Womens Day 2025: കാലം കണക്ക് പറഞ്ഞു ഋതുവിലൂടെ; വിമര്‍ശിച്ചവര്‍ക്ക് മുമ്പില്‍ അനഘയിന്ന് വന്‍മരം

Womens Day 2025: ഒരു ജേണലിസ്റ്റ് ആകണമെന്ന് തന്നെയായിരുന്നു അനഘ കുട്ടിക്കാലം തൊട്ട് ആഗ്രഹിച്ചത്. വര്‍ത്തമാനം പറയാന്‍ ഏറെയിഷ്ടമുള്ള കുട്ടി. ആ വര്‍ത്തമാനം കേട്ടിരിക്കാന്‍ മറ്റുള്ളവര്‍ക്കും ഇഷ്ടം. എഴുത്തിനും ആരാധകര്‍ ഏറെ. അങ്ങനെ എട്ടാംക്ലാസ് തൊട്ടേ ഉറപ്പിച്ചു, എന്റെ വഴി ജേണലിസം തന്നെയാണ്. ആ ലക്ഷ്യം മനസ്സില്‍ വെച്ചായിരുന്നു പിന്നീടുള്ള പഠനം പോലും. പ്ലസ്ടുവിനും ജേണലിസം ഒരു വിഷയമാക്കി. അതുകഴിഞ്ഞ് ഫംഗ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം ചെയ്തപ്പോഴും ഐച്ഛിക വിഷയം ജേണലിസമായിരുന്നു. നാഷണല്‍ എന്‍ട്രന്‍സ് എഴുതി രാജ്യത്തെ തന്നെ മുന്‍നിര സര്‍വ്വകലാശാലയായ ഇഫ്‌ളു (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വെജസ് യൂണിവേഴ്‌സിറ്റി)വില്‍ പിജി ചെയ്തു. ഏറ്റവും മികച്ച വഴിയിലൂടെ തന്നെ ജേണലിസം വിദ്യാഭ്യാസം നേടി.

anagha jayan e

പിജി അവസാന വര്‍ഷത്തോടെ ഫ്രീലാന്‍സ് ആയി ജോലി ചെയ്തുതുടങ്ങി. മലയാള വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതി. തെഹല്‍ക അടക്കം രാജ്യത്തെ തന്നെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ലേഖനങ്ങള്‍ എഴുതി. അനഘ ജയന്‍ എന്ന ബൈലൈന്‍ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി. ദ ഹിന്ദുവിലും തെഹല്‍കയിലും ഇന്റേണ്‍ഷിപ്പ് ചെയ്തു. പിജി പൂര്‍ത്തിയായ ഉടന്‍ തന്നെ ടൈംസ് ഓഫ് ഇന്ത്യയില്‍ കോപ്പി എഡിറ്ററായി ജോലി ലഭിച്ചു. അതിനുശേഷം കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തില്‍ കൊച്ചി റിപ്പോര്‍ട്ടറായി. മൂന്നുവര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്നു. അതിനുശേഷം വാള്‍ട്ട് ഡിസ്‌നി കമ്പനിക്ക് കീഴിലുള്ള മാധ്യമസ്ഥാപനത്തില്‍ ഡിസ്‌നിയുടെ തന്നെ ജീവനക്കാരിയായി വെബ് പ്രൊഡ്യൂസറായി. ജേണലിസം രംഗത്തുള്ള ഏതൊരാളും സ്വപ്‌നം കാണുന്ന ജോലി. പക്ഷേ ഏറെക്കാലം അവിടെ തുടരാനായില്ല. കരിയറില്‍ ബ്രേക്ക് എടുക്കേണ്ട സ്ഥിതി വന്നു. പിന്നീട് സ്റ്റോറിയോ എന്ന പോഡ്കാസ്റ്റ് കമ്പനിയില്‍ അസോസിയേറ്റ് എഡിറ്ററായി. എന്നാല്‍ ബെനറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ടൈംസ് സ്‌കൂള്‍ ഓഫ് മീഡിയയില്‍ പിഎച്ച്ഡിക്ക് സീറ്റ് കിട്ടിയതോടെ ആ ജോലി വിട്ട് പിഎച്ച്ഡിക്ക് ചേര്‍ന്നു.

