Women's Day 2025: ആര്‍ത്തവ ദിനങ്ങള്‍ ഒളിച്ച് വെക്കേണ്ടതല്ല, വിപ്ലവം ഈ മാറ്റങ്ങള്‍ - ഹൈബി ഈഡന്‍

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, ഈ ദിനത്തില്‍ പോലും ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറയാന്‍ പലരും മടിക്കുന്നു. എന്നാല്‍ ജനപ്രതിനിധി ഹൈബി ഈഡന്‍ എം പി ആര്‍ത്തവത്തെക്കുറിച്ചും ഈ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആര്‍ത്തവത്തെക്കുറിച്ച് സ്ത്രീകള്‍ പോലും പരസ്പരം സംസാരിക്കാന്‍ മടിക്കുന്ന കാലത്താണ് ഒരു ജനപ്രതിനിധി ഇക്കാര്യങ്ങളെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കുകയും ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ക്കായി പല പദ്ധതികളും നടപ്പിലാക്കുകയും ചെയ്തത്. ഹൈബി ഈഡന്‍ എം പിയാണ് ആര്‍ത്തവ സമയത്ത് സ്ത്രീകളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ സമയത്ത് ഓരോ സ്ത്രീയ്ക്കും ലഭിക്കേണ്ട പിന്തുണയെക്കുറിച്ചും പറയുന്നത്. മലയാളം വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

MP Hibi Eden
Photo Credit: One india

കപ്പ് ഓഫ് ലൈഫ് എന്ന പദ്ധതി
2024-ലെ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ലൈഫ് ഓഫ് കപ്പ് എന്ന ഒരു പദ്ധതി പ്രഖ്യാപിക്കുന്നത്. അതിന് കാരണമായത് 2013-ലെ ഒരു പദ്ധതിയാണ്. സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ ബ്രേക്കിംഗ് ബാരിയേഴ്‌സ് എന്ന പേരില്‍ ഒരു പ്രോജക്റ്റ് മുന്നോട്ട് വെയ്ക്കുകയും സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംങ് മെഷീന്‍ സ്ഥാപിക്കുകയും ചെയ്തു. ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് എറണാകുളം ഗവ: ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു. പിന്നീട് ഇത് 150-ഓളം സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

മെന്‍സ്ട്രല്‍ കപ്പിലേക്കുള്ള തുടക്കം
അതിന് ശേഷമാണ് മെന്‍സ്ട്രല്‍ കപ്പ് എന്ന ആശയത്തിലേക്ക് എത്തിയത്. എന്നാല്‍ പലപ്പോഴും ആര്‍ത്തവ സമയത്ത് ഇത് അണുബാധയുണ്ടാക്കും എന്നതാണ് ആ സമയത്ത് നിലനിന്നിരുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണ. സമൂഹത്തില്‍ നില നിന്നിരുന്ന ഇത്തരം തെറ്റിദ്ധാരണകളേയും പാടേ തുടച്ച് മാറ്റി ഒരു വനിതാ ദിനത്തില്‍ ആ പദ്ധതിയും പ്രഖ്യാപിച്ചു. ഫണ്ടിന്റെ കാര്യത്തിലും സി എസ് ആര്‍ പാര്‍ട്ണറെ ലഭിക്കുകയും അവര്‍ നല്‍കിയ ഒന്നരക്കോടി രൂപയില്‍ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. വെല്ലുവിൡകള്‍ പിന്നീടും ധാരാളം നേരിട്ടിരുന്നു. കപ്പിന്റെ ഗുണനിലവാരമുറപ്പാക്കുക എന്നതായിരുന്നു അടുത്ത ഘട്ടം. അതിനായി ഐ എം എ ഡോക്ടര്‍മാരുടെ പിന്തുണയും തേടി. ഒരു കപ്പിന്റെ വില എന്ന് പറയുന്നത് 49.50 രൂപയ്ക്കാണ്. എന്നാല്‍ അതില്‍ അടുത്ത വെല്ലുവിളി നേരിട്ടത് ഒരു ലക്ഷം കപ്പുകള്‍ എങ്ങനെ വിതരണം ചെയ്യും എന്നതായിരുന്നു.

കാമ്പയിന്‍ വിജയം
കാമ്പയിന്റെ തലം തന്നെ ഈ സമയം മാറുകയും പുരുഷന്‍മാര്‍ പോലും ഇതിന്റെ ഭാഗമായി മാറുകയും ചെയ്തു. സ്ത്രീകളുടെ ശാരീരിക മാനസിക മാറ്റങ്ങള്‍ ആര്‍ത്തവ സമയം എപ്രകാരം പുരുഷന്‍ മനസ്സിലാക്കണം എന്നതായിരുന്നു ആദ്യം അറിയേണ്ടത്. അതിനെക്കുറിച്ച് പുരുഷന്‍മാരെ പഠിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ കാര്യം. പലപ്പോഴും സ്ത്രീകള്‍ക്ക് ഇത്തരം വൈകാരിക മാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തത് വിവാഹമോചനത്തിലേക്ക് വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൃത്യമായി പുരുഷന്‍മാരെ മനസ്സിലാക്കുക എന്നതായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

