നിങ്ങള്‍ക്ക് അറിയാത്ത ശശി തരൂര്‍; തരൂരിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍

ശശി തരൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആ വിടര്‍ന്ന പുഞ്ചിരിയും നെറ്റിയിലേയ്ക്ക് ഊര്‍ന്നുവീഴുന്ന മുടിയും കുര്‍ത്തയ്ക്ക് മേല്‍ ധരിച്ച ഷോളുമൊക്കെയാണ് മനസ്സിലേയ്ക്ക് കടന്നുവരിക. എഴുത്തുകാരന്‍, പ്രാസംഗികന്‍, ബുദ്ധിജീവി എന്നിങ്ങനെ ലോകത്തിന് മുമ്പില്‍ പല മേഖലകളില്‍ കഴിവ് തെളിയിച്ച ശശി തരൂര്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെയാണ് മലയാളികള്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയത്. എങ്കിലും തരൂരിനെ കുറിച്ച് നമുക്കറിയാത്ത ഇനിയും ചില കാര്യങ്ങളുണ്ട്.

Sashi-Tharoor

1956 മാര്‍ച്ച് 9നാണ് ശശി തരൂരിന്റെ ജനനം. ഇപ്പോള്‍ 68 വയസ്സ്. ഇന്ത്യയിലെ സാമ്പത്തികം,രാഷ്ട്രീയം, മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ ലോകം അറിയപ്പെടുന്ന പ്രാസംഗികനാണ് തരൂര്‍. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, സിനിമ, രാഷ്ട്രീയം, സമൂഹം, മതം, വിദേശ നയം എന്നിയടക്കമുള്ള വിഷയങ്ങളില്‍ 15ലധികം പുസ്തകങ്ങള്‍ തരൂര്‍ എഴുതിയിട്ടുണ്ട്.

ഇതൊന്നും അല്ലാതെ തരൂരിനെ കുറിച്ച് മലയാളികള്‍ക്ക് അറിയാത്ത മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്.

ജനനം ലണ്ടനില്‍

ശശി തരൂര്‍ ജനിച്ചത് ലണ്ടനിലാണ്. സ്‌കൂള്‍ പഠനകാലത്ത് തരൂര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആറുവയസ്സില്‍ തരൂര്‍ എഴുത്ത് ആരംഭിച്ചു. പത്താംവയസ്സിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്. മുബൈയിലെ ഫ്രീ പ്രസ്സ് ജേണലിലായിരുന്നു ഇത്.

പഠനം സെന്റ് സ്റ്റീഫന്‍സ് കോളെജില്‍

ഡെല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ ആണ് തരൂര്‍ പഠിച്ചത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, രഷ്ട്രീയനേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, സിനിമ നിര്‍മ്മാതാവ് രാജീവ് മെഹ്രോത്ര, ക്വിസ് മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ബസു, നോവലിസ്റ്റുകളായ അമിതാവ് ഘോഷ്, റുകണ്‍ അദ്വാനി, അനുരാഗ് മാത്തൂര്‍ എന്നിവര്‍ അക്കാലത്ത് സെന്റ് സ്റ്റീഫനില്‍ ഉണ്ടായിരുന്നവരാണ്.

1975ല്‍ തരൂര്‍ ഫ്‌ളെച്ചര്‍ നിയമ പഠന സ്‌കൂളില്‍ നിന്നും തരൂര്‍ എംഎ, എംഎഎല്‍ഡി എന്നിവ കരസ്ഥമാക്കി. അവിടെ നിന്നും മികച്ച വിദ്യാര്‍ത്ഥിക്കുള്ള റോബര്‍ട്ട് ബി സ്റ്റിയുവാര്‍ട്ട് പുരസ്‌കാരവും തരൂര്‍ നേടി. ഫ്‌ളെച്ചര്‍ ഫോറം ഓഫ് ഇന്റെര്‍നാഷണല്‍ അഫയേഴ്‌സിന്റെ ആദ്യത്തെ എഡിറ്ററും തരൂര്‍ ആയിരുന്നു. 22ാം വയസ്സിലാണ് തരൂര്‍ പിഎച്ച്ഡി നേടുന്നത്.

യുഎന്‍ ഹൈക്കമ്മീഷര്‍ ആയി കരിയര്‍ തുടങ്ങി

1978ല്‍ ജനീവയിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ആയാണ് ശശി തരൂരിന്റെ ഉദ്യോഗജീവിതം ആരംഭിക്കുന്നത്. 1981 മുതല്‍ 1984 വരെ സിംഗപ്പൂരിലെ യുഎന്‍എച്ച്‌സിആര്‍ ഓഫീസ് മേധാവിയായിരുന്നു തരൂര്‍. 1989ല്‍, പ്രത്യേക രാഷ്ട്രീയകാര്യങ്ങള്‍ക്ക് വേണ്ടിയുള്ള അണ്ടര്‍ സെക്രട്ടറിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആയി തരൂരിനെ നിയമിച്ചു. 1996ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന കോഫി അന്നന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി. അതിനുശേഷവും യുഎന്നില്‍ പല ഉന്നത സ്ഥാനങ്ങളിലും തരൂര്‍ നിയമിതനായി.

2001 ജനുവരിയില്‍ യുഎന്നിലെ ജനറല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ജനറലായി തരൂരിനെ നിയമിച്ചു. അന്ന് യുഎന്നിന്റെ ആശയവിനിമയ നയങ്ങളുടെ ഉത്തരവാദിത്തം തരൂരിനായിരുന്നു. യുഎന്നില്‍ തരൂര്‍ ഇസ്ലാമോഫോബിയ അടക്കം പല പ്രധാന സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2006ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് തരൂര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ബാന്‍ കി മൂണിന് ശേഷം രണ്ടാം സ്ഥാനത്ത് എത്തി. സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ അന്ന് അമ്പതുവയസ്സുണ്ടായിരുന്ന തരൂര്‍ യുഎന്നിന്റെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സെക്രട്ടറി ജനറലായേനെ.

എക്‌സില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയക്കാരന്‍

2013 വരെ ട്വിറ്ററില്‍ (ഇന്നത്തെ എക്‌സ്) ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ രാഷ്ട്രീയനേതാവ് ആയിരുന്നു തരൂര്‍. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ പിന്നിലാക്കി. 2001 മുതല്‍ 2008 വരെ ഹിന്ദു, െൈടംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, ജെന്റില്‍മാന്‍ മാഗസിന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മുന്‍നിര മാധ്യമങ്ങളിലെ കോളമിസ്റ്റായിരുന്നു തരൂര്‍.

ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍, ദ ഫൈവ് ഡോളര്‍ സ്‌മൈല്‍ ആന്‍ഡ് അതര്‍ സ്‌റ്റോറീസ്, ഷോ ബിസിനസ്സ് എന്നിവ തരൂരിന്റെ പ്രശസ്ത രചനകളില്‍ ചിലതാണ്.

Story first published: Saturday, March 30, 2024, 20:50 [IST]
X
Desktop Bottom Promotion