മാധ്യമരംഗത്തുള്ള എല്ലാവര്‍ക്കും സ്വപ്‌നം കാണാനാകാത്ത കരിയര്‍ വളര്‍ച്ച. ഒരുപക്ഷേ പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് മാത്രം സംഭവിക്കുന്ന നേട്ടങ്ങള്‍. പക്ഷേ വായിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല അനഘയ്ക്ക് അതൊന്നും. ഇന്ന് അനഘ അറിയപ്പെടുന്നത് ഒരു മാധ്യമപ്രവര്‍ത്തക ആയിട്ട് മാത്രമല്ല. സംരംഭക, കോളെജ് അധ്യാപിക, സാമൂഹ്യപ്രവര്‍ത്തക, ഇന്‍ഫ്‌ളുവന്‍സര്‍, സ്ത്രീ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന വനിത, എല്ലാത്തിനുമുപരിയായി അമ്മിണിയുടെ അമ്മ. താന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇന്ന് താനുള്ളതെന്ന് ഉറച്ചപ്പോടെ അനഘ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് പോലും അഭിമാനം തോന്നും ആ പെണ്‍കുട്ടിയുടെ വളര്‍ച്ചയില്‍. അവരെത്തിയ ഉയര്‍ച്ചയില്‍. ഈ വനിത ദിനത്തില്‍ ഏതൊരു വനിതയ്ക്കും പ്രചോദനമാകുന്ന അനഘയുടെ കഥ വായിക്കാം.

തിരിച്ചടികള്‍, വെല്ലുവിളികള്‍

സ്വപ്‌നം കണ്ട ജോലി കയ്യിലെത്തിയപ്പോള്‍ അവിടെ അനഘയ്ക്ക് അത്ര സന്തോഷകരമായ അന്തരീക്ഷമായിരുന്നില്ല. കോവിഡ് കാലമായിരുന്നു അത്. അതിന്റേതായ സമ്മര്‍ദ്ദം ടീമിനെയൊന്നാകെ ബാധിച്ചു. കാത്തിരുന്ന് കിട്ടിയ നിധിയായ അമ്മിണിയെ ആയയെ ഏല്‍പ്പിച്ചാണ് അനഘ ജോലിക്ക് എത്തിയത്. കുഞ്ഞിന് ശരിക്കൊന്ന് പാലുപോലും കൊടുക്കാന്‍ പറ്റാത്തതിന്റെ കുറ്റബോധം ഒരു വശത്ത്. സമത്വത്തിന് വേണ്ടി ശബ്ദിക്കുന്ന അനഘയ്ക്ക് എന്താ പുരുഷന്മാരെ പോലെ ജോലി ചെയ്യാന്‍ പറ്റാത്തത് എന്ന രീതിയിലുള്ള മാനേജറിന്റെ വിമര്‍ശനം മറുഭാഗത്ത്. ആ ചോദ്യത്തില്‍ സ്വന്തം കഴിവില്‍ പോലും അനഘയ്ക്ക് സംശയം വന്നുതുടങ്ങി. ജോലിസമയം കഴിഞ്ഞ് ജോലി ചെയ്യാത്തതിലാണ് മാനേജറിന്റെ കുറ്റപ്പെടുത്തല്‍. കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ ജോലി വീട്ടില്‍ നിന്നായി. വീട്ടിലിരുന്നുള്ള ജോലി സുഖമല്ലേ എന്ന് കരുതുന്നവര്‍ ദിവസം മുഴുവന്‍ ജോലിക്കായി മാറ്റിവെക്കേണ്ടിവരുന്നവരുടെ അവസ്ഥ അറിയുന്നില്ല. മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ട അവസ്ഥ.

