലേക്കുളള ചുവടുറപ്പിച്ചത്. 2014-ല്‍ ഭാവങ്ങള്‍ എന്ന പേരില്‍ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. 2018-ല്‍ പതിച്ചി എന്ന പേരില്‍ മറ്റൊരു ചെറുകഥാസമാഹാരവും പുറത്തിറക്കി. അത് 2024-ല്‍ താതി എന്ന പേരില്‍ തമിഴ്പതിപ്പായി ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മൊഴിമാറ്റം ചെയ്ത് പ്രകാശനം ചെയ്തു.

എഴുത്തുകാരിയാണോ അഭിഭാഷകയാണോ കൂടുതല്‍ ഇഷ്ടം?
ജീവിതത്തിലെ തിരഞ്ഞെടുപ്പായിരുന്നു എപ്പോഴും അഭിഭാഷക വൃത്തി. തന്റെ മേഖല ഏതാണെന്ന് തിരിച്ചറിഞ്ഞ് അതിലേക്കുള്ള അറിഞ്ഞുകൊണ്ടുള്ള മാറ്റമായിരുന്നു അഭിഭാഷകയിലേക്ക് ഷഹിനയെ എത്തിച്ചത്. എന്നാല്‍ എഴുത്തുകാരിയാവുക എന്നത് ഒരിക്കലും ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. ജീവിതത്തില്‍ എത്തപ്പെട്ട ഒന്നായാണ് എഴുത്തിനെ ഷഹിന കാണുന്നത്. ബാല്യത്തില്‍ തന്നെ വായന ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരിക്കലും തന്റെ എഴുത്തുകള്‍ അച്ചടിമഷി പുരളും എന്ന് കരുതിയിരുന്നില്ല.

നിസ്സംഗതയില്‍ നിന്ന് പിറന്ന അക്ഷരങ്ങള്‍
വിവാഹത്തിന് ശേഷം ഏകദേശം 5 വര്‍ഷത്തോളം വായനയോ എഴുത്തോ ആയി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. അത് മാത്രമല്ല ജോലിക്ക് പോവുക വരുക എന്നുള്ള ദിനചര്യയില്‍ മാത്രമായി ഒതുങ്ങിയ 24 മണിക്കൂറുകളായിരുന്നു ഷഹിനയുടേത്. എന്നാല്‍ പിന്നിടെ പതിയെ പതിയെ വായനയിലേക്ക് തിരികെയെത്തുകയും തന്റെ വികാരങ്ങള്‍ അതെന്തായാലും പ്രകടിപ്പിക്കാനുള്ള ഒരു ആയുധമാണ് ഒരു ശക്തിയാണ് എഴുത്ത് എന്ന് തിരിച്ചറിയുകയും ചെയ്തു. ജീവിക്കാന്‍ ശ്വാസം അനിവാര്യമെന്ന് പറയുന്നത് പോലെയായിരുന്നു ഷഹിനയുടെ ജീവിതത്തില്‍ എഴുത്തിനുള്ള സ്ഥാനം. അതാണ് 2014 -ല്‍ ഭാവങ്ങള്‍ എന്ന പേരില്‍ ചെറുകഥാസമാഹാരമായി പുറത്തേക്ക് വന്നത്.

എഴുത്തിലേക്ക് വന്നത്, സ്വാധീനിച്ചവര്‍ ആരെല്ലാം?
ചെറുപ്പം മുതല്‍ തന്നെ വായന തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വായനയുടെ ലോകത്തേക്ക് ഷഹിനയെ കൈപിടിച്ച് നടത്തിയത് അമ്മയുടെ ബന്ധുവായ നാസര്‍ എന്ന അമ്മാവനായിരുന്നു. മാത്രമല്ല തന്റെ പിതാവൊരു എന്‍സൈക്ലോപീഡിയ തന്നെയായിരുന്നു എന്നത് ഷഹിനയുടെ ഓരോ എഴുത്തിലും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നത് തന്നെയാണ്. കൂടാതെ തന്റെ എഴുത്തിനെ പോഷിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധത്തിലുള്ള പിന്തുണയും കുടുംബത്തില്‍ നിന്നും ഭര്‍ത്താവ് അനീഷില്‍ നിന്നും ഷഹിനക്കുണ്ടായിരുന്നു എന്നത് ഒരു എഴുത്തുകാരിയായി മാറുന്നതില്‍ തന്നെ സഹായിച്ചെന്ന് പുഞ്ചിരിയോടെ പറയുന്നു.

