Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Womens Day Special: ബിടെക്കുകാരി മേഘ്‌ന, ഇപ്പോള്‍ വീട്ടമ്മമാരുടെ പ്രിയപ്പെട്ട ബീനമ്മ
Womens Day Special: തേടിയ വള്ളി കാലില്‍ ചുറ്റി എന്നത് പോലെയൊരു ആശ്വാസമാണ് ബീനമ്മാസ് കിച്ചണ്‍ എന്ന പേജില്‍ എത്തിപ്പെടുമ്പോള്‍ വീട്ടമ്മമാര്‍ക്കും വീട്ടുജോലി ചെയ്തുമടുത്ത സകലമാന ആളുകള്‍ക്കും കിട്ടുന്നത്. പേരില്‍ കിച്ചണ്‍ ഉള്ളത് കണ്ട്, അയ്യോ പാചകം വേണ്ടേ എന്നുപറഞ്ഞ് ഭയന്ന് ഓടിയില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശരിക്കുമൊരു സ്വര്‍ഗ്ഗമാണ്. കാരണം അടുക്കളയിലും വീട്ടിലും ക്ലീനിംഗും അടുക്കിപ്പെറുക്കലും അടക്കം പണികള്‍ ചെയ്ത് മടുത്തവര്‍്ക്ക് അവരുടെ ജോലി എളുപ്പമാക്കുന്ന ഒരു കൊട്ട ട്രിക്കുകളും നുറുങ്ങുവിദ്യകളുമാണ് ഇവിടെ കാത്തിരിക്കുന്നത്. കുക്കറിന്റെ ലൂസായ ഹാന്‍ഡിലും പഞ്ചസാരപ്പാത്രത്തിലെ സ്ഥിരസാന്നിധ്യമായ ഉറുമ്പും പാറ്റയും പല്ലിയും പാചകം ചെയ്യുമ്പോള്‍ അടുക്കള മുഴുവന്‍ കറയും പാടുകളും വരുന്നതും അടക്കം വീട്ടമ്മമാരെ ചൊടിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ബീനമ്മാസ് കിച്ചണില്‍ കിടിലന്‍ പരിഹാരങ്ങളുണ്ട്. ഒപ്പം നല്ല കണ്ണൂര്‍ മലയാളത്തില്‍ കുറേ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും കഥകളും കാഴ്ചകളും കാണുകയും കേള്‍ക്കുകയും ചെയ്ത് മനസ്സ് റിഫ്രെഷ് ആക്കുകയും ചെയ്യാം ബീനമ്മാസ് കിച്ചണില്‍. പക്ഷേ ബിടെക്കുകാരി മേഘ്‌ന എങ്ങനെ ബീനമ്മാസ് കിച്ചണിലെ ബീനമ്മയായി, ആ കഥയൊന്ന് അറിയാം.

ബീനമ്മ എന്ന പേര്
ബീനമ്മാസ് കിച്ചണിന്റെ അമരക്കാരി മേഘ്‌ന സായൂജാണ്. പക്ഷേ പലരും ധരിച്ചുവെച്ചിരിക്കുന്നത് ബീനമ്മ എന്നത് മേഘ്‌നയുടെ പേര് തന്നെയാണെന്നാണ്. കമന്റിലൂടെയും അല്ലാതെയും നിരവധിയാളുകള്‍ മേഘ്‌നയെ അഭിസംബോധന ചെയ്യുന്നതും ബീനമ്മയെന്നാണ്. പക്ഷേ മേഘ്‌ന അത് തിരുത്താന്‍ പോകാറില്ല. കാരണം ബീനമ്മ മേഘ്‌നയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പേരാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരു സംരംഭം തുടങ്ങുകയാണെങ്കില്‍ അതിന് പതിനേഴാം വയസ്സില്‍ തന്നെ വിട്ടുപിരിഞ്ഞ അമ്മയുടെ പേര് നല്‍കുമെന്ന് മേഘ്‌ന പണ്ടേ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ബീനമ്മാസ് കിച്ചണ് ആ പേര് വന്നത്.