anagha jayan e

രാവിലെ 9 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ ജോലി ചെയ്ത അനുഭവം അനഘയ്ക്കുണ്ട്. എന്നിട്ടും വിചാരിച്ച റിസള്‍ട്ട് കിട്ടുന്നില്ല. ഈ സമ്മര്‍ദ്ദം മുഴുവന്‍ മാനേജര്‍ തന്നിലേക്ക് തന്നുതുടങ്ങി. ദിവസം മുഴുവന്‍ ജോലി ചെയ്തിട്ടും പരിഹാസങ്ങളും കുറ്റപ്പെടുത്തലും മാത്രം. കുഞ്ഞിനെ നോക്കാന്‍ സമയമില്ലാതെ മാതാപിതാക്കളെ ഏല്‍പ്പിക്കേണ്ടതായി വന്നു. കൂടുതല്‍ ജോലി ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അനഘയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പറ്റില്ല, ഡിജിറ്റല്‍ ലോകത്ത് ഒരു കാര്യം വിജയിപ്പിക്കാന്‍ സാധിക്കില്ല. അനഘയുടെ ഇംഗ്ലീഷ് ശരിയല്ല. എഴുത്ത് ഓണ്‍ലൈനിന് പറ്റിയതല്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ അനഘയെ തന്നെക്കൊണ്ട് ഇതിനൊന്നും സാധിക്കില്ല എന്ന ചിന്തയിലേക്ക് എത്തിച്ചു. ജോലി വിടേണ്ട അവസ്ഥയിലെത്തി. മൂന്നരവര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന കരിയര്‍ ഒറ്റയടിക്ക് താഴെപ്പോയ സ്ഥിതി. പക്ഷേ കുഞ്ഞിനെ നോക്കാന്‍ ഒരു വര്‍ഷം ബ്രേക്ക് എടുക്കാന്‍ തന്നെ അനഘ തീരുമാനിച്ചു. പിഎച്ച്ഡി ചെയ്യാന്‍ ലഭിച്ച അവസരം മാത്രമായിരുന്നു അന്നത്തെ കച്ചിത്തുരുമ്പ്.

കാലം കണക്ക് പറഞ്ഞു ഋതുവിലൂടെ

ഋതുപര്‍ണ്ണ എന്നത് അനഘയുടെ അമ്മിണിയുടെ യഥാര്‍ത്ഥ പേര്. ഏറെക്കാലം കാത്തിരുന്ന്, ഹോര്‍മോണ്‍ ചികിത്സകള്‍ക്ക് ശേഷമാണ് അമ്മിണി അനഘയുടെ ജീവിതത്തിലെത്തിയത്. അമ്മയായത് ഏതൊരു സ്ത്രീയെയും പോലെ അനഘയുടെ ജീവിതത്തിലെ വഴിത്തിരിവാണ്. പക്ഷേ അനഘയുടെ കരിയറില്‍ വഴിത്തിരിവായത് മറ്റൊരു ഋതുവാണ്. ഒരുപക്ഷേ ഡിജിറ്റല്‍ ലോകത്ത് വിജയിക്കാന്‍ അനഘയ്ക്ക് കഴിയില്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ വിധി അനഘയ്ക്കായി കാത്തുവെച്ച ഒന്ന്.

rithu

നല്ല മുടിയുള്ള കൂട്ടത്തിലൊന്നും ആയിരുന്നില്ല അനഘ. ചിക്കന്‍പോക്‌സ് വന്നതും കോവിഡ് വന്നതും പ്രസവവുമെല്ലാം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. പക്ഷേ അമ്മിണിക്കും മുടി തീരെ കുറവായതോടെ ഇതിനൊരു പരിഹാരം വേണമല്ലോ എന്ന് അനഘ ചിന്തിച്ചു. അങ്ങനെയാണ് മുത്തശ്ശിയുടെ റെസിപ്പിയിലൂടെ ഒരു എണ്ണ കാച്ചുന്നത്. അനഘയ്ക്ക് അലര്‍ജി ഉള്ളത് കൊണ്ട് അലര്‍ജിയും ജലദോഷവും ഉള്ളവര്‍ക്കും തേക്കാവുന്ന ഒരു എണ്ണ ഉണ്ടാക്കണം എന്നാണ് അന്ന് ചിന്തിച്ചത്.