വക്കീലായും എഴുത്തുകാരിയായും മാറുമ്പോള്‍ ഉള്ള അനുഭവം
വക്കീലും എഴുത്തുകാരിലും രണ്ട് തലത്തില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്. വക്കീല്‍ പ്രൊഫഷന്‍ എന്നത് എപ്പോഴും സമൂഹവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒന്നാണ്. അത് മാത്രമല്ല സമൂഹത്തിലെ നന്മയും തിന്മയും തിരിച്ചറിയുന്നതിനും ഒരുപാട് മുഖങ്ങളെ കാണുന്നതിനും അടുത്തിടപഴകുന്നതിനും സാധിക്കുന്നു. മുഖം മൂടികളില്ലാത്ത ജീവിതങ്ങളെ നമുക്ക് തിരിച്ചറിയുന്നതിനും അവരെ അടുത്തറിയുന്നതിനും സാധിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ തളര്‍ന്ന് പോവുന്ന സാഹചര്യങ്ങളില്‍ പോലും അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും അതിനുള്ള ശക്തിയും ഈ പ്രൊഫഷന്‍ നല്‍കുന്നു. എന്നാല്‍ ഒരു എഴുത്തുകാരിയിലേക്ക് വരുമ്പോള്‍ പലപ്പോഴും പകച്ച് നില്‍ക്കുന്ന സാഹചര്യങ്ങള്‍ വാക്കുകള്‍ ധൈര്യമായി എഴുത്തിലൂടെ പുറത്തേക്ക് വരുന്നു. ഇത് തന്നെയാണ് ജീവിതത്തില്‍ ഈ രണ്ട് പ്രൊഫഷനും ഇഷ്ടപ്പെട്ട് താല്‍പ്പര്യത്തോടെ മുന്നോട്ട് പോവുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതും.

Writer Advocate and Actor R Shahina Opens Up About Her Life

ജീവിതാനുഭവങ്ങളും എഴുത്തും?
ഇഷ്ടങ്ങളെ ആഗ്രഹങ്ങളെ പ്രണയത്തെ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് എഴുത്ത് എന്ന് പറയുന്നത്. പ്രതികരിക്കാനാവാത്ത സാഹചര്യങ്ങളില്‍ അക്ഷരങ്ങളെ പേനത്തുമ്പിലൂടെ വിപ്ലവമാക്കി മാറ്റുന്നതില്‍ എഴുത്ത് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് എടുത്ത് പറയുന്നു ഷഹിന. അതുവഴി നമുക്ക് പലതും നേടിയെടുക്കുകയും ചെയ്യാം എന്നതാണ് എഴുത്തിന്റെ ശക്തി.

ജീവിതത്തിലെ വെല്ലുവിളികള്‍
എഴുത്ത് ജീവിതത്തില്‍ പല കോണില്‍ നിന്നും പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും എല്ലാ അര്‍ത്ഥത്തിലും നിശബ്ദയാക്കാന്‍ തരത്തിലുള്ള പല കാര്യങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. മതപരമായ വിഷയങ്ങളില്‍ പ്രതികരിക്കുന്നത് വഴി പലപ്പോഴും സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാലക്രമേണ അതിനെയെല്ലാം നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യുകയും വെല്ലുവിളിച്ചവര്‍ക്കിടയില്‍ തന്നെ സ്വീകാര്യതയുണ്ടാവുകയും ചെയ്തു. ഇതെല്ലാം തനിക്ക് മുന്നോട്ട് പോവാനുള്ള കരുത്ത് പകരുകയാണ് ചെയ്തത്.