വ്‌ളോഗിംഗിലേക്കുള്ള വഴി
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക്ക് ബിരുദധാരിയാണ് മേഘ്‌ന. പക്ഷേ തന്റെ ഇഷ്ടങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷമായിരുന്നു അതെന്ന് മേഘ്‌ന പിന്നീട് മനസ്സിലാക്കി. പഠനം കഴിഞ്ഞ് കഷ്ടിച്ച് ആറുമാസമേ മേഘ്‌ന ആ മേഖലയില്‍ ജോലി ചെയ്തിട്ടുള്ളു. പുറത്തുപോയി ജോലി ചെയ്യുന്നതിനോട് കുട്ടിക്കാലം തൊട്ടേ മേഘ്‌നയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ സ്വന്തമായൊരു വരുമാനം വേണമെന്ന് ആഗ്രഹിച്ചിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് മേഘ്‌ന വ്‌ളോഗിംഗിലേക്ക് എത്തുന്നത്. യുട്യൂബ് ചാനലാണ് ആദ്യം തുടങ്ങിയത്. മിക്കയാളുകളും യുട്യൂബില്‍ റെസിപ്പികള്‍ പങ്കുവെക്കുന്ന സമയമായിരുന്നു അത്. പാചകവും അടുക്കളക്കാര്യങ്ങളും ഇഷ്ടമായത് കൊണ്ട് മേഘ്‌നയും അത് തന്നെ തിരഞ്ഞെടുത്തു. അത്യാവശ്യം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് വിവാഹം, പ്രസവം ഒക്കെയായി തിരക്കിലായതോടെ വ്‌ളോഗിംഗ് താത്കാലികമായി നിര്‍ത്തേണ്ടി വന്നു. പക്ഷേ ഒരു വര്‍ഷം മുമ്പ് വീണ്ടും വീഡിയോകള്‍ ചെയ്തു തുടങ്ങി. യുട്യൂബ് ഷോര്‍ട്‌സുകള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പതുക്കെ ഇന്‍സ്റ്റഗ്രാമിലും വീഡിയോ ഇട്ടുതുടങ്ങി. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഏപ്രിലിലാണ് മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടുന്നത്. പക്ഷേ വെറും 10 മാസം കൊണ്ട് മേഘ്‌ന പോലും പ്രതീക്ഷിക്കാത്ത സ്വീകാര്യതയും ഫോളോവേഴ്‌സുമാണ് ബീനമ്മാസ് കിച്ചണ്‍ സ്വന്തമാക്കിയത്. അതിന് കാരണം മേഘ്‌ന തിരഞ്ഞെടുത്ത വഴി ആയിരുന്നു. അടുക്കള വഴിയാണ് മേഘ്‌ന ആളുകളുടെ ഇഷ്ടം നേടിയത്.
ക്ലിക്കായ കിച്ചണ്‍ ടിപ്‌സ്
വിഷുക്കാലത്ത് കണിയൊരുക്കുന്നതിന് വീട്ടിലെ കിണ്ടിയും ഉരുളിയും വിളക്കുമൊക്കെ വൃത്തിയാക്കിയപ്പോള്‍ വെറുതെ വീഡിയോ എടുക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ആളുകള്‍ക്ക് കിച്ചണ്‍ ടിപ്പിസിലും ക്ലീനിംഗ് ടിപ്പ്‌സിലുമെല്ലാം ഇത്രയധികം താല്‍പ്പര്യമുണ്ടെന്ന് മേഘ്‌ന മനസ്സിലാക്കിയത്. ആ വീഡിയോയ്്ക്ക് നല്ല റീച്ച് കിട്ടി. അങ്ങനെ വീണ്ടും വീണ്ടും അത്തരം ചില ടിപ്പ്‌സുകള്‍ ചെയ്തു. അത് ആളുകള്‍ ഏറ്റെടുത്തു, പ്രത്യേകിച്ച് വീട്ടമ്മമാര്‍. വീട്ടില്‍ ക്ലീനിംഗിന് സഹായിക്കുന്ന എളുപ്പവഴികളും പൊടിക്കൈകളും പങ്കുവെക്കുന്ന ചാനലുകള്‍ ഉണ്ടായിരുന്നെങ്കിലും മുഖം കാണിച്ച് അത്തരം വീഡിയോകള്‍ ചെയ്യുന്നവര്‍ കുറവായിരുന്നു. ഒരുപക്ഷേ അതായിരിക്കും ഇത്ര പെട്ടെന്ന് ആളുകളിലേക്ക് എത്തിപ്പെടാന്‍ മേഘ്‌നയെ സഹായിച്ചത്. ഒപ്പം ഒരു മടിയും കൂടാതെ വീട്ടില്‍ സംസാരിക്കുന്നത് പോലെ, ഒട്ടും നാടകീയതയില്ലാത്ത സംസാരശൈലിയും ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടു. ക്ലീനിംഗ് ടിപ്പിസ്‌നൊപ്പം കുറച്ച് റെസിപ്പി ടിപ്പുകളും കിച്ചണ്‍ ടിപ്‌സുകളും ലൈഫ്‌സ്റ്റൈല്‍ വ്‌ളോഗുകളും ആളുകള്‍ക്ക് ഉപകാരമാകുന്ന ചില ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളുമെല്ലാം മേഘ്‌ന ബീനമ്മാസ് കിച്ചണിലൂടെ പങ്കുവെക്കാന്‍ തുടങ്ങിയതോടെ സംഗതി ഹിറ്റായി.