അടുത്ത ലക്ഷ്യം
സ്ത്രീകള്‍ക്ക് ഒരു സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും അത് കപ്പിലേക്ക് മാറുമ്പോള്‍ ഉണ്ടാവുന്ന ലാഭത്തെക്കുറിച്ചും പല തരത്തില്‍ അവബോധം പകര്‍ന്നു. കൂടാതെ കാമ്പെയ്‌ന്റെ ഭാഗമായി 1000 പേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. അഭിനേത്രി ഐശ്വര്യ ലക്ഷ്മിയുമായി ചേര്‍ന്ന് നിര്‍മ്മിച്ച പരസ്യം ഇതിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സ്ത്രീകളിലേക്കും അതുപോലെ തന്നെ പുരുഷന്‍മാരിലേക്കും എത്തിക്കുന്നതിന് സാധിച്ചു. കൂടാതെ മ്യൂസിക് ആല്‍ബം, സൈക്ലത്തോണ്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം സംഘടിപ്പിക്കുകയും ചെയ്തു.

ഫീല്‍ ദി പെയിന്‍
ക്യാമ്പയിന്റെ ഭാഗമായി ഏറ്റവും ശ്രദ്ധേയമായത് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന അതുപോലെ തന്നെ പുരുഷന്‍മാരിലും അനുഭവിക്കാന്‍ സാധിക്കുന്ന ഫീല്‍ ദി പെയിന്‍ എന്ന കാമ്പയിന്‍ ആയിരുന്നു. ആണ്‍കുട്ടികള്‍ക്ക് 2 യൂണിറ്റ് വേദന പോലും സഹിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. അത് ഈ സമയം ആളുകളില്‍ വലിയ തരത്തിലുള്ള സ്വാധീനം ചെലുത്തു. പലപ്പോഴും ഇന്നത്തെ കാലത്തും വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ആര്‍ത്തവസംബന്ധമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ലൈഫ് ഓഫ് കപ്പ് പദ്ധതി
2022-ലാണ് ലൈഫ് ഓഫ് കപ്പ് എന്ന പദ്ധതി കൊണ്ട് വന്നത്. പലരും പിന്തുണയ്ക്കുന്നതിന് പകരം കളിയാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം നിസ്സാരമായിരുന്നില്ല. അതിന്റെ ഫലമായി കോളജ് യൂണിയന്റെ നേതൃത്വത്തില്‍ വരെ ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്യുന്നു. ബിബിസി പോലും ഈ കാമ്പയിന്‍ ഏറ്റെടുക്കുകയും അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയാവുകയും ചെയ്തു. കൂടാതെ ആര്‍ത്തവത്തെക്കുറിച്ച് എപ്പോള്‍ വേണമെങ്കിലും പൊതു ഇടങ്ങളില്‍ പോലും സംസാരിക്കാവുന്ന സാഹചര്യമുണ്ടായി. അതിനുള്ള ആത്മവിശ്വാസം തനിക്ക് കിട്ടി എന്നാണ് ഹൈബി ഈഡന്‍ എം പി പറയുന്നത്.

ആര്‍ത്തവത്തിലെ പ്രാകൃത കാര്യങ്ങള്‍
ആര്‍ത്തവസമയം പണ്ടുള്ള സ്ത്രീകള്‍ തുണി ഉപയോഗിച്ചിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇന്നത്തെ കാലത്തും തുണി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ താരതമ്യേന കുറവാണ്. ആര്‍ത്തവം അശുദ്ധിയാണ് മാറ്റി നിര്‍ത്തപ്പെടേണ്ടതാണ് എന്ന് പറയുന്നവര്‍ക്കുള്ള ഒന്നു കൂടിയായിരുന്നൂ ആ കാമ്പയിന്‍. പല വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ഇപ്പോഴും ഇത്തരത്തില്‍ പറയുന്നവരുണ്ട്. മെന്‍സ്ട്രല്‍ കപ്പ് എപ്രകാരം ഫോള്‍ഡ് ചെയ്യണം എന്നതിനെക്കുറിച്ചെല്ലാം ഞാനും പഠിച്ചു. അതില്‍ ജീവിത പങ്കാളി അന്നയുടെ പങ്കും ഒട്ടും ചെറുതല്ലെന്നും അദ്ദേഹം പറയുന്നു. പങ്കാളിയുടെ ആര്‍ത്തവ സമയത്ത് അവരെ ചേര്‍ത്ത് നിര്‍ത്തുക, മനസ്സിലാക്കി സ്‌നേഹത്തോടെ പെരുമാറുക എന്നത് മാത്രമാണ് ഓരോ പുരുഷന്‍മാരും ചെയ്യേണ്ടതെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കുന്നു.

Story first published: Saturday, March 8, 2025, 13:00 [IST]
X
Desktop Bottom Promotion