ഓര്‍ക്കപ്പെടേണ്ടത് എങ്ങനെ?
എഴുത്തുകാരി, അഭിഭാഷക, സാമൂഹ്യപ്രവര്‍ത്തക, അഭിനേത്രി ഇതിലേതാണ് ഓര്‍ക്കപ്പെടേണ്ടത് എന്ന ചോദ്യത്തിന് അത്തരമൊരു ചിന്ത ഇതുവരേയും ജീവിതത്തിലൂടെ കടന്ന് പോയിട്ടില്ലെന്നതായിരുന്നു ഉത്തരം. എഴുത്ത് എപ്പോഴും ജീവിതത്തിന്റെ പ്രതിഫലനമാണ്. അഭിഭാഷക എന്നത് ജീവിതത്തില്‍ ആഗ്രഹിച്ച് നേടിയ പ്രൊഫഷനാണ്. അഭിനേത്രിയിലേക്ക് കടക്കുമ്പോള്‍ ആഗ്രഹങ്ങളെ സാക്ഷാതികരിക്കുക എന്ന ഉദ്ദേശ്യമായിരുന്നു. സാമൂഹ്യപ്രവര്‍ത്തകയെന്ന ഭാഗത്തേക്ക് വരുമ്പോള്‍ അതെല്ലാം സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളായാണ് ഷഹിന പറയുന്നതും. ഏത് മേഖലയില്‍ ആയിരുന്നാലും അവരുടെ സന്തോഷങ്ങളില്‍ ഒരു ഭാഗമാവുക അതില്‍ സന്തോഷം കണ്ടെത്തുക എന്നത് മാത്രമാണ് ജീവിതത്തില്‍ ആഗ്രഹിക്കുന്നത്.

സ്ത്രീസുരക്ഷ നിയമങ്ങള്‍
സ്ത്രീസുരക്ഷ നിയമങ്ങള്‍ വളരെയധികം ശക്തമായും പിന്തുണയോടേയും ഉള്ള ഒരു രാജ്യത്ത് തന്നെയാണ് നാം ജീവിക്കുന്നത്. ഒരു സ്ത്രീ ഭ്രൂണാവസ്ഥ മുതല്‍ നിയമത്താല്‍ സംരക്ഷിക്കപ്പെടുന്നു. വിദ്യാഭ്യാസം, വിവാഹം, ഗാര്‍ഹിക പീഢനം, ഡൈവോഴ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് തുടങ്ങിയ പല നിയമങ്ങളും നമുക്ക് ചുറ്റും ഉണ്ട്. നിയമസംരക്ഷണത്തിന്റെ അഭാവമല്ല പലപ്പോഴും അതെത്രത്തോളം പ്രായോഗികമായി ഒരോ സ്ത്രീക്കും ലഭിക്കുന്നുണ്ട് എന്നതാണ് നമ്മള്‍ ചര്‍ച്ചാവിഷയമാക്കേണ്ടത്. 2010 മുതലുള്ള കണക്ക് നോക്കിയാല്‍ തന്നെ ഏകദേശം 6000-ത്തിലധികം സ്ത്രീധന പീഢന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ്. എന്നാല്‍ സ്ത്രീധന നിരോധന നിയമം 1961 മുതല്‍ നമ്മുടെ രാജ്യത്തുണ്ട് എന്നതാണ് അതിലെ വിരോധാഭാസം.

പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടവരോ?
പെണ്‍കുട്ടികള്‍ എല്ലാം സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നൊരു ചിന്തയും രീതിയുമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അടച്ചുറപ്പുള്ള നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രമാണ് ഇപ്പോഴും പെണ്ണിന്റെ സുരക്ഷിതത്വം എന്നാണ് പറയുന്നത്. ഇത്തരം ഒരു പൊതുധാരണയെ നമ്മള്‍ ഇനിയെങ്കിലും തിരുത്താന്‍ തയ്യാറാവണം. ഒരു സ്ത്രീയുടെ ലൈംഗികതക്ക് നല്‍കുന്ന സംരക്ഷണമാണ് ഒരു സ്ത്രീക്ക് നല്‍കുന്ന സംരക്ഷണം എന്നാണ് ഇന്നും സമൂഹവും മാതാപിതാക്കളും കരുതുന്നത്. എന്നാല്‍ അതിനപ്പുറം ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ പെണ്‍കുട്ടികളേയും തുല്യരായി കണക്കാക്കണം. അതോടൊപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.