കട്ടസപ്പോര്‍ട്ടായി സായൂജ്

ബീനമ്മാസ് കിച്ചണെ കുറിച്ച് പറയുമ്പോള്‍ സായൂജിനെ കുറിച്ചും നൈതികിനെ കുറിച്ചും പറയാതിരിക്കാന്‍ പറ്റില്ല. മേഘ്‌നയുടെ വീഡിയോകള്‍ കണ്ടിട്ടുള്ളവര്‍ക്ക് അവര്‍ മേഘ്‌നയെ പോലെ സുപരിചതരാണ് സായൂജും മോന്‍ നൈതികും. എട്ടാം ക്ലാസ് തൊട്ട് മേഘ്‌നക്ക് എല്ലാ കാര്യങ്ങളിലും കട്ട സപ്പോര്‍ട്ടായി നില്‍ക്കുന്നയാളാണ് സായൂജ്. മെക്കാനിക്കല്‍ എഞ്ചിനീയറായ സായൂജ് നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടിയാണ്. വീട്ടിലെ ഇന്റീരിയര്‍ ഡിസൈനിംഗ് ഐഡിയകളെല്ലാം മേഘ്‌നയുടെയും സായൂജിന്റെയുമാണ്.
ബോഡി ഷെയിമിംഗ് ഭയക്കാതെ മുന്നോട്ട്
വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ച് തന്നെയാണ് വളോഗിംഗിലേക്ക് എത്തിയതെങ്കില്‍ ഇപ്പോള്‍ അതിലേറെ സന്തോഷം തരുന്ന ചില കാര്യങ്ങള്‍ വ്‌ളോഗിംഗ് സമ്മാനിക്കുന്നുണ്ടെന്ന് മേഘ്‌ന പറയുന്നു. ആളുകളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹമാണ് അതിലൊന്ന്. ഇന്‍സ്റ്റഗ്രാമിലൂടെ പലരും മെസേജുകള്‍ അയക്കാറുണ്ട്. അതിനെല്ലാം മറുപടിയും നല്‍കാറുണ്ട് മേഘ്‌ന. വണ്ണം കൂടിയ ശരീരപ്രകൃതമാണ് മേഘ്‌നയുടേത്. ഭര്‍ത്താവ് മെലിഞ്ഞിട്ടും. എന്നാല്‍ അതൊന്നും വകവെക്കാതെ, സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയിമിംഗ് ഭയക്കാതെ, ആത്മവിശ്വാസത്തോടെയുള്ള അവതരണരീതിയും ധൈര്യവും പലര്‍ക്കും പ്രചോദനമാകാറുണ്ട്. അങ്ങനെയുള്ള നിരവധി മെസേജുകള്‍ മേഘ്‌നയ്ക്ക് വരാറുണ്ട്. മേഘ്‌ന വീഡിയോ ഇടാന്‍ തുടങ്ങിയതിന് ശേഷം, അതുകണ്ട് ബോഡി ഷെയിമിംഗ് ഭയക്കാതെ വ്‌ളോംഗിഗ് തുടങ്ങിയ നിരവധി ആളുകള്‍ ഉണ്ട്. അവരുടെ മെസേജുകളും വീഡിയോകളും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നതെന്നും വീഡിയോയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ വിലമതിക്കുന്നത് അതാണെന്നും മേഘ്‌ന പറയുന്നു.
ആളുകളോട് ഇടപഴകാനും സംസാരിക്കാനുമെല്ലാം വളരെ ഇഷ്ടമുള്ളയാളാണ് മേഘ്‌ന. വ്‌ളോഗിംഗില്‍ സജീവമായതോടെ അതിനുള്ള അവസരം കൂടി. മാത്രമല്ല ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ പലരും തിരിച്ചറിഞ്ഞ് സംസാരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ മനസ്സ് നിറയാറുണ്ടെന്ന് മേഘ്‌ന പറയുന്നു. പരിശ്രമത്തിലൂടെ ഒരിക്കല്‍ വിജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത് ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും ബീനമ്മാസ് കിച്ചണിലെ വീട്ടമ്മമാരുടെ സ്വന്തം മേഘ്‌ന പറയുന്നു.



Click it and Unblock the Notifications