സാധാരണ എണ്ണ കാച്ചുമ്പോള്‍ തലയ്ക്ക് തണുപ്പ് നല്‍കുന്ന ചേരുവകള്‍ ഉണക്കിപ്പൊടിച്ച് കഷായമാക്കി എണ്ണയിലിട്ട് കാച്ചിയാണ് എണ്ണ തയ്യാറാക്കിയത്. 3 ദിവസമെടുത്താണ് എണ്ണ കാച്ചുന്നത്. 24 മണിക്കൂര്‍ വേണം അടുപ്പില്‍ എണ്ണ കാച്ചാന്‍ തന്നെ. പിന്നീട് തണുക്കാനും മറ്റ് പ്രക്രിയകള്‍ക്കുമെല്ലാം രണ്ട് ദിവസം കൂടി വേണം. അത്രയും കഷ്ടപ്പെട്ട് കണ്ടുപിടിച്ച എണ്ണ പക്ഷേ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് അനഘയുടെ മുടിക്ക്് നല്‍കിയത്. പുറം കവിഞ്ഞ് മുടി നീളാത്ത അനഘയ്ക്ക് ജീവിതത്തില്‍ ആദ്യമായി അരഭാഗത്തോളം മുടി നീണ്ടു. കഷണ്ടിയുള്ള ഭര്‍ത്താവിന്റെ കഷണ്ടി കുറഞ്ഞു. മകള്‍ക്കും കട്ടിയില്‍ മുടി വളരാന്‍ തുടങ്ങി.അത്ഭുതപ്പെടുത്തുന്ന ഈ മാറ്റത്തിന്റെ കാരണം ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ച് തുടങ്ങി. ചിലര്‍ എണ്ണ ചോദിച്ചുതുടങ്ങി. അങ്ങനെയാണ് ഋതു എന്ന പേരില്‍ ആ എണ്ണ പുറത്തിറക്കാനുള്ള ആശയം മനസ്സില്‍ ഉദിക്കുന്നത്.

rithu products

ഋതുവിന്റെ മാര്‍ക്കറ്റിംഗ് മുഴുവന്‍ അനഘ നടത്തിയത് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയാണ്. മികച്ച മാര്‍ക്കറ്റിംഗ് കഴിവുകളും ഉപഭോക്താക്കളുമായി ഓണ്‍ലൈനായി സംവദിക്കുന്നതും പ്രതികരണങ്ങള്‍ കൃത്യമായി പോസ്റ്റ് ചെയ്യുന്നതും വളരെ കുറഞ്ഞ സമയം കൊണ്ട് ഋതുവിനെ അറിയപ്പെടുന്ന കേശസംരക്ഷണ ഉല്‍പ്പന്നമാക്കി വളര്‍ത്തി. കാച്ചിയ വെളിച്ചെണ്ണയില്‍ നിന്നും ഇപ്പോള്‍ ഋതു 25 ഉല്‍പ്പന്നങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ഓരോ ഉല്‍പ്പന്നവും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മ്മിച്ചവയാണ്. ഋതുവിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയാണ് ഇവിടെ അനഘയ്ക്ക് കരുത്തായി. ഷാംപൂ, സോപ്പ്, ക്രീമുകള്‍ എങ്ങനെ ഋതു വളര്‍ന്നു. പരമ്പരാഗത കേശസംരക്ഷണ, ചര്‍മ്മസംരക്ഷണ കൂട്ടുകള്‍ ശാസ്ത്രീയമായി ഫോര്‍മുലേറ്റ ചെയ്ത് ആധുനിക കാലത്തെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഋതു ഓരോ ഉല്‍പ്പന്നവും വികസിപ്പിക്കുന്നത്. വെന്തവെളിച്ചെണ്ണയും അശ്വഗന്ധാദി തൈലവുമെല്ലാം ബോഡിക്രീമായും ലോഷനായും എത്തിയതോടെ ഋതുവിന് ഡിമാന്‍ഡ് കൂടി. പഴമയുടെ അറിവുകള്‍ കൈമോശം വരാതെ പുതുതലമുറയ്ക്ക് വേണ്ട രീതിയില്‍ അവതരിപ്പിക്കുക എന്നതാണ് ഋതുവിന്റെ ആശയം.

ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

സംരംഭക എന്ന നിലയ്ക്കുള്ള അനഘയുടെ വളര്‍ച്ച ആകസ്മികവും അതിശയപ്പെടുത്തുന്നതും ആയിരുന്നു. വളരെ വേഗമാണ് ഋതു വിപണിയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തത്. അതിന് പിന്നില്‍ അനഘയുടെ അക്ഷീണ പരിശ്രമവും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അതിരില്ലാത്ത പിന്തുണയുമാണ്. മാര്‍ക്കറ്റിംഗിന് വേണ്ടി മാത്രമല്ല അനഘ ഋതുവിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഉപയോഗപ്പെടുത്തിയത്. ഉല്‍പ്പന്നവും ഫോര്‍മുലേറ്റ് ചെയ്യുമ്പോള്‍ എന്താണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഓരോ ഉല്‍പ്പന്നവും തയ്യാറാക്കി എന്നതാണ്. ഇന്ന് ഒട്ടുമിക്ക കടകളിലും ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഋതു ലഭ്യമാണ്.

rithu-award

ഋതുവിന്റെ ഈ വളര്‍ച്ചയിലൂടെ ഐക്യരാഷ്ട്രസഭയുടെ അംഗീകാരമടക്കം നിരവധി അംഗീകാരങ്ങള്‍ അനഘയെ തേടിയെത്തി. 2023-ലെ വനിതദിനത്തോട് അനുബന്ധിച്ച് സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ 20 പേരില്‍ ഒരാള്‍ അനഘ ആയിരുന്നു. ഇതുകൂടാതെ സംരഭക രംഗത്തെ മികവിന് നിരവധി കോളെജുകളും സ്ഥാപനങ്ങളും അനഘയെ ആദരിക്കുകയും ഓണ്‍ലൈനായും ഓഫ്‌ലൈനായും പ്രഭാഷണങ്ങള്‍ക്ക് ക്ഷണിക്കുകയും ചെയ്യാറുണ്ട്.

സ്ത്രീകളോട് പറയാനുള്ളത് ഇതുമാത്രം

അഡ്ജസ്റ്റ്‌മെന്റിന്റെയും വിട്ടുവീഴ്ചയുടെയും ത്യാഗത്തിന്റെയുമെല്ലാം മൂല്യമാണ് വളരെ ചെറിയ പ്രായത്തിലേ പെണ്‍കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്നത്. പക്ഷേ സ്ത്രീകള്‍ ഒരു സ്ഥലത്തും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് അനഘ പറയുന്നത്. സന്തോഷത്തോടെ തൃപ്തിയോടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. ജോലിയോ മറ്റെന്തെങ്കിലുമോ ഉപേക്ഷിക്കേണ്ടി വന്നാല്‍ അതും സ്വന്തം സന്തോഷത്തെ മാത്രം മുന്‍നിര്‍ത്തി ചെയ്യുക. മറ്റുള്ളവര്‍ക്ക് വേണ്ടി ഒന്നും ഉപേക്ഷിക്കാതിരിക്കുക. അതൊന്നും ശാശ്വതമായ സന്തോഷം നല്‍കില്ല. നമുക്ക് വേണ്ടി ചിന്തിക്കാന്‍ ലോകത്ത് നമ്മള്‍ മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിയുക. സ്വന്തം മുന്‍ഗണനകള്‍ മനസ്സിലാക്കി അതിന് വേണ്ടി നിലകൊണ്ടാല്‍ നമുക്ക് ചുറ്റുമുള്ളതെല്ലാം അതിനനുസരിച്ച് മാറും. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ജീവിതത്തിലെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും തീരാന്‍ വേണ്ടി കാത്തിരിക്കാതെ, എത്രയും വേഗം അതിനായി പരിശ്രമിക്കുക. അതിനൊപ്പം നില്‍ക്കുന്നവരെ കൂടെക്കൂട്ടുക.

Story first published: Friday, March 7, 2025, 19:00 [IST]
X
Desktop Bottom Promotion