പെണ്‍കുട്ടി എന്ന വ്യക്തി
ഒരു പെണ്‍കുട്ടിയെ ഒരു വ്യക്തിയായി അംഗീകരിക്കാന്‍ സമൂഹം തയ്യാറാവണം എന്നാണ് ഷഹിന പറഞ്ഞ് വെയ്ക്കുന്നത്. അതിന് സമൂഹം തയ്യാറായാല്‍ മാത്രമേ നാം ഇന്നും നേരിടുന്ന സ്ത്രീകളുടെ പല പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സമൂഹത്തിനും നമുക്കും സാധിക്കുകയുള്ളൂ. കാരണം വിദ്യാഭ്യാസമുണ്ടായിട്ടും മാതാപിതാക്കളുടെ പിന്തുണയുണ്ടായിട്ടും നിരവധി കുട്ടികള്‍ ഈ അടുത്ത കാലത്തായി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിന് കാരണം ഇവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും സമൂഹത്തിന്റെ ചോദ്യങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്തതുമാണ് ഇത്തരം ദുരവസ്ഥകള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍. പുരുഷന്‍മാര്‍ക്ക് കൊടുക്കുന്നത് പോലെ തന്നെ തുല്യതയും സമത്വവും കൊണ്ട് വരുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഇതിനെതിരെ ഉണ്ടാവേണ്ടതും എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ഷഹിന.

കുടുംബം
ഷഹിനയുടെ പിതാവ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനായിരുന്നു. അമ്മയും 2 സഹോദരിമാരും ആണ് ഷഹിനയുടെ കുടുംബം. ഭര്‍ത്താവ് അനിഷ് പി എച്ച്, മകള്‍ നൈഷ അനീഷ് എന്നിവരോടൊപ്പം സൗദി അറേബ്യയില്‍ സ്ഥിരതാമസമാണ് ഷഹിന. നിരവധി പുരസ്‌കാരങ്ങള്‍ ഷഹിനയുടെ എഴുത്ത് ജീവിതത്തിലും അഭിനയ ജീവിതത്തിലും തേടി എത്തിയിട്ടുണ്ട്. കേരള കലാകേന്ദ്രയുടെ കമല സുരയ്യ സ്‌പെഷ്യല്‍ ജൂറിപുരസ്‌കാരം, ആശാന്‍ സാഹിത്യ വേദി പുരസ്‌കാരം, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്‍ട്രി, നവോദയ സാംസ്‌കാരിക വേദി ദമ്മാം കഥാപുരസ്‌കാരം കേരള കലാകായിക സാംസ്‌കാരിക വേദി ദമ്മാം മികച്ച നാടകനടിക്കുള്ള അവാര്‍ഡ്, തിരക്കഥ എഴുതി അഭിനയിച്ച അകലം ഷോര്‍ട് ഫില്‍മിനു മികച്ച സാമൂഹ്യ പ്രസക്തിക്കുള്ള ഷോര്‍ട്ട് ഫിലിം അവാര്‍ഡ്, ലോഹിതദാസ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ ദമ്മാംനാടക വേദിപ്രവര്‍ത്തകയാണ്. അഭിനയിച്ച നാടകങ്ങള്‍: അവനവന്‍ തുരുത്ത്, ഇതിഹാസം, മാത്രമല്ല പതിനെട്ട് ആന്തോളജികളില്‍ ഭാഗമായിട്ടുണ്ട്.

X
Desktop Bottom Promotion